മലയാളനോവല്‍സാഹിത്യത്തിന്റെ കുലപതിയായ സി.വി. രാമന്‍പിള്ളയുടെ
ചരമശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചരിത്രാഖ്യായികയിലേക്ക് ഒരു എത്തിനോട്ടം
മലയാളനോവല്‍സാഹിത്യത്തിന്റെ കുലപതി എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാപ്രതിഭയാണ് സി.വി.രാമന്‍പിള്ള. തന്റെ മുന്‍ഗാമിയായിരുന്ന ചന്തുമേനോനെക്കാള്‍ ഒരു പടി മുന്നിലായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭാവിലാസം. ചരിത്രവും ഭാവനയും ഇഴചേര്‍ന്ന സി.വി.യുടെ ആഖ്യായിക അത്രയേറെ ജീവിതത്തെ സ്വാംശീകരിക്കുന്നവയായിരുന്നു. മനുഷ്യജീവിതത്തിന്റെ നാനാമുഖങ്ങള്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരെ കേന്ദ്രിതമാക്കി അവതരിപ്പിക്കാന്‍ സി.വി.ക്കുണ്ടായിരുന്ന കഴിവ് അനന്യസാധാരണമായിരുന്നു.
തികച്ചും ഒരു രാജ്യസ്‌നേഹിയും സമുദായസ്‌നേഹിയുമായിരുന്ന സി.വി. രാമന്‍പിള്ള തന്റെ രാജ്യവും സമുദായവും മികവുള്ളതും ശ്രേഷ്ഠവുമായിരിക്കണമെന്ന് അഭിലഷിച്ചിരുന്നു. ഒരു നല്ല ഭരണാധികാരിയുടെ കീഴില്‍ സമത്വവും സാഹോദര്യവും നിറഞ്ഞ ഒരു രാജ്യമായിരിക്കണം തന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, അദ്ദേഹം ജീവിച്ചിരുന്ന കാലം ആ ലക്ഷ്യത്തിന് അനുയോജ്യമായിരുന്നില്ല. രാജ്യഭരണത്തിലും മറ്റുമുള്ള വിദേശികളുള്‍പ്പെടെയുള്ള അന്യദേശക്കാരുടെ ഇടപെടലും അതില്‍നിന്നുണ്ടായ പ്രയാസങ്ങളും സിവിയെ വളരെ വിഷമിപ്പിച്ചിരുന്നു. തന്റെ സങ്കല്പങ്ങളും സമകാലികയാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരമാണ് പ്രജാക്ഷേമതത്പരരായ രാജാക്കന്മാരെക്കുറിച്ചും അവരുടെ സദ്ഭരണത്തെക്കുറിച്ചും എഴുതാന്‍ സി.വി.യെ പ്രേരിപ്പിച്ചത്.
സി.വി. രാമന്‍പിള്ളയുടെ കൃതികള്‍ ചരിത്രാഖ്യായികകളാണെന്നു പറഞ്ഞല്ലോ. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെയും അവരെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ഉപജാപകസംഘത്തിന്റെയും ശത്രുപക്ഷത്തു കരുതിപ്പോന്നിരുന്നവരുടെയും സംഭവബഹുലമായ കഥകളാണ് അദ്ദേഹം നോവലുകളില്‍ പറഞ്ഞുപോകുന്നത്.
1891 ല്‍ പ്രസിദ്ധീകരിച്ച മാര്‍ത്താണ്ഡവര്‍മയാണ് ഇതില്‍ ഒന്നാമത്തേത്. മലയാളത്തിലെ ആദ്യത്തെ ചരിത്രനോവലാണിത്. ലോകത്ത് മറ്റൊരിടത്തും നിലവിലില്ലാതിരുന്ന മരുമക്കത്തായത്തിന്റെ ദയനീയവും അതേ സമയം രസാവഹവുമായ ഒരു ചിത്രീകരണം ഇതില്‍ കാണാം. ചരിത്രമെന്നത് സി.വി.യെ സംബന്ധിച്ചിടത്തോളം ഒരു മാധ്യമം മാത്രമായിരുന്നു. അതിലൂടെ അദ്ദേഹം സമകാലിക രാഷ്ട്രീയ, സാമൂഹികജീവിതത്തിന്റെ അതിവിശാലമായ ഒരു കാവ്യമാണ് എഴുതിവച്ചത്.
രാമവര്‍മ മഹാരാജാവിന്റെ അനന്തരവനായ മാര്‍ത്താണ്ഡവര്‍മയാണ് മുറപ്രകാരം തിരുവിതാംകൂറിന്റെ ഭരണാധികാരി. എന്നാല്‍, മഹാരാജാവിന്റെ മക്കളായ പദ്മനാഭന്‍ തമ്പിയും സഹോദരന്മാരും രാജ്യത്തെ പൗരപ്രമുഖരായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ സഹായത്തോടെ പാരമ്പര്യത്തെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നു. യുവരാജാവായ മാര്‍ത്താണ്ഡവര്‍മ മാങ്കോയിക്കല്‍ കുറുപ്പിന്റെയും മറ്റും പിന്തുണയോടെ ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുന്നു. മാര്‍ത്താണ്ഡവര്‍മയുടെ ജീവിതത്തിലുണ്ടാകുന്ന പല ആപത്‌സന്ധികളില്‍നിന്നും അദ്ദേഹത്തെ രക്ഷിക്കുന്ന ഭ്രാന്തന്‍ ചാന്നാനെന്നു വിളിക്കപ്പെടുന്ന ഒരു യുവാവുണ്ട്. ചില അവസരങ്ങളില്‍ അയാള്‍ ഷംസുദ്ദീന്‍ എന്ന പേരിലും നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അയാള്‍ യഥാര്‍ത്ഥത്തില്‍ യുവരാജാവിന്റെ സഹായിയായ തിരുമുഖത്തുപിള്ളയുടെ പുത്രന്‍ അനന്തപദ്മനാഭനാണ്. പഞ്ചവന്‍കാട്ടില്‍വച്ചുണ്ടായ ഒരു അപകടത്തില്‍ അയാള്‍ കൊല്ലപ്പെട്ടുവെന്നാണ് ലോകം വിശ്വസിച്ചുപോന്നിരുന്നത്. മുറപ്പെണ്ണായ പാറുക്കുട്ടിയുടെ കാത്തിരുപ്പാണ് ഈ കഥയെ മുമ്പോട്ടു കൊണ്ടുപോകുന്നത്. കുടമണ്‍പിള്ളയുടെ അനന്തരവളായ സുഭദ്രയും യുവരാജാവിനെ സഹായിക്കുന്നുണ്ട്. നോവലിനവസാനം അവള്‍ സ്വന്തം അമ്മാവനാല്‍ കൊല്ലപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് അധികാരമേറ്റെടുക്കുകയും പാറുക്കുട്ടിയും അനന്തപദ്മനാഭനും തമ്മില്‍ വിവാഹിതരാവുകയും ചെയ്യുന്നിടത്തു നോവല്‍ അവസാനിക്കുന്നു.
മാര്‍ത്താണ്ഡവര്‍മയുടെ തുടര്‍ച്ചയായിത്തന്നെ സി.വി. എഴുതിയ നോവലുകളാണ് ധര്‍മരാജായും രാമരാജബഹദൂറും. അധികാരവടംവലിയില്‍ മാര്‍ത്താണ്ഡവര്‍മയ്‌ക്കെതിരേനിന്ന എട്ടുവീട്ടില്‍ പിള്ളമാരിലെ കഴക്കൂട്ടത്തുപിള്ളയുടെ പിന്‍തലമുറയുടെ കഥയാണ് ധര്‍മരാജാ. അഞ്ചു തലമുറകളുടെ കഥ സി.വി. ഇതില്‍ വിവരിക്കുന്നു. കഴക്കൂട്ടത്തു തറവാട്ടിലെ ത്രിപുരസുന്ദരിക്കുഞ്ഞമ്മയുടെ മക്കള്‍ ഹരിപഞ്ചാനനയോഗീശ്വരന്മാരായി പ്രതികാരത്തിനുവേണ്ടി നാട്ടില്‍ തിരിച്ചെത്തുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ കുടുംബങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് ഒരു വിപ്ലവത്തിനു തന്നെ ഒരുക്കം കൂട്ടുന്നുണ്ട് അവര്‍. രാമനാമഠം പിള്ളയുടെ മകന്‍ കാളിയുടയാന്‍ കഴക്കൂട്ടത്തുപിള്ളയുടെ വസ്തുവകകള്‍ സ്വന്തമാക്കി ചിലമ്പിനേത്തു ചന്ദ്രക്കാറനായി വാഴുകയാണ്. നാട്ടില്‍ മടങ്ങിയെത്തിയ കഴക്കൂട്ടത്ത് തറവാട്ടിലെ അനന്തരാവകാശിയായ ത്രിപുരസുന്ദരിക്കുഞ്ഞമ്മ വീട്ടുചെലവു നടത്തുന്നതിനായി വില്‍ക്കാന്‍ അനന്തമുദ്രമോതിരം കേശവന്‍കുഞ്ഞിനെ ഏല്പിക്കുന്നു. ഈ അവസരം മുതലാക്കി രാജ്യദ്രോഹക്കുറ്റം ചുമത്തി കേശവന്‍ കുഞ്ഞിനെ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ യോഗീശ്വരന്‍ കരുക്കള്‍ നീക്കുന്നു. കേശവന്‍കുഞ്ഞിനെ ഏതുവിധേനയും ദ്രോഹിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഹരിപഞ്ചാനനന്‍ തന്റെ ഉദ്യമത്തില്‍ പരാജയപ്പെടുന്നു. പ്രതികാരത്തിനിറങ്ങിത്തിരിക്കുന്ന യോഗീശ്വരന്‍ നിരാശനാകുന്നു. വെടിമരുന്നുപുരയ്ക്ക് തീ കൊളുത്തി ഹരിപഞ്ചാനനന്മാര്‍ മരണം വരിക്കുന്നു.
പൂര്‍ത്തീകരിക്കപ്പെടാനാവാതെ പോകുന്ന പ്രതികാരത്തിന്റെ കഥയാണ് ധര്‍മരാജാ. നിരവധി അപ്രധാന കഥാപാത്രങ്ങളെ മിഴിവോടെ ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. അമാനുഷഭാവങ്ങളുള്ള കഥാപാത്രങ്ങളുടെ ഉള്ളിലിരിപ്പു വെളിവാക്കാന്‍ അവരുടെ ബാഹ്യചേഷ്ടകളാണ് സി.വി. ആയുധമാക്കുന്നത്. തനി തിരുവിതാംകൂര്‍ സംഭാഷണശൈലി കഥാപാത്രങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ ഉപയുക്തമാണ്. കഥാപാത്രങ്ങളുമായി സി.വി. ഗാഢബന്ധം പുലര്‍ത്തുന്നു. അവരുമായി താദാത്മ്യം പ്രാപിച്ചാണ് സി.വി. തന്റെ ആത്മപ്രകാശനം നടത്തുന്നത്.
ടിപ്പുസുല്‍ത്താന്റെ തിരുവിതാംകൂര്‍ ആക്രമണവുമായി ബന്ധപ്പെട്ടതാണ് രാമരാജബഹദൂറിന്റെ ഇതിവൃത്തം. 'ധര്‍മരാജ'യില്‍നിന്ന്, എങ്ങനെയെന്നറിയാതെ അപ്രത്യക്ഷനാകുന്ന കാളിയുടയാന്‍ ചന്ദ്രക്കാറന്‍ മാണിക്യഗുണ്ടനെന്ന വ്യാജപ്പേരില്‍ രംഗത്തുവരുന്നു. അയാള്‍ ചെന്നു ചാടുന്ന അപകടങ്ങള്‍ക്കു കണക്കില്ല. തന്റെ ഭാര്യ മീനാക്ഷിയെ സംശയിക്കുന്ന കേശവനുണ്ണിത്താന്‍, മകള്‍ സാവിത്രിയെ ടിപ്പുവിന്റെ ചാരനായ അജിതസിംഹനു വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്നു. സാവിത്രിയാകട്ടെ ദിവാന്റെ അംഗരക്ഷകനായ ത്രിവിക്രമകുമാരനുമായി പ്രണയത്തിലാണ്. ആക്രമണത്തിനു തയ്യാറായി വന്ന ടിപ്പുവിന്റെ സൈന്യം പെരിയാറ്റിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കം നിമിത്തം ജീവനുംകൊണ്ടു പലായനം ചെയ്യുന്നു. കാറും കോളുമടങ്ങി രാജ്യം വീണ്ടും ശാന്തമാകുന്നു.
സി.വി.യുടെ ചുറ്റവട്ടത്തു കണ്ടിരുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം തന്റെ എഴുത്തിലൂടെ പകര്‍ത്തിവെച്ചത്. തിന്മയിലൂടെ നടക്കുമ്പോഴും നന്മയുടെ ഉറവ കാത്തുസൂക്ഷിക്കുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. 18-19 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ രാഷ്ട്രീയഗതികളുടെ നേര്‍ച്ചിത്രമാണ് സി.വി. കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നത്. തികച്ചും ഒരു രാജഭക്തനായിരുന്ന സി.വി. തന്റെ ബഹുമാനപാത്രമായ രാജാവിന്റെ മഹത്ത്വമല്ലാതെ എതിര്‍പക്ഷത്തു നില്ക്കുന്നവരുടെ ഭാഗത്തുള്ള ഒരു ന്യായവും നന്മയും അംഗീകരിച്ചിരുന്നില്ല. സി.വി. കൃതികളുടെ ഒരു പോരായ്മയായി ഇക്കാര്യം മാത്രമേ പറയാനുള്ളൂ.
ചരിത്രനോവലുകള്‍ക്കു പുറമേ കുറുപ്പില്ലാക്കളരി, തെന്തനാംകോട്ട് ഹരിശ്ചന്ദ്രന്‍, ഡോക്ടര്‍ക്ക് കിട്ടിയ മിച്ചം, ബട്ട്‌ലര്‍ പപ്പന്‍ തുടങ്ങി ഒന്‍പതോളം ഹാസ്യനോവലുകളും സി.വി. രചിച്ചിട്ടുണ്ട്. 1881 ല്‍ യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ബി.എ. പാസായ സി.വി. മാധ്യമപ്രവര്‍ത്തനവും നടത്തിയിരുന്നു. കേരള പേട്രിയറ്റ് എന്ന പത്രം നടത്തുകയും മലയാളി, വഞ്ചിനാട്, മിതഭാഷി എന്നിവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
അക്ഷരത്തറവാട്ടിലെ ഈ കാരണവര്‍ വിടവാങ്ങിയിട്ട് മാര്‍ച്ച് 21 ന് ഒരു നൂറ്റാണ്ട് തികഞ്ഞു. ചരിത്രാഖ്യായികയുടെ തലതൊട്ടപ്പനായ സി.വി. നൂറ്റാണ്ടിനുശേഷവും മലയാളസാഹിത്യത്തിലെ ഗിരിശൃംഗമായിത്തന്നെ നിലകൊള്ളുന്നു.