കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നു സൂചിപ്പിച്ചുകൊണ്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കഴിഞ്ഞദിവസം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്
ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പൊതുകടം 32.07 ശതമാനമായി ഉയര്‍ന്നെന്നും മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് ഈ വര്‍ദ്ധനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ റവന്യൂവരുമാനത്തിന്റെ 21 ശതമാനവും ഉപയോഗിക്കുന്നത് വായ്പ തിരിച്ചടവിനാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മുന്‍വര്‍ഷത്തെക്കാള്‍ വര്‍ദ്ധിച്ചു. പലതരം നികുതികള്‍വഴിലഭിക്കുന്ന റവന്യൂ വരുമാനവും ചെലവും തമ്മിലുള്ള അന്തരം ഭീമമായി വര്‍ദ്ധിക്കുന്നു. ചെലവു കൂടുമ്പോഴാണ് കമ്മി വരുന്നത്, കമ്മി നികത്താന്‍ കടമെടുക്കുന്നു, കടത്തിന്റെ പലിശ കൊടുക്കാന്‍ വീണ്ടും കടമെടുക്കുന്നുണ്ടതുടങ്ങിയ പരാമര്‍ശങ്ങളാണ് സി എ ജി റിപ്പോര്‍ട്ടില്‍ നടത്തിയിരിക്കുന്നത്.
പെരുകുന്ന പൊതുകടം നിലവില്‍ എല്ലാ മാസവും കേരളം വാങ്ങിക്കൂട്ടുന്നത് ഏകദേശം മൂവായിരം കോടിയോളം രൂപയുടെ കടമാണ്. ഓരോ മലയാളിയുടെയും ബാധ്യത നിലവില്‍ ഒരു ലക്ഷം രൂപയോളമാണ്. സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ പകുതിയിലേറെ 2025 നകം കൊടുത്തുതീര്‍ക്കണമെന്നാണ് സി എ ജി 2018 ല്‍ കണ്ടെത്തിയത്. 71,698.62 കോടി രൂപയാണ് ഈ കാലയളവിനുള്ളില്‍ കൊടുത്തുതീര്‍ക്കേണ്ടി വരിക. ഇതുമൂലം വരുംവര്‍ഷങ്ങളില്‍ സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. വരുമാനമിടിയുകയും ചെലവേറുകയും ചെയ്യു
മ്പോള്‍ കമ്മിയുണ്ടാകുമെന്ന ലളിതമായ സാമ്പത്തികചിന്തതന്നെയാണ് കേരളത്തിലെ ഈ പ്രതിസന്ധിക്കു മുഖ്യമായ കാരണം.
2016-17 സാമ്പത്തികവര്‍ഷം കേരളത്തിന്റെ റവന്യൂവരുമാനം 75,612 കോടിയായി രുന്നു, ചെലവ് 91,096 കോടിയും. 15,484 കോടി അധികം ചെലവഴിച്ചു. 2015 - 2016 ല്‍ 69,033 കോടി വരവും 78,690 കോടി ചെലവുമാണ്. 9,657 കോടി അധികം കടം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റുപ്രകാരം 2021 - 2022 ലെ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് റവന്യൂവരവ് 1,30,981.06 കോടിയും റവന്യൂചെലവ് 1,47,891.18 കോടിയുമാണ്. 16,910.12 കോടിയാണ് റവന്യൂകമ്മി. കഴിഞ്ഞ വര്‍ഷമിത് 15,201.47 കോടിയായിരുന്നു. അതായത്, 1,708.65 കോടി രൂപയാണ് ഒരു വര്‍ഷംകൊണ്ട് റവന്യൂ കമ്മി കൂടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം പൊതുകടത്തില്‍ 1.02 ശതമാനമാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. 1956 നവംബര്‍ ഒന്നുമുതല്‍ 1991 വരെയുള്ള 35 വര്‍ഷത്തെ കേരളത്തിന്റെ ആകെ കടം 4,717 കോടി രൂപയായിരുന്നുവെങ്കില്‍ പിന്നീടുള്ള 30 വര്‍ഷംകൊണ്ട് പൊതു കടം 2,74,136 കോടി രൂപയില്‍ എത്തിയിരിക്കുന്നു. കേരളത്തിന്റെ റവന്യൂവരുമാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമ്പോഴാണ്
പൊതുകടം ഇങ്ങനെ ഭീമമായി പെരുകുന്നതെന്നതു ശ്രദ്ധേയമാണ്. 2015 - 2016 ല്‍ 69,033 കോടി രൂപയായിരുന്നു റവന്യൂവരുമാനമെങ്കില്‍ 2019 - 2020 ല്‍ അത് 90,225 കോടി രൂപയായിരിക്കുന്നു. എന്നാല്‍, ഈ റവന്യൂവരുമാനത്തിന്റെ 21 ശതമാനവും ചെലവഴിച്ചത് മുന്‍വായ്പകളുടെ പലിശ അടയ്ക്കുന്നതിനാണ്. 1956 ല്‍ നിലവില്‍ വന്ന സംസ്ഥാനത്ത് റവന്യൂ പ്രതിസന്ധി ആദ്യം ഉടലെടുത്തത് 1980-81 ലാണ്. 668 കോടി റവന്യൂ ചെലവുണ്ടായ ആ സാമ്പത്തികവര്‍ഷം 26 കോടി കമ്മിയുണ്ടായി.1981-82 ലും 1982-83 ലും ധനസ്ഥിതി വീണ്ടും മെച്ചപ്പെട്ടു. യഥാക്രമം 96 ഉം 27 ഉം കോടി വീതം മിച്ചമുണ്ടായി. അതിനുശേഷം കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ബജറ്റില്‍ മിച്ചമുണ്ടായിട്ടില്ല.
കിഫ്ബി എന്ന വെള്ളാന
സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്ന കേരള അടിസ്ഥാനസൗകര്യവികസനനിധി (കിഫ്ബി) കേരളത്തിന്റെ പൊതുകടം ഉയരുന്നതിന്റെ പ്രധാനപ്പെട്ട കാരണമായി ഈ റിപ്പോര്‍ട്ടിലും സി എ ജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കിഫ്ബിയുടെ വായ്പയും ചെലവും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബിയുടെയും ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ വായ്പയെടുക്കുന്ന കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെയും കണക്കുകള്‍ കൂട്ടിയാണ് സംസ്ഥാനത്തിന്റെ പൊതുകടം സി എ ജി നിര്‍ണ്ണയിച്ചിരിക്കുന്നത്. ബജറ്റില്‍ കിഫ്ബിയുടെ കണക്കുകള്‍ ഉള്‍പ്പെടുത്താതെ കടത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കുന്ന സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ സി എ ജി യുടെ റിപ്പോര്‍ട്ടിലൂടെ വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. 2018 - 2019 ലും സി എ ജി ഇത്തരം കണ്ടെത്തലുകള്‍ നടത്തിയിരുന്നെങ്കിലും തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ സി എ ജിക്ക് എതിരേ രംഗത്തുവരികയായിരുന്നു. മുമ്പു കേട്ടുകേള്‍വിയില്ലാത്തവിധം നിയമസഭയില്‍ മുഖ്യമന്ത്രിതന്നെ പ്രമേയം അവതരിപ്പിച്ച് ഭരണഘടനാസ്ഥാപനമായ സിഎ ജിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. സി എ ജിയുടെ പുതിയ റിപ്പോര്‍ട്ടിലും കിഫ്ബിക്കെതിരേ സമാനമായ ആരോപണങ്ങള്‍ വന്നതോടെ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുകയാണ്. കിഫ്ബി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സി എ ജി റിപ്പോട്ടില്‍ നടത്തിയിരിക്കുന്നത്.
കിഫ്ബി സംസ്ഥാനത്തിനു വലിയ ബാധ്യതയാണെന്നും മസാലബോണ്ട് പൊതുകടത്തിന്റെ ഭാഗം തന്നെയാണെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണഘടനാവ്യവസ്ഥ പാലിക്കാതെയാണ് കിഫ്ബി വായ്പ എടുക്കലെന്ന ഗുരുതരമായ ആരോപണവും സി എ ജി റിപ്പോര്‍ട്ടിലുണ്ട്. വിദേശകടമെടുപ്പിനുള്ള അധികാരം കേന്ദ്രത്തിനു മാത്രമാണ്. അതുകൊണ്ടുതന്നെ കേരളം നടത്തിയത് ഭരണഘടനാവ്യവസ്ഥകളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു. 64,338 കോടി രൂപയുടെ 918 പദ്ധതികള്‍ക്കാണ് കിഫ്ബി ബോര്‍ഡ് നാളിതുവരെ ധനാനുമതി നല്‍കിയിട്ടുള്ളത്. ഈ തുകയുടെ തിരിച്ചടവ് എല്ലാം ഭാവിയില്‍ പെരുകുമ്പോള്‍ സംസ്ഥാനത്തിനു ഭാരിച്ച ബാധ്യതയാവും വരാന്‍ പോകുന്നത്. നവംബര്‍ 11 ന് കിഫ്ബി ദിനത്തില്‍ത്തന്നെയാണ് കിഫ്ബിക്കെതിരായ രൂക്ഷപരാമര്‍ശങ്ങള്‍ അടങ്ങിയ സി എ ജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
കേരളത്തിന്റെ പൊതുകടം ഭീമമായി കുതിച്ചുകയറിയതിന്റെ പിന്നില്‍ കിഫ്ബി വഴിയുള്ള കടമെടുപ്പ് മുഖ്യകാരണമായി എന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കിഫ്ബിവഴി കടമെടുത്ത തുകകൂടി ആകെ പൊതുകടത്തിന്റെ കൂടെക്കൂട്ടുമ്പോള്‍ കേന്ദ്രം നിഷ്‌കര്‍ഷിച്ച കടമെടുപ്പുപരിധിക്കു മുകളിലേക്കു പ്രതിവര്‍ഷം കേരളത്തിന്റെ പൊതുകടമെടുപ്പു പരിധി നീങ്ങുന്നതായി കാണാം. സാമ്പത്തികമായി ലാഭകരമല്ലെന്നു നീതി ആയോഗും കേന്ദ്ര സര്‍ക്കാരും വിലയിരുത്തിയ സില്‍വര്‍ ലയിന്‍ പദ്ധതിക്ക് കിഫ്ബിവഴി ധനസമാഹരണം നടത്തുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കിഫ്ബിയെ മുന്‍നിറുത്തിയുള്ള അശാസ്ത്രീയമായ സാമ്പത്തിക മിസ്മാനെജ്‌മെന്റിന് ഏറ്റവും നല്ല ഉദാഹരണമാണ്.
വേണ്ടത് ഇച്ഛാശക്തിയുള്ള നടപടികള്‍
കടക്കെണിയില്‍ അക്ഷരാര്‍ത്ഥത്തില്‍ മുങ്ങിത്താഴുകയാണ് കേരളം. അഞ്ചു വര്‍ഷംമുമ്പ് ഒന്നര ലക്ഷം കോടിയായിരുന്ന പൊതുകടം ഇപ്പോള്‍ ഇരട്ടിയോടടുക്കുന്നു. കടമെടുപ്പ് ഇങ്ങനെ പോയാല്‍ അടുത്ത മൂന്നു കൊല്ലംകൊണ്ട് നാലുലക്ഷം കോടിയിലേക്ക് എത്തുമെന്നാണ് ധനകാര്യവകുപ്പുതന്നെ കണക്കുകൂട്ടിയിരിക്കുന്നത്. പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുവേണ്ടിവരുന്ന തുക മാത്രം അടുത്ത രണ്ടു വര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി കടക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. 2020 - 2021 ല്‍ 67,807.66 കോടിയാണ് ഈയിനത്തില്‍ ചെലവ്. 2021 - 2022 ല്‍ ഇത് 84,883 കോടിയായും 2022-23 ല്‍ 95,950 കോടിയായും 23-24 ല്‍ 23-24 ല്‍ 1,04,354 കോടിയായും ഉയരുമെന്നു കണക്കുകൂട്ടുന്നു. 2026 മാര്‍ച്ചിനകം മുന്‍വര്‍ഷങ്ങളില്‍ എടുത്ത കടത്തില്‍ 81,056.92 കോടി മടക്കി നല്‍കേണ്ടതുണ്ട്. അതിനു വീണ്ടും വീണ്ടും കടമെടുക്കുകയല്ലാതെ മറ്റൊരു വഴിയും തല്‍ക്കാലം കേരളത്തിനുമുമ്പിലില്ല. നികുതിവരുമാനം 20 ശതമാനം കണ്ട് വര്‍ധിപ്പിക്കുമെന്നായിരുന്നു ഒരോ ബജറ്റിലെയും പ്രഖ്യാപനം. പക്ഷേ, പത്തു ശതമാനത്തിനപ്പുറത്തേക്ക് ഒരു വര്‍ഷവും കടന്നില്ല. പിന്നെ ആകെയുള്ള പ്രതീക്ഷ ജി എസ്റ്റിയിലാണ്. പക്ഷേ, അതിന് കേന്ദ്രത്തിന്റെ കനിവുണ്ടാകണം. പക്ഷേ, നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ജി എസ് റ്റി വരുമാനത്തിലുള്ള വര്‍ധനകൊണ്ടുമാത്രം കഴിയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുള്ള നടപടികള്‍ ഉണ്ടാകണം. അല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നത്.