•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍

ലോകത്തെ  അടിമുടി ഉലച്ചുകളഞ്ഞ കൊവിഡ് മഹാമാരി തീര്‍ത്ത ഒന്നരവര്‍ഷത്തെ അവധിക്കു വിരാമമിട്ടുകൊണ്ട്, നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നു. കുട്ടികളില്‍ രോഗപ്രതിരോധശേഷി കൂടുതലുള്ളതിനാല്‍ രോഗബാധയ്ക്കു സാധ്യത കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഒപ്പംതന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം തുടരണമെന്നുമാണ് അഭിപ്രായം ഉയരുന്നത്.
സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്
സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി എല്ലാ അധ്യാപകര്‍ക്കും വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുകയുണ്ടായി. അഞ്ചു സെക്ഷനായി നടന്ന ഈ പരിശീലനപരിപാടിയില്‍ പ്രധാനമായും ഉരുത്തിരിഞ്ഞ സംഗതികള്‍ ഇവയാണ്. 1. ഓണ്‍ലൈന്‍ ക്ലാസുകളും ചാനല്‍ ക്ലാസുകളും എപ്രകാരം ഉപയോഗപ്പെടുത്തണമെന്നു കുട്ടികള്‍ക്കു മനസ്സിലായി. സ്മാര്‍ട്ട് ഫോണുകള്‍ അവിഭാജ്യഘടകമായി. ഈ അവസ്ഥയുടെ ദോഷവശം എന്തെന്നാല്‍, കുട്ടികളുടെ ദിനചര്യ അടിമുടി മാറി യെന്നതാണ്. വിഷാദം, മുന്‍കോപം, ഉറക്കക്കൂടുതല്‍, ഉറക്കമില്ലായ്മ, ഇന്റര്‍നെറ്റിനോടുള്ള അമിതമായ അടുപ്പം, ശ്രദ്ധയില്ലായ്മ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കുട്ടികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇതോടൊപ്പം, ഒരു വിഭാഗം കുട്ടികളുടെ സര്‍ഗാത്മകത, സോഷ്യല്‍ മീഡിയകളിലൂടെ വെളിച്ചം കണ്ടതും വിസ്മരിച്ചുകൂടാ. ഈ പറഞ്ഞ കാര്യങ്ങളെയെല്ലാം ഉള്‍ക്കൊണ്ടാവണം അധ്യാപകര്‍ കുട്ടികളെ അഭിസംബോധന ചെയ്യേണ്ടത്.
സാങ്കേതികവിദ്യയെ കുട്ടികളുടെ മാനസികവികാസത്തിന് ഉപകരിക്കുന്ന രീതിയില്‍ എങ്ങനെ മാറ്റിയെടുക്കാമെന്നു ചിന്തിക്കണം. പുസ്തകങ്ങളില്‍നിന്നു മറ്റു പല വിഷയങ്ങളിലേക്കും കുട്ടിയുടെ മനസ്സ് മാറിയിട്ടുണ്ട്. ഓരോ കുട്ടിയുടെയും ഗ്രാഫ് ഓരോ രീതിയിലാണ്. ഇവയെയെല്ലാം സമന്വയിപ്പിച്ച് മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക യെന്നത് അധ്യാപകരുടെ മുന്നിലെ വലിയ വെല്ലുവിളിതന്നെയാണ്. കഴിഞ്ഞുപോയ പാഠ്യപദ്ധതികളില്‍നിന്നും രീതികളില്‍നിന്നും അധ്യാപകര്‍ ബഹുദൂരം മുന്നോട്ടു ചിന്തിക്കേണ്ടിയിരിക്കുന്നു. അവര്‍ക്കു കിട്ടിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും ഇപ്രകാരംതന്നെയായിരിക്കും.
പൊതുമാര്‍ഗരേഖ
സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കു രക്ഷിതാവിന്റെ സമ്മതപത്രം നിര്‍ബന്ധമാണ്. അതായത്, കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുകൊണ്ട് തന്റെ കുട്ടിയെ സ്‌കൂളില്‍ വിടാന്‍ സമ്മതമാണെന്ന്. കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ബെഞ്ചില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. ഉച്ചവരെ മാത്രമാണു ക്ലാസുകള്‍. ക്ലാസ്, സമയം, ദിവസം, നിശ്ചിതദിവസങ്ങളില്‍ വരേണ്ട കുട്ടികള്‍ എന്നീ കാര്യങ്ങള്‍ പ്രാദേശികസാഹചര്യങ്ങള്‍കൂടി പരിഗണിച്ച് ആസൂത്രണം ചെയ്യണം. സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനിങ്, ആഹാരപാനീയങ്ങള്‍ പങ്കുവയ്ക്കാതിരിക്കല്‍ തുടങ്ങിയ ആരോഗ്യസംബന്ധമായ നടപടിക്രമങ്ങള്‍ പാലിക്കുക. സ്‌കൂള്‍ ആരോഗ്യസംരക്ഷണസമിതിയുടെ രൂപീകരണം നിര്‍ബന്ധമായും നടത്തിയിരിക്കണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
അക്കാദമിക് മാര്‍ഗരേഖ
അക്കാദമിക് മാര്‍ഗരേഖ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായുള്ളതാണ്.
1. പുതിയ സാഹചര്യത്തില്‍ ആസൂത്രണത്തിന്റെ ആവശ്യകതയെപ്പറ്റി ബോധ്യമുണ്ടാവുക, കുട്ടികളെ വ്യക്തിപരമായി മനസ്സിലാക്കി പിന്തുണ നല്‍കുക എന്നീ കാര്യങ്ങള്‍ക്കാണ് ഊന്നല്‍.
2. കുട്ടികളുടെ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുമായി പാഠപ്രവര്‍ത്തനങ്ങളെ ബന്ധപ്പെടുത്തുക.
3. സാങ്കേതികതയുമായി ഇണക്കി മിശ്രണ പഠനരീതിയാണ്(ബ്ലെന്‍ഡെഡ് ലേണിങ്) പിന്തുടരേണ്ടത്.
4. സ്‌കൂളില്‍ വരാത്ത കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനരീതി തുടരേണ്ടതാണ്.
5. വിക്ടേഴ്‌സ് ചാനല്‍ ക്ലാസുകള്‍ കാണാനുള്ള അവസരം ഒരുക്കുകയും വേണ്ടതാണ്.
6. കൊവിഡ് അടച്ചിരിപ്പുകാലം കഴിഞ്ഞു വരുന്ന കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയില്‍ അവരെ അഭിനന്ദിച്ചുകൊണ്ടു വേണം അവരോട് ഇടപെടാന്‍.
7. സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് കൂടി ഓരോ വിഷയത്തിനും പ്രത്യേകം അക്കാദമിക് ആസൂത്രണം ആവശ്യമാണ്.
നിരന്തര മൂല്യനിര്‍ണയവും പ്രായോഗികപരീക്ഷാമൂല്യനിര്‍ണയവും
പഠനപ്രക്രിയ വിലയിരുത്തല്‍, പഠനോത്പന്നങ്ങളെ വിലയിരുത്തല്‍, യൂണിറ്റുതല വിലയിരുത്തല്‍ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി നടത്തുന്ന വിലയിരുത്തലുകളുടെ ശരാശരി സ്‌കോറാണ് നിരന്തരമൂല്യനിര്‍ണയത്തിനായി (ഇഋ) ഉപയോഗിച്ചുവരുന്നത്.
പഠനപ്രക്രിയ വിലയിരുത്തുമ്പോള്‍ പ്രക്രിയകളില്‍ കുട്ടികള്‍ എങ്ങനെ പങ്കെടുത്തു, പാഠങ്ങളുടെ ആശയം ഗ്രഹിച്ചോ ഇല്ലയോ, ശേഷികള്‍ (ഭാഷയില്‍ വായിക്കാനും എഴുതാനും അവതരിപ്പിക്കാനും ഒക്കെയുള്ള ശേഷികള്‍) നേടാന്‍ കഴിഞ്ഞോ, പ്രകടനവും അവതരണവും എങ്ങനെ, പഠനവസ്തുക്കള്‍ രേഖപ്പെടുത്തി സൂക്ഷിച്ചുവയ്ക്കുന്നുണ്ടോ, ഒരു പ്രവര്‍ത്തനം ഏറ്റെടുത്തു കഴിഞ്ഞാല്‍ അതിനുവേണ്ടി തയ്യാറെടുക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് വിലയിരുത്തല്‍ സൂചകമായി (ഇന്‍ഡിക്കേറ്റേഴ്‌സ്) കണക്കാക്കിയിട്ടുള്ളത്.
പ്രവര്‍ത്തനങ്ങളെപ്പറ്റി എഴുതിവച്ച രേഖകളും പഠനവുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും രചനകളും സൃഷ്ടികളും പരീക്ഷാപ്പേപ്പറുകളും ചേര്‍ന്ന സംഗതിയെയാണ് പോര്‍ട്ട്‌ഫോളിയോ എന്നു പറയുന്നത്. അവ വിലയിരുത്തുന്നതാണ് പോര്‍ട്ട്‌ഫോളിയോ വിലയിരുത്തല്‍.
യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ ക്ലാസ് ടെസ്റ്റുകള്‍ മാത്രമല്ല, വാചാപരീക്ഷയും ടെക്സ്റ്റ് തുറന്നുവച്ചുള്ള പരീക്ഷയും പഠിച്ചഭാഗത്തുനിന്നുള്ള ചോദ്യങ്ങളുമെല്ലാം വരും.
ഇവയ്ക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. മാറിയ സാഹചര്യത്തില്‍, കാല്‍ക്കൊല്ലം, അരക്കൊല്ലം, വാര്‍ഷികം എന്നിങ്ങനെ മൂന്നു ഘട്ടമായി നടക്കുന്ന നിരന്തര വിലയിരുത്തല്‍പ്രക്രിയയ്ക്കു പകരം വര്‍ഷാന്ത്യമൂല്യനിര്‍ണയം മാത്രം നടത്തിയാല്‍ മതിയാകും എന്നതാണ് ഇപ്പോഴുള്ള വ്യത്യാസം. മിശ്രണരീതിയായതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസിലെ കുട്ടിയുടെ പ്രകടനത്തെയും മൂല്യനിര്‍ണയത്തിനായി പരിഗണിക്കാമെന്ന നിര്‍ദേശംകൂടിയുണ്ട്.
പ്രായോഗികപരീക്ഷയും പഴയതുപോലെതന്നെയാണ്. ലാബില്‍ കുട്ടികളുടെ എണ്ണം കുറച്ച് അവരെ ചെറിയ ഗ്രൂപ്പുകളാക്കി മാറ്റണമെന്നുള്ളതും കുട്ടികള്‍ കൈകാര്യം ചെയ്യുന്ന പരീക്ഷണോപകരണങ്ങളുടെ ശുചിത്വം പരിപാലിക്കണമെന്നതുമാണ് പുതിയ നിര്‍ദേശം. അതോടൊപ്പം പരീക്ഷണശാലയിലെ പങ്കാളിത്തത്തെയും നിരന്തര മൂല്യനിര്‍ണയത്തിനായി ഉപയോഗിക്കാവുന്നതാണ്.
രക്ഷിതാക്കള്‍ അറിയാന്‍
കൊവിഡ് സവിശേഷസാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കു വന്നുചേര്‍ന്നിരിക്കുന്ന അധിക ബാധ്യതകളെപ്പറ്റി അവബോധം ഉണ്ടാവുക എന്നതാണ് ഈ സെഷന്റെ ദൗത്യം.   
അധ്യാപകരെക്കാള്‍ കൂടുതല്‍ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഇടപെടാനുള്ള അവസരം രക്ഷിതാക്കള്‍ക്ക് കൈവന്നു. രക്ഷിതാക്കളുമായുള്ള അധ്യാപകരുടെ ബന്ധം മെച്ചപ്പെട്ടു. അതോടൊപ്പം സാമ്പത്തികമായി പ്രതിസന്ധിയിലായ പല രക്ഷിതാക്കളും ഉണ്ടെന്നും വീട്ടിലെ സാഹചര്യങ്ങളുടെ മാറ്റം കുട്ടികളുടെ പഠനശേഷിയെ ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവും പ്രധാനമാണ്. കുട്ടികള്‍ക്കു മൊബൈല്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. മൊബൈല്‍ ദുരുപയോഗംകൊണ്ട്  കുട്ടികള്‍ ചതിക്കുഴിയില്‍ വീഴാനുള്ള സാധ്യതയെ തടയാനുള്ള സഹായം രക്ഷിതാക്കള്‍ക്ക് ആവശ്യമാണ്. പി ടി എ യുടെയും സ്‌കൂള്‍ കൗണ്‍സിലറുടെയും സഹായത്തോടെ ഈ പ്രതിസന്ധികള്‍ മറികടക്കുക എന്ന നിര്‍ദേശമാണ് സെഷന്‍ മുന്നില്‍ വയ്ക്കുന്നത്.
സാധാരണക്കാരന്റെ ആശങ്കകള്‍
എല്ലാവിധ മുന്നൊരുക്കങ്ങളുമായി സ്‌കൂളുകള്‍ തുറക്കുമ്പോഴും സാധാരണക്കാരന്റെ ആശങ്കകള്‍ മാറുന്നില്ല. കൊവിഡ് പകര്‍ച്ചവ്യാധിക്കു മുമ്പുള്ള സാമ്പത്തികാവസ്ഥയല്ല ഒരു വിഭാഗം കുടുംബങ്ങള്‍ക്ക്. പലവിധ പ്രശ്‌നങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ് അവര്‍. തൊഴിലില്ലായ്മ, തുച്ഛമായ/ വെട്ടിച്ചുരുക്കിയ വേതനം, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം എന്നിങ്ങനെ. സാധാരണജീവിതത്തെ തകിടം മറിക്കുന്ന കാരണങ്ങള്‍ നിരവധിയാണ്. ഇതിനിടയില്‍ കുട്ടികളുടെ പഠനസംബന്ധമായ കാര്യങ്ങള്‍ക്കും സാമ്പത്തികം കണ്ടേത്തേണ്ടതുണ്ട്. ഒപ്പം, സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന ആരോഗ്യസംബന്ധമായ മാനദണ്ഡങ്ങള്‍ എല്ലാ സ്‌കൂളുകളും പാലിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)