•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

സത്യവും മിഥ്യയും

  • പ്രഫ. എ.ടി. ഏബ്രഹാം വാളനാട്ട്‌
  • 4 November , 2021

പാവനാത്മാ, നിഖിലാധിനാഥ, മ-
ജ്ജീവദായക, ദയാനിധേ, നമോ.
താവകസ്തുതികള്‍ പാടുവാന്‍ സദാ
ഭാവുകം വരനിധേ, തരേണമേ.
വിസ്തരിക്കുകയസാധ്യമാണു നിന്‍
ശക്തിയെസ്സകലശക്തനീശ്വരാ,
നിസ്തുലം തവമഹത്ത്വമോര്‍ക്കില്‍ മ-
റ്റൊക്കെയിങ്ങെഴുവതൊന്നുമല്ലപോല്‍.
ഈയരപാ ജഗമൊക്കെയും വെറും
മായയെന്നു ചിലര്‍ ചൊന്നിടുന്നതിന്‍
ന്യായമീ സമതയറ്റെഴും മഹ-
ത്തായ നിന്‍ മഹിമയായിരിക്കണം.
പൃഥ്വിയും പുനരിതില്‍പ്പെടുന്നതാം
സൃഷ്ടിജാലമൊക്കെയും വെറും
മിഥ്യയെന്നിവര്‍ പറഞ്ഞിടു,ന്നിതില്‍
സത്യമില്ലൊരണുപോലുമെങ്കിലും.
ഒന്നുമില്ലുലകിതില്‍ യഥാര്‍ത്ഥമാ-
യെന്നവാദമുരിയാടിടുമ്പൊഴും
ഒന്നു തീര്‍ച്ച, യിവരേറ്റു ചൊല്‌വത-
ത്യുന്നതന്റെ മഹിമാവുതന്നെയാം.
എത്ര ഭംഗിയില്‍ വിദഗ്ധനാം കലാ-
കൃത്തൊരാള്‍ രുചിരായ് രചിച്ചപോല്‍
ഇപ്രപഞ്ചവുമിതില്‍പ്പെടുന്നൊരീ
സൃഷ്ടിജാലവുമൊരുക്കിയീശ്വരന്‍!
ശ്രീലസുന്ദര ജഗത്തിലാകവേ
ലാലസിപ്പവ സമസ്തസൃഷ്ടിയും
ചേലിലെങ്ങുമറിയിപ്പു നിന്‍കലാ-
ലീലയെജ്ജഗ്ഗുരോ, നിരന്തരം
ദൂരെയംബരതലത്തു വന്‍ പ്രഭാ-
പൂരമായ് വിവിധ താരരാജികള്‍,
ചാരുദൃശ്യനിരയോടു ഭൂമിയും
പോരുമല്ലൊ സുഖമേറെയേകുവാന്‍.
സൂനരാജി വിടരുന്ന, സൗരഭാ-
സ്ഥാനമാണഖില ഭൂവിഭാഗവും
ഗാനമോടൊഴുകിടുന്നു കോമള-
സ്വാനമാര്‍ന്ന രുചിരം സരിത്തുകള്‍.
പാടിടുന്നു കളഗീതികോകമ,-
ങ്ങാടിടുന്നു മുദമോടു കേകികള്‍,
മോടിയില്‍ ശലഭസഞ്ചയങ്ങള്‍ ചാ-
ഞ്ചാടിടുന്നു, ശബളാഭയാര്‍ന്നവര്‍.
ബാലലോകമധുരസ്മിതങ്ങളില്‍,
ലോലമോഹനസുമോല്ക്കരങ്ങളില്‍,
ശ്രീലസസ്യഹരിതാഭയില്‍, ജഗം
നീളെയേവമൊഴുകുന്നു നിന്‍പ്രഭ.
കുമ്പിടുന്നു മഹിമാനികേതമാം
നിന്‍ പവിത്രപദപങ്കജങ്ങളെ
അന്‍പെഴും തവ വരങ്ങള്‍ മാത്രമാ-
ലംബമാശ്രിതനെനിക്കു മല്‍ പ്രഭോ.
ലോകയാത്രയുടെ തിക്തപാത വന്‍
ശോകഭാരമൊടു ദാസര്‍ താണ്ടവേ
നീ കനിഞ്ഞു നിതരാമനുഗ്രഹ-
ശ്ശീകരങ്ങള്‍ ചൊരിയൂ കൃപാനിധേ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)