ഡാമുകളെക്കുറിച്ചുള്ള വായനയില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഭീതിപ്പെടുത്തുന്ന ഒരു പ്രസ്താവനയുണ്ട്: 'എല്ലാ ഡാമുകളും പൊട്ടേണ്ടിയിരിക്കുന്നു' എന്നതാണത്. കാരണം, ഡാമുകളെല്ലാം മനുഷ്യനിര്‍മിതമാണ്. അതുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ സ്വാഭാവികമോ കൃത്രിമമോ ആകാം എന്നു മാത്രം. ഒരു ഡാമിന്റെ ശരാശരി ജീവിതകാലയളവ് 50 മുതല്‍ 100 വര്‍ഷങ്ങള്‍വരെയാണ്. അമേരിക്കയില്‍ 1900-2020 കാലഘട്ടത്തിനിടയ്ക്ക് ഏകദേശം തൊള്ളായിരത്തിലധികം ഡാമുകളാണ് നീക്കം ചെയ്തത്. നോച്ച് ആന്‍ഡ് റിലീസ് സമീപനം, റാപ്പിഡ് റിലീസ് സമീപനം, ഡിഗ് ആന്‍ഡ് ഡീവാട്ടര്‍ സമീപനം, റീറ്റെയ്‌സ് സെസിമെന്റ് സമീപനം തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ അവസരോചിതമായി ഉപയോഗിച്ചുവരുന്നു. വളരെയധികം പണച്ചെലവുള്ള പ്രക്രിയയാണിത്. പ്രത്യേകിച്ച്, പരിസ്ഥിതിസൗഹൃദത്തിലൂന്നി നടപ്പാക്കുമ്പോള്‍!
നിര്‍മിക്കാനുപയോഗിച്ച വസ്തുവിന്റെ (സുര്‍ക്കി) പ്രത്യേകത, സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഘടന (ഹൈറേഞ്ച്), ഭൂകമ്പസാധ്യതാപ്രദേശം തുടങ്ങിയ രീതിയിലൊക്കെ ലക്ഷക്കണക്കിനു മനുഷ്യരെ മരണഭീതിയിലാഴ്ത്തിയിരിക്കുന്ന ഒരു ഡാമാണ് ഇന്നു വാര്‍ത്തകളില്‍ നിറയുന്ന മുല്ലപ്പെരിയാര്‍ ഡാം, 1895 ല്‍ നിര്‍മിക്കപ്പെട്ട ഡാം 126 വര്‍ഷങ്ങളുടെ പഴക്കത്തിലെത്തി, എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഒരു ബോംബു കണക്കെ മനുഷ്യജീവനുഭീഷണി ഉയര്‍ത്തുന്നു. ഋമരവ ഉമാ ശ െമ ആീായ എന്ന വാക്യത്തിനിന്നു പ്രസക്തിയേറുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തു ശ്രദ്ധേയമായ 200 അണക്കെട്ടുദുരന്തങ്ങള്‍ നടന്നുകഴിഞ്ഞു. തുടച്ചുനീക്കപ്പെട്ടതോ ലക്ഷക്കണക്കിനാളുകള്‍! മനുഷ്യവാസരഹിതമായ വനങ്ങള്‍ക്കുള്ളിലെ അണക്കെട്ടുദുരന്തങ്ങളെക്കുറിച്ച് ചര്‍ച്ചകളുണ്ടാകാറില്ല, മനുഷ്യജീവന് അപകടമില്ല എന്ന കാരണത്താല്‍ത്തന്നെ. എന്നാല്‍, പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതങ്ങള്‍ ഗൗരവമായെടുക്കേണ്ടതുണ്ട്. 2021 ഫെബ്രുവരി 7-ാം തീയതി ഉത്തരാഖണ്ഡില്‍ 200 പേരുടെ മരണത്തിനിടയാക്കിയ അണക്കെട്ടുദുരന്തം ഒരു സൂചനയാണ്. 1975 ല്‍ ചൈനയില്‍ ഉണ്ടായ ദുരന്തമാണ് ഏറ്റവും വലിയ അണക്കെട്ടുദുരന്തമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുപ്പതു നഗരങ്ങളടക്കം 12000 സ്‌ക്വയര്‍ കിലോമീറ്ററില്‍ ഞൊടിയിടയില്‍ ജലം അതിന്റെ സംഹാരതാണ്ഡവം നടത്തിയപ്പോള്‍ നഷ്ടമായത് 2,40,000 വിലപ്പെട്ട മനുഷ്യജീവിതങ്ങള്‍! ഈ മഹാദുരന്തത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത് 1990 ല്‍ പ്രസിദ്ധീകരിച്ച ഠവല ഏൃലമ േളഹീീറ െശി ഇവശിമ' െഒശേെീൃ്യ എന്ന പുസ്തകത്തിലൂടെയാണ്.
വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും വ്യവസായ, ഗാര്‍ഹിക, കൃഷിയാവശ്യങ്ങള്‍ക്കുംവേണ്ടിയാണ് പൊതുവേ ഡാമുകള്‍ നിര്‍മിക്കുന്നത്. ഓരോ അണക്കെട്ടുനിര്‍മാണവും പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്. ജൈവവൈവിധ്യത്തിന്റെ നഷ്ടം വിലയിരുത്താനാകുന്നതല്ല. സമയാസമയങ്ങളിലുള്ള പരിപാലനം അത്യന്താപേക്ഷിതമാണ്. ഓരോ ഡാമും ലക്ഷ്യം വയ്ക്കുന്ന 'ഔട്ട്പുട്ടി'ന്റെ 20-40% ശതമാനംവരെ മാത്രമാണ് ഫലം പുറപ്പെടുവിക്കുന്നത്. കോടിക്കണക്കിനു രൂപ ചെലവഴിച്ച്, പരിസ്ഥിതിയെ ദുര്‍ബലമാക്കി, മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് അപകടഭീഷണി സമ്മാനിച്ച് നിലനില്ക്കുന്ന അണക്കെട്ടുകളുടെ നിര്‍മിതിയിലും പരിപാലനത്തിലും വരുന്ന വീഴ്ചകളെ നിസ്സാരമായിക്കാണാതെ, ഗുരുതരമായ കൃത്യവിലോപമായിക്കണ്ട് അതിലേര്‍പ്പെട്ടിരിക്കുന്നവരെ ക്രിമിനല്‍ ശിക്ഷാനടപടികള്‍ക്കു വിധേയരാക്കേണ്ടതാണ്. അത് ജനപ്രതിനിധികളായാലും ഉദ്യോഗസ്ഥരായാലും ഗവണ്‍മെന്റുതന്നെയായാലും! ഭൂമിക്കുമേല്‍ ഉയര്‍ന്നുനില്‍ക്കുന്ന അഗ്നിപര്‍വതങ്ങള്‍പോലെ, എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാന്‍ സാധ്യതയുള്ള അയ്യായിരത്തോളം ഡാമുകള്‍ ഇന്ത്യയിലുണ്ടെന്നോര്‍ക്കണം. സുനാമിയും ഓഖിയും മേഘസ്‌ഫോടനവും വര്‍ഷാവര്‍ഷങ്ങളില്‍ നേരനുഭവമാകുമ്പോള്‍, അതിനൊപ്പം കാലാവസ്ഥാവ്യതിയാനത്തിന്റെ അതീവഗൗരവമര്‍ഹിക്കുന്ന പ്രത്യാഘാതങ്ങളും വരുംനാളുകളില്‍ നമ്മുടെ ഉറക്കം കെടുത്തുമെന്നതു നിശ്ചയം. ഓരോ അണക്കെട്ടിന്റെ നിര്‍മാണവേളയിലും കുടിയൊഴിക്കപ്പെടുന്ന നിസ്സഹായരായ പാവപ്പെട്ട ജനങ്ങളുടെ വിലാപങ്ങള്‍ ചുറ്റുപാടുകളെ അസ്വസ്ഥമാക്കുന്നുണ്ട്. രൂപകല്പന ചെയ്യപ്പെടുന്ന ഓരോ പുതിയ ഡാമും പ്രശ്‌നങ്ങളെ പരിഹരിക്കുകയല്ല, മറ്റൊരു ദുരന്തത്തിന്റെ നാന്ദി കുറിക്കുകയാണ് എന്ന ഒരു തിരിച്ചറിവ് നമ്മുടെ ബോധ്യങ്ങളില്‍ നിറയട്ടെ.