2021 ന്റെ അവസാനദിനങ്ങളില്‍ രാജ്യത്താകമാനം ഉയര്‍ന്നുകേട്ടത് വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയാരവങ്ങളാണ്. അതു ജാതിയുടെയും മതത്തിന്റെയും മറ്റും പേരിലാകുമ്പോള്‍ ജനാധിപത്യ, മതേതര ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ ലജ്ജിതയാകുന്നു. ഒട്ടേറെ വൈവിധ്യങ്ങളുടെയും ബഹുസ്വരവീക്ഷണങ്ങളുടെയും ഈറ്റില്ലമായ ഇന്ത്യയുടെ പണ്ടുകാലം മുതലുള്ള ശാന്തിമന്ത്രമാണ് ''നാനാത്വത്തില്‍ ഏകത്വം.'' ഋഷീശ്വരന്മാരുടെ തപശ്ചര്യകളാല്‍ പുകള്‍പെറ്റ ഈ അഹിംസയുടെ നാട്ടില്‍ ഇന്നു പക്ഷേ, കൊലവിളികളുയരുന്നത് ഇന്ത്യയുടെ മാറില്‍ ഉണങ്ങാത്ത മുറിവകളായി അവശേഷിക്കുന്നു.
മതന്യൂനപക്ഷങ്ങളെ ഭൂരിപക്ഷവാദികള്‍ കടന്നാക്രമിക്കുന്നതും ദേശവിരുദ്ധരെന്നു പ്രഖ്യാപിക്കുന്നതും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയതും പള്ളിയാക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തിയതും ഭൂരിപക്ഷവര്‍ഗീയതയുടെ ക്രൂരമായ അഴിഞ്ഞാട്ടത്തിന്റെ പ്രത്യക്ഷോദാഹരണമാണ്. മുസ്ലീങ്ങള്‍ക്കു പിന്നാലെ, ക്രിസ്ത്യാനികളാണ് തീവ്രഹിന്ദുത്വവാദികളുടെ പുതിയ ഇരയെന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയൊഴികെയുള്ളവര്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. പള്ളിയാക്രമങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇന്ത്യയുടെ ഭരണകര്‍ത്താക്കളാരും ഈ ക്രൂരസംഭവങ്ങള്‍ക്കെതിരേ ഇതുവരെ ഒന്നും സംസാരിച്ചിട്ടുപോലുമില്ല എന്നതാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ അമ്പരിപ്പിക്കുന്നത്!
2021 ല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. 478 സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതായി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ല്‍ ഇത് 279 ആയിരുന്നു. ഈ വര്‍ഷം ഉത്തര്‍പ്രദേശിലാണ് ഏറ്റുമധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് - 99 എണ്ണം. ഛത്തീസ്ഗഢ്-89, കര്‍ണാടക-58, ജാര്‍ഖണ്ഡ്-44, മധ്യപ്രദേശ്-38 തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍
മതപരിവര്‍ത്തനം ആരോപിച്ചാണ് ഭൂരിപക്ഷാക്രമണങ്ങളും അരങ്ങേറിയത്. 2021 ഡിസംബര്‍ 23 ന് കര്‍ണാടക നിയമസഭയില്‍ മതപരിവര്‍ത്തനം തടയാന്‍ ബില്‍ പാസാക്കിയിരിക്കുന്നു. ബില്‍ പാസാക്കിയെടുത്തതിന്റെ അഹങ്കാരം ആഘോഷമാക്കിയതാവാം, സംസ്ഥാനത്തു പലയിടത്തും ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയതും, അക്രമങ്ങള്‍ അഴിച്ചുവിട്ടതും. അതു താമസിയാതെ ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ഭൂരിപക്ഷവര്‍ഗീയതയുടെ മുഖംമൂടിയഴിഞ്ഞുവീണു.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സംഘപരിവാര്‍ശക്തികള്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചതും, ഹരിയാനയിലെ ക്രൈസ്തവസ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷത്തിനെതിരേ ജയ് ശ്രീറാം വിളിച്ചു സംഘര്‍ഷമുണ്ടാക്കിയതും, ഹരിയാനയിലെതന്നെ കുരുക്ഷേത്രയില്‍ ക്രിസ്മസ് ആഘോഷവേദിയില്‍ കയറി ഹനുമാന്‍കീര്‍ത്തനം ചൊല്ലിയതും, ഗുരുഗ്രാമില്‍ പള്ളി അടിച്ചുതകര്‍ത്തതും, അമ്പാലയില്‍ ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തതുമൊക്കെ ഏതാനും സംഭവങ്ങള്‍ മാത്രം! ഏറ്റവുമൊടുവില്‍ മതപരിവര്‍ത്തനമാരോപിച്ച് കര്‍ണാടകയില്‍ ദളിത്ക്രിസ്ത്യന്‍ കുടുംബത്തെ ഹിന്ദുത്വവാദികള്‍ ക്രൂരമായി പരിക്കേല്പിച്ചതും ജാതിപ്പേരു വിളിച്ചാക്ഷേപിച്ചതും സ്ത്രീകളെ വേശ്യകളെന്നു വിളിച്ച് വസ്ത്രാക്ഷേപം നടത്തിയതുമുള്‍പ്പെടെയുള്ളവ, മതേതര ഇന്ത്യയുടെ ആത്മാവിനെ ആഴത്തില്‍ മുറിവേല്പിച്ച സംഭവങ്ങളാണ്.
ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണ്. 1971 ലെ കണക്കുപ്രകാരം ക്രൈസ്തവരുടെ ജനസംഖ്യ 2.53 ശതമാനമായിരുന്നു. 1991 ല്‍ അത് 2.43 ശതമാനവും 2011 ല്‍ 2.3 ശതമാനവുമാണ്. 16,000 ലധികം വൈദികരും 50,000ലധികം കന്യാസ്ത്രീകളും ആയിരക്കണക്കിന് അല്മായപ്രേഷിതരും ഇവിടെ നടത്തുന്നത് മതംമാറ്റമല്ല, മനംമാറ്റമാണ്. നല്ല മനുഷ്യരാകാനുള്ള അവബോധവും പരിശീലനവുമാണ് നമ്മുടെ ക്രൈസ്തവമിഷനറിമാര്‍ സുവിശേഷോപദേങ്ങളിലൂടെയും ജീവിതമാതൃകയിലൂടെയും കാലങ്ങളായി കാട്ടിത്തന്നിട്ടുള്ളത്. ആയിരക്കണക്കിനു കോളജുകളും പതിനായിരക്കണക്കിനു സ്‌കൂളുകളും ആശുപത്രികളും ആതുരാലയങ്ങളുമുള്ള കത്തോലിക്കാസഭ വ്യാപകമായി മതപരിവര്‍ത്തനം നടത്തിയിരുന്നെങ്കില്‍, ക്രൈസ്തവരുടെ സംഖ്യ ഗണ്യമായി ഉയരേണ്ടിയിരുന്നില്ലേ? ക്രൈസ്തവര്‍ നടത്തുന്ന സ്‌കൂളുകളിലും കോളജുകളിലും എത്രയോ ഇതരമതസ്ഥരായ കുട്ടികള്‍ പഠിച്ചിറങ്ങുന്നുണ്ട്. ക്രൈസ്തവസ്ഥാപനങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരുന്നും അല്ലാതെയും സേവനം ചെയ്യുന്ന എത്രയോ നല്ലവരായ മറ്റു മതസ്ഥരുണ്ട്? അവിടെയെവിടെയെങ്കിലും മതപരിവര്‍ത്തനത്തിന്റെ ലാഞ്ഛന ആരോപിക്കാന്‍ ആര്‍ക്കാണു ധൈര്യമുള്ളത്?
ഒരു കാര്യംകൂടി പറയട്ടെ. മതപരിവര്‍ത്തനനിയമം ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിനു വിരുദ്ധമാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് ആചരിച്ചുജീവിക്കാനും പ്രചരിപ്പിക്കാനും അവകാശവും സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുവരുത്തുന്ന ഒരു രാജ്യത്ത് മതപരിവര്‍ത്തനനിരോധനനിയമത്തിന് എന്തു പ്രസക്തി? വിശ്വാസം സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള പൗരസ്വാതന്ത്ര്യം ഭരണഘടനാദത്തമായിരിക്കേ, സ്വമനസ്സാലേ മതം മാറാനുള്ള ഒരുവന്റെ അവകാശത്തെ നിയമംമൂലം തടയാന്‍ ആര്‍ക്കുമാവില്ല.
എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്നും മതങ്ങളെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞത്, എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഒരുപോലെ ആദരിക്കുന്ന പൈതൃകമാണ് ഇന്ത്യയുടേത് എന്നുദ്‌ഘോഷിക്കുന്നതായിരുന്നു. മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വര്‍ഗപ്രവേശത്തിന്റെ 150-ാം വാര്‍ഷികാഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതാന്തരീക്ഷം തീവ്രവാദത്തിന്റെയും സങ്കുചിതത്വത്തിന്റെയും പിടിയിലമര്‍ന്നിരിക്കുമ്പോള്‍ ഉപരാഷ്ട്രപതിയുടെ മതമൈത്രീസന്ദേശം പ്രശംസാര്‍ഹമാണെന്നു മാത്രമല്ല, ഇത്തരം ശാന്തിദൂതുകള്‍ പ്രചരിപ്പിക്കാന്‍ സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഹൃദയലാവണ്യമുള്ള, മാധ്യമസുഹൃത്തുക്കളുള്‍പ്പെടെയുള്ള എല്ലാ പൗരന്മാരും മുന്നോട്ടുവരേണ്ട കാലമാണിത്.