മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും അക്രമങ്ങളും പരിപൂര്‍ണമായി ഇല്ലാതായാലേ രാജ്യത്തിനും ലോകത്തിനും പുരോഗതിയും സമാധാനവും കൈവരൂ. ആഗോളസമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും പാവങ്ങളുടെയും അശരണരുടെയും പരിചരണത്തിനുംവേണ്ടിയുള്ള പാപ്പായുടെ ഉറച്ച നിലപാടുകള്‍ക്ക് ഇന്ത്യയിലും അംഗീകാരവും ആദരവും ലഭിക്കും.
''ഐ ലവ് ഇന്ത്യ. ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നു. അതുണ്ടാകുമെന്നാണു പ്രതീക്ഷ. ദൈവത്തിന്റെ പദ്ധതിക്കനുസരിച്ച് ഇന്ത്യാസന്ദര്‍ശനം യാഥാര്‍ത്ഥ്യമാകട്ടെ'' ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണിത്. 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടത്തിയ ഒരാഴ്ച നീണ്ട മ്യാന്‍മര്‍, ബംഗ്ലാദേശ് പര്യടനത്തിനുശേഷം റോമിലേക്കു മടങ്ങുന്നതിനിടെ മാര്‍പാപ്പയുടെ പ്രത്യേക പേപ്പല്‍ വിമാനത്തില്‍ വച്ച് ഈ ലേഖകനോടു പറഞ്ഞതാണിത്.
ഇന്ത്യയിലും ബംഗ്ലാദേശിലും വരാനായിരുന്നു അന്ന് ആഗ്രഹിച്ചതെന്നു പാപ്പാ വിശദീകരിച്ചു. സാങ്കേതികമായ ചില കാരണങ്ങള്‍കൊണ്ട് ഇന്ത്യാസന്ദര്‍ശനം നീണ്ടു. അതിനാലാണ് മ്യാന്‍മര്‍ തിരഞ്ഞെടുത്തത്. പക്ഷേ, ഇന്ത്യയിലേക്കു വരണമെന്നതു ദൈവഹിതമാണെന്നു തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍നിന്നു മ്യാന്‍മറിലേക്കും ബംഗ്ലാദേശിലേക്കും പാപ്പാ നടത്തിയ ചരിത്രയാത്രയ്ക്കായി രണ്ടുതവണ ഇന്ത്യയ്ക്കു മുകളിലൂടെയായിരുന്നു വിമാനം പറന്നത്.
ബിബിസി, സിഎന്‍എന്‍, റോയിട്ടേഴ്സ്, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശമാധ്യമങ്ങളിലെ മുതി
ര്‍ന്ന പത്രപ്രവര്‍ത്തകര്‍ അടക്കമുള്ള, മാര്‍പാപ്പയെ അനുഗമിച്ച 75 അംഗ മാധ്യമസംഘത്തില്‍ ദീപികയെ പ്രതിനിധീകരിക്കാന്‍ ലഭിച്ചത് അപൂര്‍വഭാഗ്യമായിരുന്നു. സംഘത്തിലെ, ഇന്ത്യയില്‍നിന്നുള്ള ഏക അംഗമായിരുന്നു.
ഒരാഴ്ച ഒപ്പം സഞ്ചരിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തപ്പോഴാണ് ഫ്രാന്‍സിസ് പാപ്പായിലെ കരുണയും സ്നേഹവുമുള്ള മനുഷ്യനെ അടുത്തറിഞ്ഞത്. ജെസ്യൂട്ട് വൈദികനായിരിക്കേ കിട്ടിയ പരിശീലനവും യഥാര്‍ത്ഥ ക്രൈസ്തവദര്‍ശനങ്ങളുമാണ് നന്മയ്ക്കും സമാധാനത്തിനുംവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു ഫ്രാന്‍സിസ് പാപ്പായെ ഒരുക്കിയത്. മാര്‍പാപ്പായെ നേരില്‍ക്കാണാന്‍ ഇന്ത്യയിലെ കത്തോലിക്കാവിശ്വാസികളും ഇതരക്രൈസ്തവരും ഇതരമതസ്ഥരും വര്‍ഷങ്ങളോളം നടത്തിയ കാത്തിരിപ്പിനാണു പ്രതീക്ഷയുടെ ചിറകു മുളച്ചത്.
മതസ്പര്‍ധ ഇല്ലാതാകട്ടെ
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനത്തിനു വലിയ പ്രാധാന്യവുംസന്ദേശവുമുണ്ട്. മറ്റേതെങ്കിലും ആത്മീയനേതാവിന്റെയോ, രാഷ്ട്രത്തലവന്റെയോ സന്ദര്‍ശനംപോലെയാകില്ലത്. എല്ലാമതങ്ങളും പരസ്പരം ബഹുമാനിക്കാനും സഹകരിക്കാനും സഹായിക്കാനുംവേണ്ടിയാകണമെന്ന വലിയ സന്ദേശമാകും മുഖ്യം. മതസ്പര്‍ധ ഇല്ലാതാക്കാനുള്ള പാപ്പായുടെ ശ്രമങ്ങളും ഫലം കാണാതിരിക്കില്ല.
മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും അക്രമങ്ങളും പരിപൂര്‍ണമായി ഇല്ലാതായാലേ രാജ്യത്തിനും ലോകത്തിനും പുരോഗതിയും സമാധാനവും കൈവരൂ. ആഗോളസമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും പാവങ്ങളുടെയും അശരണരുടെയും പരിചരണത്തിനുംവേണ്ടിയുള്ള പാപ്പായുടെ ഉറച്ച നിലപാടുകള്‍ക്ക് ഇന്ത്യയിലും അംഗീകാരവും ആദരവും ലഭിക്കും.
ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പാ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ. 2013 മാര്‍ച്ച് 13 ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇന്ത്യയിലേക്കു വരാന്‍ ഫ്രാന്‍സിസ് പാപ്പാ പല തവണ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏഴു വര്‍ഷത്തിനുശേഷമാണു കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികക്ഷണം ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ശനിയാഴ്ച വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ വകവയ്ക്കാതെ അടുത്ത വര്‍ഷംതന്നെ 84 കാരനായ ഫ്രാന്‍സിസ് പാപ്പ ഇന്ത്യാപര്യടനം നടത്താനുള്ള പ്രാഥമികാലോചനകള്‍ വത്തിക്കാനും ഇന്ത്യയും തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യയുടെ യശസ്സുയര്‍ത്തും
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്നതാകും മാര്‍പാപ്പയുടെ സന്ദര്‍ശനം എന്നതില്‍ സംശയമില്ല. ഗോവ അടക്കമുള്ള നിയമ
സഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായുള്ള മോദിയുടെ പാപ്പായുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ രാഷ്ട്രീയമുതലെടുപ്പിനു കേന്ദ്ര ഭരണകക്ഷി ശ്രമിച്ചേക്കുമെന്ന ആക്ഷേപവും പ്രതിപക്ഷത്തെ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. പക്ഷേ, റോമില്‍ സമാപിച്ച ജി 20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ കാണാതെ വന്നിരുന്നെങ്കില്‍ അതാകുമായിരുന്നു കൂടുതല്‍ വിവാദം.
മാര്‍പാപ്പായുടെ ഇന്ത്യാസന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മാര്‍പാപ്പയാകും ഫ്രാന്‍സിസ് പാപ്പ. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കുശേഷം മറ്റൊരു മാര്‍പാപ്പകൂടി കേരളത്തിലെത്തുമെന്ന പ്രതീക്ഷയും ശക്തമാണ്. ഇന്ത്യയിലേക്ക് ആദ്യമായി മാര്‍പാപ്പയെ ഔദ്യോഗികസന്ദര്‍ശനത്തിനു ക്ഷണിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. 1986 ലെ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു ഊഷ്മളസ്വീകരണം നല്‍കാനും രാജ്യത്തെമ്പാടും സുരക്ഷിതവും വീരോചിതവുമായ പര്യടനം ഒരുക്കാനും രാജീവ് തയ്യാറായി.
പിന്നീട് 1999 ലെ മാര്‍പാപ്പയുടെ ഔദ്യോഗികസന്ദര്‍ശനത്തിനായി ക്ഷണിച്ചതു പ്രധാനമന്ത്രി വാജ്‌പേയി ആണ്. എന്തുകൊണ്ടോ പിന്നീടു രണ്ടു പതിറ്റാണ്ടുകാലം പ്രധാനമന്ത്രിമാര്‍ മാര്‍പാപ്പയെ ക്ഷണിക്കുകയോ വത്തിക്കാനില്‍ പോയി സന്ദര്‍ശിക്കുകയോ ചെയ്തില്ലെന്നത് അതിശയകരമാണ്. നരസിംഹറാവുമുതല്‍ പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മന്‍മോഹന്‍സിങ് വരെയുള്ളവര്‍ പലതവണ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയി രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വത്തിക്കാനിലേക്കു പോകാന്‍ തയ്യാറായില്ല.
ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1955 ജൂലൈയില്‍ വത്തിക്കാനിലെത്തി പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1981 ലാണു വത്തിക്കാനിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. 1997 ല്‍ ഐ.കെ. ഗുജ്‌റാളും 2000 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയും വത്തിക്കാനില്‍ ചെന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ സന്ദര്‍ശിച്ച് ഇന്ത്യയുടെ ആദരവ് അറിയിച്ചിരുന്നു.
മുംബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ 1964 ല്‍ ഇന്ത്യയിലെത്തിയിരുന്നു. നെഹ്റുവിന്റെ മരണത്തെത്തുടര്‍ന്നു പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി പാപ്പയെ സന്ദര്‍ശിച്ചു. രാജീവ് ഗാന്ധിയുടെ കാലത്ത് 1986 ഫെബ്രുവരിയിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആദ്യം ഇന്ത്യയിലെത്തിയത്. 1999 ല്‍ അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ പാപ്പാ വീണ്ടും ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനുമായും അന്നത്തെ വരവില്‍ പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.
പാപ്പായെ പാലായ്ക്കും പ്രതീക്ഷിക്കാം
ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണു വ്യക്തമായ സൂചന. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാസഭാമേലധ്യക്ഷന്മാരും വിശ്വാസിസമൂഹവും വര്‍ഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അര കോടിയിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോമലങ്കരസഭയുടെയും ആസ്ഥാനം കേരളത്തിലാണ്. ലത്തീന്‍ കത്തോലിക്കാവിഭാഗവും സംസ്ഥാനത്തു പ്രബലമാണ്.
വിശുദ്ധ സിസ്റ്റര്‍ അല്‍ഫോന്‍സ മുതല്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ എന്നീ പുണ്യാത്മക്കളുടെയെല്ലാം നാടാണു കേരളം. പാലായുടെ സ്വന്തം വിശുദ്ധ അല്‍ഫോന്‍സാമ്മയും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ധന്യന്‍ മാത്യു കദളിക്കാട്ടില്‍ അച്ചനും അടക്കമുള്ളവര്‍ ആഗോളകത്തോലിക്കാസഭയ്ക്കുള്ള പാലായുടെ സമ്മാനമാകും.
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പാലാ, ഭരണങ്ങാനം സന്ദര്‍ശനത്തിനായി വിശ്വാസിസമൂഹം പ്രാര്‍ത്ഥനയോടെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതു സ്വാഭാവികം. ആഗോള കത്തോലിക്കാസഭയ്ക്ക് വൈദികരും കന്യാസ്ത്രീമാരും അടക്കം ഏറ്റവുമധികം സമര്‍പ്പിതരെ സമ്മാനിക്കുന്ന പാലാ രൂപതയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും മാര്‍പാപ്പായെ പാലായുടെ പുണ്യഭൂമിയില്‍ വരവേല്‍ക്കുന്ന പുതുചരിത്രത്തിനായും പ്രത്യാശയോടെയാണു വിശ്വാസികള്‍ കാത്തിരിക്കുന്നത്.