•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെ ശതോത്തര സുവര്‍ണജയന്തി ആഘോഷിച്ചു

പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെ 150-ാം ജന്മദിനാഘോഷം ഇടപ്പാടി എസ്.എച്ച്. പ്രെയര്‍ ഹൗസില്‍ ആഘോഷിച്ചു. രാവിലെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. നല്ല മാതൃക നല്‍കിയ കദളിക്കാട്ടിലച്ചനെപ്പോലെ കുട്ടികളെ ലോകാനുഭവത്തിലല്ല, മറിച്ച്, ദൈവാനുഭവത്തില്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ഫാ. ജോസഫ് വടകര, ഡോ. തോമസ് മണ്ണൂരാംപറമ്പില്‍, ഫാ. മാത്യു കദളിക്കാട്ടില്‍, ഫാ. തോമസ് പേഴുംകാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കദളിക്കാട്ടിലച്ചന്റെ ജീവിതവിശുദ്ധിയും ആഴമായ ആധ്യാത്മികതയും തിരുഹൃദയസന്ന്യാസസമൂഹത്തിന്റെ സ്ഥാപനത്തിനു കാരണമായതായി അദ്ദേഹം അനുസ്മരിച്ചു.
ഡോ. തോമസ് ഐക്കര അനുഗ്രഹപ്രഭാഷണം നടത്തി. തിരുഹൃദയസന്ന്യാസിനീസമൂഹം 150 വീടുകള്‍ക്കു നല്‍കിയ ധനസഹായത്തിന്റെ പ്രതീകമായി ഒരു വീടിന്റെ താക്കോല്‍ദാനകര്‍മം പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ നിര്‍വഹിച്ചു.
ദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രഫഷണല്‍ വിദ്യാഭ്യാസ ധനസഹായവിതരണം നടത്തി.
പാലാ നഗരസഭാധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, സന്ന്യാസിനീസമൂഹത്തിനുവേണ്ടി നിര്‍ധന കുടുംബങ്ങള്‍ക്കു ധനസഹായവിതരണം നടത്തി. ഭൂരഹിതര്‍ക്കു ഭൂമി ദാനമായി നല്‍കിയതിന്റെ ആധാരം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ കൈമാറി. കദളിക്കാട്ടിലച്ചന്റെ ലഘുജീവിതചരിത്രം ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ പ്രകാശനം ചെയ്തു.
ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനന്ദ് മാത്യു ചെറുവള്ളില്‍, ഭരണങ്ങാനം പഞ്ചായത്ത് അംഗം അനു വെട്ടുകാട്ടില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ തെരേസ് കോയിപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  വികാര്‍  ജനറാള്‍ സിസ്റ്റര്‍ ജിസ് മരിയ കൃതജ്ഞത പറഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)