•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പസഫിക് മേഖലയില്‍ പടയൊരുക്കം

സ്വതന്ത്രരാഷ്ട്രമായ തയ്‌വാനെച്ചൊല്ലി ചൈനയും അമേരിക്കയും തുടരുന്ന വാക്‌പോരും പ്രകോപനപരമായ സൈനികനീക്കങ്ങളും ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെയാണു വീക്ഷിക്കുന്നത്. തയ്‌വാന്‍ തങ്ങളുടെ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അതിനെ സ്വന്തമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്. തയ്‌വാനെ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നപക്ഷം അതിന്റെ രക്ഷയ്ക്കുവേണ്ടി യുദ്ധത്തിനിറങ്ങാനും മടിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍.
താരതമ്യേന സമാധാനം നിലനിന്നിരുന്ന പസഫിക് മേഖല യുദ്ധഭൂമിയായി മാറുമോയെന്ന ഭയമാണു മുന്നില്‍. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള തെക്കന്‍ ചൈനാക്കടല്‍ മുഴുവനും തങ്ങളുടേതു മാത്രമാണെന്നും തയ്‌വാനെ  തങ്ങളുടെ രാജ്യത്തോടു ചേര്‍ക്കുമെന്നും ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ് ഷീ ചിന്‍പിങ്. തയ്‌വാനുമായുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും മറ്റു രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും മുന്നറിയിപ്പു നല്‍കാനും ഷീ ചിന്‍പിങ് മറന്നില്ല.
''ഈ ലോകത്ത് ഒരു ചൈനയേയുള്ളൂ. തയ്‌വാനും ചൈനീസ് ഭൂപ്രദേശമാണ്. ഏതെങ്കിലും രാജ്യവുമായി കരാറുകളിലേര്‍പ്പെടുന്ന തയ്‌വാന്റെ നടപടികളോടു യോജിക്കാനാവില്ല. ചൈനയുടെ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യം. 'നിഷേധി' എന്നു മുദ്രകുത്തപ്പെട്ട തയ്‌വാനെ ഞങ്ങളോടൊപ്പം വിളക്കിച്ചേര്‍ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.'' ക്വിങ് രാജഭരണം അവസാനിപ്പിച്ച 1911 ലെ ജനാധിപത്യവിപ്ലവത്തിന്റെ 110-ാം വാര്‍ഷികവേളയില്‍ ഷീ ചിന്‍പിങ്ങിന്റെ പ്രഖ്യാപനമാണിത്. തയ്‌വാനുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അന്താരാഷ്ട്രനിയമങ്ങളുടെ സംരക്ഷകരും സമാധാനപ്രിയരുമാണ് തങ്ങളെന്നും ഷീ വീമ്പിളക്കി. കാലാവസ്ഥാവ്യതിയാനം, ഭീകരപ്രവര്‍ത്തനങ്ങള്‍, വിഭാഗീയത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെതിരേ ഇതരരാജ്യങ്ങളോടു ചേര്‍ന്നു പോരാടാന്‍ തന്റെ രാജ്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ഏകീകരണവും ഉയിര്‍ത്തെഴുന്നേല്പുമാണ് തങ്ങളുടെ ലക്ഷ്യമെന്നും തയ്‌വാനുമായുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി തീര്‍ക്കാനാവില്ലെങ്കില്‍ ബലം പ്രയോഗിക്കാനും മടിക്കില്ലെന്നും ഷീ സൂചിപ്പിച്ചു.
''ചൈന തയ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ ഒരു സഖ്യകക്ഷിയെന്ന നിലയില്‍ അവരെ രക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും സുഹൃദ്‌രാജ്യങ്ങളുടെ സുരക്ഷയും പ്രധാനമാണ്.'' തയ്‌വാനു നേരേയുള്ള ചൈനയുടെ ഭീഷണിയെക്കുറിച്ചുള്ള  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ മറുപടിയാണിത്. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സേനാപിന്മാറ്റത്തെത്തുടര്‍ന്നുണ്ടായ അപ്രതീക്ഷിതതിരിച്ചടിയില്‍നിന്നു രാജ്യാന്തരശ്രദ്ധ തിരിച്ചുവിടാനുള്ള ബൈഡന്റെ പിടിവള്ളികൂടിയാണ് തയ്‌വാന്‍ പ്രശ്‌നം.
''തയ്‌വാനെ ചൈനയോടു ചേര്‍ക്കാനുള്ള സമ്മര്‍ദതന്ത്രങ്ങള്‍കൊണ്ട് ഞങ്ങളെ മുട്ടുകുത്തിക്കാനാവില്ല. ഇവിടത്തെ 2.30 കോടി ജനങ്ങളെ ബലം പ്രയോഗിച്ചു കീഴടക്കാമെന്ന ചൈനയുടെ വ്യാമോഹം വെറും ദിവാസ്വപ്നമാണ്. ഏകാധിപതിയായ ഷീ ചിന്‍പിങ്ങിന്റെ ഇംഗിതത്തിനു വഴങ്ങിയാല്‍ രാജ്യത്തെ ജനാധിപത്യം ഇല്ലാതാകും. സ്വതന്ത്രവും നീതിയുക്തവും സമാധാനപൂര്‍ണവുമായ ഒരു ജീവിതമാണ് ഞങ്ങളാഗ്രഹിക്കുന്നത്. ഹോങ്കോങ്ങിലെ ജനങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഞങ്ങളുടെ കണ്‍മുമ്പിലുണ്ട്.'' ഒക്‌ടോബര്‍ 10-ാം തീയതിയിലെ ദേശീയദിനാചരണത്തോടനുബന്ധിച്ച്  തയ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ്‌വെന്‍ പ്രക്ഷേപണം ചെയ്ത സന്ദേശത്തിന്റെ കാതലാണിത്. ബലപ്രയോഗത്തിലൂടെ തങ്ങളെ കീഴടക്കി ഭരിക്കാനുള്ള ചൈനീസ് നേതൃത്വത്തിന്റെ നീക്കങ്ങളെ ധൈര്യപൂര്‍വം ചെറുത്തുനില്ക്കാനും ജനാധിപത്യമൂല്യങ്ങളെ മുറുകെപ്പിടിക്കാനും അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവായിരുന്ന സായ് ഇംഗ്‌വെന്‍ 2016 ല്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ശത്രുതാമനോഭാവത്തോടെയാണ് ചൈനീസ് നേതൃത്വം അവരോടു പെരുമാറിയിരുന്നത്. അഞ്ചുവര്‍ഷത്തെ സദ്ഭരണത്തിനുശേഷം 2020 ല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ശത്രുത ഇരട്ടിക്കാനും കാരണമായി. ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ സായ് പ്രിയങ്കരിയാണ്. തദ്ദേശീയരില്‍ ഏറെപ്പേരും സായിയുടെ പാര്‍ട്ടിക്കൊപ്പമാണ്.
തയ്‌വാനു ചുറ്റും യുദ്ധവിമാനങ്ങള്‍
തയ്‌വാന്റെ വ്യോമപ്രതിരോധമേഖലയിലേക്കു കഴിഞ്ഞ മാസം ഒന്നാം തീയതി 38 യുദ്ധവിമാനങ്ങളയച്ചു ഭയപ്പെടുത്താന്‍ ചൈന ഒരുമ്പെട്ടത് അന്തരീക്ഷം കലുഷിതമാക്കിയ സംഭവങ്ങള്‍ക്കു തുടക്കമിട്ടു. തുടര്‍ന്ന് രണ്ടാം തീയതി 39 ഉം നാലാം തീയതി 56 ഉം യുദ്ധവിമാനങ്ങള്‍ തയ്‌വാന്റെ വ്യോമാതിര്‍ത്തി കടന്നുവന്നതോടെ സംഘര്‍ഷം ഇരട്ടിച്ചു. ജെ 16, എസ്‌യു 30 തുടങ്ങിയ പോര്‍വിമാനങ്ങളോടൊപ്പം അണ്വായുധവാഹകരായ എച്ച് 6 ബോംബര്‍ വിമാനങ്ങളുമുണ്ടായിരുന്നതായി പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണു തങ്ങള്‍ നേരിടുന്നതെന്ന് തയ്‌വാന്‍ പ്രതിരോധമന്ത്രി ചിയു കുവോ-ചെങ്ങ് പറഞ്ഞു. തയ്‌വാനെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യരാജ്യങ്ങളെയും തങ്ങളുടെ സൈനികബലം ബോധ്യപ്പെടുത്തുന്നതിനായിരുന്നു ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ എന്നു കരുതപ്പെടുന്നു. ഏതു നേരവും എവിടെയും ഏതുവിധേനയും ശത്രുരാജ്യങ്ങളെ ആക്രമിക്കാനും കീഴടക്കാനും തങ്ങള്‍ക്കാകുമെന്നറിയിക്കാനും ഉദ്ദേശ്യമുണ്ടായിരിക്കാം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സി എച്ച് 6 ഇനം മിസൈല്‍വാഹകരായ ഡ്രോണുകള്‍ ചൈനീസ് വ്യോമതാവളങ്ങളില്‍ യുദ്ധസജ്ജമാണെന്ന് അന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. 20.50 മീറ്റര്‍ നീളമുള്ള ചിറകുകളോടുകൂടിയ  ഇത്തരം ഡ്രോണുകളുടെ വിന്യാസവും തയ്‌വാനെയും സഖ്യകക്ഷികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിനുശേഷം 800 തവണയെങ്കിലും ചൈനയുടെ ബോംബര്‍ വിമാനങ്ങള്‍ തയ്‌വാന്റെ വ്യോമപ്രതിരോധമേഖലയിലെത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
തയ്‌വാന്‍ കടലിടുക്ക് യുദ്ധക്കളമായി മാറും
തയ്‌വാനുനേരേ ചൈനയുടെ ആക്രമണമുണ്ടായാല്‍ ഏറ്റുമുട്ടലുകളുടെ സിരാകേന്ദ്രം തയ്‌വാന്‍ കടലിടുക്കായിരിക്കും. ആണവമിസൈലുകള്‍ പേറുന്ന അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും കടലിടുക്കിലും തയ്‌വാന്‍ദ്വീപിനു ചുറ്റും റോന്തു ചുറ്റുകയാണ്. ചൈനാവന്‍കരയ്ക്കും തയ്‌വാനുമിടയിലുള്ള ഇടുങ്ങിയ  കടലിടുക്ക് അന്തര്‍ദേശീയ ജലപാതയാണ്. യാത്രക്കപ്പലുകളും ചരക്കുകപ്പലുകളുമായി നൂറുകണക്കിനു യാനങ്ങളാണ് ഈ ജലപാത  ഉപയോഗിക്കുന്നത്. അമേരിക്കയുടെ യു എസ് എസ് റൊണാള്‍ഡ് റെയ്ഗണും, യു എസ് എസ് കാള്‍ വിന്‍സണും ബ്രിട്ടന്റെ എച്ച്എം എസ്  റിച്ച്മണ്ട്, എച്ച് എം എസ് എന്റര്‍പ്രൈസ് എന്നീ വിമാനവാഹിനിക്കപ്പലുകളും തയ്‌വാന്‍ കടലിടുക്കിനടുത്തുണ്ട്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും ഇതുവഴി കടന്നുപോകുന്നു. ചൈനീസ് നേവിയുടെയും വ്യോമസേനയുടെയും ഒരു വ്യൂഹം എച്ച് എം എസ് റിച്ച്മണ്ടിനെ പിന്തുടര്‍ന്ന് മുന്നറിയിപ്പു നല്‍കിയത് അടുത്തിടയാണ്. ചൈനയെ ഭയന്ന്, അമേരിക്കയല്ലാതെ ഒരു വന്‍ശക്തിരാഷ്ട്രവും തയ്‌വാന്‍ കടലിടുക്കിലൂടെ യാത്ര ചെയ്യാന്‍ ഇതുവരെ ധൈര്യപ്പെട്ടിരുന്നില്ല. പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടത്തോടെയുള്ള സേനാവിന്യാസം തയ്‌വാന്‍ കടലിടുക്കിലും തെക്കന്‍ ചൈനാക്കടലുള്‍പ്പെടെയുള്ള പസിഫിക് മേഖലയിലും സമാധാനവും സുസ്ഥിരതയും തകര്‍ക്കുമെന്നാണ് ചൈനയുടെ പരാതി.
വ്യാപാരമേഖല തകര്‍ന്നടിയും
ആഴവും പരപ്പുമുള്ള സാമ്പത്തികവ്യാപാരബന്ധങ്ങളാണ് തയ്‌വാനും ചൈനയും തമ്മിലുള്ളത്. തയ്‌വാനില്‍നിന്നുള്ള നിരവധി വ്യാപാരികളും വ്യവസായികളും ചൈനാവന്‍കരയില്‍ നിക്ഷേപകരായുണ്ട്. വലിയ തോതിലുള്ള ഒരു യുദ്ധമുണ്ടായാല്‍ ലോകം മുഴുവനും പരന്നുകിടക്കുന്ന വിതരണശൃംഖലകള്‍ തകരും. ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍രാജ്യങ്ങളുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിത്തമാണ് ചൈനയ്ക്കുള്ളത്. ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 7,850 കോടി യു.എസ്. ഡോളറിന്റെ ഇടപാടുകള്‍ രണ്ടു രാജ്യങ്ങളുമായി ഇന്ത്യ നടത്തിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃതവസ്തുക്കള്‍പോലും ചൈനയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 2,239 വിദ്യാത്ഥികള്‍ തയ്‌വാനില്‍ പഠിക്കുന്നുമുണ്ട്.
അല്പം മുന്‍കാലചരിത്രം
1911 ലെ ജനകീയ വിപ്ലവാനന്തരം രൂപപ്പെട്ട റിപ്പബ്ലിക് ഓഫ് ചൈന മാവോ സേതൂങ് നേതൃത്വം കൊടുത്ത പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും ചിയാങ് കൈഷെക്കിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റുപാര്‍ട്ടിയുമായി രണ്ടായി പിരിഞ്ഞത് 1949 ലെ ആഭ്യന്തരയുദ്ധത്തോടെയാണ്. കലാപത്തില്‍ പരാജിതനായ ചിയാങ് കൈഷെക്കും അദ്ദേഹം രൂപംകൊടുത്ത ക്വാമിന്താങ് പാര്‍ട്ടിയിലെ അനുയായികളും തയ്‌വാനിലേക്കു പലായനം ചെയ്യുകയും ചൈനയുടെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്നു സ്വയം പ്രഖ്യാപിക്കുകയുമായിരുന്നു. തയ്‌വാനിലെ ജനസംഖ്യയില്‍ ഭൂരിഭാഗംപേരും ചൈനയില്‍നിന്നു കുടിയേറിയവരുടെ പിന്‍തലമുറക്കാരാണ്.
തയ്‌വാനുമായുള്ള തര്‍ക്കവിതര്‍ക്കങ്ങളില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇടപെടുന്നത് തീക്കളിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. 'ഇപ്പോഴത്തെ ലോകപോലീസുകാരന്‍ നീയല്ല, ഞാനാണ്' എന്ന അഹന്തയിലേക്കു ഷീ ചിന്‍പിങ് വളര്‍ന്നത് അപകടകരമായ അവസ്ഥയാണ്. സൈനികമായി ഇടപെട്ടിടങ്ങളിലെല്ലാം  പരാജയം ഏറ്റുവാങ്ങിയ ചരിത്രമുള്ള അമേരിക്കയുടെ തന്ത്രങ്ങള്‍ ഇവിടെയും പിഴയ്ക്കാനുള്ള സാധ്യതയാണു കാണുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)