•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

മാനിക്കപ്പെടാതെ പോകുന്ന മനുഷ്യാവകാശങ്ങള്‍

ഡിസംബര്‍ 10
അന്താരാഷ്ട്ര മനുഷ്യാവകാശദിനം

മനുഷ്യാവകാശമെന്ന ആശയത്തിനു മാനവചരിത്രത്തോളം പഴക്കമുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു മുന്നേതന്നെ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ഡയോജനീസ് തുടങ്ങിയ ഗ്രീക്കുദാര്‍ശനികര്‍ തങ്ങളുടെ തത്ത്വസംഹിതകളില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ സനാതനമൂല്യങ്ങള്‍ക്ക് അടിക്കുറിപ്പെഴുതി കടന്നുപോയവരാണ്. വി. ഗ്രന്ഥങ്ങളില്‍ ഇസ്രായേല്‍ജനത്തിന്റെ ചരിത്രത്തില്‍ നിരവധിയിടങ്ങളില്‍ സത്യത്തിനും നീതിക്കുംവേണ്ടിയുള്ള പ്രവാചകന്മാരുടെ ഇടപെടലുകള്‍ കാണാന്‍ സാധിക്കും. മനുഷ്യമഹത്ത്വവും ധാര്‍മികമൂല്യങ്ങളും സംരക്ഷിക്കുവാന്‍ യേശു തന്റെ കാലഘട്ടത്തിലെ രാഷ്ട്രീയസംവിധാനങ്ങളെയും ഭരണാധികാരികളെയും വെല്ലുവിളിക്കുകയും വിമര്‍ശിക്കുകയും ചെയ്തതായി പുതിയ നിയമം സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍, എക്കാലവും എല്ലാ മതങ്ങളും മതനേതാക്കളും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലനിന്നിട്ടുള്ളവയാണ്. എന്നിരുന്നാലും മനുഷ്യാവകാശങ്ങള്‍  ഒരു മൗലികനിയമമായി ലോകമെമ്പാടും പ്രാബല്യത്തില്‍ വന്നത് ഇരുപതാം നൂറ്റാണ്ടിലാണ്.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയായിരുന്നു പൂര്‍വകാലങ്ങളില്‍ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളും അവകാശങ്ങളും. എന്നാല്‍, ഇന്ന് ശുദ്ധവായു, ശുദ്ധഭക്ഷണം, ശുദ്ധജലം, ഭവനം, ആരോഗ്യം, ചികിത്സ, വിദ്യാഭ്യാസം, സ്ത്രീപുരുഷസമത്വം, സ്ത്രീസുരക്ഷ, സഞ്ചാരസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ജോലിക്കനുസരിച്ചുള്ള വേതനം തുടങ്ങിയ നിരവധി ഘടകങ്ങള്‍ മനുഷ്യാവകാശങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, പുതിയ അവകാശങ്ങള്‍ രൂപപ്പെടുകയും അവ മനുഷ്യാവകാശങ്ങളായി അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിയമസംഹിതകള്‍ ഏറുന്നതനുസരിച്ച് നിയമലംഘനങ്ങളുടെ തോതും വര്‍ദ്ധിച്ചുവരുന്നു. സത്യസനാതനമൂല്യങ്ങള്‍ ഓരോ പൗരനും വ്യക്തിപരമായി സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമാണ് ജീവിതം സഫലവും ധന്യവുമായിത്തീരുന്നത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ നാസികള്‍ ലോകമെമ്പാടും നടത്തിയ മനുഷ്യാവകാശലംഘനങ്ങളും ജൂതര്‍ക്കെതിരായി  നടത്തിയ കൊടുംപാതകങ്ങളും തന്മൂലം വന്നു ഭവിച്ച പറഞ്ഞാലൊടുങ്ങാത്ത ദുരിതങ്ങളുമാണ് ആഗോള മനുഷ്യാവകാശപ്രഖ്യാപനത്തിനു വഴിതെളിച്ചത്. 1948 ഡിസംബര്‍ പത്ത് മനുഷ്യാവകാശദിനമായി ഐക്യരാഷ്ട്രസംഘടന തിരഞ്ഞെടുക്കുകയും ലോകരാജ്യങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടു ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു. 'ഇതു ലോകത്തിലെ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടിത്തറയാണ്' എന്നു പ്രഖ്യാപിച്ചുകൊണ്ടാണു മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം നടത്തിയത്.
1950 ജനുവരി 26 ന് നിലവില്‍വന്ന ഇന്‍ഡ്യന്‍ ഭരണഘടനയില്‍ മനുഷ്യാവകാശങ്ങളുടെ നിരവധി വകുപ്പുകളും ഉപവകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ രാജ്യത്ത് ഇന്നു നടക്കുന്ന അനീതിയും അഴിമതിയും അക്രമവും താങ്ങാവുന്നതിലധികം സംഘര്‍ഷവും ഭീതിയും ആശങ്കയുമാണു നല്‍കിക്കൊണ്ടിരിക്കുന്നത്.
ഓരോരുത്തര്‍ക്കും അര്‍ഹമായതു കൊടുക്കുകയെന്നതാണു നീതിക്കുള്ള നിര്‍വചനം. അപ്പോള്‍ അനീതിയെന്നതു മനുഷ്യാവകാശലംഘനമാണ്. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പല ഭരണപരിഷ്‌കാരങ്ങളും സാധാരണജനത്തിനു താങ്ങാവുന്നതല്ല. ഒരു വര്‍ഷം പിന്നിട്ട കര്‍ഷകസമരത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ആരു പരിഹാരം നല്‍കും? പൊലിഞ്ഞുപോയ അനേകരുടെ ജീവന് എന്തു വിലയാണു നല്കുക?
മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു പ്രവൃത്തിയും ഭരണഘടനാവിരുദ്ധമായിരിക്കുമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഫലത്തില്‍ എല്ലാം ജലരേഖകള്‍മാത്രം. ചില സമീപകാല സംഭവങ്ങള്‍ അതാണു വിളിച്ചറിയിക്കുന്നത്. അന്തരിച്ച സ്റ്റാന്‍ സ്വാമിയെന്ന വൈദികനെ കുറ്റം തെളിയിക്കപ്പെടാതെയും വിചാരണകൂടാതെയും ഭരണകൂടം കല്‍ത്തുറുങ്കിലാക്കി. പാര്‍ക്കിന്‍സണ്‍സ്, കാഴ്ചക്കുറവ്, വാതം തുടങ്ങിയ പലവിധ രോഗങ്ങളാല്‍ അവശനായിരുന്ന ഈ വയോധികനു ഭക്ഷണം കഴിക്കാന്‍ ഒരു സ്പൂണിനുവേണ്ടി കൈനീട്ടിയിട്ടും അതു നിഷേധിച്ച നിയമപാലകരുടെ നാടാണിത്. പ്രാഥമികസൗകര്യങ്ങളോ വേണ്ടത്ര ചികിത്സയോ പ്രായത്തിനുതക്ക പരിഗണനയോ ലഭിക്കാതെയുള്ള അദ്ദേഹത്തിന്റെ ദാരുണമരണം ഇന്ത്യാചരിത്രത്തില്‍ എക്കാലവും ഒരു കറുത്ത പാടായി അവശേഷിക്കും.
ക്രിസ്തുമതം ആസൂത്രിതമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ഒറീസ്സയിലും ഗുജറാത്തിലും കേരളത്തിലും അരങ്ങേറിയ മുന്‍കാലസംഭവങ്ങള്‍ പലതും നമ്മെ ഓര്‍മപ്പെടുത്തുന്നു. ഫാ. ടോം ഉഴുന്നാലിന്റെ തടവറവാസത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ മലയാളികള്‍ ഇന്നും മറന്നിട്ടില്ല. വാഴ്ത്തപ്പെട്ട സി. റാണി മരിയയും ഫാ. ജെയിംസ് കോട്ടായിലുമൊക്കെ രക്തസാക്ഷിത്വം വരിച്ചതു പാവങ്ങളും നിര്‍ദ്ധനരും നിരക്ഷരവുമായ ജനങ്ങള്‍ക്കിടയില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്ന ആരോപണത്തിന്റെ വെളിച്ചത്തിലാണ്.
മനുഷ്യവകാശം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭരണകൂടവും പൗരസമൂഹവും മനുഷ്യാവകാശസ്ഥാപനങ്ങളും മാധ്യമങ്ങളും വിദ്യാഭ്യാസവിചക്ഷണരും രംഗത്തു വരുകയും ജാതിമതവര്‍ഗലിംഗവിവേചനങ്ങള്‍ക്കെതിരേ പൊരുതുകയും, വിവേചനവും രണ്ടാംകിടപൗരത്വവും ഇല്ലായ്മ ചെയ്യുകയും വേണം. അവകാശങ്ങളെ പരസ്പരം ബഹുമാനിച്ചും കടമകളെ ഓര്‍മപ്പെടുത്തിയും സൗഹാര്‍ദത്തോടെ മുമ്പോട്ടു പോകുമ്പോഴാണ് എന്തെങ്കിലും ചെറുനന്മകള്‍ ഓരോരുത്തരിലും രൂപം കൊള്ളാന്‍ കാരണമാകുന്നത്. മനുഷ്യാവകാശനിയമഗ്രന്ഥം കാണാതെ പഠിച്ചതുകൊണ്ടോ അപഗ്രഥനം ചെയ്യുന്നതുകൊണ്ടോ ഒന്നും അവകാശങ്ങള്‍ ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയില്ല. അതു സാധിക്കണമെങ്കില്‍ ഓരോ പൗരനും സത്യവും നീതിയും ജീവിതാദര്‍ശമായി സ്വീകരിച്ചേ തീരൂ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)