•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

പുറംകാഴ്ചകളെക്കാള്‍ ശക്തമാണ് അകക്കണ്ണുകള്‍; കെ.എ.എസ്. പരീക്ഷയില്‍ ചരിത്രമായി രൂപേഷ്

രിത്രം പഠിക്കുന്നതിനൊപ്പം സ്വയം ചരിത്രമാകണമെന്ന് വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിക്കുന്ന രൂപേഷ്മാഷ് ഇവിടെ ചരിത്രമായിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര, പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ രൂപേഷ്, ചരിത്രത്തിലാദ്യമായി നടന്ന കേരള അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് (കെ.എ.എസ്.) പരീക്ഷയില്‍ സ്ട്രീം 3 ല്‍ (കാഴ്ചശക്തി കുറഞ്ഞവരുടെ വിഭാഗം) ഒന്നാം റാങ്ക് നേടുകയുണ്ടായി. 90% കാഴ്ചവൈകല്യമുള്ള രൂപേഷ് എംകോം, ബിഎഡ്, സെറ്റ്, നെറ്റ് പരീക്ഷകളിലും ഉന്നതവിജയം നേടിയിരുന്നു.
ആലപ്പുഴ ജില്ലയിലെ കുതിരപ്പന്തി ആഞ്ഞിലിപ്പറമ്പില്‍ വീട്ടില്‍ ഹരിദാസിന്റെയും കോമളയുടെയും മകന്‍. ജനിച്ചപ്പോള്‍ 25 ശതമാനം കാഴ്ചശക്തിയുണ്ടായിരുന്നു രൂപേഷിന്. എളിയ സാഹചര്യത്തിലാണ് ജീവിച്ചിരുന്നെങ്കിലും മാതാപിതാക്കള്‍ തങ്ങളുടെ മകനു നല്‍കാവുന്ന ചികിത്സയൊക്കെ നല്‍കി. കണ്ണില്‍നിന്നു തലച്ചോറിലേക്കുള്ള നാഡിയുടെ തകരാറാണ് അസുഖമെന്നും, കണ്ണിന് സ്‌ട്രെയിന്‍ എടുക്കുന്ന ഒരു ജോലിയും ചെയ്യരുതെന്നും മധുരയിലെ പ്രശസ്തമായ അരവിന്ദ കണ്ണാശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പഠിക്കുമ്പോള്‍ കണ്ണിന് ജോലിഭാരം കൂടുമെന്നും, അതു കാഴ്ചശക്തിയെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും, അതിനാല്‍ പഠനം ഉപേക്ഷിക്കുന്നതാണു നല്ലതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, തന്റെ കണ്ണുകള്‍ക്കു വെളിച്ചമില്ലെങ്കിലും ലോകത്തിനു പ്രകാശമേകാന്‍ തുടര്‍വിദ്യാഭ്യാസം നടത്തണമെന്നു രൂപേഷ് തീരുമാനിച്ചു. എംകോം പഠിക്കുന്ന സമയമായപ്പോഴേക്കും കാഴ്ച പത്തു ശതമാനമായി ചുരുങ്ങി.
തൊണ്ടുതല്ലിയും, കയര്‍ പിരിച്ചുമൊക്കെയായിരുന്നു രൂപേഷിന്റെ കുടുംബം കഴിഞ്ഞിരുന്നത്. മാതാപിതാക്കളോടൊപ്പം മക്കളും എല്ലാ ജോലിയിലും പങ്കെടുത്തിരുന്നു. സഹോദരങ്ങള്‍ കൊണ്ടുവരുന്ന തൊണ്ട് പിച്ചുന്ന ജോലി രൂപഷിനായിരുന്നു, കയര്‍ പിരിക്കുന്ന ജോലി അമ്മയുടെയും. ഇതിനു പുറമേ ട്യൂഷന്‍ എടുക്കുന്ന ജോലിയും മക്കള്‍ മൂന്നു പേരും ചെയ്തിരുന്നു. ആഹാരത്തിനുള്ള വക കണ്ടെത്താനായിരുന്നു ട്യൂഷന്‍ എടുത്തിരുന്നത്. ട്യൂഷന്‍ എടുത്തതുവഴി പാഠഭാഗങ്ങള്‍ കൂടുതല്‍ ഹൃദിസ്ഥമാകുവാനും, കൂടുതല്‍ ശിഷ്യഗണങ്ങളെ നേടുവാനും രൂപഷിനു കഴിഞ്ഞു. അന്നത്തെയും ഇന്നത്തെയും ശിഷ്യഗണങ്ങളാണൂ രൂപേഷിനെ സ്‌കൂളിലേക്കെത്തിക്കുന്നതും തിരിച്ചു വീട്ടില്‍ കൊണ്ടുചെന്നാക്കുന്നതും.
കെ.എ.എസ്. പരീക്ഷയ്ക്ക്  പത്തു ദിവസം മുമ്പു മാത്രമാണ് കാഴ്ചശക്തി കുറവുള്ളവര്‍ക്ക് പരീക്ഷയെഴുതാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. കെ.എ.എസ്. പരീക്ഷയ്ക്കായി പ്രത്യേക പരിശീലനത്തിനൊന്നും രൂപേഷ് പോയിട്ടില്ല. ഒന്നു കേട്ട കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള കഴിവ് ദൈവകൃപയാല്‍ കിട്ടിയിട്ടുള്ളതാണെന്ന് രൂപേഷ് പറയും. യൂട്യൂബ് വീഡിയോകളും, മറ്റുള്ളവരുടെ സഹായത്തോടെ തയ്യാറാക്കുന്ന വോയിസ് മെസേജുകളുമാണു രൂപേഷിന്റെ പഠനത്തിന്റെ മുഖ്യമാര്‍ഗങ്ങള്‍. സഹാധ്യാപകരുെടയും വിദ്യാര്‍ത്ഥികളുടെയും സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടേയും പിന്തുണയാണ് അദ്ദേഹത്തിന്റെ കരുത്ത്.
ആലപ്പുഴ ആര്യാട് യുപി സ്‌കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യനിയമനം. എഴുതിയ മത്സരപ്പരീക്ഷകളിലെല്ലാം രൂപേഷ് ഉന്നതവിജയം നേടി. ഹയര്‍സെക്കന്‍ഡറി ജൂനിയര്‍, സീനിയര്‍ പരീക്ഷകളില്‍ അദ്ദേഹത്തിനു മികച്ച റാങ്കുണ്ടായിരുന്നു. ഹയര്‍സെക്കന്‍ഡറി സീനിയര്‍ അധ്യാപകലിസ്റ്റില്‍ ഇരുപത്തൊന്‍പതാമത്തെ റാങ്കോടെ അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് അധ്യാപകനായി. അതിനുശേഷം ഇപ്പോള്‍ ജോലിചെയ്യുന്ന പുന്നപ്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സഥലംമാറ്റം. ക്ലാസ്സില്‍ വളരെ കണിശക്കാരനായ ഒരധ്യാപകനാണു രൂപേഷ് മാഷ്.  തന്റെ വീട്ടില്‍വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി രൂപേഷ് ഇപ്പോഴും ട്യൂഷനെടുക്കുന്നു. പണ്ട് ട്യൂഷനെടുത്തത് ജീവിക്കാന്‍വേണ്ടിയായിരുന്നെങ്കില്‍, ഇന്ന് അതൊരു സേവനമാണ്.
പുറംകാഴ്ചകളെക്കാള്‍ ശക്തമാണ് അകക്കണ്ണിന്റെ ശക്തിയെന്ന് തെളിയിക്കുകയാണ് രൂപേഷ്. അക്കൗണ്ടന്‍സിപോലുള്ള വിഷയങ്ങള്‍ ഒരിക്കലും ബോര്‍ഡില്‍ ചെയ്യുന്നത് ഞാന്‍ കണ്ടുപഠിച്ചിട്ടില്ല, പകരം അധ്യാപകര്‍ പറയുന്ന അറിവുകള്‍ ശ്രദ്ധയോടെ കേട്ടിരുന്ന് എന്റെ മനസ്സിലൊരു ചിത്രം വരച്ചായിരുന്നു പഠനങ്ങള്‍. ജീവിതത്തില്‍ എന്തെങ്കിലുമായിത്തീരണമെന്ന ചിന്ത ചെറുപ്പം മുതലേ എന്നിലുണ്ടായിരുന്നു. ജീവിതത്തില്‍ വിജയിക്കാനുള്ള ഏറ്റവും വിലയുള്ള ആയുധമാണ് വിദ്യാഭ്യാസം.
നിങ്ങള്‍ മറ്റുള്ളവരെ മാതൃകയാക്കാതെ നിങ്ങളെ മറ്റുള്ളവര്‍ മാതൃകയാക്കുന്ന രീതിയിലായിരിക്കണം ഒരോരുത്തരും ജീവിക്കേണ്ടതെന്നു രൂപേഷ്മാഷ് പറയുന്നു. ഒരാളുടെ ജീവിതത്തിലെ ആദ്യത്തെ 25 വര്‍ഷം നന്നായി അധ്വാനിച്ചുപഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തുകയാണെങ്കില്‍ പിന്നീടുള്ള ജീവിതകാലം സുന്ദരമായിരിക്കുമെന്ന ബോധ്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരിക്കണം. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം.
തന്റെ മുമ്പില്‍ വരുന്ന ഫയലുകള്‍ എത്രയും വേഗം തീര്‍പ്പാക്കി ജനങ്ങളെ സേവിക്കുക എന്നതായിരിക്കും തന്റെ ശൈലിയെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിയമനം കാത്തിരിക്കുന്ന രൂപേഷ് പറയുന്നു. ദൈവത്തിന്റെ ഭൂമിയിലെ വലിയ നിക്ഷേപമാണു മനുഷ്യജന്മമെന്നും, നമ്മള്‍ ആ നിക്ഷേപത്തിനു പ്രതിഫലം നല്കുന്നവരായിരിക്കണമെന്നും, മറ്റുള്ളവര്‍ക്കു ബാധ്യതയായി നാം ഒരിക്കലും മാറരുതെന്നും രൂപേഷിനു നിര്‍ബന്ധമുണ്ടായിരുന്നു. അതിനദ്ദേഹം കയ്യിലേന്തിയ ആയുധങ്ങളായിരുന്നു വിദ്യാഭ്യാസവും ദൈവവിശ്വാസവും കഠിനാധ്വാനവും. ദൈവവിശ്വാസമുണ്ടെങ്കില്‍ ഭാഗ്യം നമ്മോടൊപ്പമുണ്ടാകുമെന്നു രൂപേഷ് സാറിന്റെ റോള്‍ മോഡലും വഴികാട്ടിയുമായ ജ്യേഷ്ഠന്‍ ജഗന്‍ പറയുന്നു.
തനിക്കിവിടംവരെ എത്താമെങ്കില്‍, ദൃഢനിശ്ചയവും, അധ്വാനിക്കാനുള്ള മനസ്സുമുള്ള ആര്‍ക്കും എവിടെയുമെത്തിച്ചേരാമെന്നാണ് രൂപേഷ്മാഷിന്റെ അഭിപ്രായം. പരിമിതികളെ ഒരു കുറവായി കാണാതെ,  അതിജീവിക്കണമെന്ന തിരിച്ചറിവാണ് നാമോരോരുത്തര്‍ക്കുമുണ്ടാകേണ്ടത്. ഭിന്നശേഷിക്കാരായ മക്കളുടെ മാതാപിതാക്കള്‍ ഒരു തരത്തിലും വിഷമിക്കരുതെന്നും, തന്റെ ജീവിതം അവര്‍ക്കൊരു പ്രചോദനവും പ്രോത്സാഹനവുമാകട്ടെയെന്നും രൂപേഷ് ആഗ്രഹിക്കുന്നു. ചരിത്രപ്രാധാന്യമുള്ള കേരള അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസില്‍ ചരിത്രനിയമനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണു രൂപേഷ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)