•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ദളിത് ക്രൈസ്തവവിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം

കോട്ടയം: ദളിത് ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള എസ്‌സി/എസ്ടി/ബിസി കമ്മീഷന്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവ ഉടനെ വിതരണം ചെയ്യണമെന്നും ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന മൈനോരിറ്റി സ്‌കോളര്‍ഷിപ്പ് ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ലംപ്‌സം ഗ്രാന്റ് ജാതിയടിസ്ഥാനത്തില്‍ വരുമാനപരിധിയില്ലാതെ ലഭിക്കുന്ന തുച്ഛമായ ആനുകൂല്യമാണെന്നും സ്‌കോളര്‍ഷിപ്പ് പഠനമികവിനു വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പ്രോത്സാഹനമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്ലസ്ടു മുതല്‍ എല്ലാ കോഴ്‌സുകളിലെയും ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായ എല്ലാ ദളിത് വിദ്യാര്‍ത്ഥികള്‍ക്കും അവരാവശ്യപ്പെടുന്ന കോഴ്‌സുകളിലേക്കു പ്രവേശനം നല്‍കുക, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന എല്ലാ സംരക്ഷണവും ദളിത് ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ക്കും നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കുക, പരിവര്‍ത്തിത ക്രൈസ്തവവിഭാഗവികസന കോര്‍പ്പറേഷന് ആവശ്യമായ ഫണ്ട് (10 കോടി) അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ച യോഗം വൈസ് ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. യുഹാനോന്‍ മാര്‍ തെയഡോഷ്യസ് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റ്, ജോ. സെക്രട്ടറി ജെയിംസ് ഇലവുങ്കല്‍, ഡിസിഎംഎസ് രൂപത ഡയറക്ടര്‍മാരായ ഫാ. ജോണ്‍ അരീക്കല്‍, (തിരുവനന്തപുരം മലങ്കര), ഫാ. ജോസുകുട്ടി ഇടത്തിനകം (കാഞ്ഞിരപ്പള്ളി), ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം (കോതമംഗലം), ഫാ. ജോസ് വര്‍ഗീസ് (പുനലൂര്‍) എന്നിവര്‍ പ്രസംഗിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)