•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ക്രിസ്തുവില്ലാത്ത ജീവിതാഘോഷങ്ങള്‍

കഴിഞ്ഞ 20  വര്‍ഷത്തിനിടയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു വന്ന മാറ്റങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തുന്നു. ലോകവും, ന്യൂജെനും മുന്നോട്ടു പോകുമ്പോഴും ഉണ്ണീശോയ്ക്കു മാറ്റമില്ലല്ലോ? ഏറ്റവും സങ്കടപ്പെടുത്തുന്നത് ക്രിസ്മസ് കാര്‍ഡുകളില്‍നിന്ന് ഉണ്ണീശോ പടിയിറങ്ങിപ്പോയിരിക്കുന്നു എന്നതാണ്. ക്രിസ്മസ് കാര്‍ഡുതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഗൂഗിളില്‍ ക്രിസ്മസ് കാര്‍ഡുകള്‍ പരതിയപ്പോള്‍ ഉണ്ണീശോ ഉള്ള ക്രിസ്മസ് കാര്‍ഡുകളുടെ അസാന്നിധ്യം അമ്പരപ്പിച്ചു.
കുടവയറുകുലുക്കി തെരുവുകള്‍ നിറച്ച് ആര്‍ത്തലയ്ക്കുന്ന സാന്തകളുടെ ഡാന്‍സും കൊട്ടും പാട്ടുംനിറഞ്ഞ ക്രിസ്മസ് കാര്‍ഡുകള്‍. ലോകം ഇന്ന് സാന്താകള്‍ട്ടിന് അടിപ്പെട്ടിരിക്കുകയാണ്. നമ്മുടെ കുഞ്ഞുമക്കള്‍ക്ക്  ഉണ്ണീശോയുടെ സമ്മാനങ്ങള്‍ കൊണ്ടുവരേണ്ട ക്രിസ്മസ്  അപ്പൂപ്പന്മാര്‍ വെറും കോമാളികളായി അവതരിക്കുന്നു. ഇന്ന് ക്രിസ്മസില്‍നിന്ന് ക്രിസ്തു പുറത്തായി. സാന്താ അകത്തും.
ക്രിസ്മസ് ട്രീകളില്‍നിന്ന് 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!' എന്ന ഈരടിയുടെ കട്ടിങ്ങുകളും മാലാഖച്ചിറകുകളും ഇല്ലാതായിട്ട് കാലങ്ങളായി. ക്രിസ്മസിനെ മനോഹരമാക്കിയിരുന്നത് ചിത്രവര്‍ണങ്ങള്‍, പുല്ക്കൂടുകള്‍, പൂജരാജാക്കന്മാര്‍, മാലാഖമാര്‍, തിരുക്കുടുംബം ഒക്കെയായിരുന്നു. ഇപ്പോള്‍ പേരിനുപോലും ഇവയൊന്നുമില്ല. ഇനി ക്രിസ്മസ്തന്നെ ഇല്ലാതായാലും വിസ്മയിക്കേണ്ട!   
സ്റ്റാറുകള്‍, ട്രീകള്‍, ക്രിബുകള്‍, സാന്തകള്‍ എല്ലാം സെക്കുലര്‍ ആകണമത്രേ! ഇനി ഉണ്ണീശോയെയും സെക്കുലര്‍ ആക്കുമോ?...
ക്രിസ്മസ് പാര്‍ട്ടികള്‍ ഹോട്ടലുകളിലായി. പുല്‍ക്കൂട് റെഡിമെയ്ഡ് കിട്ടും. ഭാഗ്യം... പാതിരാക്കുര്‍ബാന റെഡിമെയ്ഡ് ആകുമോ എന്തോ? കലികാലമല്ലേ?... ആത്മീയത അന്യംനിന്നുപോയ ഒരു സമൂഹത്തിന്റെ നേര്‍ച്ഛേദമായി മാറുകയാണോ കേരളക്രൈസ്തവര്‍?... ക്രൈസ്തവവിശ്വാസത്തിന്റെ ആത്മീയപശ്ചാത്തലം നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുമ്പോള്‍ തിരിച്ചറിവോടെ പ്രതികരിക്കാന്‍പോലും കഴിയുന്നില്ല വലിയ ശതമാനം വിശ്വാസികള്‍ക്കും.
ക്രിസ്തുവിനെ ഇല്ലാതാക്കാന്‍ ഹേറോദേസിനു കഴിയാതെപോയത്, രണ്ടായിരം വര്‍ഷത്തിനുശേഷം നടപ്പാക്കാന്‍ ശ്രമിക്കുകയാണോ നമ്മള്‍? തിരുപ്പിറവിയില്‍ത്തന്നെ യേശുവിനെ കുരുതി കഴിക്കാന്‍ മടിക്കാത്ത സമൂഹമായി നാം മാറുകയാണോ? ക്രിസ്മസിന്റെ ആഘോഷത്തിമിര്‍പ്പില്‍ തിരുക്കുടുംബത്തെ ആട്ടിയോടിച്ച സത്രമുടമ, ക്രിസ്തു ബെത്ലഹേമിലാണു ജനിക്കുകയെന്നറിഞ്ഞിട്ടും സ്വീകരിക്കാതിരുന്ന ഹേറോദേസിന്റെ കൊട്ടാരപണ്ഡിതന്മാര്‍, രക്ഷകന്‍ ജനിച്ചുവെന്നറിഞ്ഞപ്പോള്‍ കൊല്ലാന്‍ ശ്രമിച്ച ഹേറോദേസ് തുടങ്ങിയവരുടെ അവതാരങ്ങളാണ് എവിടെയും നാം കാണുന്നത്.
ക്രിസ്തുവില്ലാത്ത ജീവിതങ്ങള്‍ പൊള്ളയാണെന്ന് നാം എന്നു പഠിക്കും? ക്രിസ്തുമസാണോ അതോ ക്രിസ്തു'മിസ്സാണോ' എന്നു തോന്നിപ്പോകുന്ന അവസ്ഥയാണ്. ക്രിസ്തുവില്ലാത്ത ക്രിസ്മസ്‌കാര്‍ഡുകളും സിനിമാനടന്മാരുടെയും നടിമാരുടെയും പേരുകളിലുള്ള നക്ഷത്രങ്ങളും കാര്‍ഡുകളും കേക്കുകളും എവിടേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്?
ക്രിസ്മസ് നന്മ നമ്മുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങണമെങ്കില്‍ നമ്മുടെ ഹൃദയങ്ങള്‍  ക്രിസ്തുമനസിനു തുല്യമാകണം. ക്രിസ്തു ഇന്നലെയും ഇന്നും നാളെയും ഒന്നുതന്നെ. കാലവും കാഴ്ചപ്പാടുകളും മാറിയതുകൊണ്ട് ക്രിസ്തുവിന്റെ ജനനത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും മാറുന്നില്ലല്ലോ. ദൈവമായ ക്രിസ്തുവിനെയാണ് നാം ആരാധിക്കേണ്ടത്. നമുക്ക്  ക്രിസ്തുവിനെ തിരികെ വിളിക്കാം, നമ്മുടെ ഹൃദയമാകുന്ന പുല്‍ക്കൂട്ടിലേക്ക്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)