അമ്മമലയാളം എന്ന് ഓരോ മലയാളിയും സ്‌നേഹാദരവുകളോടെ വിളിക്കുന്ന കൈരളിയുടെ ആദ്യത്തെപ്പേര് അമ്പിളിഭാഷ എന്നായിരുന്നുവത്രേ. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ചു പള്ളികൊള്ളുകയാണ് അമ്മ. ഈ കല്പവൃക്ഷവാടിയിലെ നെല്‍വയലുകളില്‍ ഓളമിടുന്ന മന്ദാനിലന്റെ സംഗീതമുണ്ടായിരുന്നു. അന്നൊക്കെ നമ്മുടെ കാരണവന്മാര്‍ക്ക് മലനാട് ഭൂമിമലയാളമായിരുന്നു.
തേനുലാവുന്ന പദങ്ങള്‍... വാരിധിയിലെ തിരമാലപോലെ അലഞ്ഞുലഞ്ഞ് പതഞ്ഞിളകുന്ന വാക്കുകള്‍..
കനകച്ചിലങ്ക കിലുക്കുന്ന വരവര്‍ണിനിയായ ചാരുകേരളഭാഷ...! ഈ മലയജസൗഗന്ധികനിലാവിലാണ് നാഴിയിടങ്ങഴി മണ്ണിനോടിഷ്ടമുള്ള അമ്മമാര്‍ പിച്ചപ്പിച്ച നടത്തിയ ഓമനത്തിങ്കള്‍ക്കിടാവിനെ ഉറക്കാന്‍ കവികള്‍ താരാട്ടുപാടിയത്. കല്യാണിയും കളവാണിയുമായ, മാണിക്യച്ചെമ്പഴുക്കക്കുലകള്‍ തോരണം ചാര്‍ത്തിയ മലയാളം. പച്ചക്കദളിക്കുലകള്‍ക്കിടയ്ക്ക് മെച്ചത്തില്‍ നന്നായ് പഴുത്ത പഴങ്ങളും ചേര്‍ന്നപോലെ മണിപ്രവാളമായ ചാരുകേരളമഞ്ജുളവാണി.
കളമൊഴി നറുമൊഴിയമ്മമൊഴി
കിളിമൊഴി, വരമൊഴി, സ്‌നേഹമൊഴി
കളിമൊഴി, പുലര്‍മൊഴി, യിമ്പമൊഴി
കുളിര്‍മൊഴി, മലര്‍മൊഴി, കാവ്യമൊഴി
സുഖമൊഴി, നലമൊഴി, നാട്ടുമൊഴി
മുഖമൊഴി, നിറമൊഴി, സത്യമൊഴി.
അലതന്‍ മടുമൊഴി മലയാളം
രസനയ്ക്കിമ്പം പുതുതാളം
മലനാടിന്‍ നാവടയാളം
മണിമുത്താണെന്‍ മലയാളം.
ഇപ്പോള്‍ മലയാളിയുടെ മനസ്സിലൊരു ശങ്കയുണ്ട്. മലയാളം മരിക്കുകയാണോ..? വിരുന്നു വന്നവരോട് കടം വാങ്ങിയും വേണ്ടത്ര ദാനം ചെയ്തുമാണ് അമ്മ വളര്‍ന്നത്. എഴുതുമ്പോഴും സംസാരിക്കുമ്പോഴും ഏതു മലയാളിക്കും അര്‍ത്ഥം പറഞ്ഞുകൊടുക്കാതെ വ്യക്തമാവുന്ന എല്ലാ അന്യഭാഷാപദങ്ങളും മലയാളമാണ്. പണ്ഡിതര്‍ക്കുപോലും മനസ്സിലാകാത്ത തരത്തില്‍ ഭരണഭാഷാപദങ്ങള്‍ സൃഷ്ടിക്കുന്ന വിചക്ഷണന്മാരാണ് യഥാര്‍ത്ഥ ഭാഷാഗുണ്ടകള്‍. ആരൊക്കെ എന്തൊക്കെ ഹേമദണ്ഡങ്ങള്‍ ഏല്പിച്ചാലും, എന്റെ മലയാളം മരിക്കില്ല. അമ്മിഞ്ഞപ്പാലിനും അമ്പിളിമാമനും മരണമുണ്ടോ? ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതരാവാനും കേരളമെന്നുകേട്ടാല്‍ ചോര നെഞ്ചില്‍ത്തിളയ്ക്കാനും പഠിപ്പിച്ചതാണമ്മ. പാടിപ്പതിഞ്ഞ പഴങ്കഥകളും നാവില്‍ നാഴൂരി സംഗീതം നട്ടുവളര്‍ത്തിയ നാടന്‍പാട്ടുകളും കേട്ടാല്‍ കൊതിതീരാത്ത കടംകഥകളും തേനൂറും പഴഞ്ചൊല്ലുകളും ആഭരണങ്ങളാക്കി അണിഞ്ഞൊരുങ്ങിയ കാവ്യനര്‍ത്തകിയാണ് എന്റെ മലയാളം.
ആശയപ്രകാശനത്തിനു മാതൃഭാഷയോളം പരഭാഷകള്‍ ഉപകരിക്കില്ല. അമ്മിഞ്ഞയ്‌ക്കൊപ്പം മലയാളിമനസ്സില്‍ അലിഞ്ഞുചേര്‍ന്നതാണ് അമ്മഭാഷയും.
തപ്പോം തപ്പോം തപ്പാണി
ചെപ്പുകുടുക്കയിലെന്തുണ്ട്?
എന്നു മുത്തശ്ശിയോട് കടം പറഞ്ഞു കളിക്കാനും കൈകൊട്ടിച്ചിരിക്കാനും കൂട്ടാന്‍ കുറവെന്നു തോന്നിയാല്‍ വഴക്കിടാനും പിന്നെ പൂത്താങ്കീരി കളിച്ച് കൊതിപറയാനും നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ കൂട്ടുകാരോടു പറഞ്ഞ് തലക്കനമുണ്ടാക്കാനും എനിക്കെന്റെ ഭാഷവേണം. തറയില്‍ കൈപ്പത്തികള്‍ കമഴ്ത്തി വച്ച് 'അത്തളപിത്തള' എണ്ണാനും 'അക്കു ത്തിക്കുത്താന'കളിക്കാനും കരയാനും പിണങ്ങാനും എനിക്ക് എന്റെ ഭാഷവേണം. പൂവിനോടും കിളിയോടും മണ്ണിനോടും മരത്തോടും തുമ്പിയോടും തുമ്പയോടും പുഴയോടും കാറ്റിനോടും കിന്നരിക്കാനും കലഹിക്കാനും എനിക്കെന്റെ ഭാഷവേണം. ആറു നാട്ടില്‍ നൂറാണു ഭാഷയെങ്കിലും അമ്മയെന്ന ഒരൊറ്റ അക്ഷരമായി ഭാഷ പൊലിക്കുന്നതങ്ങനെയാണ്.
ഏതൊരാള്‍ക്കും മാതൃഭാഷയിലാണു ചിന്തിക്കാന്‍ കഴിയുന്നത്. അന്യഭാഷയില്‍ സംസാരിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ തല്‍സമയം പരിഭാഷയും നടക്കുന്നുണ്ട്. ഇംഗ്ലീഷ് തുടങ്ങിയ മറ്റു ഭാഷകള്‍ അറിയുന്നതും കൈകാര്യം ചെയ്യാന്‍ കഴിയുന്നതും നേട്ടമാണ്. എല്ലാ ഭാഷയും മനുഷ്യന്റെ സമ്പത്താണ്. മാതൃഭാഷ നന്നായി അറിയുന്നവര്‍ക്കേ അന്യഭാഷയും നന്നായി ഉപയോഗിക്കാനാവൂ. എന്നാല്‍, ആവശ്യത്തിനും അനാവശ്യത്തിനും പുട്ടിനു തേങ്ങയിടുന്നതുപോലെ ഇംഗ്ലീഷ് കൂട്ടിക്കലര്‍ത്തി മംഗ്ലീഷ് ഫാഷനുണ്ടാക്കി അമ്മയെ അപമാനിക്കരുത്. തോലന്റെ പനസിദശായാം ഓര്‍മിപ്പിക്കരുത്. കൊതിതീരുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ,
അടിയനിനിയുമുണ്ടാമൊരു ജന്മമെന്നാലതു-
മടിമുതല്‍ മുടിയോളം നിന്നിലാവട്ടെ തായേ
എന്നു വിതുമ്പിയവരെയും ചവിട്ടിത്തള്ളരുത്. അമ്മ മഴക്കാറിനു കണ്‍നിറയുന്നതപ്പോഴാണ്.
വാമൊഴിയായും വരമൊഴിയായും എപ്പോഴും മലയാളിയോടൊപ്പമുള്ള നമ്മുടെ മാതൃഭാഷ, ശ്രേഷ്ഠഭാഷാപദവി നേടിയത് ഓരോ മലയാളിക്കും അഭിമാനമാണ്. വിചക്ഷണന്മാരുടെ വികലതയില്ലാത്ത മലയാളം ഭരണതലത്തിലും ശീലമാക്കേണ്ടത് നമ്മുടെ കടമയുമാണ്. പിച്ചവെച്ചും നടന്നും വീണും ഓടിയും ഭാഷ വളരുകയാണണ്. ഈ അമ്മയുടെ വാത്സല്യവും സ്‌നേഹവും പരിലാളനയുമേറ്റാണ് നാളികേരത്തിന്റെ നാട്ടിലുള്ളവര്‍ വളരേണ്ടത്. ഇനിയുമിനിയും നാഴൂരിപ്പാലുകൊണ്ട് നാടാകെക്കല്യാണമാക്കും നിലാവുപെയ്യുന്ന കേരളത്തിന്റെ സ്‌നേഹഭാഷയുടെ തൃപ്പതാകകള്‍,
പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ.
''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍.''