കേരളസര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ അവാര്‍ഡു നേടിയ പി. വത്സലയുടെ എഴുത്തുവഴികളെക്കുറിച്ച്
മലയാളസാഹിത്യത്തിലെ തിളങ്ങുന്ന ഒരു നക്ഷത്രമാണ് പി. വത്സല. കഥകളിലൂടെയും നോവലുകളിലൂടെയും മലയാളഭാഷയില്‍ തന്റേതായ ഒരു ഇടം അവര്‍ നേടിയെടുത്തു. 1938 ഏപ്രില്‍ നാലിന് കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടെയും മകളായി കോഴിക്കോടായിരുന്നു ജനനം. കുഞ്ഞുന്നാളില്‍ മുത്തശ്ശി പറഞ്ഞുകൊടുത്തിരുന്ന കഥകളും അവരോടൊപ്പം നടത്തിയിരുന്ന യാത്രകളും വത്സലയെ സാഹിത്യത്തിന്റെ മേച്ചില്‍പ്പുറങ്ങളിലേക്കു നയിച്ചു.
കൂട്ടുകുടുംബവ്യവസ്ഥിതിയിലെ പരസ്പരസഹകരണമനോഭാവം നിറഞ്ഞുനിന്ന ബാല്യകാലത്ത് സ്വന്തം തറവാട്ടിന്‍നിന്ന്, കുടികിടപ്പുകാരുള്‍പ്പെടെയുള്ള അയല്‍പക്കക്കാര്‍ക്കു നല്കിയിരുന്ന ഭക്ഷണം, ദാരിദ്ര്യം അനുഭവിച്ചിട്ടില്ലെങ്കിലും അതു കണ്ടറിയാന്‍ വത്സലയ്ക്ക് അവസരമൊരുക്കി. അച്ഛനും അമ്മാവന്മാരും കൊച്ചച്ഛന്മാരുമുള്‍പ്പെടുന്ന, വയനാട്ടില്‍ വിവിധ ജോലികള്‍ക്കായി പോയിരുന്ന കുടുംബാംഗങ്ങള്‍ കൊണ്ടുവന്നിരുന്ന ഭക്ഷണസാധനങ്ങളാണ് ഇങ്ങനെ പങ്കുവച്ചിരുന്നത്. ഭക്ഷണത്തില്‍ക്കൂടിയാണ് നാടിനെ തിരിച്ചറിഞ്ഞത് എന്നുതന്നെ പറയാം. ഇതെല്ലാം വത്സലയെ എഴുത്തിന്റെ വഴികളിലേക്കു നയിച്ചു.
മൂന്നാം ക്ലാസ്സുമുതല്‍ വായിച്ചുതുടങ്ങിയ വത്സലയ്ക്കു നിരവധി പുസ്തകങ്ങള്‍ 'ദേശപോഷിണി'യില്‍നിന്ന് അമ്മാവന്‍ എത്തിച്ചുനല്‍കിയിരുന്നു. കൂടാതെ, അയല്‍പക്കത്തെ വീട്ടില്‍ ബയന്റിങ്ങിനായി കൊണ്ടുവന്നിരുന്ന ലൈബ്രറിയിലെ പഴയ പുസ്തകങ്ങളും വായിച്ചുതീര്‍ത്തു. അക്കാലത്ത് വായനയില്‍നിന്ന് എഴുത്തിലേക്കു തിരിഞ്ഞത് യാദൃച്ഛികമായിട്ടായിരുന്നു. നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, മലാപ്പറമ്പിലെ 'ദേശോദ്ധാരണി' വായനശാലയിലെ 'കൈയെഴുത്തുമാസിക'യില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനായി ഭാരവാഹികള്‍ വത്സലയെ സമീപിച്ചു. പിന്നീട് ലേഖനങ്ങളും കഥകളും കവിതകളുമുള്‍പ്പടെ 'കൈയെഴുത്തുമാസിക'യുടെ മുഴുവന്‍ ചുമതലയും ഏറ്റെടുക്കുന്നതിലേക്കെത്തി. എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എം.എന്‍. സത്യാര്‍ത്തിയുമായുള്ള പരിചയവും വത്സലയെ എഴുത്തിലേക്കു നയിച്ചു.
കോളജില്‍ പഠിക്കുന്ന കാലത്താണ് കെ. സുരേന്ദ്രന്റെ നോവലുകളുടെ ഒരു പഠനം എഴുതിയത്. ഇത് സമീക്ഷ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചുവന്നതിനെത്തുടര്‍ന്ന് നിരൂപണങ്ങളിലേക്കു തിരിഞ്ഞു. പൊറ്റെക്കാട്ടിന്റെ 'തെരുവിന്റെ കഥ'യ്‌ക്കെഴുതിയ ആദ്യനിരൂപണം പ്രപഞ്ചം മാസികയില്‍ പ്രസിദ്ധീകരിച്ചുവന്നു. ഇതു കണ്ട എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമിയിലേക്കു പുസ്തകനിരൂപണങ്ങള്‍ക്കായി സമീപിച്ചു. മാതൃഭൂമിയില്‍ നിരൂപണങ്ങളെഴുതിത്തുടങ്ങിയപ്പോഴാണ് എന്തുകൊണ്ട് തനിക്ക് സ്വന്തമായി ഒരു കഥ എഴുതിക്കൂടാ എന്ന ആശയം വത്സലയില്‍ ദൃഢമായത്. അങ്ങനെ ആദ്യത്തെ കഥ 'കിളിക്കൂട്' പുറത്തുവന്നു. പിന്നീട് പൂര്‍ണ്ണാ പബ്ലിക്കേഷന്‍സിനുവേണ്ടി ആദ്യമായി ഒരു നോവല്‍ എഴുതി -'തകര്‍ച്ച'. ഒരു സാധാരണ കുടുംബകഥ.
രണ്ടാമത്തെ നോവലാണ് നെല്ല്. ഒരു പ്രത്യേക നിര്‍വചനത്തില്‍ ഒതുങ്ങിനില്‍ക്കാത്ത നോവലാണ് നെല്ല്. വയനാട്ടിലെ തിരുനെല്ലിയിലെ ആദിവാസികളുടെ ജീവിതകഥ പറയുന്ന നോവല്‍. ഒരു ജനതയുടെ ജീവിതം അതിന്റെ എല്ലാ സങ്കീര്‍ണതകളോടുംകൂടി ഇതില്‍ അവതരിപ്പിക്കുന്നു. ആദിവാസികള്‍, ദളിതര്‍ തുടങ്ങി അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതയാഥാര്‍ഥ്യങ്ങളിലൂടെ കയറിയിറങ്ങാന്‍ ഈ നോവലിലൂടെ വായനക്കാര്‍ക്കു കഴിഞ്ഞു. വയനാട്ടില്‍ താമസിച്ച്, അവിടത്തെ ആദിവാസി ഊരുകളില്‍ ചുറ്റിനടന്ന് അവരുടെ ചരിത്രം, ഭൂമിശാസ്ത്രം, ഐതിഹ്യങ്ങള്‍, നാട്ടറിവുകള്‍, പുരാവൃത്തങ്ങള്‍ എല്ലാം നന്നായി പഠിച്ചിട്ടായിരുന്നു ആ രചന. ആദിവാസികളുടെ ജീവിതം മാത്രമല്ല, ഇതരസമുദായങ്ങളുടെ സാമൂഹികസാഹചര്യങ്ങളുംകൂടി ഇതില്‍ കടന്നുവരുന്നുണ്ട്.
തന്റെ ജീവിതചുറ്റുപാടുകളും അവയില്‍ വിലയിച്ചുകിടക്കുന്ന അനുഭവങ്ങളുമാണ് വത്സലയുടെ നോവലുകളുടെയും കഥകളുടെയും അകക്കാമ്പ്. അവരുടെ കഥാപാത്രങ്ങളെല്ലാം സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. വയനാട്ടിലെ ജീവിതം മൂന്നു നോവലുകളെഴുതാന്‍ അവരെ സഹായിച്ചു - നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി. വയനാട്ടിലെ രാഷ്ട്രീയമാറ്റത്തിനു വഴിതെളിച്ച സംഭവപരമ്പരകളുമായി ബന്ധപ്പെട്ട നോവലാണ് ആഗ്നേയം. ഇത് സഖാവ് വര്‍ഗീസിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പരിസ്ഥിതിനാശവുമായി ബന്ധപ്പെടുത്തിയെഴുതിയ നോവലാണ് കൂമന്‍കൊല്ലി. വയനാട്ടിലെ രാഷ്ട്രീയപരവും പാരിസ്ഥിതികവുമായ കാര്യങ്ങളെക്കുറിച്ചും റ്റീച്ചര്‍ ആശങ്കപ്പെട്ടിരുന്നു എന്ന് ഈ നോവലുകളില്‍നിന്നെല്ലാം മനസ്സിലാക്കാം. കാലത്തിലേക്കു തിരിച്ചുപിടിച്ച കണ്ണാടിയാണ് റ്റീച്ചറുടെ ഓരോ രചനയും.
സ്ത്രീയെഴുത്തെന്നോ പെണ്ണെഴുത്തെന്നോ സംബോധന ചെയ്യപ്പെടാത്ത കാലത്തിന്റെ എഴുത്തുകാരിയാണ് വത്സല. തന്റെ കഥകളെല്ലാം ഒരു പുരുഷനായിരുന്നു എഴുതിയിരുന്നതെങ്കില്‍ അവരുടെ തലേവരതന്നെ മാറിപ്പോകുമായിരുന്നു എന്ന് വത്സലറ്റീച്ചര്‍ പറഞ്ഞിട്ടുണ്ട്. ഒരുപാടു പരിമിതികളില്‍ സ്ത്രീകള്‍ ഒതുങ്ങിപ്പോയിരുന്ന ഒരു കാലഘട്ടത്തിന്റെ എഴുത്തുകാരിയാണ് അവര്‍.
ആദ്യമെല്ലാം ഗ്രാമത്തിന്റെ കഥ പറഞ്ഞ വത്സലറ്റീച്ചര്‍ പിന്നീട് നഗരജീവിതത്തിലൂടെയും കടന്നുപോയി. മനുഷ്യവേദനകള്‍ രണ്ടിടത്തും വ്യത്യസ്തമല്ലെന്നുള്ള യാഥാര്‍ത്ഥ്യം കഥകളിലൂടെ നമുക്ക് അനുഭവിപ്പിച്ചുതരുന്നു. എത്ര കൊടിയ വേദനയിലൂടെ കടന്നുപോയാലും അവരുടെ കഥാപാത്രങ്ങള്‍ സ്വാതന്ത്ര്യബോധമുള്ളവരും അടിയറവയ്ക്കാത്ത ആശയങ്ങളിലും അവകാശങ്ങളിലും അടിയുറച്ചവരുമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ എഴുത്തും അവരും ഒന്നുതന്നെയാണെന്നു പറയാം. ''എത്രയോ കഥകളും നോവലുകളും എഴുതിയ ആളാണെങ്കിലും ഇപ്പോഴും എനിക്കു സംശയം, കഥാപാത്രങ്ങളേതാണ്? യഥാര്‍ത്ഥത്തിലുള്ള മനുഷ്യരേതാണ്? ഞാന്‍ സ്വന്തമായി അനുഭവിച്ചതെന്താണ്? മറ്റുള്ളവര്‍ അനുഭവിച്ചതെന്താണ്? ഈ ഒരു വ്യത്യാസം മാഞ്ഞുപോകുന്നവിധത്തില്‍ ജീവിതവും എഴുത്തും ഒന്നായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് എന്റെ അനുഭവം...''
റ്റീച്ചറുടെ എഴുത്തുജീവിതം അവസാനിക്കുന്നില്ല. അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മണ്ണിന്റെ മണമുള്ള കഥകളോടൊപ്പം നടക്കുന്ന വായനക്കാരുടെ മനസ്സില്‍ വര്‍ണവിസ്മയങ്ങള്‍ ഉണര്‍ത്തിക്കൊണ്ടേയിരുന്നു.
കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് സ്‌കൂളില്‍ പ്രധാനാധ്യാപികയായി റിട്ടയര്‍ ചെയ്ത വത്സലറ്റീച്ചര്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷ, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയറക്ടര്‍ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍: എന്റെ പ്രിയപ്പെട്ട കഥകള്‍, മരച്ചോട്ടിലെ വെയില്‍ച്ചീളുകള്‍, ഗൗതമന്‍, മലയാളത്തിന്റെ സുവര്‍ണകഥകള്‍, അശോകനും അയാളും, വേറിട്ടൊരു അമേരിക്ക, വത്സലയുടെ സ്ത്രീകള്‍, മൈഥിലിയുടെ മകള്‍, പേമ്പി, ആദിജലം, നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി, വിലാപം, നിഴലുറങ്ങാത്ത വഴികള്‍, വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍, പോക്കുവെയില്‍ പൊന്‍വെയില്‍, എരണ്ടകള്‍.
പുരസ്‌കാരങ്ങള്‍: കുങ്കുമം അവാര്‍ഡ് (നെല്ല്), കേരളസാഹിത്യ അക്കാദമി പുരസ്‌കാരം (നിഴലുറങ്ങാത്ത വഴികള്‍), സി.എച്ച്. അവാര്‍ഡ്, കഥ അവാര്‍ഡ്, പത്മപ്രഭാപുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം.