•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണം

ലോകത്തിലെ പ്രബലരാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുത്ത ജി 20 ഉച്ചകോടിയും കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിനും  പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും ഇരുന്നൂറോളം രാഷ്ട്രനേതാക്കള്‍ പങ്കെടുത്ത ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയും ലോകത്തിനു പ്രത്യാശ പകരുന്നുവോ?
കാലാവസ്ഥാവ്യതിയാനം ലോകത്തിന്റെ നിലനില്പുതന്നെ അപകടത്തിലാക്കിയിട്ടുണ്ട്. അതിനൊരു പരിഹാരം കണ്ടെത്തേണ്ടത് നിലവിലെ രാഷ്ട്രനേതാക്കളുടെ കടമയാണ്. അതിനവര്‍ ചില നല്ല ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കാലാവസ്ഥാവ്യതിയാനംമൂലം കാര്‍ഷികമേഖലയില്‍ നേരിടുന്ന കനത്ത വെല്ലുവിളികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി. മാനവരാശിയുടെ നിലനില്പ് ആഗ്രഹിക്കുന്നവര്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രതിസന്ധി നേരിടാന്‍ അടിയന്തരനടപടികള്‍ക്കു തയാറാവണമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് പാരീസ് ഉടമ്പടിയില്‍നിന്നു പിന്മാറിയതു തെറ്റായിപ്പോയെന്നും ബൈഡന്‍ സമ്മതിച്ചു. ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തുണ്ടായ കാലാവസ്ഥാവ്യതിയാനം ജനസംഖ്യയുടെ പകുതിയിലേറെപ്പേരെ നേരിട്ടു ബാധിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ആഗോളതാപനം കുറയ്ക്കുന്നതിനുള്ള പദ്ധതികളാണു ഗ്ലാസ്‌ഗോ സമ്മേളനം പ്രധാനമായും രൂപപ്പെടുത്തുന്നത്.
അന്തരീക്ഷമലിനീകരണം ഏറ്റവും കൂടുതല്‍ നടത്തുന്ന രാജ്യങ്ങളെന്ന് ആരോപിക്കപ്പെടുന്ന ചൈനയുടെയും റഷ്യയുടെയും ഭരണാധികാരികളുടെ അഭാവം ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ ശ്രദ്ധേയമായി. രണ്ടാഴ്ചത്തെ സമ്മേളനം നടത്തുന്ന ചര്‍ച്ചകളും എടുക്കുന്ന തീരുമാനങ്ങളും കടലാസുരേഖകളായി മാത്രം അവശേഷിച്ചാല്‍ പോരാ. പ്രമുഖരാഷ്ട്രങ്ങള്‍ ഇതിനോടു പ്രതികരിക്കുന്നതെങ്ങനെയെന്നതാണു പ്രധാനം.
ജി 20 ഉച്ചകോടിയുടെ അന്തിമപ്രമേയം ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ലെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരും കാലാവസ്ഥാശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. ആഗോളതാപനം കുറയ്ക്കുന്നതിന് അര്‍ത്ഥപൂര്‍ണവും ഫലപ്രദവുമായ നടപടികള്‍ എടുക്കണമെന്നു പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. പക്ഷേ, അത് എത്രമാത്രം അര്‍ത്ഥവത്താകുമെന്നാണ് അറിയേണ്ടത്. ജി 20 പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിലാവും ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ ചര്‍ച്ചകളും അതിന്റെ ഫലപ്രാപ്തിയും. ചൈനയും റഷ്യയും ഈ നീക്കങ്ങളോടു പുലര്‍ത്തുന്ന നിസ്സഹകരണത്തിലുള്ള അതൃപ്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോടു തുറന്നു പറയുകയും ചെയ്തു. ആഗോളതാപനം 1.5 സെല്‍ഷ്യസ് ആയി കുറയ്ക്കണമെന്ന കാലാവസ്ഥാശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് അംഗീകരിക്കാന്‍ ജി 20 നേതാക്കള്‍ സന്നദ്ധരായി എന്നതാണ് പ്രധാനമായൊരു തീരുമാനം. പക്ഷേ, ഇതിനായി സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ സമയബന്ധിതമായ ഉറച്ച ധാരണ ഉണ്ടായിട്ടില്ല.
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കുന്നതിന് പതിനായിരം കോടി ഡോളറിന്റെ പദ്ധതിയും ഉച്ചകോടി അംഗീകരിച്ചു. കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ ലോകരാഷ്ട്രങ്ങള്‍ക്കു ലഭ്യമാക്കാനും ഈ തുക വിനിയോഗിക്കും. കല്‍ക്കരി അധിഷ്ഠിത ഊര്‍ജോത്പാദനത്തിനു പുതിയ പ്ലാന്റുകള്‍ക്ക് അടുത്തവര്‍ഷംമുതല്‍ പൊതുധനസഹായം നല്‍കേണ്ടതില്ലെന്നു പ്രമുഖരാഷ്ട്രങ്ങള്‍ തീരുമാനിച്ചെങ്കിലും കല്‍ക്കരി ഊര്‍ജോത്പാദനത്തില്‍ ആഭ്യന്തരരംഗത്ത് എന്തു നിലപാടു സ്വീകരിക്കുമെന്നതിനെക്കുറിച്ചു വ്യക്തത ഉണ്ടായിട്ടില്ല.
കല്‍ക്കരിപോലുള്ള ഊര്‍ജസ്രോതസുകള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്കു ചില പരിമിതികളുണ്ട്. അതേസമയം, ആഗോളതാപനം ലഘൂകരിക്കേണ്ടതിനെക്കുറിച്ചു രാജ്യത്തിനു വ്യക്തമായ ബോധ്യമുണ്ട്. വികസനരംഗത്ത് പിന്നാക്കംപോകുന്ന സാഹചര്യം ഇന്ത്യ കണക്കിലെടുക്കുന്നു. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിന് അന്താരാഷ്ട്രതലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ പാലിക്കുന്നതില്‍ ഇന്ത്യ മുന്തിയ പരിഗണനയാണു നല്‍കിപ്പോരുന്നത്. കൂടുതല്‍ ഹരിതപദ്ധതികള്‍ക്കായി പൊതു-സ്വകാര്യമൂലധന മുതല്‍മുടക്കിനും ജി 20 ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്.
ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആഗോളതാപനം 1.5 സെല്‍ഷ്യസില്‍ പരിമിതപ്പെടുത്താന്‍ ലോകരാഷ്ട്രങ്ങളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ രക്ഷയാണു ലക്ഷ്യമിടുന്നത്. വികസിതരാജ്യങ്ങള്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനുള്ളില്‍ നടത്തിയ അന്തരീക്ഷമലിനീകരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് അവര്‍ക്കു ഒഴിഞ്ഞുമാറാനാവില്ല. മലിനീകരണം കുറയ്ക്കാനുള്ള നടപടികളില്‍ അവര്‍ വികസ്വരരാഷ്ട്രങ്ങളെ ഉപദേശിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ചൈനയും ഇന്ത്യയും ഈ നിലപാടിനെ നിശിതമായി വിമര്‍ശിക്കുുണ്ട്. മഹാപ്രളയം, കൊടുംവരള്‍ച്ച തുടങ്ങിയ കഠിനപ്രകൃതിദുരന്തങ്ങള്‍ക്കു കാരണമാകുന്ന ആഗോളതാപനം അടിയന്തരമായി കുറയ്‌ക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
ഈ നൂറ്റാണ്ടിന്റെ പകുതിയോടെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യമാണ് വികസിതരാജ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. അന്തരീക്ഷതാപനില വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്കു പുറംതള്ളുന്നതിന്റെയും അന്തരീക്ഷത്തില്‍നിന്ന് അത് ഒഴിവാക്കുന്നതിന്റെയും തോത് സമീകൃതമാക്കുക എന്നതാണ് നെറ്റ് സീറോ എന്നതുകൊണ്ടു ലക്ഷ്യമിടുന്നത്.   
നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യം 2070 ആകുമ്പോഴേ ഇന്ത്യ കൈവരിക്കൂ എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലാസ്‌ഗോയില്‍ വ്യക്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളുന്ന ചൈന 2060 ല്‍ നെറ്റ് സീറോ എമിഷന്‍ ലക്ഷ്യത്തിലെത്താമെന്നാണു വാഗ്ദാനം ചെയ്യുന്നത്. 2050 എന്ന ലക്ഷ്യത്തോട് റഷ്യയും യോജിച്ചിട്ടില്ല.
ലോകരാജ്യങ്ങള്‍ നിലവില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍പ്പോലും ലോകം 2.7 ഡിഗ്രി സെല്‍ഷ്യസ് ആഗോള താപനിലയിലേക്കു കുതിക്കുകയാണെന്നാണ് യുഎന്‍ കാലാവസ്ഥാവിദഗ്ധരുടെ കണക്കുകൂട്ടല്‍. ഈ സ്ഥിതി ലോകത്ത് അപ്രതീക്ഷിതമായ പല ദുരന്തങ്ങള്‍ക്കും ഇടയാക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
റോമില്‍ നടന്ന ജി 20 രാഷ്ട്രനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുപതു വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയുമായുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈ കൂടിക്കാഴ്ചയിലും കാലാവസ്ഥാവ്യതിയാനവും അനുബന്ധപ്രശ്‌നങ്ങളും സജീവചര്‍ച്ചാവിഷയമായി. പ്രകൃതിസംരക്ഷണത്തെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുമൊക്കെ വ്യക്തമായ ബോധ്യങ്ങളുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ടുതന്നെ മാര്‍പാപ്പയുമായുള്ള സംഭാഷണങ്ങള്‍ ലോകനേതാക്കള്‍ക്ക് ഈ വിഷയത്തെക്കുറിച്ചു വ്യക്തമായ ചില ദര്‍ശനങ്ങള്‍ നല്‍കിയിട്ടുണ്ടാവും.
ആഗോളതാപനം വര്‍ധിക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ വളരെ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ലോകത്തെ ദരിദ്രജനവിഭാഗങ്ങളെയാണ് ഇതു കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പരിസ്ഥിതി അടിയന്തരാവസ്ഥയോടു ഫലപ്രദമായി പ്രതികരിക്കാനും ഭാവി തലമുറയ്ക്ക് ഉറച്ച പ്രത്യാശ പ്രദാനം ചെയ്യാനും ഗ്ലാസ്‌ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കു സാധിക്കണമെന്ന് സമ്മേളനം ആരംഭിക്കുന്നതിന് ഏതാനും ദിവസംമുമ്പു മാര്‍പാപ്പ ബിബിസിക്കു നല്കിയ പ്രത്യേക സന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു. നമ്മുടെ പൊതുഭവനത്തിന്റെ തകര്‍ച്ചയും കാലാവസ്ഥാവ്യതിയാനത്തിന്റെ അപ്രതീക്ഷിത ഭീഷണികളും നേരിടുന്നതിന് നാം ആരായിരുന്നാലും എവിടെയായിരുന്നാലും കൂട്ടായ ഉത്തരവാദിത്വത്തിന്റെ സ്വന്തം പങ്കു നിര്‍വഹിക്കാനാവണമെന്നും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. ലോകത്തോടുള്ള ഉത്തരവാദിത്വം പങ്കുവയ്ക്കലാണത്.
സാധിക്കുന്ന അവസരങ്ങളിലെല്ലാം പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രായോഗികചിന്തകള്‍ മാര്‍പാപ്പ പങ്കുവയ്ക്കാറുണ്ട്. 'ലൗദാത്തോ സി' എന്ന ചാക്രികലേഖനം പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട ചരിത്രരേഖയാണ്. ആഗോളതലത്തില്‍ ഈ തിരുവെഴുത്തിന് വ്യാപക അംഗീകാരമാണു ലഭിച്ചത്. നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണം എന്ന ആശയം അതിലൂടെയാണ് അദ്ദേഹം ലോകത്തിനു നല്‍കിയത്. 2015 ല്‍ പാരീസില്‍ വിളിച്ചുചേര്‍ത്ത യുഎന്‍  കാലാവസ്ഥാ ഉച്ചകോടിക്കുമുമ്പായി പ്രകാശനം ചെയ്ത ഈ ചാക്രികലേഖനത്തിലെ ആശയങ്ങളും നിര്‍ദേശങ്ങളും ആ സമ്മേളത്തിന്റെ ചര്‍ച്ചകളെയും തീരുമാനങ്ങളെയും നിര്‍ണായകമായി സ്വാധീനിച്ചിരുന്നു. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും ദര്‍ശനങ്ങളും അലയടിച്ചു.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)