മേല്‍ക്കാണിച്ച ശീര്‍ഷകത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനത്തെത്തുടര്‍ന്ന്, 1945 മാര്‍ച്ചില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് മാസികയില്‍ അതിന്റെ പത്രാധിപര്‍ സത്യസന്ധതയുടെ മികച്ച അനുഭവങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഒരു പ്രസ്താവന കൊടുത്തു.
ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ സത്യസന്ധതയുടെ അനേകം ഉദാഹരണങ്ങള്‍ മാസികയിലേക്ക് അയച്ചുകിട്ടി. അവയില്‍നിന്നു തിരഞ്ഞെടുത്ത ചില അനുഭവങ്ങള്‍ താഴെ ചേര്‍ക്കുന്നു:
എലിസബത്ത് ലൂയിസ് എന്നാണ് എന്റെ പേര്. ഞാന്‍ പാരീസില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ പുരാതനകലാവസ്തുക്കള്‍ വില്‍ക്കുന്ന ഒരു ഷോപ്പില്‍ (Antique store) ജോലി ചെയ്തുകൊണ്ടിരുന്നു. കൗതുകമുള്ള പലവിധ വസ്തുക്കളും അവിടെയുണ്ട്. പഴയ പാദസരങ്ങള്‍, കാല്‍ച്ചിലമ്പുകള്‍, മുത്തുകള്‍ കോര്‍ത്ത മാലകള്‍ അങ്ങനെ പലതും.
ഒരു ദിവസം ഒരു സ്ത്രീ കടയില്‍ വന്നിട്ടു പലതും നോക്കിയ കൂട്ടത്തില്‍ മുത്തുമണികള്‍ കോര്‍ത്ത പഴയൊരു മാല കണ്ടു. ആ മാല അഴുക്കും പൊടിയും പുരണ്ടു തെല്ലും ഭംഗിയില്ലാത്ത അവസ്ഥയിലാണ്. അതിന്റെ വില ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, അടുത്ത പര്‍ച്ചേസിന്റെ ഇനങ്ങള്‍ വരുമ്പോള്‍ ഇവിടെനിന്ന് അതു മാറ്റും. വാങ്ങണമെങ്കില്‍ ഇപ്പോള്‍ വാങ്ങിക്കോളൂ. ചെറിയ വില തന്ന് ആ സ്ത്രീ മാല കൊണ്ടുപോയി.
ആഴ്ചകള്‍ക്കുശേഷം ആ സ്ത്രീ കടയിലേക്കു തിരിച്ചുവന്നു പറഞ്ഞു: കുട്ടി എനിക്കു ചെറിയ വിലയ്ക്കു തന്ന മാലയുടെ മുത്തുമണികള്‍ മുഴുവന്‍ മഞ്ഞരത്‌നങ്ങളാണ്. ന്യൂയോര്‍ക്കിലെ ഒരു ജ്വല്ലറി എനിക്കതിന് ഓഫര്‍ ചെയ്തത് 65 ആയിരം ഡോളര്‍. ഇതറിഞ്ഞയുടനെ ന്യൂയോര്‍ക്കില്‍നിന്നു ഞാനിങ്ങോട്ടു പോന്നത് ഇതിവിടെ തിരിച്ചേല്പിക്കാനാണ്.
അത്യദ്ഭുതകരവും അവിശ്വസനീയവുമായ ഈ സത്യസന്ധതയില്‍ എന്റെ ഹൃദയം തേങ്ങി. മിഴികള്‍ നിറഞ്ഞുതുളുമ്പി.
അടുത്തത് വ്‌ളാഡിമര്‍ പെട്രൊവിന്റെ അനുഭവം. ഞാനും ആന്‍ഡ്രിയും സൈബീരിയയിലെ സ്റ്റാലിന്റെ അടിമക്യാമ്പിന്റെ സഹതടവുകാരാണ്. രാഷ്ട്രീയത്തടവുകാരായ ഞങ്ങള്‍ക്കു ലഭിച്ചിരുന്ന ആഹാരം അധികംനാള്‍ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ പറ്റാത്തത്ര തുച്ഛമായിരുന്നു. കഠിനമായ ജോലിയും താങ്ങാനാവാത്ത വിശപ്പുംമൂലം ക്യാമ്പിലെ മരണനിരക്കു വളരെ കൂടുതലായിരുന്നു. ഇതുകാരണം പല തടവുകാരും തരംകിട്ടിയാല്‍ വിശപ്പടക്കാന്‍ എന്തെങ്കിലും മോഷ്ടിക്കും.
എന്റെ പക്കലുള്ള കൊച്ചുപെട്ടിയില്‍ കുറച്ചു ബിസ്‌കറ്റും അല്പം വെണ്ണയും പഞ്ചസാരയുമുണ്ടായിരുന്നു. അത് ഒരു ഭൂഗര്‍ഭവഴിയിലൂടെ അനേകം മൈല്‍ അകലെനിന്ന് എന്റെ അമ്മ എത്തിച്ചതാണ്. ആളിപ്പിടിക്കുന്ന വിശപ്പു വരുമ്പോള്‍ മാത്രമേ അതില്‍നിന്ന് അല്പമെടുത്തു ഞാന്‍ കഴിക്കുകയുള്ളൂ. എന്റെ പെട്ടിക്കു പൂട്ടില്ലാത്തതിനാല്‍ ഞാനതു കൂടെക്കൊണ്ടു നടക്കും.
ഒരു ദിവസം താല്‍ക്കാലിക ജോലിക്കായി മറ്റൊരു ക്യാമ്പിലേക്കു മാറാന്‍ എനിക്ക് ഓര്‍ഡര്‍ വന്നു. എന്റെ പെട്ടി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. കൂട്ടുകാരന്‍ ആന്‍ഡ്രി പറഞ്ഞു: എന്നെ ഏല്പിച്ചോളൂ. ഞാന്‍ സൂക്ഷിച്ചോളാം. അത് എന്റെ പക്കല്‍ സുരക്ഷിതമായിരിക്കും. ധൈര്യമായി പൊയ്‌ക്കോളൂ.
ഞാന്‍ പോന്നതിനു പിറ്റേന്നുമുതല്‍ മൂന്നുദിവസം നീണ്ടുനിന്ന ഹിമവര്‍ഷവും ശക്തമായ മഞ്ഞുകാറ്റും ഉണ്ടായി. അതുമൂലം ഉടനീളം റോഡ് ബ്ലോക്കായി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ പത്തു ദിവസത്തോളമെടുത്തു.
ഞാന്‍ പഴയ ക്യാമ്പിലേക്കു തിരിച്ചെത്തി. അന്നു സായാഹ്നത്തോടെ എല്ലാ തടവുകാരും ജോലി കഴിഞ്ഞു മടങ്ങിയെത്തി. അവരുടെ കൂട്ടത്തില്‍ ആന്‍ഡ്രിയെ കണ്ടില്ല. ഞാനുടനെ ഫോര്‍മാന്റെ അടുത്തെത്തി.
''ആന്‍ഡ്രി എവിടെ?'' ഞാന്‍ ചോദിച്ചു.
അയാള്‍ മരിച്ചു.
ശ്വാസം നിലച്ച മട്ടില്‍ ഞാന്‍ സ്തംഭിച്ചുനിന്നു.
ഫോര്‍മാന്‍ ഒരു കൊച്ചുപെട്ടി നീട്ടിക്കൊണ്ടു പറഞ്ഞു: ''ഇതു നിങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കാന്‍ പറഞ്ഞ് എന്നെ ഏല്പിച്ചു.''
എന്റെ ഹൃദയം വിങ്ങി. ''പ്രിയ ആന്‍ഡ്രി! എന്റെ വെണ്ണയും ബിസ്‌കറ്റും നിന്റെ ജീവന്‍ രക്ഷിക്കാന്‍ മതിയായില്ലല്ലോ!''
ഞാന്‍ പെട്ടി തുറന്നു. ഭക്ഷണം അതേപടി ഇരിക്കുന്നു. കൂടെ ഒരു കുറിപ്പുമുണ്ട്. ''പ്രിയ വ്‌ളാഡിമിര്‍! എന്റെ കൈ കഷ്ടിച്ചു ചലിക്കുമെന്ന അവസ്ഥയില്‍ ഞാനിതു കുറിക്കുന്നു. നമ്മള്‍ വീണ്ടും കാണുന്നതിനുമുമ്പ് ഞാന്‍ ജീവിച്ചിരിക്കുമോ എന്നറിയില്ല. ക്ഷീണംകൊണ്ടു ഞാനത്ര മാത്രം തകര്‍ന്നിരിക്കുന്നു. ഞാന്‍ മരിക്കയാണെങ്കില്‍ എന്റെ ഭാര്യയെയും മക്കളെയും അറിയിക്കണം. അവരുടെ അഡ്രസ്, നിന്റെ പക്കലുണ്ടല്ലോ. നീ എന്നെ ഏല്പിച്ചത് അതേപടി ഫോര്‍മാന്റെ പക്കല്‍ കൊടുത്തിട്ടുണ്ട്. അതു വാങ്ങുമല്ലോ, ഗുഡ് ബൈ! ആന്‍ഡ്രി.''
ഒരു സ്വിറ്റ്‌സര്‍ലണ്ടുകാരന്‍ ഫ്രാന്‍സിലൂടെ കാറോടിച്ചു പോകുമ്പോള്‍ പ്രകൃതിരമണീയമായ കാഴ്ചകള്‍ കണ്ടു. കാര്‍ നിര്‍ത്തി അത്യാകര്‍ഷകമായ, ഹൃദയം കവരുന്ന ആ പ്രകൃതിദൃശ്യങ്ങള്‍ തന്റെ വിലകൂടിയ ക്യാമറയില്‍ പകര്‍ത്തി.
തിരിച്ച് ഇരുന്നൂറു നാഴികയോളം പോന്നശേഷമാണ് ക്യാമറ എടുക്കാന്‍ മറന്നുപോയതു ശ്രദ്ധയില്‍പ്പെട്ടത്.
ക്യാമറയില്‍ ഉടമസ്ഥന്റെ പേരോ അഡ്രസ്സോ ഇല്ല. നഷ്ടബോധത്തോടെ, നൈരാശ്യത്തോടെ അയാള്‍ നാട്ടിലേക്കു പോയി.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു മുട്ടുകേട്ടു. ഒരു ഫ്രഞ്ചുകാരന്‍ ക്യാമറയുമായി നില്ക്കുന്നു. നഷ്ടപ്പെട്ടെന്നു തീര്‍ച്ചയാക്കിയ ക്യാമറ തിരിച്ചുകിട്ടിയപ്പോള്‍ മഹാദ്ഭുതം സംഭവിച്ചതുപോലെ തോന്നി.
നല്ലവനായ ഫ്രഞ്ചുകാരനെ ഏറെ ആദരവോടെ അദ്ദേഹം സ്വീകരിച്ചിരുത്തി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാമറ കിട്ടിയ ഫ്രഞ്ചുകാരന്‍ അതു വീട്ടില്‍ കൊണ്ടുപോയി. അതിലെ ഫിലിം ഡെവലപ് ചെയ്ത് അതില്‍നിന്ന് ഉടമസ്ഥനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമോ എന്നു നോക്കി. ഒന്നുമില്ല. ഒരു ഫോട്ടോയില്‍ ബാക്ക്ഗ്രൗണ്ടില്‍ ഒരു കാറു കിടക്കുന്നതു കണ്ടു. പക്ഷേ, നമ്പര്‍ പ്ലേറ്റ് ചെറുതായതുകൊണ്ട് അതിലെ അക്കങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആ ഫോട്ടോ എന്‍ലാര്‍ജ് ചെയ്തു നോക്കിയപ്പോള്‍ കാറിന്റെ നമ്പര്‍ വ്യക്തമായി.
ഉടനെ അദ്ദേഹം ഫ്രഞ്ചുകോണ്‍സിലിനു കത്തെഴുതി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ജനീവയിലെ കാറുടമയുടെ പേരും വിലാസവും അയച്ചുകിട്ടി.
ബിസിനസ് സംബന്ധമായി അധികം വൈകാതെ ജനീവയില്‍ പോയപ്പോള്‍, എത്രയും പെട്ടെന്ന് ഉടമസ്ഥനെ കണ്ടുപിടിച്ചു ക്യാമറ തിരിച്ചുകൊടുക്കുക എന്ന അതിമഹനീയ സല്‍കൃത്യമാണ് ആദ്യം ചെയ്തത്.