•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

കുഴിയില്ലാത്ത റോഡുകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുമോ?

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 24 February , 2022

റോഡപകടങ്ങളും മരണങ്ങളും ദിനംപ്രതി കൂടിവരുന്ന ഒരു സാമൂഹികപരിതോവസ്ഥയിലാണ് ഓരോ മലയാളിയും ജീവിക്കുന്നത്. റോഡുസുരക്ഷാനിയമങ്ങളുടെ അഭാവവും ഉള്ളതുതന്നെ കര്‍ശനമായി നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അലംഭാവവും അവഗണിക്കാവുന്നതല്ല. റോഡുനിര്‍മാണത്തിലെ അശാസ്ത്രീയതയും ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവും യാത്രക്കാര്‍ റോഡുനിയമങ്ങള്‍ പാലിക്കാത്തതുമുള്‍പ്പെടെ ഒട്ടേറെ കാരണങ്ങള്‍ കണ്ടെത്താനുണ്ടെങ്കിലും റോഡിലെ കുഴികളും റോഡരികിലുള്ള ഓടകളും വരുത്തിവയ്ക്കുന്ന അപകടങ്ങളും മരണക്കെണികളും നിസ്സാരവത്കരിച്ചു തള്ളിക്കളയാവുന്നതല്ല.
സംസ്ഥാനത്തെ റോഡുകളില്‍ കുഴികളുണ്ടായാല്‍ 24 മണിക്കൂറിനകം അടയ്ക്കാന്‍ നടപടിയുണ്ടാവുന്ന വിധത്തില്‍ പൊതുമരാമത്തുവകുപ്പ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന റണ്ണിങ് കരാര്‍ അങ്ങേയറ്റം അഭിനന്ദനീയമാണ്. പരിപാലനകാലാവധി കഴിഞ്ഞ റോഡുകള്‍ക്കാണ് ഈ കരാര്‍ ബാധകമാകുന്നത്.
ഒരുവര്‍ഷത്തേക്കോ അതില്‍ താഴെയോ കാലയളവിലേക്കു പൊതുമരാമത്തുവകുപ്പ് ഏര്‍പ്പെടുത്തുന്ന റണ്ണിങ് കരാര്‍ പ്രാവര്‍ത്തികമാകുമ്പോള്‍, സമയാസമയങ്ങളില്‍ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെന്‍ഡര്‍ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാകുമെന്നതാണു മെച്ചമായി കണക്കാക്കുന്നത്. അറ്റകുറ്റപ്പണി നടത്താന്‍ വൈകിയതുമൂലം റോഡപകടമുണ്ടായാല്‍ കരാറുകാരന്‍ ഉത്തരവാദിയായിരിക്കും. കുഴിയെക്കുറിച്ചു വിവരം ലഭിച്ച് 24 മണിക്കൂറിനകം അറ്റകുറ്റപ്പണി തുടങ്ങിയില്ലെങ്കില്‍ പ്രസ്തുത പണിക്കു ചെലവാകുന്ന തുകയുടെ പത്തു ശതമാനം കരാറുകാരന്‍ പിഴയടയ്ക്കണം. അറ്റകുറ്റപ്പണി നടത്താത്തതുമൂലം പൊതുമരാമത്തുവകുപ്പിനുണ്ടാകുന്ന നഷ്ടങ്ങളും കരാറുകാരനില്‍നിന്ന് ഈടാക്കും. ഒരു തവണ അടച്ച കുഴി ആറു മാസത്തിനകം  വീണ്ടും രൂപപ്പെട്ടാല്‍ കരാറുകാരന്‍ സ്വന്തം ചെലവില്‍ അടയ്ക്കണം. അറ്റകുറ്റപ്പണിയില്‍ അഞ്ചു തവണയില്‍ കൂടുതല്‍ വീഴ്ച വരുത്തിയ കരാറുകാരനെ ഭാവിയില്‍ റണ്ണിങ് കരാറിനു പരിഗണിക്കാനും പാടില്ല തുടങ്ങി ഒട്ടേറെ വ്യവസ്ഥകളാണുള്ളത്.
ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടാകുന്ന കുഴിയടക്കം എല്ലാ ചെറിയ കുഴികളുടെയും ബാധ്യത പുതിയ സംവിധാനത്തില്‍ കരാറുകാരന്റേതാണ്. സ്വകാര്യ ഏജന്‍സിയുടെ പ്രവൃത്തിമൂലമുണ്ടായ കുഴിയാണെങ്കിലും രണ്ടര ചതുരശ്രമീറ്ററില്‍ താഴെയെങ്കില്‍ റണ്ണിങ് കരാറുകാരന്‍ അടയ്ക്കണം. റോഡില്‍ മാര്‍ഗതടസ്സമുണ്ടാകുന്നതെന്തും നീക്കം ചെയ്യേണ്ടതും റണ്ണിങ് കരാറുകാരന്റെ ചുമതലയാണ്.
പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 137.41 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 117 പദ്ധതികളിലായി 2481.5 കിലോമീറ്റര്‍ റോഡിന്റെ പരിപാലനത്തിനാണ് ആദ്യഘട്ടത്തില്‍ തുക ചെലവഴിക്കുന്നത്. കരാറിലുള്ള എല്ലാ വ്യവസ്ഥകളും പ്രായോഗികമാണെന്നു മുന്‍കൂട്ടി പറയാനാവില്ല. കാരണം, നടപ്പാക്കിത്തുടങ്ങുമ്പോള്‍ മാത്രമേ അതിന്റെ സാങ്കേതികവശങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ കഴിയൂ.
ഏതായാലും, നമ്മുടെ റോഡുകളിലുള്ള ചതിക്കുഴികള്‍ക്കും മരണക്കെണികള്‍ക്കും ശാപമോക്ഷമുണ്ടാകുന്നുവെന്നത് ആശ്വാസപ്രദമാണ്. സ്ലാബിട്ടു മൂടാത്ത അഴുക്കുചാലുകളും തുറന്ന ഓടകളും മറ്റും ഗ്രാമങ്ങളില്‍  മാത്രമല്ല നഗരങ്ങളിലെയും പതിവുകാഴ്ചയാണ്. ഓരോ ദിവസവുമുണ്ടാകുന്ന റോഡപകടങ്ങള്‍ കണ്ടും കേട്ടും മനസ്സുമടുത്ത മലയാളിയുടെ മുമ്പിലേക്കാണ് റോഡുകളിലെ കുഴികള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ മോചനമുണ്ടാക്കുന്ന പുതിയ കരാര്‍വ്യവസ്ഥകളുമായി പൊതുമരാമത്തുവകുപ്പു വന്നിരിക്കുന്നത്.
കരാറുകാരനും കോണ്‍ട്രാക്ടറും എന്‍ജിനീയറുമുള്‍പ്പെടെയുള്ള എല്ലാവിഭാഗം ജനങ്ങളുടെയും ഒത്തൊരുമയും കൂട്ടുത്തരവാദിത്വവുമാണ് റോഡിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ഏറ്റവും പ്രധാനമായിട്ടുള്ളത്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും  ഇടയിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനും റോഡുനിര്‍മാണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു കേട്ടുതഴമ്പിച്ച അഴിമതിക്കഥകള്‍ ഇല്ലാതാക്കാനും പുതിയ കരാര്‍വ്യവസ്ഥകളും നയങ്ങളും കാരണമാകട്ടെ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)