മാനവരാശിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ പെണ്‍കുട്ടികളുടെ പങ്ക് വളരെ വലുതാണ്. ലോകജനസംഖ്യയുടെ നാലിലൊന്നു പെണ്‍കുട്ടികളാണ്. എന്നാല്‍, വിവേചനങ്ങളും വേര്‍തിരിവുകളും അക്രമങ്ങളും അവര്‍ക്ക് ആവോളം നേരിടേണ്ടിവരുന്നുണ്ട്. ഇന്ത്യയിലും സ്ഥിതി ഭിന്നമൊന്നുമല്ല. പെണ്‍കുട്ടികളുടെ ജീവിതാവസ്ഥയില്‍ വളരെ മുന്നിലെന്നഭിമാനിക്കുന്ന കേരളത്തില്‍പ്പോലും കാര്യങ്ങള്‍ ശുഭകരമല്ലെന്നു വേണം കരുതാന്‍.
കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്കിലെ കുറവ് കുറച്ചുനാളുകളായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 951 പെണ്‍കുഞ്ഞുങ്ങളേ സംസ്ഥാനത്ത് ജനിക്കുന്നുള്ളൂവെന്നാണ് 2020 ലെ ദേശീയ കുടുംബാരോഗ്യസര്‍വേ പറയുന്നത്. 2015-16 ല്‍ ആയിരത്തിന് 1047 എന്നതായിരുന്നു കണക്ക്. പ്രകൃത്യാ ഉള്ള ആണ്‍-പെണ്‍ അനുപാതം 1000 ആണ്‍കുഞ്ഞുങ്ങള്‍ക്ക് 950 പെണ്‍കുഞ്ഞുങ്ങള്‍ എന്നാണ്. സംസ്ഥാനത്ത് ആണ്‍-പെണ്‍ ലിംഗാനുപാതം കുറയുന്നുവെന്നാണ് നിലവിലെ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത്.
സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന നാട്. മാതൃമരണനിരക്കും ശിശുമരണനിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനം. ആയുര്‍ദൈര്‍ഘ്യം ഉള്‍പ്പെടെ മറ്റ് ആരോഗ്യസൂചികകളില്‍ എല്ലാം മുന്നില്‍ നില്‍ക്കുമ്പോഴും ഇവിടെ പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതിനെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. വിവാഹപ്രായം ഉയരുന്നതും ഗര്‍ഭധാരണം നീട്ടിവയ്ക്കപ്പെടുന്നതുമൊക്കെ പ്രത്യുത്പാദനനിരക്കിലെ കുറവിനു കാരണമാകുന്നുണ്ടാകാം. കുടുംബം നിലനിര്‍ത്താന്‍ ആണ്‍കുട്ടി വേണമെന്ന ആളുകളുടെ ചിന്തയും പെണ്‍കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. ഗര്‍ഭച്ഛിദ്രവും ലിംഗനിര്‍ണയവും സംസ്ഥാനത്തു വര്‍ധിക്കുന്നതും ജനനനിരക്ക് കുറയുന്നതില്‍ പങ്കു വഹിക്കുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു.
ആറു വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ ആണ്‍-പെണ്‍ ലിംഗാനുപാതത്തിലെ കുറവ് വ്യക്തമാകും.
2015 - 16 ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 1047 പെണ്‍കുട്ടികള്‍ ജനിച്ച സംസ്ഥാനത്ത് 2020 ലെ കണക്കുപ്രകാരം 951 പെണ്‍കുട്ടികള്‍ മാത്രമാണ് ജനിച്ചത്. 1047 ല്‍ നിന്ന് 951 എന്ന നിരക്കിലേക്ക് എത്താന്‍ അഞ്ചു വര്‍ഷം മാത്രമാണ് എടുത്തത്.
പെണ്‍കുട്ടികള്‍ ഒരു ബാധ്യതയാണ്, അവര്‍ അന്യവീട്ടിലേക്കു പോകേണ്ടവളാണ് എന്ന ചിന്ത മാറണം. അവള്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ കെല്പുള്ളവളാണ് എന്ന ചിന്ത രൂപപ്പെടണം. അതിനു വിദ്യാഭ്യാസവും ജോലിയും നേടാന്‍ അവരെ പ്രാപ്തരാക്കണം. എങ്കിലേ പെണ്‍കുട്ടികള്‍ക്ക് ഇവിടെ മാന്യമായി ജീവിക്കാനാവൂ.
കഴിഞ്ഞ ഒക്ടോബര്‍ 11 നും പതിവുപോലെ സാര്‍വദേശീയ ബാലികാദിനം ആചരിച്ചിരുന്നു. 2030 എത്തുമ്പോഴേക്കും പെണ്‍കുട്ടികള്‍ക്കു വിവേചനങ്ങളില്ലാത്ത ലോകം ഒരുക്കിനല്‍കുക എന്നതാണ് ഈ ദിനത്തിന്റെ മുദ്രാവാക്യം. 2012 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 11 പെണ്‍കുട്ടികള്‍ക്കായുള്ള അന്തര്‍ദേശീയ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. എന്നാല്‍, വിവേചനങ്ങള്‍ അവസാനിക്കുന്നില്ലെന്നു മാത്രം. സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ കണക്കുകള്‍പ്രകാരം പെണ്‍കുട്ടികളുടെ ആത്മഹത്യാനിരക്ക് കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. പെണ്‍കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിഭിന്നമായി കേരളത്തില്‍ പുരുഷ-സ്ത്രീ അനുപാതം മുമ്പൊക്കെ ഭേദപ്പെട്ട നിലയിലായിരുന്നു. ഈ അനുപാതം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള ബോധവത്കരണപരിപാടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം ഇല്ലെന്നാണ് പൊതുവേയുള്ള ചിന്തയെങ്കിലും അങ്ങനെ പ്രതീക്ഷിക്കാനാവുന്നില്ല.
ജീവന്റെ അംശം കുടികൊള്ളുന്ന ഭ്രൂണത്തില്‍ കത്തിവയ്ക്കുന്ന കൈകളില്‍ ചോരക്കറ പുരളുമെന്നറിഞ്ഞിട്ടും ഈ ക്രൂരകൃത്യം ചെയ്യുന്നവരോട് എന്തു പറയാനാണ്? തമിഴ്നാട്ടിലെ ഉസലാംപെട്ടിയില്‍ ജനിച്ചയുടനെ പെണ്‍കുട്ടികളെ കൊല്ലുന്നത് വായില്‍ നെല്‍മണിയിട്ടും എരുക്കിന്‍കറ വായിലിറ്റിച്ചുമാണ്. ഇതു വ്യാപകമായപ്പോള്‍ പെണ്‍കുട്ടികളെ ആവശ്യമില്ലാത്തവര്‍ക്ക് ഉപേക്ഷിക്കാന്‍ അമ്മത്തൊട്ടില്‍ കൊണ്ടുവന്നത് സര്‍ക്കാരാണ്. എന്നാല്‍, ഇപ്പോള്‍ അത്യാധുനിക സ്‌കാനിങ് പരിശോധനയിലൂടെ ലിംഗനിര്‍ണയം സുഗമമായതോടെ ഡോക്ടറുടെ സഹായത്തോടെ പെണ്‍ഭ്രൂണഹത്യ നടക്കുന്നു.
പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കു ഭാരമാണെന്ന തെറ്റായ ധാരണയാണ് ഇത്തരത്തിലുള്ള ഭ്രൂണഹത്യകള്‍ വ്യാപകമാകാന്‍ കാരണമെന്നാണു വിലയിരുത്തല്‍. ഈ ധാരണകളാണു മാറേണ്ടത്. കേരളത്തിലും മാറ്റങ്ങള്‍ വരണം.
സംസ്ഥാനത്ത് പെണ്‍ശിശു ജനനനിരക്കില്‍ മുന്നില്‍ ആലപ്പുഴയും പിന്നില്‍ തൃശൂരുമാണ്. ജനനനിരക്കു കുറയുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ സൂചിപ്പിക്കുന്നത്.
ജില്ലകളിലെ ജനനനിരക്ക് ചുവടെ: ബ്രാക്കറ്റില്‍ പഴയ നിരക്ക്: ആലപ്പുഴ - 1485 (1112), എറണാകുളം - 1034 (1246), മലപ്പുറം - 807 (936), ഇടുക്കി - 859, (1139), കണ്ണൂര്‍ - 880 (1066), കാസര്‍കോട് - 984 (981), കൊല്ലം -1135 (851), കോട്ടയം - 865 (1077), പത്തനംതിട്ട - 916 (1135), തിരുവനന്തപുരം - 1000 (1115), തൃശൂര്‍ - 763 (1120), വയനാട് - 1003 (1241), പാലക്കാട് - 1012 (1075), കോഴിക്കോട് - 1000 (954).
ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അതേ സമയത്തു ജനിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണമാണ് സെക്‌സ് റേഷ്യോ അറ്റ് ബെര്‍ത്ത് (ടഞആ). ചമൗേൃമഹ ലെഃ ലെഹലരശേീി ലൂടെ 1000 ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 950 പെണ്‍കുട്ടികള്‍ ജനിക്കുന്നതായാണു കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ പൊതുവേ നോക്കിയാല്‍ ഈ നിരക്ക് 2011 ല്‍ 911 ആയിരുന്നത് 2018 ആയപ്പോഴേക്കും 899 ആയി കുറഞ്ഞു. അതായത്, 1000 ആണ്‍കുട്ടികള്‍ക്ക് 899 പെണ്‍കുട്ടികളാണ് ഇവിടെ ജനിക്കുന്നത്. മണിപ്പൂരിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 757 മാത്രമാണ് ഇവിടെ പെണ്‍കുട്ടികളുടെ ജനനനിരക്ക്. ഇന്ത്യയിലെ ജനനനിരക്കു വച്ചു കണക്കാക്കിയാല്‍ വര്‍ഷത്തില്‍ 2.5 ദശലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാതെ പോകുന്നു. പല കുഞ്ഞുങ്ങളും പിറവിക്കു മുമ്പേ കുരുതി കൊടുക്കപ്പെടുന്നു.
പെണ്‍കുട്ടികള്‍ക്കു നേരേയുള്ള അക്രമങ്ങളും വിവേചനങ്ങളും തടയാനുള്ള ബോധവത്കരണമെന്ന നിലയില്‍ ഭാരതത്തില്‍ എല്ലാ വര്‍ഷവും ജനുവരി 24- പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയദിനമായി ആചരിക്കുന്നുണ്ടെങ്കിലും അതിക്രമങ്ങള്‍ക്കു കുറവില്ല. സമത്വത്തിലൂന്നിയ സാമൂഹ്യവ്യവസ്ഥിതി സൃഷ്ടിച്ചെടുത്താല്‍ മാത്രമേ സ്ത്രീസമത്വം യാഥാര്‍ത്ഥ്യമാകൂ. സാമൂഹിക സാംസ്‌കാരികരംഗത്ത് കേരളം വളരെയേറെ മുന്നേറിയിട്ടുള്ളതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭ്യമാക്കുന്ന നടപടിക്രമങ്ങളില്‍ ഒരു പരിധിവരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്.
പെണ്‍കുഞ്ഞുങ്ങളുടെ കളിചിരികള്‍ സമൂഹത്തിന്റെ ശോഭനമായ ഭാവിക്ക് ഊര്‍ജം പകരുന്നു, അവരുടെ നിഷ്‌കളങ്കമായ ചിരികള്‍ ഇനിയും ഇവിടെ നിറയട്ടെ.