രമ്യ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വരുമ്പോള്‍ ബസ് സ്റ്റോപ്പില്‍ മൊബൈല്‍ ഫോണില്‍ തോണ്ടിക്കൊണ്ടു നില്‍ക്കുന്ന പഴയ കൂട്ടുകാരിയെക്കണ്ട് വണ്ടി നിര്‍ത്തി.
പ്ലസ്ടൂവിന് ഒന്നിച്ചു പഠിച്ച സ്മിത. ആറു വര്‍ഷം മുമ്പ് പഠിക്കാന്‍ ചെന്നൈയിലേക്കു പോയ അവളെ പിന്നീട് ഇപ്പോഴാണു കാണുന്നത്.
''എടീ സ്മിതേ,'' രമ്യ സ്മിതയുടെ തോളത്തു തട്ടി. മൊബൈലില്‍നിന്നു കണ്ണെടുത്ത് സ്മിത ഞെട്ടിത്തിരിഞ്ഞുനോക്കി.
''ങ്‌ഹേ... രമ്യേ എത്ര നാളായെടീ കണ്ടിട്ട്?''
''പരിസരബോധമില്ലാതെ എന്താ മൊബൈലില്‍ ചെയ്‌തോണ്ടിരിക്കുന്നത്? വല്ല ചുറ്റിക്കളീം...''
സ്മിത നാണത്തോടെ ചിരിച്ചുകൊണ്ടു തലയനക്കിയിട്ടു പറഞ്ഞു: ''ഒരു മെസേജ്...''
''ആരാ കക്ഷി?''
''ഒരു ഫ്രീക്കനാ. മുള്ളന്‍പന്നീടെ മുള്ളുപോലെ മുടീം. ഒരു കാതില്‍ കമ്മലുമൊക്കെയിട്ട്...''
''ങ്‌ഹേ!... ഇതെങ്ങനെ ഒത്തെടീ... രണ്ടുപേര്‍ക്കും ഒരുപോലെ...''
''നീയെന്താ പറയുന്നത്? മനസ്സിലായില്ല.''
''നീ പറഞ്ഞ ലക്ഷണങ്ങളെല്ലാമുള്ള ഒരാള് എനിക്കുമുണ്ട്. ഞാന്‍ ഫോട്ടോ കാണിക്കാം.''
ഫോട്ടോ കണ്ട് സ്മിത ഞെട്ടി.
''എന്താടീ?''
''ഇവന്‍തന്നെയാ അവന്‍.''
പെട്ടെന്ന് രമ്യയുടെ ഫോണിലേക്ക് ഫ്രീക്കന്റെ കോള്‍ വന്നു. അവള്‍ സ്പീക്കറിലിട്ടു.
''ഹലോ.''
''രമ്യ ജോലി കഴിഞ്ഞിറങ്ങിയെങ്കില്‍ ബീച്ചില്‍വരെ വന്നാല്‍ ഒന്നു കണ്ടിട്ടുപോകാം. നമ്മള്‍ സ്ഥിരമായി കാണാറുള്ള സ്ഥലത്ത്.''
''ശരി.''
''ഞാനും വരുന്നു.'' സ്മിതയും അവളോടൊപ്പം സ്‌കൂട്ടറില്‍ കയറി. രണ്ടുപേരെയും ഒന്നിച്ചു കണ്ട ഫ്രീക്കന്‍ ഞെട്ടല്‍ മറച്ചുകൊണ്ടു ചോദിച്ചു: ''ഇതാരാ കൂട്ടുകാരിയാണോ?''
''ങ്...ഹാ.. നമുക്ക് ആളൊഴിഞ്ഞ സ്ഥലത്തേക്കു മാറിനിന്നു സംസാരിക്കാം.'' രമ്യ പറഞ്ഞു.
''അതുവേണോ?''
''അതല്ലേ നല്ലത്?''
അവന്‍ മടിച്ചുമടിച്ചു പുറകേ ചെന്നു. ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഒരിടത്തേക്ക്.
......
മുഖത്ത് നീരുമായി ആശുപത്രിയില്‍നിന്നു മടങ്ങിയ ഫ്രീക്കന്റെ വായില്‍ രണ്ടുവശത്തും ഈരണ്ടു പല്ലുകള്‍ കുറവുണ്ടായിരുന്നു.