ഡിസംബര്‍ 4 ന് അന്തരിച്ച പ്രശസ്തഗായകന് തോപ്പില്‍ ആന്റോയെക്കുറിച്ച്
തോപ്പില്‍ ആന്റോയുടെ നിര്യാണത്തോടെ കഴിഞ്ഞ തലമുറയിലെ സര്‍ഗധനനായ ഒരു ഗായകനെക്കൂടി നമുക്കു നഷ്ടമായിരിക്കുന്നു. ഗായകന് മാത്രമല്ല, ഒരു സംഗീതസംവിധായകന്കൂടിയായിരുന്നു അദ്ദേഹം.
ആന്റോയുടെ ജന്മസ്ഥലം ഇടപ്പള്ളിയാണ്. പുരാതന ഇടത്തരം കത്തോലിക്കാക്കുടുംബത്തിലെ തോപ്പില്‍ ജോസഫ് കുഞ്ഞാപ്പുവിന്റെയും വരാപ്പുഴ പുളിക്കല്‍ ഏലിയാമ്മയുടെയും പുത്രനായി 1940 ജൂണ്‍ 6 നു ജനിച്ചു. നല്ല ശബ്ദത്തിന്റെ ഉടമയായിരുന്ന മാതാവ് പണ്ടത്തെ ക്രിസ്തീയഗാനങ്ങള്‍ നന്നായി പാടുമായിരുന്നു.
ആന്റോ ഇടപ്പള്ളി സെന്റ് ജോര്‍ജ് മിഡില്‍ സ്കൂളില്‍ ഏഴാം ക്ലാസുവരെ പഠിച്ചു. അന്ന് സ്കൂള്‍ ഫീസുള്ള കാലമായിരുന്നു. സാമ്പത്തികമായി പിന്നാക്കമായിരുന്നതുകൊണ്ടും പിതാവ് തുന്നല്‍പ്പണി ഉപേക്ഷിച്ച് ചവിട്ടുനാടകം കളിച്ചുനടന്നിരുന്നതുകൊണ്ടും കുടുംബം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി. സംഗീതവാസനയാണ് പിതാവിന്റെയും മാതാവിന്റെയും സ്വത്തായി ആന്റോയ്ക്കു ലഭിച്ചത്.
വിദ്യാഭ്യാസകാലത്ത് സ്കൂള്‍ മീറ്റിങ്ങുകളില്‍ ആന്റോ പാട്ടുകള്‍ പാടുമായിരുന്നു. അക്കാലത്ത് ഇടപ്പള്ളിയില്‍ കോമള മ്യൂസിക്കല്‍ ആര്‍ട്സ് എന്ന പേരില്‍ ഒരു ക്ലബ് ആരംഭിച്ചിരുന്നു. അന്നത്തെ പ്രശസ്തരായ ജോര്‍ജ് വക്കന് ഭാഗവതര്‍, പാപ്പുക്കുട്ടി ഭാഗവതര്‍, അഗസ്റ്റിന് ജോസഫ് ആശാന് തുടങ്ങിയവരുടെ പാട്ടുകള്‍ ആ ക്ലബ്ബില്‍ നിന്നു കേട്ടുവളര്‍ന്ന ആന്റോ സംഗീതമാണ് തന്റെ കര്മമാര്ഗമെന്നു തിരിച്ചറിഞ്ഞ് ആ രംഗത്തേക്കു പതിയെ ചുവടുകള്‍ വച്ചു. അങ്ങനെ 1954-1955 കാലഘട്ടത്തില്‍ ആന്റോയും ഇടപ്പള്ളിയിലും സമീപപ്രദേശങ്ങളിലും സംഗീതപരിപാടികള്‍ നടത്തിത്തുടങ്ങി.
അക്കാലത്തുതന്നെ എറണാകുളം കേന്ദ്രമാക്കി ടാന്‍സന്‍ മ്യൂസിക്കല്‍ എന്ന ഒരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ചിട്ടയോടുകൂടി സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കലാകാരന്മാരില്നിന്നു ആന്റോ പല കാര്യങ്ങളും മനസ്സിലാക്കി. ഇതിനിടെ മകന് ഒരു തൊഴില്‍ വശമാക്കണമെന്നുള്ള അപ്പന്റെ ആഗ്രഹമനുസരിച്ച് മൂത്ത സഹോദരീഭര്‍ത്താവ് തമിഴ്നാട്ടിലെ ഉട്ടുലപേട്ടയിലുള്ള മെക്കാനിക് വര്‍ക്ക്ഷോപ്പിലേക്ക് ആന്റോയെ അയച്ചു. പക്ഷേ, അവിടെ ഉട്ടുമലൈ എന്ന സ്ഥലത്തു നടന്ന 'നല്പന്' എന്ന നാടകത്തില്‍ പിന്നണി പാടാന്‍ അവസരം ലഭിച്ചതിനെത്തുടര്‍ന്ന് ആന്റോ അവിടെയുള്ള സംഗീതസംഘത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് എറണാകുളത്തു മടങ്ങിയെത്തി കലാരംഗത്തു സജീവമായി. 1957 ല്‍ നാടകാചാര്യനായ സി.ജെ. തോമസിന്റെ 'വിഷവൃക്ഷം' എന്ന നാടകത്തില്‍ പിന്നണി ഗായകനാകാന്‍ അവസരം ലഭിച്ചു. കേന്ദ്രമന്ത്രി ശ്രീ എ.സി. ജോര്‍ജാണ് അതിനു സാഹചര്യം സൃഷ്ടിച്ചത്.
ഇടപ്പള്ളിപ്പള്ളിയിലെ ഒരു പരിപാടിയില്‍ പിന്നണി പാടുന്ന അവസരത്തില്‍ എ.സി. ജോര്‍ജിന്റെ അനുജന് എ.സി. ജോണി ആ പരിപാടിയിലെ മുഖ്യകഥാപാത്രമായി അഭിനയിച്ചിരുന്നു. അദ്ദേഹമാണ് ഈ നാടകത്തിന്റെ നോട്ടീസില്‍ തോപ്പില്‍ ആന്റോ എന്നു പേരിട്ടു പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് ഈ പേര് കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായിത്തീര്‍ന്നു.
ആദ്യകാലത്ത് അമച്വര്‍ നാടകങ്ങളില്‍ പാടിയിരുന്ന തോപ്പില്‍ ആന്റോ പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളിലേക്കും സിനിമകളിലേക്കും കടന്നു. സി.ജെ. തോമസിന്റെ വിഷവൃക്ഷമാണ് ആന്റോ ആദ്യമായി പാടിയ പ്രഫഷണല്‍ നാടകം. ഫാദര്‍ ഡാമിയന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. 2017 ല്‍ പുറത്തിറങ്ങിയ ഹണീബി 2 ആണ് ആന്റോ ഗായകനായ അവസാനസിനിമ. അനുഭവങ്ങളേ നന്ദി (1979), വീണപൂവ് (1983), എല്ലാവര്ക്കും നന്മകള് (1980) തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്. ആന്റോ നയിച്ച കൊച്ചിന് ബാന്ഡോര് എന്ന ഗാനമേളട്രൂപ്പ് പ്രഗല്ഭരും പ്രശസ്തരുമായ നിരവധി കലാകാരന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ മെമ്പര്‍, എക്സിക്യൂട്ടീവ് മെമ്പര്‍, നാടക ഓര്‍ക്കസ്ട്രാ സംവിധായകന് എന്നീ നിലകളിലും ആന്റോ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവന് ടി.വി. സംപ്രേഷണം ചെയ്ത 'നാടകമേ ഉലകം' എന്ന പരമ്പരയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്നു. 1950-1960 കളില്‍ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിനു പ്രചോദനമായ മലയാളനാടകവേദിയെ ഇന്നത്തെ യുവതലമുറയ്ക്കു പരിചയപ്പെടുത്തുന്ന ആ പ്രോഗ്രാമില്‍ മലയാളനാടകവേദിയിലെ അതികായന്മാര്, നടീനടന്മാര്, നാടകാചാര്യന്മാര്, സംഗീതസംവിധായകര്‍, ഗാനരചയിതാക്കള്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി അനശ്വരഗാനങ്ങളും പുനരാവിഷ്കരിക്കപ്പെടുകയുണ്ടായി.
കേരള സംഗീതനാടക അക്കാദമിയുടെ 1983 ലെ ലളിതഗാനഗായകനുള്ള അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അനശ്വരനായ ആ കലാകാരന്റെ പാവനസ്മരണയ്ക്കുമുമ്പില്‍ കൂപ്പുകൈ!