•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ചാനല്‍ച്ചര്‍ച്ചകളും വാര്‍ത്തകളും പ്രകോപനപരമാകരുത്

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 5 May , 2022

ഇന്ത്യന്‍ മാധ്യമങ്ങള്‍ പരിധി ലംഘിക്കുന്നുവെന്ന പരാതി ഇന്നോ ഇന്നലെയോ കേട്ടുതുടങ്ങിയതല്ല. മാധ്യമസദാചാരത്തിന്റെ ദൂരപരിധി  എവിടംവരെയാണെന്ന കാര്യത്തിലൊട്ടു വ്യക്തതയോ കൃത്യതയോ നാളിതുവരെയുണ്ടായിട്ടുമില്ല. ടെലിവിഷന്‍ ചാനലുകളും സമൂഹമാധ്യമങ്ങളും വസ്തുതകള്‍ക്കപ്പുറത്തേക്കു വാര്‍ത്തകളെ വലിച്ചിഴയ്ക്കുന്നതും വളച്ചൊടിക്കുന്നതും സര്‍വപരിധിയും ലംഘിക്കുന്നുവെന്ന് ഈയിടെ കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയവും കേരള ഹൈക്കോടതിയും വിമര്‍ശിച്ചതാണു വാര്‍ത്തകളിലിടം പിടിച്ചത്.
യുക്രെയ്ന്‍ യുദ്ധവും വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി സംഘര്‍ഷവുംപോലുള്ള വിഷയങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുന്നതും അതിനു സാധ്യതയുള്ളതുമായ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കരുതെന്നാണു കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം മാധ്യമങ്ങള്‍ക്കു മുന്നറിയിപ്പു നല്കിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇരുവിഭാഗങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണു നിരീക്ഷണം. കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്‌സ് റഗുലേഷന്‍ ആക്ടിലെ വകുപ്പുകളും വ്യവസ്ഥകളും ഓര്‍മിപ്പിച്ച് ടി.വി. ചാനലുകള്‍ക്കു കര്‍ശനനിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുകയാണു കേന്ദ്രമന്ത്രാലയം.
യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷത്തില്‍ യുക്രെയ്‌നെതിരേ റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന തെറ്റായ വാര്‍ത്ത ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ നല്കിയത് അന്താരാഷ്ട്രതലത്തില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കി. അന്താരാഷ്ട്ര ഏജന്‍സികള്‍ നല്കുന്ന വിവരങ്ങള്‍ ചാനലുകള്‍ റേറ്റിങ്ങിനുവേണ്ടി ദുര്‍വ്യാഖ്യാനം ചെയ്തതിന്റെ പരിണതഫലമാണിത്. സമാധാനത്തിനാക്കം കൂട്ടുന്ന വാര്‍ത്തകള്‍ നല്കി ലോകത്തിനാശ്വാസവും പ്രത്യാശയും കൊടുക്കേണ്ട മാധ്യമങ്ങള്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നു. അണുബോംബു വീഴുമോ അതോ മൂന്നാം ലോകമഹായുദ്ധം തുടങ്ങുമോ എന്ന മട്ടില്‍ പ്രകോപനപരമായ വാര്‍ത്തകള്‍ നല്കിയ ചാനലുകളുമുണ്ട്. വാര്‍ത്തയുമായി ഒട്ടും ബന്ധമില്ലാത്തതും അപകീര്‍ത്തി പരത്തുന്നതുമായ ശീര്‍ഷകങ്ങളുപയോഗിച്ചു ജനമനസ്സുകളില്‍ ശാന്തിയും സമാധാനവും കെടുത്തിയതു പരസ്യവിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.
ഡല്‍ഹിയിലെ ജഹാംഗീര്‍പുരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമുദായമൈത്രി തകര്‍ക്കുന്നതരത്തില്‍ ചില ചാനലുകള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചതിനെയും കേന്ദ്രമന്ത്രാലയം വിമര്‍ശിച്ചു. 'അലിയും  ബലിയും തമ്മില്‍' എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചതു ജനങ്ങളെ വല്ലാതെ ചൊടിപ്പിച്ചെന്നാണു കേന്ദ്രവിലയിരുത്തല്‍. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ആളിക്കത്തിക്കാനുള്ള നിഗൂഢതന്ത്രവും ചാനലുകളിലെ സഭ്യേതരഭാഷാപ്രയോഗവും മന്ത്രാലയത്തിന്റെ രൂക്ഷവിമര്‍ശനത്തിനു കാരണമായി.
വാര്‍ത്തകളുടെ ഉറവിടം പരിശോധിക്കാതെയും ആധികാരികത ഉറപ്പാക്കാതെയുമാണു ചാനലുകള്‍ പലപ്പോഴും വാര്‍ത്തകള്‍ പടച്ചുവിടുന്നത്. വാര്‍ത്താവതാരകരും ചാനല്‍ മോഡറേറ്റര്‍മാരും ആദ്യന്തം തൊടുത്തുവിടുന്ന അസ്ത്രങ്ങളത്രയും തങ്ങളുടെ രഹസ്യ അജന്‍ഡയുടെ പരിച്ഛേദങ്ങളാണ്. അന്തിച്ചര്‍ച്ചകള്‍ ആരോഗ്യപരമായ സംവാദങ്ങള്‍ക്കു വഴിതുറക്കാതെ, കൊഴുത്ത വിവാദങ്ങള്‍ക്കവസരമൊരുക്കി എങ്ങുമെത്താതെ അവസാനിക്കണമെന്നുതന്നെയാണു ധാരണ. സത്യത്തെ തമസ്‌കരിക്കുന്നതും താറടിക്കുന്നതും ജനമനസ്സുകളില്‍ പുകമറ സൃഷ്ടിക്കുന്നതുമായ ഇത്തരം ചെപ്പടിവാര്‍ത്തകളുടെ മുമ്പില്‍ ഒരുളുപ്പുമില്ലാതെ കൈയും കെട്ടിയിരുന്നുകൊടുക്കുന്ന മലയാളിയെ സമ്മതിച്ചുകൊടുക്കണം! വ്യക്തിഹത്യ നടത്തുന്നതും അസഭ്യവര്‍ഷം ചൊരിയുന്നതുമായ ചാനല്‍ച്ചര്‍ച്ചകള്‍ നമ്മുടെ കുട്ടികളുടെ മനസ്സിലേല്പിക്കുന്ന മുറിവുകള്‍ക്ക് ആരു സൗഖ്യം കൊടുക്കും? റേറ്റിങ് കൂട്ടാനുള്ള തന്ത്രങ്ങളെ മൂക്കുകയറിട്ടു നിയന്ത്രിക്കാന്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണു സാധിക്കുന്നത്? വകതിരിവോടെ ചാനല്‍പരിപാടികളെ വിലയിരുത്തുന്നതിനും സ്വയംനിയന്ത്രണം പാലിക്കുന്നതിനും ഇനി എന്നാണു മലയാളിപ്രേക്ഷകര്‍ പ്രബുദ്ധരാകുന്നത്?
കോടതികളുടെ അധികാരം കവരാന്‍ മാധ്യമങ്ങള്‍ക്കവകാശമില്ലെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും ഈയിടെയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണു കോടതിയുടെ പരാമര്‍ശം. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ആരെയും ചവിട്ടിമെതിക്കാനുള്ള ലൈസന്‍സല്ല. നീതിയുക്തമായ വിചാരണ പ്രതികളുടെയും അവകാശമാണെന്നിരിക്കേ, അതു തടസ്സപ്പെടുത്തുന്ന തരത്തിലുള്ള മാധ്യമവിചാരണ ഏതു ഭാഗത്തുനിന്നുണ്ടായാലും കോടതിയലക്ഷ്യമാണ്.
ഒന്നേ പറയാനുള്ളൂ, ത്യാജ്യഗ്രാഹ്യവിവേചനത്തോടെ ചാനലുകളെയും സമൂഹമാധ്യമങ്ങളെയും വിലയിരുത്താനുള്ള മാധ്യമവിദ്യാഭ്യാസവും വിവേകവും മലയാളികള്‍ക്കുണ്ടായേ തീരൂ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)