ശബ്ദം ചിലപ്പോഴെങ്കിലും ശല്യമാകാറുണ്ട് മനുഷ്യന്. അതില്‍ തര്‍ക്കമൊന്നുമില്ല. പ്രത്യേകിച്ച്, അവന്റെ മനസ്സ് അസ്വസ്ഥമെങ്കില്‍. ഏതായാലും ദീപനാളം മേയ് 26 ലക്കത്തില്‍ ഫാ. തോമസ് പാട്ടത്തില്‍ച്ചിറ ശബ്ദശല്യത്തെക്കുറിച്ചെഴുതിയത് കാലോചിതമായി. ഇന്നു നാടാകെ ബഹളമയമാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. കാലം കൊണ്ടുവന്ന മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നില്ല. ചില ബഹളങ്ങള്‍ ഇന്ന് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. യുവലോകം അക്കൂടെയാണെന്നും നമുക്കറിയാം. മുതിര്‍ന്നവരെ സംബന്ധിച്ചു പറയുമ്പോള്‍, അവര്‍ക്കു ഭൂതകാലത്തിലേക്ക് ഊളിയിടുവാനിഷ്ടം. അവിടെ ഇത്രയും ബഹളങ്ങളില്ല. വിജനമായ നിരത്തുകള്‍. ഒറ്റപ്പെട്ട വഴിയാത്രക്കാര്‍. വല്ലപ്പോഴുമോടുന്ന കാളവണ്ടികള്‍, പ്രകൃതിയുടെ നിറഞ്ഞ പച്ചപ്പ്. പൊതുവെ ശാന്തമാണു കാര്യങ്ങള്‍. ഓര്‍ക്കുമ്പോള്‍ എവിടെനിന്നോ ഒരു ശാന്തിയും സമാധാനവും ഉള്ളിലേക്കു വരുന്നു.
ആ പഴയ സമാധാനം ഇന്നില്ലായെന്നു പൊതുവെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അതു തിരിച്ചുപിടിക്കണമെന്ന വാശി പിടിക്കുന്നതിലും അര്‍ത്ഥമില്ല. എങ്കിലും ഇന്നത്തെ ആവശ്യമില്ലാത്ത ബഹളങ്ങള്‍ കുറച്ചു കുറയ്ക്കാം. അല്ലെങ്കില്‍ ബഹളങ്ങളില്‍നിന്നു മാറിനില്ക്കാം. ശാന്തമായ മനസ്സില്‍നിന്നുവേണം തീരുമാനങ്ങളെന്നാണല്ലോ. മതമൈത്രിയുടെ നാട്ടില്‍ ഇന്നുയര്‍ന്നുകൊണ്ടിരിക്കുന്ന കൊലവിളിയുടെ ശബ്ദങ്ങളെക്കുറിച്ച് എല്ലാവരും ഈയവസരത്തില്‍ ഗൗരവത്തോടെ ശാന്തമായി ചിന്തിക്കുന്നതു നല്ലതാണ്.
സാബു കുര്യന്‍
കൂത്താട്ടുകുളം