തൊണ്ണൂറ്റിയഞ്ചു വയസ്സിന്റെ നിറവിലാണ് പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ. കത്തോലിക്കാസഭ കണ്ടതില്‍വച്ച് ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പായെന്ന സവിശേഷതയും ബെനഡിക്ട് പതിനാറാമന്. 2022 ഏപ്രില്‍ 16 ന് അദ്ദേഹത്തിന് 95 വയസ്സ് തികഞ്ഞു. 1927 ലായിരുന്നു ജനനം. ജര്‍മനിയിലെ ബവേറിയന്‍ പ്രവിശ്യയില്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ അല്‍ട്ടോട്ടിങ് പട്ടണത്തില്‍നിന്നു പതിനഞ്ചു കിലോമീറ്റര്‍ അകലെ മാര്‍ക്റ്റല്‍ അം ഇന്‍ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്‌സിങ്ങറുടെ ജനനം. പിതാവ് ജോസഫ് റാറ്റ്‌സിങ്ങര്‍ സീനിയര്‍ ഒരു പോലീസുകാരന്‍, മാതാവ് മരിയ ഹോട്ടലിലെ പാചകക്കാരി, അവിവാഹിതയായ മൂത്ത സഹോദരി മരിയ ദീര്‍ഘകാലം അനുജന്മാരെ പരിചരിച്ചശേഷം 1991 ല്‍ മരണമടഞ്ഞു. ജ്യേഷ്ഠന്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് റാറ്റ്‌സിങ്ങര്‍ റേഗന്‍സ്ബര്‍ഗ് കത്തീഡ്രലിലെ ഗായകസംഘമേധാവിയായിരുന്നു. 2020 ജൂലൈ ഒന്നിന് അദ്ദേഹം വര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ മരണമടഞ്ഞു.
റാറ്റ്‌സിങ്ങര്‍ സഹോദരന്മാര്‍ ഇരട്ടകളെപ്പോലെയാണു കഴിഞ്ഞിരുന്നത്. രൂപത്തിലും ഭാവത്തിലും നടപ്പിലും എല്ലാം അവര്‍ ഏതാണ്ടൊരുപോലെതന്നെ. മൂന്നു വയസ്സിനു വ്യത്യാസമുണ്ടെങ്കിലും വൈദികപട്ടം സ്വീകരിച്ചത് ഒരേ ദിവസം, 1951 ജൂണ്‍ 29 ന്. ജ്യേഷ്ഠന്‍ സംഗീതജ്ഞനും റേഗന്‍സ്ബര്‍ഗ് കത്തീഡ്രലിലെ 'കപ്പേല്‍മൈസ്റ്ററു'മായി. അനുജന്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനും. ബെനഡിക്ട് പതിനാറാമനെ ''ജോസഫ്'' എന്ന പഴയ പേരെടുത്തു വിളിക്കുന്ന ഒരാള്‍ മാത്രമേ ഈ ഭൂമുഖത്തുണ്ടായിരുന്നുള്ളൂ. അതു ജ്യേഷ്ഠന്‍ ജോര്‍ജ് റാറ്റ്‌സിങ്ങറായിരുന്നു. 2020 ജൂണ്‍ അവസാനം മരണാസന്നനിലയിലായിരുന്ന ജ്യേഷ്ഠനോടൊപ്പം ചെലവഴിക്കാന്‍ സ്ഥാനത്യാഗം ചെയ്തശേഷം ആദ്യമായി ശാരീരികബലഹീനതകള്‍ അവഗണിച്ചു പാപ്പാ എമിരറ്റസ് വത്തിക്കാന്‍ വിട്ട് റേഗന്‍സ്ബര്‍ഗിലെത്തി. ഒരുമിച്ചു പ്രാര്‍ത്ഥിച്ചും കുര്‍ബാന ചൊല്ലിയും അഞ്ചു ദിവസങ്ങള്‍ ചെലവഴിച്ചശേഷം പാപ്പാ 2020 ജൂണ്‍ 22 ന് റോമിലേക്കു തിരിച്ചുപോയി. ജൂലൈ ഒന്നിന് ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍ പാപ്പാ ഏറെ ദുഃഖിതനായി മാസങ്ങളോളം ചെലവഴിച്ചു.
വത്തിക്കാന്‍കുന്നില്‍ അക്രുലോണ്‍ ഫൗണ്ടനു സമീപം 1990ല്‍ പണികഴിപ്പിക്കപ്പെട്ട മനോഹരമായ മത്തേഎക്ലേസിയ ആശ്രമത്തില്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും വ്യാപൃതനായി പാപ്പാ ബനഡിക്ട് സജീവമാണ്. ഏറെ വിശ്വസ്തനായ പ്രൈവറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഹേന്‍ ഷൈ്വന്‍ സദാസമയവും കൂടെയുണ്ട്.
കൊളുത്തിവച്ച വിളക്കുപോലെ പ്രകാശപൂരിതമാണ് ബെനഡിക്ട് പാപ്പായുടെ ജീവിതരേഖ. പ്രശ്‌നകലുഷിതമായ ഒരു കാലഘട്ടത്തിലാണ് സഭാനൗകയെ നയിക്കാന്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നിയോഗിക്കപ്പെട്ടത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിലനിന്നിരുന്ന വികലമായ ദൈവശാസ്ത്രചിന്തകളെ നിയന്ത്രിക്കാനും സഭയിലെ പുരോഗമനവാദികള്‍ക്കു നേര്‍വഴി കാണിച്ചുകൊടുക്കാനും പരിശുദ്ധ പിതാവ് ഏറെ പണിപ്പെട്ടു. തത്ത്വത്തില്‍ ഒരു ദൈവശാസ്ത്രപണ്ഡിതനല്ലായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്, സഭയെ ആഗോളമായി ബാധിച്ചിരുന്ന വിശ്വാസശോഷണത്തിന്റെ പുനഃസ്ഥാപനത്തിനു പ്രാപ്തനായ ഒരു സഹായിയെ ആവശ്യമായി വന്നു. സ്വതവേ ലളിതഹൃദയനും ശാന്തനുമായിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ, കത്തോലിക്കാസഭയ്ക്കു വെല്ലുവിളിയായിനിന്ന നിരവധി ദൈവശാസ്ത്രപരമായ തെറ്റുധാരണകള അകറ്റാനും അവയ്ക്കു സമുചിതമായ ഉത്തരങ്ങള്‍ നല്‍കാനും കണ്ടുപിടിച്ച വിശ്വസ്ത വ്യക്തിയായിരുന്നു കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍. ദൈവവചനത്തിലും ആരാധനക്രമങ്ങളിലും സഭാപിതാക്കന്മാരുടെ പഠനങ്ങളിലും അടിസ്ഥാനമിടുന്നതായിരുന്നു റാറ്റ്‌സിങ്ങറുടെ പ്രഘോഷണശൈലി. അങ്ങനെ, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഗൗരവമേറിയ ദൈവശാസ്ത്രപരമായ തീരുമാനങ്ങള്‍ക്കു പിന്നില്‍ തലച്ചോറായി വര്‍ത്തിക്കാന്‍ കര്‍ദിനാള്‍ റാറ്റ്‌സിങ്ങറെ വത്തിക്കാനിലേക്കു വിളിച്ചു. 1981 ല്‍ പാപ്പാ അദ്ദേഹത്തെ വിശ്വസനീയസംഘം, അന്താരാഷ്ട്ര ദൈവശാസ്ത്രക്കമ്മീഷന്‍, പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ എന്നീ സുപ്രധാനതസ്തികകളുടെ അധ്യക്ഷനായി നിയമിച്ചു.
വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ട് ആയശേഷം കര്‍ദിനാള്‍ റാറ്റ്‌സിങ്ങറുടെ ആദ്യത്തെ ഉദ്യമം, 1980 കളില്‍ പ്രബലമായിക്കൊണ്ടിരുന്ന വിമോചനദൈവശാസ്ത്രത്തിനെതിരേ (ലിബറേഷന്‍ തിയോളജി) സഭയുടെ നിലപാടു ശക്തമാക്കുക എന്നതായിരുന്നു. മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രത്തിലെ 'വിമോചനം' എന്ന സങ്കീര്‍ണമായ വാക്കിന് അദ്ദേഹം ക്രിസ്തീയതലങ്ങളില്‍ സമുചിതമായ പുനര്‍നിര്‍വചനം നല്‍കി. പിന്നീട് തൊണ്ണൂറുകളില്‍ പൊന്തിവന്ന ആപേക്ഷികസിദ്ധാന്തത്തെ സഭയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കുക എന്നതായിരുന്നു അടുത്ത ദൗത്യം. പരമമായ സത്യം എന്നൊന്നില്ല എന്നു വാദിച്ചവരോടു സത്യം നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം അടിസ്ഥാനപരമായി സ്ഥാപിച്ചു. റാറ്റ്‌സിങ്ങര്‍ എപ്പോഴും ഏറ്റവും പ്രാധാന്യം നല്‍കി സംരക്ഷിച്ചുകൊണ്ടിരുന്നത് കത്തോലിക്കാസഭയുടെ ആരാധനക്രമത്തിന്റെ പുനഃപ്രതിഷ്ഠയായിരുന്നു.
വിമോചനദൈവശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളായ ജര്‍മന്‍ തത്ത്വചിന്തകന്‍, മ്യൂണിക്കിലെ യോഹാന്‍ ബാപ്റ്റിസ്റ്റ് മെറ്റ്‌സും റ്റ്വിബിങ്ങനിലെ യൂര്‍ഗന്‍ മോള്‍ട്ട്മാനും തുടങ്ങിവച്ച സഭാ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ റാറ്റ്‌സിങ്ങര്‍ പ്രബന്ധങ്ങളെഴുതി. മാര്‍ക്‌സിസത്തില്‍നിന്നു വിപ്ലവാശയങ്ങള്‍ സ്വീകരിച്ചു ക്രിസ്തീയവിശ്വാസത്തെ വികലമാക്കാന്‍ ശ്രമിച്ചവരില്‍നിന്നു സഭയെ അദ്ദേഹം പരിരക്ഷിച്ചു. ആരാധനക്രമത്തിന്റെ ഔന്നത്യവും പ്രബുദ്ധതയും ചരിത്രത്തെയും കാലത്തെയും അതിജീവിക്കുന്ന ശ്രേഷ്ഠതയും പുനര്‍വ്യാഖ്യാനം ചെയ്യുന്നതിനും അതു സഭയുടെയും ക്രിസ്തീയജീവിതത്തിന്റെയും കേന്ദ്രബിന്ദുവാകാന്‍ സഹായിക്കുന്നതിനും റാറ്റ്‌സിങ്ങര്‍ രചിച്ച പുസ്തകമാണ് 'ആരാധനക്രമത്തിന്റെ ആത്മാവ്' (ഉലൃ ഏലശേെ റലൃ ഘശൗേൃഴശല).
സ്വവര്‍ഗരതി, ഗര്‍ഭച്ഛിദ്രം, ഗര്‍ഭനിരോധനം, സ്ത്രീപൗരോഹിത്യം തുടങ്ങിയവയ്‌ക്കെതിരായി ശക്തമായ നിലപാടുകള്‍ റാറ്റ്‌സിങ്ങര്‍ എടുത്തിരുന്നു. വൈദികരുടെ ബ്രഹ്‌മചര്യത്തെയും അദ്ദേഹം ശക്തിയുക്തം പിന്താങ്ങിയിരുന്നു. കര്‍ക്കശമായ തീരുമാനങ്ങളും മതാനുഷ്ഠാനങ്ങളും മൂലമല്ലേ ധാരാളം ആളുകള്‍ സഭ വിട്ടുപോകുന്നത് എന്ന ചോദ്യത്തിന്, രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങളായി സഭയെപ്പോലെ കെട്ടുറപ്പോടെ നിലനില്‍ക്കുന്ന മറ്റേതെങ്കിലും സംഘടനയോ പ്രസ്ഥാനമോ ഒന്നുംതന്നെയില്ലെന്നും സഭയുടെ നിലനില്പിന്റെ ആവശ്യംതന്നെ കര്‍ക്കശമായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നുമായിരുന്നു റാറ്റ്‌സിങ്ങറുടെ മറുപടി. കത്തോലിക്കാവിശ്വാസം സംരക്ഷിക്കുന്ന തികഞ്ഞ യാഥാസ്ഥിതിക പുരോഗമനവാദിയായിരുന്ന റാറ്റ്‌സിങ്ങര്‍ കത്തോലിക്കാസഭയ്ക്കു കോട്ടംതട്ടുന്ന ഒരു തീരുമാനത്തെയും വകവച്ചിരുന്നില്ല.
വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്റ്റ് എന്ന നിലയില്‍ തനിക്കാവുന്നതെല്ലാം ചെയ്തശേഷം റേഗന്‍സ്ബര്‍ഗിലേക്കു മടങ്ങണമെന്നും പെന്റ്‌ലിങ്ങിലെ സ്വവസതിയില്‍ പ്രാര്‍ത്ഥനയും വായനയും എഴുത്തുമായി ശിഷ്ടകാലം ചെലവഴിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച റാറ്റ്‌സിങ്ങറെ മടങ്ങാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ ചുമതലകള്‍ നല്‍കി കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആയി ജോണ്‍പോള്‍ രണ്ടാമന്‍ നിയമിച്ചു. 2005 ഏപ്രില്‍ രണ്ടിന് എണ്‍പത്തിനാലാമത്തെ വയസ്സില്‍ പാപ്പാ കാലം ചെയ്തപ്പോള്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക് 265-ാമത്തെ പിന്‍ഗാമിയായി കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍ തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് നാം കാണുന്നത് ചരിത്രമാണ്. 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്യുന്നതുവരെ സഭയെ അഗ്നിശുദ്ധി ചെയ്യാന്‍ ബെനഡിക്ട് പാപ്പാ എഴുതിക്കൂട്ടിയത് 66 ഐതിഹാസികഗ്രന്ഥങ്ങളാണ്. 1963 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് പാപ്പാ തന്റെ പ്രധാനപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും എഴുതിയത്. 1968 ല്‍ റ്റ്വീബിങ്ങന്‍ യൂണിവേഴ്‌സിറ്റിയില്‍ തിയോളജി പ്രൊഫസറായി സേവനമനുഷ്ഠിച്ചപ്പോള്‍ രചിച്ച 'ക്രൈസ്തവികതയുടെ ഒരാമുഖം' എന്ന ഇതിഹാസസമാനമായ ഗ്രന്ഥം അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണങ്ങളിലെ പന്ത്രണ്ടു ഭാഗങ്ങളുടെ ഗാഢമായ വ്യാഖ്യാനങ്ങളാണ്. ക്രിസ്തീയവിശ്വാസത്തെ അടിമുടി എതിര്‍ക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണീ പുസ്തകം. ആറു പതിറ്റാണ്ടിലേറെ ദൈവശാസ്ത്രജ്ഞനെന്ന നിലയില്‍ വായിച്ചും പഠിപ്പിച്ചും അനുഭവിച്ചും അറിഞ്ഞ വിവരങ്ങള്‍ മുഴുവന്‍ സംക്ഷിപ്തമായി വിവരിക്കുന്ന റാറ്റ്‌സിങ്ങറുടെ മാസ്റ്റര്‍പീസ് മൂന്നു വാല്യങ്ങളായി എഴുതപ്പെട്ട 'നസ്രത്തിലെ യേശു' എന്ന കൃതിയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ ചാക്രികലേഖനമായ 'ദൈവം സ്‌നേഹമാകുന്നു (ഉലൗ െഇമൃശമേ െഋേെ) എന്ന തിരുവെഴുത്ത് പിന്നീട് കത്തോലിക്കാസഭയുടെ അടിസ്ഥാനപ്രമാണമായി മാറി. ബെനഡിക്റ്റ് പതിനാറാമനെ ലോകം സ്മരിക്കുക ദൈവശാസ്ത്രജ്ഞനായ മാര്‍പാപ്പാ എന്ന രീതിയിലായിരിക്കും. മരുഭൂമിയില്‍ ജ്വലിച്ചിറങ്ങുന്ന സൂര്യോദയംപോലെ അദ്ദേഹത്തിന്റെ കൃതികള്‍ എക്കാലവും വായിക്കപ്പെടും. വിശ്വാസസംരക്ഷണത്തിന്റെ കരങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ ഭാവിയില്‍ സഭാമേലധികാരികള്‍ അഭയം തേടുന്നത് റാറ്റ്‌സിങ്ങര്‍ എഴുതിയ ഗ്രന്ഥങ്ങളിലായിരിക്കും.
2013 ഫെബ്രുവരി 11-ാം തീയതി നടത്തിയ സ്ഥാനത്യാഗപ്രഖ്യാപനത്തില്‍ ബെനഡിക്ട് പാപ്പാ പറഞ്ഞു: വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ ശുശ്രൂഷകള്‍ പൂര്‍ണമായി നിര്‍വഹിക്കാന്‍ പ്രായാധിക്യംമൂലം സാധിക്കുന്നില്ലെന്നു ദൈവസന്നിധിയില്‍ ആവര്‍ത്തിച്ചു നടത്തിയ ആത്മപരിശോധനയില്‍ എനിക്കു മനസ്സിലായി. വിശ്വാസജീവിതത്തിന്റെ ദീപ്തമായ പ്രാധാന്യത്തെക്കുറിച്ചുള്ള വെല്ലുവിളികള്‍ക്കും ചോദ്യങ്ങള്‍ക്കും ഉചിതമായ ഉത്തരം കണ്ടുപിടിക്കാനും സുവിശേഷം പ്രഘോഷിക്കാനും മനസ്സിനും ശരീരത്തിനും ശക്തിയും കരുത്തും അനിവാര്യമാണ്. ആരോഗ്യം ശോഷിച്ചുവരുന്നതുകൊണ്ട് എന്നെ ഭരമേല്പിച്ചിരിക്കുന്ന സഭാശുശ്രൂഷകള്‍ സമുചിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല. അങ്ങനെ, കത്തോലിക്കാസഭയിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞന്‍ പൂര്‍ണവിശ്രമത്തിലേക്കു വിടവാങ്ങി, ശിഷ്ടകാലം സഭയ്ക്കും ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും തപസ്സിരിക്കാനും. സ്മൃതിയുടെ സമയപരിധി കഴിഞ്ഞും എല്ലാക്കാലവും ഓര്‍മയില്‍ തിണര്‍ത്തു കിടക്കും ആ ഗുരുശ്രേഷ്ഠന്റെ ജീവിതരേഖ.