•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

കവിതകളില്‍ വിടരുന്ന കുട്ടിക്കാലം

(നവംബര്‍ പതിനാല് - ദേശീയ ശിശുദിനം.
 കുട്ടിക്കാലത്തിന്റെ നേരനുഭവങ്ങളിലൂടെ
ഒരു കാവ്യയാത്ര)

കുഞ്ഞിനീപ്പുഞ്ചിരിയാരു തന്നു?
കുഞ്ഞിക്കുടമുല്ലപ്പൂവു തന്നു.
പൂങ്കവിള്‍ച്ചന്തമിതാരു തന്നു?
പൂക്കാലം വന്നപ്പോള്‍ സന്ധ്യ തന്നു.
തിരുനല്ലൂര്‍ കരുണാകരന്റെ വരികള്‍, ആരെയുമാനന്ദിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ ചാരുതയെ ഹൃദ്യമായി അവതരിപ്പിക്കുന്നു. കുട്ടിത്തത്തിന്റെ സൗന്ദര്യാഹ്ലാദങ്ങളും കളിചിരികളും സങ്കടങ്ങളും ഇല്ലായ്മകളുമൊക്കെ വിവരിക്കുന്ന കവിതാശകലങ്ങള്‍ കൈരളി നമുക്കു സമ്മാനിച്ചിട്ടുണ്ട്. മലയാളകവികള്‍ ശൈശവ-ബാല്യജീവിതങ്ങളെ നാനാതരത്തില്‍ വരച്ചുവയ്ക്കുന്നത് ഒരു മഴവില്ലിലെന്നപോലെ ദര്‍ശിക്കാന്‍ കഴിയും. കുഞ്ഞുങ്ങളെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന കാവ്യവിചാരങ്ങളിലൂടെ ഒരു യാത്രപോകാം. എം.പി. അപ്പന്‍ ഒരു പൈതലിന്റെ ആനന്ദത്തെ വിവരിക്കുന്നതു നോക്കൂ:
പുഞ്ചിരിക്കുളിരൊളി ചിന്നിയുല്ലസിക്കുന്ന
പിഞ്ചുപൈതലേ, നിന്റെ സുന്ദരമുഖത്തിങ്കല്‍
എന്തൊരദ്ഭുതാവഹരീതിയില്‍ത്തെളിയുന്നൂ
കാന്തിയും പ്രശാന്തിയും തൃപ്തിയുമാനന്ദവും!
ഇതേ ആശയം ചങ്ങമ്പുഴയുടെ ഭാഷയില്‍ ഇങ്ങനെ വായിക്കാം:
ഏതുനേരത്തുമാനന്ദമല്ലാതെ
ചേതസ്സിലവനില്ലല്ലലല്പവും
വെല്ക, വെല്ക, നീ ശൈശവകാലമേ!
വെല്ക, വെല്ക, നീയാനന്ദധാമമേ!
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ അവതരണവും ചേതോഹരമാണ്:
ബാല്യം-എന്‍ ജീവിതവാസരം തന്നുടെ
കാല്യം-കലിതാഭമായ കാലം,
പിച്ച നടക്കുവാനമ്മ പഠിപ്പിച്ച
പൊല്‍ച്ചിലമ്പൊച്ചയുതിരും കാലം,
ആവര്‍ത്തനോത്സുകമാകുമാവേളക-
ളീമര്‍ത്ത്യനെങ്ങനെ വിസ്മരിക്കും!
മാധവന്‍ അയ്യപ്പത്ത് എഴുതുന്നതുപോലെ,
അമ്മമാരുടെ കൈവിരല്‍ത്തുമ്പി-
ലുമ്മവച്ചു കിടാങ്ങള്‍ നടക്കേ
അച്ഛന്റെയുള്ളിലെ സന്തോഷാനുഭവം കടമ്മനിട്ട രാമകൃഷ്ണന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്:
ഉണ്ണിമോഹങ്ങള്‍ തുള്ളിക്കളിക്കും
മണ്ണിലെ നറുംകൗതുകത്തിന്റെ
ഉള്ളിന്നുള്ളിലെ തേന്‍തുള്ളിയായ് ഞാ-
നൂറി നില്‍ക്കുന്നൊരു ഞൊടിനേരം.
ബാല്യത്തിന്റെ ഓര്‍മകള്‍ വായനക്കാരിലും ഉണര്‍ത്താന്‍ പോരുന്ന വിധത്തിലാണ് പ്രഭാവര്‍മ്മയുടെ കവിത വിരിയുന്നത്:
കുഞ്ഞുടുപ്പിലെ പൊന്നലുക്കു വി-
ളക്കിലൊട്ടൊന്നു തൊട്ടതും
കല്‍വിളക്കിലെ നാളമെന്നുട-
യാടമേലെ പടര്‍ന്നതും
പൊള്ളി ഞാന്‍ പിന്തിരിഞ്ഞതും കാറ്റി-
ലപ്പൊഴേ തീയണഞ്ഞതും
വിസ്മയത്തോടെയോര്‍ക്കയാണോര്‍മ
കാറ്റലയ്‌ക്കൊപ്പമദ്ഭുതം!
കുഞ്ഞുങ്ങളുടെ ഒരു നന്മയെ വിജയലക്ഷ്മി ഓര്‍ക്കുന്നതിങ്ങനെ:
ആരോടുമില്ലാ വഴക്കെന്നു പുഞ്ചിരി-
ച്ചാരോടും കൂടി നടന്ന കാലം.
'മാമ്പഴ'മെന്ന പ്രഖ്യാതകവിതയില്‍ കുഞ്ഞുങ്ങളുടെ വാശിയെക്കുറിച്ച് വൈലോപ്പിള്ളിയുടെ നിരീക്ഷണം എത്രയോ വാസ്തവമാണ്:
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ?
'രണ്ടപ്പം' എന്ന ബാലകവിതയില്‍ കവിതയില്‍ മഹാകവി ഉള്ളൂരിന്റെ ചോദ്യമിതാണ്:
സ്വര്‍ഗമാക്കുന്നില്ലേ ചൊല്‍വിന്‍-ക്ഷോണി-
യിക്കണക്കുള്ള കിടാങ്ങള്‍?
കുട്ടികളുടെ സഹജസ്വഭാവമാണല്ലോ കളിയും ചിരിയും. നാലാപ്പാട്ട് നാരായണമേനോന്‍ കൊച്ചുകിടാങ്ങളുടെ മനോഭാവത്തെ വര്‍ണിക്കുന്നതു ശ്രദ്ധേയമാണ്:
ഒരേ കളിപ്പാട്ടമൊരേ കളിക്കൂ-
ത്തൊരേ കളിക്കൊട്ടി,ലൊരേ വികാരം
ഒരാള്‍ക്കു മറ്റാള്‍ തണല്‍-ഈ നിലയ്ക്കാ-
യിരുന്നു ഹാ, കൊച്ചുകിടാങ്ങള്‍ ഞങ്ങള്‍.
പി.കെ. ഗോപി ഒരു കുട്ടിക്കളിനേരത്തെ വരച്ചുകാട്ടുന്നത് ഇങ്ങനെ:
പുഞ്ചപ്പാടം കൊയ്തുകഴിഞ്ഞാല്‍
പന്തുകളിക്കാനോടുമ്പോള്‍
മണ്ണുകുഴച്ചൊരു നെയ്യപ്പം
ഉണ്ണിക്കൈകളിലേകുമ്പോള്‍
മാളു പണിഞ്ഞൊരു പാലത്തില്‍
കാറും ലോറിയുമോടുമ്പോള്‍.
പണ്ടത്തെപ്പിള്ളേരുടെ ഒന്നിച്ചുള്ള പണിയും കളിയുമൊക്കെ വള്ളത്തോളിന്റെ വരികളില്‍ തെളിയുന്നുണ്ട്.
കന്നാലി മേയ്ക്കും പല പിള്ളര്‍, തമ്മില്‍
പൊത്തിപ്പിടിച്ചും കരണം മറിഞ്ഞും
ഇടയ്ക്കു കൂട്ടത്തൊടു കൂക്കിയാര്‍ത്തു-
മോടിക്കിതച്ചും കളിയാടിടുന്നു.
രസകരമായൊരു കളിക്കാഴ്ച സിപ്പി പള്ളിപ്പുറം നമുക്കു കാട്ടിത്തരുന്നതു നോക്കൂ:
കുട്ടനുയര്‍ത്തിയ പട്ടം കാണാന്‍
കുട്ടികളെത്തീ ചാരത്ത്
കുട്ടികളൊക്കെ കൂട്ടംകൂടി
കണ്ണുകള്‍ നട്ടൂ ദൂരത്ത്.
കുറ്റിപ്പുറത്ത് കേശവന്‍നായരുടെ വരികള്‍ വരച്ചുവയ്ക്കുന്നതും മറ്റൊന്നല്ല:
തെരുവിന്നൊരുഭാഗം കുട്ടികളാഹ്ലാദിച്ചു
നിരുപദ്രവമായിച്ചിരിച്ചു കളിക്കുന്നു.
കളിക്കളത്തിലെ സൗഹാര്‍ദ്ദത്തെ എന്‍. കെ. ദേശം അതിമനോഹരമായി വിവരിക്കുന്ന കവിതയാണ് ഒഴിവുകാലം:
അമ്പുവുണ്ടന്നമുണ്ടമ്മിണിക്കുട്ടിയു-
ണ്ടമ്മുവുണ്ടന്ത്രുവുണ്ടൗസുമുണ്ട്;
ലാലുവും കാളിയും മോളിയും നീലിയും
ബാലുവും നൂറും ബഷീറുമുണ്ട്.
കളിയോടൊപ്പം കഥയും കുട്ടികള്‍ക്കിഷ്ടമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏറ്റുമാനൂര്‍ സോമദാസന്റെ കവിതയില്‍ ഇങ്ങനെ കാണാം:
ശര്‍ക്കരമാവിന്‍ ചോട്ടിലൊരോമല്‍
പച്ചിലമെത്ത വിരിക്കേണം
മെത്തയിലങ്ങനെ ചാഞ്ഞുകിടന്നൊരു
മുത്തശ്ശിക്കഥ കേള്‍ക്കേണം.
അതേസമയം, ഇല്ലായ്മയുടെ കയ്പുനീര്‍ രുചിക്കേണ്ടിവരുന്ന കുഞ്ഞുങ്ങളെപ്പറ്റിയാണ് പി. ഭാസ്‌കരന്‍ പാടുന്നത്:
അന്നമില്ലാതെ, ജനനിതന്‍ മാറില്‍
സ്തന്യമില്ലാതെ, കുടിനീരുമെന്യേ
അര്‍ദ്ധബോധത്തില്‍ക്കിടന്ന കിടാങ്ങള്‍
ഞെട്ടറ്റു ചായും കുരുന്നുപുഷ്പങ്ങള്‍!
അമ്മയില്ലാത്ത ഗംഗയുടെ സങ്കടം വെണ്ണിക്കുളം ഗോപാലക്കുറുപ്പ് വിവരിക്കുന്നത് ഹൃദയസ്പര്‍ശകമാണ്:
പട്ടുടുപ്പില്ലെനിക്കില്ല പാവാടയും
മുട്ടോളമെത്താത്ത മുണ്ടാണുടുക്കുവാന്‍
മുത്തശ്ശിയോടൊരു പാവ ചോദിക്കുകി-
ലുത്തരം മിണ്ടില്ല മൂങ്ങപോല്‍ മൂളിടും.
ഈ വരികളുടെ തുടര്‍ച്ചയെന്നോണം നമുക്ക് ബാലാമണിയമ്മയുടെ വരികള്‍ വായിക്കാം:
മിന്നിച്ചയില്ലാ,ത്തളര്‍ന്ന മിഴികളില്‍
ച്ചെന്നിറം ചെറ്റുമില്ലക്കവിളില്‍
എന്നുമുലകിലെപ്പൂക്കളില്‍ മിക്കതു-
മിങ്ങനെ മൊട്ടില്‍ കരിയേണമോ?
ഉള്‍ത്താപമോലുന്ന കുഞ്ഞുഹൃദയങ്ങളെ ഏഴാച്ചേരി രാമചന്ദ്രന്‍ വര്‍ണിക്കുന്നത് ഈ വിധത്തിലാണ്:
സഞ്ചരിക്കുന്ന പൊട്ടിച്ചിരികള്‍
സങ്കടച്ചെടിയിലെ പൂമൊട്ടുകള്‍
പുഞ്ചിരിത്തിരിയിട്ട് പൂമുഖത്തിണ്ണയില്‍
നന്മ കൊളുത്തുന്ന ദീപങ്ങള്‍; അവ-
രല്ലോ തളിരിളം പൈതങ്ങള്‍.
ഇതറിയുന്നതുകൊണ്ടാണ് വി. മധുസൂദനന്‍നായര്‍,
ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഞാ-
നൊരു കോടിയീശ്വരവിലാപം,
ഓരോ കരിന്തിരിക്കണ്ണിലും കാണ്‍മൂ ഞാ-
നൊരു കോടി ദേവനൈരാശ്യം
എന്നു സമ്മതിക്കുന്നത്. എന്നാലും കുട്ടികള്‍ വളര്‍ന്നു വികസിക്കാനുള്ളവരാണ്. ആവുംപോലെ അതിനു വഴിയൊരുക്കേണ്ടവരാണ് മുതിര്‍ന്നവര്‍. പഴയ തലമുറ ഇതിലെത്ര താത്പര്യം കാണിച്ചിരുന്നുവെന്ന് പന്തളം കേരളവര്‍മയുടെ കവിത സാക്ഷ്യപ്പെടുത്തും.
അടിച്ചു മണിയേഴിപ്പോ-
ളടച്ചു മിഴി ബാലരേ!
കിടക്കയില്‍ കിടക്കാതെ
മിടുക്കരെഴുന്നേല്‍ക്കുവിന്‍.
എട്ടായി മണിയെന്നിട്ടു-
മിട്ടുമൂടിക്കിടക്കയോ?
ചൂടുകാപ്പിയിതാ നോക്കിന്‍!
കുട്ടികള്‍ക്കിതു വേണ്ടയോ?
ഒ.എന്‍.വി. കുറുപ്പിന്റെ നാലുമണിപ്പൂക്കളെന്ന കവിതയില്‍ ഇതിനൊരു മറുവശം നമുക്കു കാണാം:
പുലര്‍ച്ചയ്ക്കുറങ്ങുവാനെന്തൊരു സുഖം! പക്ഷേ,
വിളിച്ചുണര്‍ത്താനൊരു മുത്തശ്ശിയുണ്ടേ വീട്ടില്‍!
ഉറങ്ങിത്തീര്‍ന്നിട്ടുണ്ടാം മുത്തശ്ശിയൊരായുസ്സി-
ന്നുറക്കം കാലേ കൂട്ടി! - കുട്ടികളല്ലേ ഞങ്ങള്‍?
ഇത്തരം കുട്ടികളെ കണ്ടിട്ടാകാം, എ. അയ്യപ്പന്‍ എഴുതി:
കുട്ടികളുടെ കുറുമ്പു കൂടുന്നു
കിട്ടിയാല്‍ ചന്തിക്കു പിടയ്ക്കാമായിരുന്നു.
പവിത്രന്‍ തീക്കുനി 'കപ്പ' എന്ന കവിതയില്‍,
കാണുമ്പോഴൊക്കെ എന്തിനാണിങ്ങനെ
കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത്?
എന്നെഴുതിയതു വായിക്കുമ്പോള്‍ ആരാണ് അവനവന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നത്? അതേ, ശിശുദിനം കുഞ്ഞുങ്ങള്‍ക്കു മാത്രമുള്ളതല്ല, മുതിര്‍ന്നവര്‍ക്കുംകൂടിയുള്ളതാണല്ലോ.
എല്ലാവര്‍ക്കും ശിശുദിനാശംസകള്‍!

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)