കെ റെയില്‍ അഥവാ സില്‍വര്‍ ലൈന്‍ പദ്ധതി എന്ന സെമി ഹൈ സ്പീഡ് റെയില്‍പാതയുടെ പേരില്‍ അതിശക്തമായ വാദപ്രതിവാദങ്ങളാണ് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തുന്നത്. പദ്ധതി കടന്നുപോകുന്ന പല പ്രദേശങ്ങളിലും ക്രമസമാധാനനിലയെപ്പോലും ബാധിക്കുന്ന വിധത്തില്‍ വിഷയം വളര്‍ന്നുകഴിഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്ന പലരും അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. കേരളം ഇതുവരെ കാണാത്ത സമരപോരാട്ടങ്ങള്‍ക്കാണു കളമൊരുങ്ങുന്നത്. പതിവുപോലെ സമരത്തിനു വര്‍ഗീയമുഖം നല്‍കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. വിമോചനസമരത്തിന്റെ മാതൃകയില്‍ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചു സര്‍ക്കാരിനെതിരേ ഗൂഢാലോചന നടക്കുന്നുവെന്നാണു ഭരണകക്ഷിയുടെ സെക്രട്ടറിയുടെ നിലപാട്.
കെ റെയില്‍ എന്ത്?
കേരളത്തിലെ പതിനൊന്നു ജില്ലകളിലൂടെ കടന്നുപോകുന്നതും നിലവില്‍ പതിനൊന്നു മണിക്കൂര്‍ വരുന്ന തിരുവനന്തപുരം-കാസര്‍കോട് യാത്രാസമയം നാലു മണിക്കൂറാക്കി ചുരുക്കുന്നതുമായ അര്‍ധ- അതിവേഗ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. സംസ്ഥാനസര്‍ക്കാരും റെയില്‍വേയും ചേര്‍ന്നുള്ള കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെ-റെയില്‍) നടത്തിപ്പുകാര്‍. 63,941 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. തുക അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നു വായ്പയായി എടുക്കും. ഇപ്പോള്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതത്തില്‍ വലിയൊരു സമയം യാത്രയ്ക്കാണു ചെലവാകുന്നത്. യാത്രാസമയം ഗണ്യമായി കുറയ്ക്കാനായാല്‍ യാത്രയില്‍ പാഴാകുന്ന സമയം വീടുകളിലോ തൊഴിലിടങ്ങളിലോ അവര്‍ക്കതു പ്രയോജനപ്പെടുത്താനും ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാനും സഹായിക്കും. സഞ്ചാരവേഗം കുറയുന്നതു നാടിന്റെ വികസനപുരോഗതിക്കു തടസ്സം സൃഷ്ടിക്കും. ജോലിയുടെ ആവശ്യാര്‍ത്ഥം നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ദിനംപ്രതി വീടണയാനും അതുവഴി നഗരങ്ങളിലെ തിക്കും തിരക്കും മലിനീകരണവും വന്‍തോതില്‍ കുറയ്ക്കാനും പുതിയ പാതയുടെ വരവോടെ സാധിക്കും. നിര്‍മാണഘട്ടത്തില്‍ 50,000 പേര്‍ക്കു തൊഴില്‍, പദ്ധതി തുടങ്ങിയാല്‍ 11,000 പേര്‍ക്ക് തൊഴില്‍ തുടങ്ങി നിരവധി നേട്ടങ്ങളാണ് പദ്ധതിക്ക് അനുകൂലമായി സര്‍ക്കാര്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.
എന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതി സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും കേരളത്തിനു ദോഷം ചെയ്യുമെന്നാണു പദ്ധതിയെ നിശിതമായി എതിര്‍ക്കുന്നവരും പ്രതിപക്ഷവും പറയുന്നത്. 530 കി.മീറ്റര്‍ വരുന്ന സില്‍വര്‍ ലൈനില്‍, ലഭ്യമായ രേഖകള്‍ പ്രകാരം 88 കിലോമീറ്റര്‍ പാടങ്ങളിലൂടെയുള്ള ആകാശപാതയാണ്. മറ്റിടങ്ങളിലെല്ലാം പാതയുടെ ഇരുവശങ്ങളിലും 4-6 മീറ്റര്‍ ഉയരത്തില്‍ സുരക്ഷാഭിത്തി നിര്‍മിക്കും. ഇതു സംസ്ഥാനത്തെ രണ്ടായി വിഭജിക്കാന്‍ ഇടയാക്കും. ആയിരക്കണക്കിനു വീടുകളും പൊതുകെട്ടിടങ്ങളും ഇല്ലാതാകും. പാത കടന്നുപോകുന്ന ഭൂമിയില്‍ നല്ലൊരു ഭാഗം പരിസ്ഥിതിലോലപ്രദേശങ്ങളില്‍ വരുന്നതാണ്. ഇങ്ങനെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും കടുത്ത ആഘാതമാകും പദ്ധതിയെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്. ചെലവു കുറച്ചുകാട്ടിയും യാത്രക്കാരുടെ എണ്ണം പെരുപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചുമാണ് സര്‍ക്കാര്‍ പദ്ധതി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെ നിരവധി ബഹുജന സന്നദ്ധ സംഘടനകളും രംഗത്തു വന്നിട്ടുണ്ട് എന്നത് സര്‍ക്കാരിന്റെ വാദങ്ങളെ ദുര്‍ബലമാക്കുന്നുണ്ട്. പദ്ധതിയുടെ ഡി പി ആര്‍ (വിശദപദ്ധതിരേഖ) പുറത്തുവിടാത്തതിലും സമഗ്രപരിസ്ഥിതിപഠനവും സാമൂഹികാഘാതപഠനവും നടത്താതെ നടപ്പാക്കാനുള്ളനീക്കത്തിലും പൊതുസമൂഹത്തിനുമുണ്ട് ആശങ്ക.
പദ്ധതിതുടങ്ങും വരെ ഡി പി ആര്‍ പുറത്തുവിടാനാകില്ലെന്ന കെ റെയിലിന്റെ നിലപാടു ദുരൂഹമാണ്. ഇതിനെതിരേ ഹൈക്കോടതിതന്നെ രംഗത്തുവന്നത് പദ്ധതിയെ എതിര്‍ക്കുന്നവരുടെ വാദമുഖങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമായിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതു നിഷേധിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. കെ-റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിശദപദ്ധതിരേഖ (ഡി.പി.ആര്‍) പുറത്തുവിടാന്‍ കഴിയാത്തതിനു കാരണം പദ്ധതിരേഖ കോപ്പിയടിച്ചതാണ് എന്ന അതിഗുരുതരമായ ആരോപണവും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശനിയമമനുസരിച്ച് അതീവരഹസ്യരേഖയെന്നു പ്രഖ്യാപിച്ചു സര്‍ക്കാര്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഡി.എം.ആര്‍.സിയുടെ അതിവേഗ റെയില്‍ പദ്ധതി വിവരങ്ങള്‍ പകര്‍ത്തിയാണ് ഫ്രഞ്ചു കമ്പനിയായ സിസ്ട്ര കെ-റെയിലിന്റെ സാധ്യത പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയില്‍ നിലവില്‍ ട്രെയിനില്‍ യാത്രചെയ്യുന്നവരില്‍ 4.3 ശതമാനം പേര്‍ മാത്രമേ സില്‍വര്‍ ലൈനിലേക്കു മാറുകയുള്ളൂവെന്ന സിസ്ട്രയുടെ സാധ്യതാപഠനറിപ്പോര്‍ട്ടും പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഡി.പി.ആര്‍. രഹസ്യരേഖയാണെന്നു മുഖ്യമന്ത്രി അടക്കമുള്ളവര്‍ വാദിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഡി.പി.ആര്‍. പുറത്തുവിട്ട് അതില്‍ വിശദചര്‍ച്ചകള്‍ നടത്തിയശേഷമാണ് അതിവേഗ റെയില്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് പാതയുടെ വിശദപദ്ധതിരേഖ 2018 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നിര്‍മാണം ആരംഭിക്കുന്നതിനു രണ്ടുവര്‍ഷം മുമ്പുതന്നെ പദ്ധതിരൂപരേഖ ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയിരുന്നുവെന്ന് അറിയുമ്പോഴാണ് കേരളത്തിന്റെ ഒളിച്ചുകളി ദുരൂഹത ഉയര്‍ത്തുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി ചെലവു വരുന്ന തുകയെക്കുറിച്ച് ഒരു ധാരണയും അധികാരികള്‍ക്കില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. 64,000 കോടി ചെലവാകുമെന്ന് കെ-റെയിലും 95,000 കോടിയാകുമെന്ന് സിസ്ട്രയും എന്നാല്‍, 2,10,000 കോടി രൂപ ആവശ്യമായി വരുമെന്നാണ് നിലവിലെ നിര്‍മാണസാമഗ്രികളുടെയും തൊഴില്‍ശക്തിയുടെയും വിലയുടെ അടിസ്ഥാനത്തില്‍ നീതി ആയോഗും പറയുന്നത്. ഈ തുകയില്‍ ഭൂരിഭാഗവും ലോകബാങ്ക്, ജയ്ക തുടങ്ങിയ വിദേശ ഏജന്‍സികളില്‍നിന്നുള്‍പ്പെടെയുളള വായ്പയിലൂടെയാണു കണ്ടെത്തുന്നത്. നിലവില്‍ പ്രതിമാസം നാലായിരം കോടി രൂപ വായ്പയെടുത്താണ് അനുദിനചെലവുകള്‍ക്കുള്ള പണം സര്‍ക്കാര്‍ കണ്ടെത്തുന്നതെന്നിരിക്കേ ഭാരിച്ച ഈ കടബാധ്യത കേരളം എങ്ങനെ താങ്ങുമെന്നത് പദ്ധതിയുടെ മുമ്പിലെ വലിയ ചോദ്യചിഹ്നംതന്നെയാണ്. കൂടാതെ, ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പുറത്തുവന്ന രേഖകള്‍പ്രകാരം ഇരുപതിനായിരത്തോളം കുടുംബങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍നിന്നും ജീവനോപാധികളില്‍നിന്നും കുടിയിറക്കേണ്ടി വരും. കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാകും ഇത്. പദ്ധതിയുടെ സാമൂഹികാഘാതപഠനംപോലും നടത്താതെ പദ്ധതിയുമായി മുന്‍പോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
പ്രളയവും ഉരുള്‍പൊട്ടലും കടല്‍കയറ്റവും സ്ഥിരമായി മാറിക്കഴിഞ്ഞ സംസ്ഥാനത്ത് വലിയ പരിസ്ഥിതിദുരന്തമായിരിക്കും കെ റെയില്‍ സമ്മാനിക്കുന്നത് എന്നതാണ് മറ്റൊരു വാദം. ഹിമാലയത്തിന്റെ ഒരു ഭാഗം നശിപ്പിച്ച് ഝാര്‍ദ്ധം ഹൈവേ പദ്ധതി നടപ്പാക്കിയത് ഉത്തരാഖണ്ഡില്‍ ദുരന്തമായതിനു സമാനമായ അനുഭവമായിരിക്കും കേരളത്തിലും സംഭവിക്കുകയെന്നാണ് കെ റെയില്‍ വിരുദ്ധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിശദമാക്കിയത്. നിരവധി പാടശേഖരങ്ങളെയും പുഴകളെയും മറ്റു ജലാശയങ്ങളെയും കെ റെയില്‍ തുടച്ചുനീക്കുമെന്നാണ് പരിസ്ഥിതിവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പാതയിലെ മലകളെ നിരപ്പാക്കുകയും താഴ്ന്ന പ്രദേശങ്ങള്‍ നിരത്തുകയും ചെയ്യേണ്ടിവരുമെന്ന് പദ്ധതിരേഖ തന്നെ വ്യക്തമാക്കുന്നു. മുന്‍ ഡല്‍ഹി മെട്രോ മേധാവിയായ ഇ. ശ്രീധരനും കെ റെയിലിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. കൃത്യമായ ആലോചനയോടെ തയ്യാറാക്കിയ പദ്ധതിയല്ല സില്‍വര്‍ലൈന്‍ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കെ - റെയില്‍ വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഗതിമാന്‍ എക്പ്രസും വാന്ദേഭാരത് എക്പ്രസുംപോലെയുള്ള ട്രെയിനുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഓടുന്നുണ്ട്. നിലവിലുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുകയും സിഗ്‌നല്‍ സംവിധാനം നവീകരിക്കുകയും ചെയ്താല്‍ത്തന്നെ മണിക്കൂറില്‍ 150 മുതല്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന ട്രെയിനുകള്‍ ഉറപ്പാക്കാനാകുമെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ റോഡ് - റെയില്‍ മാര്‍ഗങ്ങള്‍ കാര്യക്ഷമമാക്കുകയാണു വേണ്ടതെന്നാണ് കെ റെയിലിനെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ റെയില്‍ സംവിധാനം മെച്ചപ്പെടുത്തി വേഗം വര്‍ധിപ്പിക്കുന്നതിന് 10,000 കോടി രൂപ മാത്രമേ ചെലവു വരികയുള്ളൂ എന്നാണ് റെയില്‍വേ സാങ്കേതികവിദഗ്ധന്‍ അലോക് വര്‍മ അഭിപ്രായപ്പെടുന്നത്. പാറ ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമൂലം വിഴിഞ്ഞംപോലെയുള്ള പദ്ധതികള്‍ താളം തെറ്റുമ്പോള്‍ അതിന്റെ പതിന്മടങ്ങു വ്യാപ്തിയുള്ള കെ റെയിലിന് എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ ഏതൊരു വികസനപദ്ധതിയുമായും ജനാധിപത്യസര്‍ക്കാരുകള്‍ക്കു മുമ്പോട്ടുപോകാന്‍ കഴിയൂ. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുന്ന പദ്ധതികള്‍ ഭരണകൂടത്തിന്റെ ഒറ്റ വാശിപ്പുറത്തു നടപ്പാക്കേണ്ടതല്ല. പദ്ധതിയുമായി മുന്‍പോട്ടു പോകുമെന്നു സര്‍ക്കാരും ഏതു വിധേനയും തടയുമെന്നു പ്രതിപക്ഷവും സമരസംഘടനകളും നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ വരും നാളുകള്‍ സംഘര്‍ഷഭരിതമാവുമെന്ന് ഉറപ്പാണ്.