•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

സര്‍ക്കാരിന്റെ ഖജനാവു നിറയ്ക്കാന്‍ എന്തിനു കൃഷിയിറക്കണം?

സംഘടിതകര്‍ഷകരുടെമേല്‍ എന്തുമാകാമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. മാറിമാറി ഭരണത്തില്‍ കടന്നുവരുന്നവര്‍ എന്തു ചെയ്താലും ഏറാന്‍മൂളികളായി പ്രതികരണശേഷി നഷ്ടപ്പെട്ട് അടിമപ്പണി ചെയ്യുന്ന അവസ്ഥയിലേക്ക് അധഃപതിച്ച കര്‍ഷകര്‍, സ്വന്തം തല അറുത്തുമാറ്റിയാല്‍പ്പോലും പാഠം പഠിക്കില്ലെന്നു ശപഥം ചെയ്തതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. സംഘടിച്ചു പ്രതികരിക്കാന്‍ ശ്രമിക്കാതെ ആര്‍ക്കോവേണ്ടി അച്ചാരംവാങ്ങി സ്വയം നശിച്ചുജീവിക്കുന്ന കര്‍ഷകന് വന്‍ പ്രഹരമേല്പിച്ചിരിക്കുകയാണ് ഭൂനികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശം.
സംസ്ഥാനത്തെ സംഘടിത ഉദ്യോഗസ്ഥമേലാളന്മാരെയും നിയമസഭയില്‍ കര്‍ഷകദ്രോഹനിര്‍ദ്ദേശങ്ങള്‍ക്കു കയ്യടിച്ച്, നാട്ടിലുടനീളം കര്‍ഷകസ്നേഹം പ്രസംഗിക്കുന്ന ജനപ്രതിനിധികളെയും തീറ്റിപ്പോറ്റാന്‍ മണ്ണില്‍ പണിയെടുക്കുന്ന മണ്ണിന്റെ മക്കളുടെമേല്‍ അമിതഭാരം അടിച്ചേല്പിക്കുന്ന കൊടുംക്രൂരത  എത്രനാള്‍ കണ്ടില്ലെന്നു നടിക്കാനാവും?
ഭൂനികുതിനിര്‍ദേശത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ചിത്രം പഠനവിഷയമാക്കാന്‍ കര്‍ഷകസംഘടനകളും ജനപ്രതിനിധികളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയപാര്‍ട്ടികളും ശ്രമിക്കാത്തതു നിര്‍ഭാഗ്യകരമാണ്. ഭൂനികുതിയുടെ ശതമാനം അടിസ്ഥാനത്തിലുള്ള വര്‍ദ്ധന ഒഴിവാക്കി സ്ലാബ് സംവിധാനത്തിലൂടെയുള്ള വന്‍വര്‍ദ്ധനയുടെ പ്രത്യാഘാതം കര്‍ഷകനു താങ്ങാവുന്നതിലധികമായിരിക്കും. ഓരോ സ്ലാബിലും വ്യത്യസ്തമായ നികുതിനിരക്കാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഇപ്പോഴുള്ള ഭൂനികുതിയുടെ ഇരട്ടിയോ അതിലേറെയോ തുകയായി പുത്തന്‍ നികുതി കുത്തനെ വര്‍ദ്ധിക്കും. ബജറ്റ് പാസ്സാക്കിയതിനുശേഷം 2022-23 മുതലായിരിക്കും ഇതിന്റെ ദുരന്തഫലം കര്‍ഷകര്‍ നേരിടുന്നത്.
നികുതിവര്‍ദ്ധന എങ്ങനെ?
നാലു സ്ലാബുകളിലായുള്ള നികുതിവര്‍ദ്ധനയാണ് ബജറ്റില്‍ നിര്‍ദേശിച്ചത്. എന്നാല്‍, ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായി ധനമന്ത്രി ഇത് മാറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കുറഞ്ഞ അളവില്‍ ഭൂമിയുള്ളവര്‍ക്കും പുതിയ നികുതി പരിഷ്‌കരണം ബാധകമാകും. ഒരു ആര്‍ (2.47 സെന്റ്) കണക്കാക്കിയാണ് നികുതി നിര്‍ദേശം. ബജറ്റ് അവതരണത്തിനുശേഷമുള്ള ചര്‍ച്ചയില്‍ പങ്കുവച്ച പ്രകാരമുള്ള മാറ്റങ്ങളനുസരിച്ച് നികുതിനിര്‍ദേശം ഇപ്രകാരമാകാം:
പഞ്ചായത്ത്:- 8.1 ആര്‍ (20 സെന്റ്) 2.5 രൂപയായിരുന്നത് ഇരട്ടിയാക്കി 5 രൂപ /ആര്‍. 20 സെന്റിനു മുകളില്‍ 5 രൂപയായിരുന്നത് 8 രൂപ/ആര്‍.
മുനിസിപ്പാലിറ്റി :- 2.43 ആര്‍ (6 സെന്റ്) വരെ 5 രൂപയായിരുന്നത് ഇരട്ടിയാക്കി 10 രൂപ/ആര്‍. 2.43 ആര്‍ നു മുകളില്‍ 10 രൂപയായിരുന്നത് 15 രൂപ/ആര്‍.
കോര്‍പ്പറേഷന്‍ :- 4 സെന്റ് (1.62 ആര്‍) വരെ 10 രൂപയായിരുന്നത് 20 രൂപ/ആര്‍. 4 സെന്റിനു മുകളില്‍ 20 രൂപയായിരുന്നത് 30 രൂപ/ആര്‍.
നാലു സ്ലാബുകളില്‍ രണ്ടു സ്ലാബുകളായി ചര്‍ച്ചകളില്‍ മാറ്റി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വര്‍ദ്ധനയുടെ ശതമാനം വളരെ വലുതാണ്. ഈ നികുതിവര്‍ദ്ധനയ്ക്കനുസൃതമാണു തൊഴിലാളി ക്ഷേമനിധിയും. ഗ്രാമങ്ങളില്‍ ജീവിതമാര്‍ഗമായി കൃഷിഭൂമിയുള്ള കര്‍ഷകന്‍ സെന്റും ആറും തിരിച്ചുള്ള കണക്കുകള്‍ നിസ്സാരമാണെന്നു കരുതരുത്. ഏക്കറുകളിലേക്കു കടക്കുമ്പോള്‍ തുകയുടെ വലുപ്പം ചിന്തകള്‍ക്കതീതമാകും.
തൊഴിലാളി ക്ഷേമനിധി
വര്‍ദ്ധിച്ച ഭൂനികുതിക്കനുസരിച്ച് തൊഴിലാളി ക്ഷേമനിധിയും കൊടുക്കാന്‍ നികുതിയടയ്ക്കുന്ന സന്ദര്‍ഭത്തില്‍ നിലവിലെ നികുതിസമ്പ്രദായത്തില്‍ കര്‍ഷകനു ബാധ്യതയുണ്ട്. സ്വന്തം കൃഷിഭൂമിയില്‍ മറ്റാരുടെയും സഹായമില്ലാതെ പണിയെടുക്കുന്ന കര്‍ഷകന്‍പോലും തൊഴിലാളിക്ഷേമനിധിയടയ്ക്കണം. ഇതെന്തു കാട്ടുനീതിയാണ്? അടയ്ക്കുന്ന ക്ഷേമനിധിയില്‍നിന്നു തൊഴിലാളിക്ക് എന്തെങ്കിലും കിട്ടുമോ എന്ന ചോദ്യമുദിക്കുന്നില്ല. പുതിയ ഭൂനികുതി നിര്‍ദേശത്തിലും തൊഴിലാളിക്ഷേമനിധിയിലേക്ക് അടയ്ക്കേണ്ടിവരുന്ന തുകയുടെ വര്‍ദ്ധനയും ആരുമറിയാതെ ഒളിഞ്ഞിരിപ്പുണ്ട്. നിയമസഭയില്‍ ബജറ്റ് പാസാക്കി അടുത്ത സാമ്പത്തികവര്‍ഷം നികുതിയടയ്ക്കാനായി ഓഫീസുകളില്‍ കയറിയിറങ്ങുമ്പോള്‍ മാത്രമേ കര്‍ഷകനത് അനുഭവത്തിലാകൂ. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയും കര്‍ഷകരടയ്ക്കണം. കര്‍ഷകക്ഷേമനിധിയും കര്‍ഷകരടയ്ക്കണം. സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്ന ഈ ക്ഷേമനിധികളുടെ ഗുണഫലം ആര്‍ക്ക്? സാമ്പത്തികപ്രതിസന്ധി അവതരിപ്പിച്ച് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളമായി വകമാറ്റി രൂപാന്തരപ്പെടുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
കൊള്ളപ്പലിശ വേറേയും
വിലത്തകര്‍ച്ചയും കടക്കെണിയും പ്രകൃതിക്ഷോഭവുംമൂലം കര്‍ഷകര്‍ നികുതിയടയ്ക്കാന്‍ വൈകിയാല്‍ സര്‍ക്കാര്‍വക പലിശ മാസംതോറും രണ്ടു ശതമാനം. ഇതു കൊള്ളപ്പലിശയാണ്. ബ്ലേഡ് മാഫിയകളെക്കാള്‍ ക്രൂരന്മാരായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറുന്ന സ്ഥിതിവിശേഷം എതിര്‍ക്കപ്പെടേണ്ടതുതന്നെ.
ന്യായവില വര്‍ദ്ധിപ്പിക്കും
ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള നിര്‍ദേശവും വന്‍ തിരിച്ചടിയാകും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ സ്തംഭിക്കും. അത്യാവശ്യവേളകളില്‍ സ്വന്തം ഭൂമി വില്‍ക്കാന്‍പോലും കര്‍ഷകര്‍ക്കു സാധിക്കാതെ വരും. 2010 ലാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിര്‍ണയിച്ചു പ്രഖ്യാപനമുണ്ടായത്. ഇതു വളരെ അശാസ്ത്രീയമാണെന്നു തെളിയിക്കപ്പെട്ടതാണ്. ഉദ്യോഗസ്ഥന്മാര്‍ ഓഫീസുകളിലിരുന്ന് യാതൊരു പഠനവുമില്ലാതെ നടത്തിയ വിലപ്രഖ്യാപനം. കഴിഞ്ഞ നാളുകളിലുണ്ടാക്കിയ പ്രതിസന്ധി ചെറുതൊന്നുമല്ല. പലതവണയായി സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ ന്യായവില ബജറ്റുകളില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. 2010 ലെ വിലയുടെ 199.65 ശതമാനമായി ഇതുവരെയുള്ള വര്‍ദ്ധന. അതായത്, 200 ശതമാനം. പുതിയ ബജറ്റ് നിര്‍ദേശം പിന്നെയും 10 ശതമാനം വര്‍ദ്ധന നിര്‍ദേശിച്ചിരിക്കുന്നു. 2022 ഏപ്രില്‍ ഒന്നുമുതല്‍ ഈ നിര്‍ദേശം നടപ്പിലാക്കും. ന്യായവില വര്‍ദ്ധിക്കുമ്പോള്‍ രജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ആനുപാതികമായി ഉയരും. ന്യായവിലയുടെ 8 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും 2 ശതമാനം രജിസ്ട്രേഷന്‍ ഫീസുമുണ്ട്. ഇവിടെ കര്‍ഷകരായ ഭൂവുടമകള്‍ ഉയര്‍ത്തുന്ന ചോദ്യമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ന്യായവിലയ്ക്ക് കര്‍ഷകരുടെ കൃഷിഭൂമി സര്‍ക്കാരിനു നല്‍കിയാല്‍ രൊക്കം പണമായി നല്‍കി സ്വീകരിക്കുമോ? ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മറുപടിയെന്ത് എന്നറിയാന്‍ കര്‍ഷകര്‍ ആഗ്രഹിക്കുന്നു.
ജനപ്രതിനിധികളുടെ നിശ്ശബ്ദത
തിരഞ്ഞെടുപ്പില്‍ മത്സരിക്കുക, വിജയിക്കുക എന്നതിനപ്പുറം ജനകീയവിഷയങ്ങളില്‍ എന്തു പ്രതിബദ്ധതയാണ് പല ജനപ്രതിനിധികള്‍ക്കുമുള്ളത് എന്ന ചോദ്യം പൊതുസമൂഹത്തിലിന്ന് ശക്തമാകുന്നു. രാഷ്ട്രീയാടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും പേരില്‍ നിശ്ശബ്ദരും നിഷ്‌ക്രിയരുമായി പലരും മാറിയിരിക്കുന്നു. ജനകീയവിഷയങ്ങളില്‍ വേണ്ടത്ര പഠനമില്ലാത്തതുകൊണ്ട് പ്രതിപക്ഷത്തിനുപോലും കാര്യങ്ങള്‍ നിയമസഭയില്‍ വ്യക്തമായി അവതരിപ്പിക്കാനാവുന്നില്ല. കേരളത്തിലെ കര്‍ഷകസമൂഹത്തെയൊന്നാകെ ബാധിക്കുന്ന കാര്‍ഷിക, ഭൂനികുതി, ന്യായവില തുടങ്ങി ജനകീയവിഷയങ്ങളില്‍ ശക്തമായി ഇടപെടല്‍ നടത്താന്‍ ജനപ്രതിനിധികള്‍ക്കാകണം.  
കര്‍ഷകര്‍ക്ക് ആര്‍ജവമുണ്ടോ?
പരസ്പരം പഴിചാരി ഒളിച്ചോട്ടം നടത്തുന്നവരാണ് കര്‍ഷകരിലേറെയും. സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെ തള്ളിപ്പറഞ്ഞിട്ടു കാര്യമില്ല. മറിച്ച്, അവരിലൂടെ തങ്ങളുടെ കാര്യങ്ങള്‍ അവതരിപ്പിച്ചെടുക്കാനും വിലപേശി സംസാരിക്കാനും കരുത്തുള്ളവരായി കര്‍ഷകര്‍ മാറണം. വോട്ടുചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായി കര്‍ഷകര്‍ അധഃപതിക്കാതെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയ്ക്ക് ഇരുട്ടടിയേകി സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകരെ ക്രൂശിക്കുന്നതിനെതിരേ സംഘടിച്ചെതിര്‍ക്കണം. കര്‍ഷകരെ ഞെക്കിപ്പിഴിഞ്ഞെടുത്ത് ഖജനാവ് നിറയ്ക്കാനുള്ള ശ്രമത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണം. പുത്തന്‍ ഭൂനികുതിനിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ ജനപ്രതിനിധികള്‍ നിഷ്‌ക്രിയരാകാതെ കര്‍ഷകര്‍ക്കുവേണ്ടി ഉറച്ച നിലപാടുകളെടുത്ത് പ്രതികരിക്കണം. വന്യജീവികള്‍ക്കു തീറ്റ നല്‍കാനും സര്‍ക്കാരിന്റെ ഖജനാവു നിറയ്ക്കാനും മാത്രമായി എന്തിന് കൃഷിയിറക്കണമെന്നു കര്‍ഷകര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. കുറഞ്ഞപക്ഷം പുതുതലമുറയിലെങ്കിലും ഈ മാറ്റത്തിന്റെ ശബ്ദം മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. അതിനുദാഹരണമാണ് തരിശായി മാറിക്കൊണ്ടിരിക്കുന്ന കൃഷിയിടങ്ങള്‍. സര്‍ക്കാരും കണ്ണുതുറക്കുക. കര്‍ഷകരുടെമേല്‍ അധിക നികുതിഭാരങ്ങള്‍ അടിച്ചേല്പിക്കുകയല്ല, മറിച്ച് അവനു സംരക്ഷണകവചമൊരുക്കുകയാണു വേണ്ടത്. സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന ഭൂനികുതി വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാകും നേരിടേണ്ടി വരുക.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)