ഇന്നത്തെ കാര്യമല്ല. 1960 കളിലെ കാര്യമാണ്. 1960 ല്‍ ആരംഭിക്കുന്ന ദശകത്തില്‍ കോട്ടയം - എറണാകുളം ജില്ലകളിലൂടെ പള്ളം - കളമശ്ശേരി 220 കെ.വി. ലൈനിന്റെ നിര്‍മാണം നടന്നു. എകദശം 160 അടി വീതിയില്‍ പറമ്പുകളിലെ മേലാദായങ്ങള്‍ പൂര്‍ണമായി വെട്ടിനശിപ്പിച്ചു നടപ്പാക്കിയ പദ്ധതിയുടെ ദൂരവ്യാപകമായ കെടുതികള്‍ അനുഭവിക്കുന്നത് ഈ മൂന്നാം തലമുറയാണ്. പദ്ധതിക്കുവേണ്ടി ആജന്മനഷ്ടം സഹിക്കേണ്ടിവന്നവര്‍ക്കോ അവരുടെ അനന്തരക്കാര്‍ക്കോ പെരുത്ത നഷ്ടമല്ലാതെ കാല്‍ക്കാശിന്റെ ഉപകാരമുണ്ടായില്ല.
മൂന്നേക്കറോളം സ്ഥലത്തെ തെങ്ങുകള്‍ വെട്ടിയിട്ടു ഞങ്ങള്‍ക്കു, കിട്ടിയത് 5700 രൂപയില്‍ താഴെയാണെന്ന് ഓര്‍ക്കുന്നു. ഇന്ന് അവയ്ക്കു തുല്യം വിലയെന്താ?
ഒരു തെങ്ങിന് അന്നു കിട്ടിയ നഷ്ടപരിഹാരത്തിലേറെയായി ഇന്ന് ഒരു തേങ്ങയുടെ വില. അവകാശം പറയാനല്ലാതെ ഈ ഭൂമികൊണ്ടു ഇന്നത്തെ അവകാശികള്‍ക്ക് ഒരു ഗുണവും കിട്ടാനില്ല.
അന്നത്തെ ഉടമകള്‍ക്ക് വെറും കൈനീട്ടം കൊടുത്തു സര്‍ക്കാര്‍ അക്കാലത്ത് ആ പ്രൊജക്ട് നടപ്പാക്കി. സര്‍ക്കാരിന് ചങ്കും ഹൃദയവും രക്തവും ഒന്നുമില്ലാത്തതുകൊണ്ട് എന്നും എന്തും പ്രവര്‍ത്തിക്കാം.
അരനൂറ്റാണ്ടിലൊരിക്കല്‍ പുതുക്കി നിശ്ചയിച്ച്, ഇത്തരം കേസുകളില്‍ കാലാനുസൃത നഷ്ടപരിഹാരം കൊടുക്കേണ്ടതാണ്.
ഇക്കാലത്തെ മനുഷ്യരെങ്കിലും ജാഗ്രതയോടെ കഴിയണം. പദ്ധതികള്‍ക്കു മുമ്പുതന്നെ യുക്തമായ നഷ്ടപരിഹാരത്തുക ചോദിച്ചുവാങ്ങേണ്ടതാണ്. അന്നു നഷ്ടം സഹിച്ചവരുടെ പിന്‍തലമുറകളും അതു സഹിക്കേണ്ടിവരുന്നു. നിറയെ കായ്ച്ചുനിന്നിരുന്ന തൈത്തെങ്ങുകള്‍ വെട്ടിവീഴ്ത്തുന്നത് കണ്ടുനിന്നവന്റെ അനുഭവക്കുറിപ്പാണിത്.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ