എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലുമൊരു മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നു നാം മനസ്സിലാക്കണമെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നടത്തിയ പ്രസ്താവന (നാളം-40) ആദരവര്‍ഹിക്കുന്നതായി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വര്‍ഗപ്രവേശത്തിന്റെ നൂറ്റമ്പതാം വാര്‍ഷികസമാപനസമ്മേളനം മാന്നാനം ആശ്രമദേവാലയാങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെയും തന്റെ തന്നെയും അന്തസ്സുയര്‍ത്തിയ ഈ പ്രസ്താവനയ്ക്കു പിന്നിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ല, എന്നിരുന്നാലും രാജ്യത്തു മതവിദ്വേഷപ്രചാരണങ്ങള്‍ ഈയടുത്ത കാലത്തു വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നുള്ള വസ്തുത നിഷേധിച്ചിട്ടു കാര്യമില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പാര്‍ശ്വവര്‍ത്തികള്‍തന്നെയാണ് പല അക്രമങ്ങള്‍ക്കും പിന്നിലെന്നാണു വാര്‍ത്താറിപ്പോര്‍ട്ടുകള്‍. ഒറ്റപ്പെട്ട അതിക്രമങ്ങളെന്നു പറഞ്ഞ് ഇവയെ ലഘൂകരിക്കുന്നതു ശരിയല്ല. ആ ലക്കം ദീപനാളം എഡിറ്റോറിയല്‍ ഈ വിഷയം വ്യക്തമായി അവതരിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തത് സന്ദര്‍ഭോചിതമായി. മതപരിവര്‍ത്തനം ആരോപിച്ചാണ് ഭൂരിപക്ഷാക്രമണങ്ങളും അരങ്ങേറിയത്. ക്രൈസ്തവരുടെ അംഗസംഖ്യ ഇന്ത്യയില്‍ കൂടുകയല്ല, കുറയുകയാണെന്നു കണക്കുകള്‍ നിരത്തി സ്ഥാപിക്കാന്‍ എഡിറ്റോറിയലിനായി. എന്തായാലും ഉപരാഷ്ട്രപതിയെപ്പോലുള്ളവരുടെ കരങ്ങള്‍ മതേതരഭാരതത്തെ കാത്തുപാലിക്കുമെന്നു വിശ്വസിക്കട്ടെ.
സോണി ചെറിയാന്‍
കടുത്തുരുത്തി