ജനാധിപത്യമര്യാദയുടെ ലംഘനം ഏറ്റവും കൂടുതല്‍ നടക്കുന്നത് കുടുംബങ്ങളിലാണ്. ഗാര്‍ഹികപീഡനത്തിന് ഇന്ത്യയില്‍ മൂന്നാം റാങ്കുണ്ട് നമ്മുടെ നാടിന്. സ്ത്രീധനരഹിതകേരളത്തിലെത്താന്‍ നമ്മള്‍ ഇനിയും ഒരുപാടു ദൂരം നടക്കേണ്ടതുണ്ട്. സ്വന്തം കഴിവില്‍ പരിപൂര്‍ണ വിശ്വാസമുള്ള, പരാശ്രയികളല്ലാത്ത, ഒരു പുതുപെണ്‍തലമുറയ്ക്കുമാത്രമേ ആത്യന്തികമായി വിവാഹവും സ്ത്രീധനവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ സാധിക്കൂ.
സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്‌കൃത ജനാധിപത്യസമൂഹത്തില്‍ അനിവാര്യമാണ്. മനുഷ്യപുരോഗതിക്കായി നാം ഉപയോഗപ്പെടുത്തുന്ന നൂതനസാങ്കേതികവിദ്യകള്‍തന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗിക്കുന്നുവെന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കു പുറമേയാണ്. അവരുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ഇന്ത്യന്‍ പീനല്‍കോഡ്, കേരള പോലീസ് ആക്റ്റ്, കഠ ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീകള്‍ക്കെതിരായുള്ള ഇത്തരം അതിക്രമങ്ങളെ നാം പ്രധാനമായും നേരിടുന്നത്.
ക്രിമിനല്‍ നിയമങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍
ഇന്ത്യന്‍ പീനല്‍കോഡിലെ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട വകുപ്പാണ് 354. മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ ആക്രമിക്കാന്‍ വന്നാലോ, അല്ലെങ്കില്‍ താന്‍ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാലോപോലും ഒരു സ്ത്രീക്ക് ഈ വകുപ്പുപ്രകാരം കുറ്റകൃത്യം ചെയ്ത ആള്‍ക്കെതിരേ നിയമനടപടി കൈക്കൊള്ളാം. വിവാഹത്തിനോ നിര്‍ബന്ധിത ശാരീരികബന്ധത്തിനോ സ്ത്രീയെ വശീകരിച്ചു കടത്തിക്കൊണ്ടു പോയാല്‍, പത്തുവര്‍ഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്. ഈ പറഞ്ഞ ആവശ്യത്തിനായി സ്ത്രീയെ കടത്തിക്കൊണ്ടുവന്നാലും ശിക്ഷാര്‍ഹമാണ്. 375-ാം വകുപ്പുപ്രകാരം ബലാല്‍സംഗത്തിന് ഏഴുമുതല്‍ പത്തുവരെ വര്‍ഷമോ ജീവപര്യന്തമോ തടവും പിഴയും ലഭിക്കും. പോലീസ് സ്റ്റേഷനിലുള്ളവര്‍, ജയിലധികാരി, ആശുപത്രി മേധാവി എന്നിവര്‍ ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിനടിമപ്പെടുത്തുക, ഗര്‍ഭിണി, പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെണ്‍കുട്ടി ഇവരെ ബലാല്‍സംഗം ചെയ്യുക തുടങ്ങിയവയൊക്കെ ഈ വകുപ്പിനു കീഴില്‍ പത്തുവര്‍ഷംമുതല്‍ ജീവപര്യന്തമോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കേസില്‍ ഇരയാകുന്ന സ്ത്രീയുടെ പേരോ മേല്‍വിലാസമോ വെളിപ്പെടുത്തിയാല്‍ രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമായി പരിഗണിക്കും. വിവാഹബന്ധം വേര്‍പെടുത്താതെ ഭാര്യ ജീവനോടെയുള്ളപ്പോള്‍ മറ്റു വിവാഹം കഴിച്ചാല്‍ ഏഴു വര്‍ഷംവരെ തടവും പിഴയും കിട്ടും.
സ്ത്രീധനമരണം
വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ അസാധാരണസാഹചര്യത്തില്‍ മരിക്കുകയും, മരിക്കുന്നതിനുമുമ്പ് അവരെ ഭര്‍ത്താവും ബന്ധുക്കളും ഉപദ്രവിച്ചതായി തെളിവുണ്ടായിരിക്കുകയും ചെയ്താല്‍ 306 വകുപ്പുപ്രകാരം സ്ത്രീധനമരണമായി കരുതുന്നു. സ്ത്രീയെ ഭര്‍ത്താവോ ബന്ധുക്കളോ പീഡിപ്പിക്കുന്നതും കുറ്റകൃത്യമാണ്.
ഒരു സ്ത്രീയുടെ മാന്യതയ്ക്കു കോട്ടം തട്ടുന്ന വിധത്തില്‍ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ ആംഗ്യം കാണിക്കുകയോ എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ പീനല്‍ കോഡ് 509 വകുപ്പുപ്രകാരം ഒരു വര്‍ഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കാന്‍ കുറ്റം ചെയ്തയാള്‍ ബാധ്യസ്ഥനാണ്. ഒരു സ്ത്രീയെയും പോലീസ് സ്റ്റേഷനിലേക്കു ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ പാടില്ല. അവര്‍ താമസിക്കുന്നതോ നിര്‍ദേശിക്കുന്നതോ ആയ സ്ഥലത്തുവച്ച് ഒരു വനിതാ പോലീസ് ഓഫീസറുടെയോ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യത്തില്‍ മാത്രമേ, ചോദ്യം ചെയ്യാന്‍ പാടുള്ളൂ.
കേരളാ പോലീസ് നിയമമനുസരിച്ച്, ഒരു സ്ത്രീക്കുനേരേ പൊതുസ്ഥലത്തുവച്ച് ലൈംഗികചേഷ്ടകളോ പ്രവൃത്തികളോ ചെയ്യുന്നതും അവരുടെ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്ന ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും ശിക്ഷാര്‍ഹമാണ്.
സ്ത്രീധന നിരോധനനിയമം
1961 ലെ സ്ത്രീധനനിരോധനനിയമം അനുസരിച്ച്, സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നല്‍കാന്‍ പ്രേരിപ്പിക്കുന്നതുമൊക്കെ അഞ്ചുവര്‍ഷം തടവും 15000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്ത്രീധനം നേരിട്ടോ അല്ലാതെയോ ആവശ്യപ്പെടുന്നവര്‍ക്കു രണ്ടു വര്‍ഷംമുതല്‍ ആറു മാസംവരെ തടവും 10,000 രൂപ പിഴയും ലഭിക്കും.
ഗാര്‍ഹികപീഡന നിരോധനനിയമം
വീടുകളില്‍ സ്ത്രീയുടെ ആരോഗ്യം, ജീവന്‍, സമാധാനം എന്നിവയ്ക്കു ഭീഷണിയാകുന്ന തരത്തില്‍ ആ വീട്ടില്‍ താമസിക്കുന്ന ഏതെങ്കിലും പുരുഷന്‍ പ്രവര്‍ത്തിക്കുന്നതിനെ ഗാര്‍ഹികപീഡനം എന്നു പറയുന്നു. ശാരീരിക, ലൈംഗികപീഡനങ്ങള്‍ക്കുപരി വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോപോലും കളിയാക്കുകയോ മാനസികമായി പീഡിപ്പിക്കയോ ചെയ്യുക, വീട്ടില്‍ ചെലവു തരാതിരിക്കുക, കുടുംബവസ്തുക്കള്‍ വില്‍ക്കുക തുടങ്ങിയവയൊക്കെ ഗാര്‍ഹികപീഡനപരിധിയില്‍പ്പെടും. പീഡനത്തിനിരയാകുന്ന സ്ത്രീ ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിച്ചാല്‍, അതുവഴി നിയമസംരക്ഷണം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിവഴി ലഭിക്കും. പരാതിക്കാരിക്കു നേരിട്ടോ വക്കീല്‍ മുഖാന്തിരമോ പ്രസ്തുത കോടതിയെ സമീപിക്കാവുന്നതും കോടതിവഴി വീട്ടില്‍ താമസിക്കുന്നതിനു സംരക്ഷണ ഉത്തരവും കുട്ടികളുടെ കസ്റ്റഡി ഉത്തരവും മറ്റും ലഭിക്കുന്നതുമാണ്. ഉത്തരവു ലംഘിക്കുന്നവര്‍ക്ക് തടവും 2,00,000 രൂപ പിഴയും ലഭിക്കും. ക്രിമിനല്‍ നടപടി നിയമം 125-ാം വകുപ്പു പ്രകാരം ഒരു പുരുഷന്‍ തന്റെ പങ്കാളിയെയും മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. നിയമപ്രകാരമല്ലാത്ത മക്കള്‍ക്കും ചെലവിനു കിട്ടാന്‍ അവകാശമുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങള്‍
സൈബര്‍ കുറ്റകൃത്യത്തിനിരയായ ഒരാള്‍ക്കു ലോകത്ത് എവിടെ വേണമെങ്കിലും പരാതിപ്പെടാം. എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷനോടു ചേര്‍ന്ന് സൈബര്‍ സെല്ലുകള്‍ ഉണ്ട്. ലോക്കല്‍ പോലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്. പരാതിയോടൊപ്പം, പേര്, മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, അഡ്രസ് എന്നിവ നല്‍കണം. തെളിവായി സംശയമുള്ളവരുടെ പേരുവിവരം, defaced web Page ന്റെ Soft and hard copy, server logs തുടങ്ങി സാധ്യമായ വിവരങ്ങള്‍ നല്‍കണം. മറ്റൊരാളുടെ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവിടങ്ങളില്‍ കടന്നുകയറുക, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, പ്രചരിപ്പിക്കുക, അവരുടെ ലൈംഗിക കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, സോഷ്യല്‍ മീഡിയയില്‍ മറ്റൊരാളുടെ പേരില്‍ ഫേക്ക് അക്കൗണ്ടുണ്ടാക്കുക, സ്വന്തം അക്കൗണ്ടില്‍ മറ്റാരുടെയെങ്കിലും സാന്നിധ്യം hacking),, നമ്മുടെ അക്കൗണ്ടില്‍നിന്നു പണം ചോദിച്ച് മെസേജ് അയയ്ക്കുക, നെറ്റിലൂടെ ഒരാളെ ഭീഷണിപ്പെടുത്തുക ഇതൊക്കെ വലിയ ശിക്ഷകള്‍ കിട്ടുന്ന സൈബര്‍ കുറ്റകൃത്യങ്ങളാണ്. ടി കുറ്റങ്ങള്‍ക്കെതിരേ http://www.cyber Archived 2013-07-11 at the Way back Machine. cell india.com എന്ന സൈറ്റിലൂടെയും പരാതിപ്പെടാം.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ ശല്യമുണ്ടായാല്‍ 9846200100 എന്ന നമ്പരില്‍ പരാതിപ്പെടുക. ബസ് യാത്രയ്ക്കിടയില്‍ ശല്യമുണ്ടായാല്‍ പോലീസില്‍ പരാതിപ്പെടാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യനിയമസഹായം നല്‍കുന്നതിനായി ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ എല്ലാ കോടതികളോടനുബന്ധിച്ചുമുണ്ട്. അവിടെ അന്വേഷിച്ച്, അപേക്ഷിച്ചാല്‍ സൗജന്യനിയമസഹായം ലഭിക്കും.
സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനും സ്ത്രീയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു സാമൂഹികക്രമം കൊണ്ടുവരുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പല നിയമനിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:
ഇന്ത്യന്‍ ശിക്ഷാനിയമം
1. ബലാത്സംഗം (Rape) ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പില്‍ ബലാത്സംഗം നിര്‍വചിച്ചിരിക്കുന്നു. 376 (1)-ാം വകുപ്പില്‍ ബലാത്സംഗത്തിന്റെ ശിക്ഷ ഏറ്റവും കൂടിയത് ജീവപരന്ത്യം തടവും കുറഞ്ഞത് ഏഴു വര്‍ഷവുമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, 376(2)-ാം ഉപവകുപ്പുപ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ പത്തു വര്‍ഷമാക്കിയിരിക്കുന്നു.
2. മാനഭംഗം Outraging Modesty) ഇന്ത്യന്‍ ശിക്ഷാനിയമം 354-ാം വകുപ്പുപ്രകാരം മര്യാദലംഘനം നടത്തണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി ഒരു സ്ത്രീയുടെ ശരീരത്തു സ്പര്‍ശിച്ചാല്‍ രണ്ടു വര്‍ഷം തടവുശിക്ഷ ലഭിക്കും.
3. സ്ത്രീധനമരണം Dowry Death) ) ഇന്ത്യന്‍ ശിക്ഷാനിയമം 304-ാം വകുപ്പുപ്രകാരം വിവാഹത്തിനുശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ തീപ്പൊള്ളല്‍കൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലോ ഒരു സ്ത്രീയുടെ മരണം സംഭവിക്കുകയും മരണത്തിനു തൊട്ടുമുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടു ഭര്‍ത്താവോ ബന്ധുക്കളോ അവളെ പീഡിപ്പിച്ചിട്ടുണ്ടെന്നു കാണുകയും ചെയ്താല്‍ ആ മരണത്തെ സ്ത്രീധനമരണം എന്നു പറയാം. സത്രീധനമരണത്തിനു കുറ്റക്കാരായവര്‍ക്കു ജീവപര്യന്തം തടവുശിക്ഷവരെ ലഭിക്കാം. ശിക്ഷ ഏഴു വര്‍ഷത്തില്‍ കുറയാന്‍ പാടില്ല.
4. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത(Cruelty by husband or relatives of husband)
ഇന്ത്യന്‍ ശിക്ഷാനിയമം 498 (A) വകുപ്പില്‍ സ്ത്രീപീഡനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഒരു സ്ത്രീയുടെ ഭര്‍ത്താവോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ഏതെങ്കിലും ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്ക്കു വിധേയയാക്കുകയാണെങ്കില്‍ മൂന്നു വര്‍ഷത്തോളം വരുന്ന തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്നതാണ്.
5. ആളപഹരണവും തട്ടിക്കൊണ്ടുപോകലും (Kidnapping and Abduction) ഇന്ത്യന്‍ ശിക്ഷാനിയമം 366-ാം വകുപ്പുപ്രകാരം ഒരു സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുകയോ തട്ടിക്കൊണ്ടുപോകുകയോ അവളുടെ ഇഷ്ടത്തിനു വിപരീതമായി വിവാഹത്തിനോ ലൈംഗികവേഴ്ചയ്ക്കോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം
(തുടരും)