ബാലാരിഷ്ടതകളുടെ ഒരു കാലം എല്ലാവര്‍ക്കുമുണ്ടാകും. അന്ന് മൂന്നു കുട്ടികളാണെനിക്ക്. രണ്ടും മൂന്നും വയസ്സിന്റെ വ്യത്യാസത്തില്‍. ഒരാള്‍ക്കു ജലദോഷമോ പനിയോ വന്നാല്‍ എല്ലാവര്‍ക്കും പിടിക്കും. പിന്നെ ഓരോന്നിനെയും പെറുക്കി ഓടും, ഡോക്ടറുടെ അടുത്തേക്ക്. ഒന്നിന്റെ കഴിയുമ്പോള്‍ അടുത്തയാള്‍ക്കു തുടങ്ങും. വീണ്ടും ഓട്ടം... അത്തരം സമയങ്ങളില്‍ നമുക്കു വിശ്വാസമുള്ള ഒരു ഡോക്ടറുണ്ടാകുക എന്നതു വലിയ ആശ്വാസമാണ്. അന്ന് അങ്ങനെയുള്ള ഒരു ഡോക്ടറുമായി അടുപ്പമുണ്ടായിരുന്നു. അടുപ്പമെന്നു പറഞ്ഞാല്‍ കാഴ്ചപ്പാടുകളിലുള്ള ചില സാമ്യങ്ങള്‍! പ്രത്യേകിച്ച് പരിസ്ഥിതിവിഷയങ്ങളില്‍. ആളൊരു പ്രകൃതിസ്‌നേഹിയാണ്. പാലാ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍നിന്ന് മെഡിക്കല്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത പ്രഗല്ഭനായ പീഡിയാട്രീഷ്യന്‍, പേര് ഡോ. സെബാസ്റ്റ്യന്‍ ലൂക്കോസ്. ആവശ്യമില്ലാതെ മരുന്നു കുറിക്കാത്ത ഡോക്ടര്‍. അന്ന് 62-ാം വയസ്സിലും നന്നായി ഓടുന്ന ശീലമുള്ളയാളാണ്. ജീവിതശൈലീരോഗങ്ങളെക്കുറിച്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശത്തോടെ ക്ലാസ്സുകളെടുക്കും. ആ സമയത്തും ആരോഗ്യവിഷയങ്ങളെക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ അറ്റന്‍ഡു ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിയുംകൂടിയായിരുന്നു ഡോക്ടര്‍.
മക്കളെ വിശദമായി പരിശോധിച്ചതിനുശേഷം തന്റെ പ്രിസ്‌ക്രിപ്ഷന്‍ ലറ്ററില്‍ മഷിപ്പേനകൊണ്ടു മരുന്നു കുറിക്കും. എന്നിട്ട് ഉറച്ച ശബ്ദത്തോടെ പറയും; അടുത്ത തവണ വരുമ്പോള്‍ നിര്‍ബന്ധമായും ഈ ചീട്ടു കൊണ്ടുവരണമെന്ന്. സൂക്ഷിച്ചുവച്ചോണം. പഴയ ചീട്ട് കൊണ്ടുവന്നില്ലെങ്കില്‍ ഡോക്ടറുടെ മൂഡ് മാറും, ദേഷ്യം വരും. അതുകൊണ്ട് മക്കളുടെ മരുന്നുകുറിപ്പുകള്‍ ഭാര്യ സൂക്ഷിച്ചുവയ്ക്കും. പലതും മറക്കുന്ന സ്വഭാവമുള്ള ഞാന്‍ ചീട്ടിന്റെ കാര്യം മറക്കാറില്ല. ചിലരുടെ ശാഠ്യങ്ങള്‍ ഇത്തരം ചില നന്മകള്‍ ജീവിതത്തില്‍ കൊണ്ടുവരും എന്നതു പാഠമാണ്.
ഒരുനാള്‍ മോള്‍ക്ക് അസുഖമായി. കൊച്ചിനെയുമെടുത്ത് ഡോക്ടറുടെ അടുക്കലെത്തി. ചീട്ടെടുത്ത്, നിവര്‍ത്തി ഡോക്ടറുടെ നേരേ നീട്ടിയപ്പോളാണ് അബദ്ധം മനസ്സിലായത്. കുറിച്ചുവച്ച മരുന്നുകള്‍ക്കു താഴെ ഒഴിവുള്ള സ്ഥലത്തു മുഴുവന്‍ പേന കൊണ്ടു കുത്തിവരച്ചിരിക്കുന്നു. കുഞ്ഞുങ്ങളൊപ്പിച്ച വികൃതിയാണ്. ഡോക്ടര്‍ തലയുയര്‍ത്തിയൊന്നു നോക്കി. ഗൗരവത്തോടെ, 'ശ്രദ്ധിക്കണം സാറേ' എന്നു പറഞ്ഞിട്ടു ചെയ്ത ഒരു പ്രവൃത്തിയുടെ വലുപ്പം പറയാനാണ് ഇത്രയുമൊരാമുഖം പറഞ്ഞുവച്ചത്.
ചീട്ടിന്റെ മറുപുറത്ത് സ്ഥലമുണ്ട്. അവിടെ മരുന്നു കുറിച്ചു തരുമെന്നു വിചാരിച്ചുനില്ക്കുമ്പോള്‍, കുത്തിവരകള്‍ക്കിടയിലൂടെ വളരെ ശാന്തമായി മരുന്നുകുറിച്ചുതന്നു!... വാക്കുകള്‍ കുരയ്ക്കുന്നു. എന്നാല്‍, പ്രവൃത്തികള്‍ ഗര്‍ജിക്കുന്നു എന്ന വാക്യം ഓര്‍മയില്‍ തെളിഞ്ഞു. വരകള്‍ക്കിടയിലൂടെ ഡോക്ടര്‍അന്നെഴുതിയ പ്രവൃത്തിക്കു പ്രകൃതിയോളംതന്നെ വലുപ്പമുണ്ടായിരുന്നു. പരിസ്ഥിതിസംരക്ഷണത്തിന്റെ ഒരു മഹത്തായ പാഠമാണ് ഡോക്ടറന്ന് പകര്‍ന്നുനല്‍കിയത്. ഡോക്ടര്‍ക്ക് ചെലവൊന്നുമില്ലാത്ത, മെഡിക്കല്‍ റെപ്രസന്റേറ്റീവ് നല്‍കുന്ന സൗജന്യസമ്മാനമായ ലറ്റര്‍പാഡിന്റെ ഒരു പേജിനെപ്പോലും ദുര്‍വ്യയം ചെയ്യാതിരിക്കാനുള്ള ഒരു കരുതല്‍, ഒരു സൂക്ഷം, വിഭവ ഉപയോഗത്തിന്റെ മാഗ്നാക്കാര്‍ട്ടയായി ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
പെറ്റമ്മയുടെ മുഖവും അന്നു മനസ്സില്‍ തെളിഞ്ഞു. ബാല്യകാലത്ത് സ്‌കൂള്‍പഠനവേളയില്‍ ഓരോ ആണ്ടവസാനവും വെക്കേഷന്‍വേളയില്‍ അമ്മ പറയും, ''മക്കളേ, നോട്ടുബുക്കുകളൊക്കെ എടുത്തുകൊണ്ടുവാ, ഒന്നു കാണട്ടെ'' യെന്ന്. എഴുതാതെ മിച്ചം വന്ന പേജുകള്‍ അമ്മ ശ്രദ്ധയോടെ കീറിയെടുക്കും. എല്ലാം ചേര്‍ത്തുവച്ച് സൂചിയും നൂലുമുപയോഗിച്ച് തുന്നിക്കെട്ടി മനോഹരമായ ഒരൊറ്റ ബുക്കാക്കിത്തരും. എന്നിട്ടൊരു ചെറുചിരിയോടെ പറയും: അടുത്ത വര്‍ഷത്തെ പലവക ബുക്കാ. സൂക്ഷിച്ചുവച്ചോ. കുഞ്ഞുന്നാളില്‍ അമ്മ പകര്‍ന്നേകിയ പ്രകൃതിപാഠങ്ങളുടെ അര്‍ത്ഥം അന്നു ഡോക്ടറുടെ മുന്നില്‍ കുറേക്കൂടി മിഴിവാര്‍ന്നു തെളിഞ്ഞുകിട്ടി.
ഇത്തരം ചില കരുതലുകളുടെയും പുനരുപയോഗത്തിന്റെയും മാര്‍ഗങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യമായിത്തീരുന്നുണ്ടോ? ഇന്നു നമ്മുടെ കുട്ടികള്‍ എന്തുമാത്രം കടലാസുകളാണ് ദുര്‍വ്യയം ചെയ്യുന്നത്! ധാരാളം പേജുകള്‍ ഉപയോഗിക്കാതെയും കുറച്ചുപേജുകള്‍ പാഴാക്കിക്കളഞ്ഞും പുതിയ ബുക്കുകളാവശ്യപ്പെടുന്ന ഒരു വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ പ്രതിനിധിയാണോ ഞാനും നീയും?
അനാവശ്യമായി ദുരുപയോഗിക്കപ്പെടുന്ന ഓരോ പേപ്പറും നല്‍കുന്ന ആഘാതം അനുഭവിക്കേണ്ടിവരുന്നത് വനമാണ്. അവിടെയുള്ള മുളങ്കാടുകളാണ്-പേപ്പറിന്റെ അസംസ്‌കൃതവസ്തു. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ധാരാളമായി ഉപയോഗിക്കുന്ന ഒരു വസ്തുവായി മാറിക്കഴിഞ്ഞു ടിഷ്യൂപേപ്പര്‍.
ശുഭവാര്‍ത്തയുണ്ട്, ഡിജിറ്റല്‍യുഗത്തില്‍. ഓഫീസുകളെല്ലാം പേപ്പര്‍ലെസായി മാറുന്നു. അതിലൂടെ പുതിയ ചില പ്രശ്‌നങ്ങളുടെ തുടക്കംകുറിക്കുകയാണ് എന്നറിയാം. എങ്കിലും, ഒരു പേപ്പറിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തിലൂടെ മാത്രംപോലും ഭൂമിയെ സുന്ദരവും ഹരിതാഭവുമാക്കാന്‍ സാധിക്കുമെന്ന നല്ല ചിന്ത പ്രിയ കൂട്ടുകാര്‍ തിരിച്ചറിഞ്ഞെങ്കില്‍... സെബാസ്റ്റ്യന്‍ ഡോക്ടറെപ്പോലെ, കടലാസിനെ മാത്രമല്ല പ്രകൃതിവിഭവങ്ങളെയെല്ലാം സൂക്ഷിച്ചുപയോഗിക്കാനുള്ള മനസ്സുണ്ടാകട്ടെ.
വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി മുന്നിലുണ്ട്. വാക്കുകളിങ്ങനെ തെളിയുന്നു:
എല്ലായ്‌പ്പോഴും സുവിശേഷം പ്രസംഗിക്കുക. അത്യാവശ്യമുണ്ടെങ്കില്‍ മാത്രംവാക്കുകള്‍ ഉപയോഗിക്കുക.
പ്രവൃത്തികള്‍ ഗര്‍ജിച്ചുകൊണ്ടേയിരിക്കുന്നു.