•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

മാര്‍ ജോസഫ് പാംപ്ലാനി തലശ്ശേരി ആര്‍ച്ചുബിഷപ്; മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് ബിഷപ്

ലശ്ശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവന്നിരുന്ന സിനഡിലാണു തിരഞ്ഞെടുപ്പു നടന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്.
തലശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, പാംപ്ലാനിയില്‍ തോമസ് - മേരി ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി 1969 ഡിസംബര്‍ 3 ന് ജനിച്ചു. തലശ്ശേരി അതിരൂപതയിലെ ചരള്‍ ഇടവകാംഗമാണ്. ചരള്‍ എല്‍.പി. സ്‌കൂള്‍, കിളിയന്തറ യു.പി. സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും നിര്‍മലഗിരി കോളജില്‍ പ്രീഡിഗ്രിയും കേരളാ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദികപരിശീലനത്തിനായി തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത ആര്‍ച്ചുബിഷപ് 1997 ഡിസംബര്‍ 30 ന് മാര്‍ ജോസഫ് വലിയമറ്റം പിതാവില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന്, പേരാവൂര്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും ദീപഗിരി ഇടവകയില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. 2001 ല്‍ ഉപരിപഠനാര്‍ത്ഥം ബല്‍ജിയത്തിലെത്തിയ അദ്ദേഹം പ്രസിദ്ധമായ ലുവെയിന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006ല്‍ നാട്ടില്‍ തിരിച്ചെത്തി തലശ്ശേരി ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടറായി നിയമിതനായി. ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ബിഷപ് പാംപ്ലാനി ആലുവ, വടവാതൂര്‍, കുന്നോത്ത്, തിരുവനന്തപുരം സെന്റ് മേരീസ്, ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് എന്നീ മേജര്‍ സെമിനാരികളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇദ്ദേഹം 2017 നവംബര്‍ എട്ടു മുതല്‍ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജര്‍മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. തലശ്ശേരി അതിരൂപതാ ധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് ഞരളക്കാട്ട് വിരമിച്ച ഒഴിവിലേക്കാണ് മാര്‍ ജോസഫ് പാംപ്ലാനി നിയമിതനായിരിക്കുന്നത്.
പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിയമിക്കപ്പെടുന്നത്. 1964 മേയ് 29 ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കള്‍ പരേതരായ മാണിയും ഏലിക്കുട്ടിയും. 1981 ല്‍ പാലക്കാട് രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലാണു തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്. 1990 ഡിസംബര്‍ 29 ന് അഭിവന്ദ്യ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം സഭാകോടതിയുടെ അധ്യക്ഷനായും രൂപത ചാന്‍സലറായും വികാരി ജനറാളായും മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്. ബാഗ്‌ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സഭാനിയമത്തില്‍ ലൈസന്‍ഷ്യേറ്റ് പഠനം പൂര്‍ത്തിയാക്കിയ നിയുക്ത മെത്രാന്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. 2020 ജനുവരി 15 ന് പാലക്കാട് രൂപതയില്‍ സഹായമെത്രാനായി നിയമിക്കപ്പെട്ട ഇദ്ദേഹം 2020 ജൂണ്‍ 18 ന് അഭിഷിക്തനായി. പാലക്കാട് രൂപതാധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലേക്കാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിയമിതനായിരിക്കുന്നത്.
നിയുക്ത പിതാക്കന്മാരുടെ സ്ഥാനാരോഹണം സംബന്ധിച്ച തീയതികള്‍ പിന്നീട് തീരുമാനിക്കുന്നതാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)