നമ്മുടെ യുവതയ്ക്ക് ഇതെന്തുപറ്റി? എന്താണിപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിതൊക്കെ. പഠനത്തിനപ്പുറത്തേക്കു കടന്നുചെല്ലുന്ന ചില പുതിയ സൗഹൃദങ്ങളും അതില്‍നിന്നുരുത്തിരിയുന്ന ചില വഴിതിരിയലുകളും സര്‍വസന്തോഷങ്ങളുടെയും ഹോമവേദിയായി രൂപാന്തരപ്പെടുമ്പോള്‍ എത്രയോ പേരാണ് ആ അഗ്നികുണ്ഡത്തില്‍ വീണുപൊലിയുന്നത്.
ജീവിതം കെട്ടിപ്പടുക്കാന്‍ ആവശ്യമായ പങ്കാളിയെ അതിനനുസൃതമായ പ്രായത്തിലും സമയത്തും രക്ഷിതാക്കളും വേണ്ടപ്പെട്ടവരും അറിഞ്ഞും ആശയവിനിമയം നടത്തിയും യഥോചിതം കണ്ടെത്തി, കെട്ടുറപ്പോടെ കുടുംബഘടകത്തിന് അടിത്തറയിടുന്നതാണ് എപ്പോഴും കരണീയമായിട്ടുള്ളത്. ഇത് യുവജനങ്ങളെ കാര്യമായി ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. അത്തരം ഘട്ടങ്ങളില്‍, മുമ്പു മനസ്സിലാക്കിയവരുടെയോ, കുഴപ്പമല്ലെന്നു ചിന്തിക്കുന്നവരുടെയോ ആലോചനകള്‍ വന്നാല്‍ ഇരുകൂട്ടരുടെയും കുടുംബക്കാര്‍ക്കു തടസ്സമില്ലെങ്കില്‍ പക്വമായ തീരുമാനം അപ്പോള്‍ കൈക്കൊള്ളുകയുമാവാം. പ്രേമത്തിന്റെ വൈകാരികവശങ്ങളായ കണ്ടുമുട്ടല്‍, ഇഷ്ടപ്പെടല്‍, സൗന്ദര്യപ്പിണക്കം, പിരിയല്‍, വഞ്ചന ഇവയ്‌ക്കെല്ലാം വൈവിധ്യമാര്‍ന്ന മാനങ്ങള്‍ നിലനില്‍ക്കുന്നു.
പ്രധാനമായും മൂന്നു തലങ്ങളാണ് നാം ഏറെ ജാഗ്രതയോടെ മനസ്സിലാക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടത്. ആദ്യത്തേതാണ് പ്രേമാഭിനയം അഥവാ പ്രേമം നടിക്കല്‍. ഇതിലൂടെ ഇക്കൂട്ടര്‍, അത് ആണാവാം പെണ്ണാവാം, സാമ്പത്തികപ്രശ്‌നങ്ങള്‍ക്കു നല്ല പോംവഴിയായിക്കണ്ട് തുടക്കമിടുന്ന അഭിനയവും അടുപ്പവും. ഇതിലൂടെ അവര്‍ സാമ്പത്തികഭദ്രത (താത്കാലിക കാര്യങ്ങള്‍ക്കായിട്ടെങ്കിലും) ഉറപ്പാക്കാനൊരു വഴിതേടുന്നു. അഭിനയാടുപ്പം ഏറുമ്പോള്‍ രണ്ടുപേരും ഇത് യഥാര്‍ത്ഥമാണെന്നു കരുതും. പക്ഷേ, കാര്യങ്ങള്‍ അങ്ങനെയാവണമെന്നില്ല. വസ്ത്രങ്ങള്‍, ഫോണുകള്‍, ആടയാഭരണങ്ങള്‍, പഠിക്കാന്‍ ഫീസ്, വട്ടച്ചെലവുകള്‍ ഇങ്ങനെ തന്‍കാര്യം മാത്രം കാണാന്‍ ശ്രമിക്കുന്ന മികച്ച അഭിനേതാക്കള്‍. വഞ്ചിച്ചും, ചതിച്ചും പിള്ളേരുടെ പുതുവാക്കില്‍പ്പറഞ്ഞാല്‍ തേച്ചുംകൊണ്ടിരിക്കുന്നവര്‍! കഴമ്പും കാതലുമില്ലാത്ത പ്രേമപ്രകടനങ്ങള്‍ മാത്രം!
രണ്ടാമതൊരു കൂട്ടരുണ്ട് - അന്തര്‍മുഖപ്രേമക്കാര്‍. നാടും വീടും വിട്ട് ഒട്ടും പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ പഠന/ ജോലി ഭാഗമായി കടന്നുചെല്ലുന്നു. തന്നെക്കാള്‍ വാക്‌സാമര്‍ത്ഥ്യമുള്ളവരോ വാചാലരോ ആയവരുമായി സൗഹൃദം തുടങ്ങിവയ്ക്കുന്നു. വീട്ടുകാരോ മറ്റാരെങ്കിലുമോ തങ്ങളുടെ ഫോണ്‍ വിളി/ കാഴ്ചകള്‍ കാണുന്നില്ലല്ലോ, അറിയുന്നില്ലല്ലോ എന്ന സമാശ്വാസവും! തങ്ങളുടെ വ്യക്തിത്വവൈകല്യംകൊണ്ടും പെരുമാറ്റത്തകരാറുകൊണ്ടും വന്നുഭവിക്കുന്ന ഒരുതരം ഇച്ഛാഭംഗത്തില്‍നിന്നുടലെടുക്കുന്നതാണ് ഇത്തരം നടപടികളെന്ന് ഇക്കൂട്ടര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. സ്വന്തം കാലില്‍നിന്നു കാര്യങ്ങള്‍ തന്റേടത്തോടെ നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് ഒട്ടും ആവശ്യമില്ലാത്ത ഇത്തരം ബന്ധങ്ങള്‍ വേണ്ടിവരുന്നത്. അകലങ്ങളിലെ ഒറ്റപ്പെടലില്‍ ഇതൊരു ആശ്രയമോ അത്താണിയോ ആയിത്തോന്നും. എന്നാല്‍, ഞാനിവിടെ എന്തിനു വന്നു, എന്താണെന്റെ ലക്ഷ്യം എന്നു കുട്ടികള്‍ മറന്നുപോകരുത്. ഇത്തരം സൗഹൃദങ്ങള്‍ പറിച്ചെറിയാനാവാത്ത അടുപ്പമായി മാറിയാല്‍ പിന്നീടതൊരു മാറാത്തലവേദനയായിത്തീര്‍ന്നാലോ? ചിന്തിച്ചുമാത്രം മുന്നോട്ടു നീങ്ങുക.
മൂന്നാമത്തെ കൂട്ടരാണ് കുടുംബഭദ്രതയുടെ മഹനീയത തിരിച്ചറിയാനാവാത്ത ലൈംഗികതാത്പര്യപ്രേമക്കാര്‍. കുടുംബങ്ങളില്‍ സ്‌നേഹരാഹിത്യം അനുഭവിക്കുന്നവരും ഭാവിയെക്കുറിച്ചു വ്യഗ്രതയില്ലാത്തവരും ജീവിതസമരവേദികളില്‍ വേണ്ടത്ര ജാഗ്രത നഷ്ടപ്പെട്ടവരും, ജീവിതമൂല്യങ്ങള്‍ സമയാസമയം പഠിക്കാത്തവരും ആത്മനിയന്ത്രണമില്ലാത്തവരും വിഷാദഭാവം പേറി നടക്കുന്നവരും സ്വയം മതിപ്പില്ലാത്തവരും ലഹരിയില്‍ മയങ്ങി നടക്കുന്നവരും അമിതമായ ലൈംഗികതാത്പര്യമുള്ളവരും ഇരയെ നോക്കി നടക്കുന്ന വികലവിരുതന്മാരായി മാറുന്നവരത്രേ. അവര്‍ക്കു കീഴ്‌മേല്‍ നോക്കാനൊന്നുമില്ല. ഭ്രാന്തന്‍ പ്രേമമെന്ന് ഇതിനെ വിളിക്കുന്നവര്‍ മനസ്സിലാക്കണം; ഇതൊരിക്കലും പ്രേമമല്ല, കാമമാണ്.
ഈ മൂന്നു കൂട്ടരെക്കുറിച്ചും യുവജനങ്ങളും രക്ഷിതാക്കളും മനസ്സിലാക്കുക. ഇനി സൂചിപ്പിക്കുന്ന കാര്യങ്ങളുംകൂടി ചേര്‍ത്തു ചിന്തിക്കുക. വളരെ ചെറുപ്പത്തിലേയുള്ള പ്രേമം ഒരത്യാവശ്യഘടകമല്ല. ഇരുപത്തഞ്ചുവയസ്സുവരെയെങ്കിലും അവരവരുടെ മാതാപിതാക്കളും അധ്യാപകരും നല്ല സഹപാഠികളും മാത്രം മതി (വശപ്പിശകിന്റെ ഒരു നേരിയ ലാഞ്ഛന ആരില്‍നിന്നെങ്കിലും ഉദ്ഭവിക്കുന്നുവെന്നു തോന്നുമ്പോള്‍ത്തന്നെ അവസരത്തിനൊത്തുയര്‍ന്ന് ബോധപൂര്‍വം ഒഴിവാക്കുക). സാമൂഹികസേവനമേഖല, ഹോബികള്‍, രാഷ്ട്രീയം, മതം എവിടെയും ആത്മനിയന്ത്രണത്തോടെ മാത്രം കാര്യങ്ങള്‍ നോക്കിക്കാണുക. ഇവിടെ കെട്ടുറപ്പുള്ള ഒരു നല്ല ശൃംഖല മാത്രമേ സൃഷ്ടിച്ചെടുക്കാവൂ. ഇതൊന്നും അനുഭവപ്പെടാത്തവരാണ് നേരത്തേ സൂചിപ്പിച്ച ഇരകളെ നോക്കി നടക്കുന്നവര്‍. ഇനി വരുതിയിലായിക്കഴിഞ്ഞാല്‍ പിന്നെ ഇര അയാളെക്കുറിച്ച് നല്ലതുമാത്രമേ വിചാരിക്കുകയുള്ളൂ. അയാള്‍ തന്നെക്കുറിച്ചുമാത്രം ധ്യാനിച്ചു ജീവിക്കുകയാണെന്ന് ധരിച്ചുവശാകുന്നു. തുടര്‍ന്ന് ഫോണ്‍ വിളികള്‍ കൂടും. എവിടെയും പോകും. സിനിമയ്‌ക്കോ രാത്രിയാത്രയ്‌ക്കോ കൂടെക്കൂട്ടും. കാറിലോ ബൈക്കിലോ (രണ്ടു പേര്‍ക്കും ഹെല്‍മറ്റും മൂടിപ്പുതയ്ക്കാനൊരു ഷാളുമുണ്ടെങ്കില്‍ പിന്നെ ഭയപ്പാടും കുറയും) കറങ്ങി നടക്കാന്‍ മടിയില്ല. ഇഷ്ടഫോട്ടോകള്‍ ഫോണിലെത്തും. ചിലയിടങ്ങളില്‍ കുടുംബത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഒരുതരം അധികാരപ്രവൃത്തികള്‍ക്കു തുനിഞ്ഞിറങ്ങുന്നവരും കുറവല്ല. കിട്ടുന്ന അവസരങ്ങളൊക്കെ ഭംഗിയായി മുതലെടുക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ ചെന്നെത്തുന്നു.
ഇവിടെയാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത പ്രകടമാകുന്നത്. രക്ഷിതാക്കളും ഗുരുഭൂതരും വ്യക്തിബന്ധങ്ങളുടെ അതിരുകള്‍ എവിടെവരെ പോകാമെന്നു കുട്ടികളെ ബോധ്യപ്പെടുത്തിക്കൊടുക്കണം. ആണ്‍/പെണ്‍ വ്യതിരിക്തത പാലിക്കേണ്ടതിന്റെ പ്രാധാന്യവും ആത്മസംയമനം നിലനിര്‍ത്തിപ്പോകേണ്ടതിന്റെ ആവശ്യകതയും നന്നേ ചെറുപ്പത്തിലേ വീടുകളില്‍നിന്നുതന്നെ മനസ്സിലാക്കിക്കൊടുക്കുക. തൊട്ടും തലോടിയും സമ്മാനം കൊടുത്തും ബന്ധങ്ങള്‍ വിളക്കിയെടുക്കാന്‍ ശ്രമിക്കരുതെന്നും അറിയിച്ചു വളര്‍ത്തുക. സര്‍വകാര്യങ്ങളും രക്ഷിതാക്കളുമായി പങ്കുവയ്ക്കാന്‍ പഠിപ്പിക്കുക.
ആത്മഹത്യാഭീഷണി മുഴക്കുന്നവരെ ഒരിക്കലും വിശ്വാസത്തിലെടുക്കരുത്. അത്തരം അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ക്ഷണത്തില്‍ പിന്മാറുക. അകന്നു നില്ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കുകയും വേണം. പ്രതികാരഭാവം വളര്‍ന്ന് ഇരയെ ഉന്മൂലനം ചെയ്താലോ എന്നു ചിന്തിക്കുന്നവരും അങ്ങനെ ചെയ്തവരും നമുക്കിടയിലുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ത്രാണിയില്ലാത്തവരാണ് ഇക്കൂട്ടര്‍. ഇരുപത്തിനാലു മണിക്കൂറും പിറകേ നടക്കുന്നത് മാനസികരോഗത്തിന്റെ സൂചനയാണ്. ഇതൊരിക്കലും സ്‌നേഹമല്ല, പ്രേമവുമല്ല; വികലമായ കാഴ്ചകളും തോന്നലുകളുംമാത്രം. വ്യക്തിത്വവൈകല്യവും മാനസികാരോഗ്യക്കുറവും തകര്‍ന്ന കുടുംബപശ്ചാത്തലവുമാണ് ഇത്തരം നീക്കങ്ങള്‍ക്ക് ഏറിയ പങ്കും കാരണമാകുന്നത്.
കുട്ടികളുടെ പഠനത്തിനും നേട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുക. കുട്ടികളുമായി നല്ലൊരു ആത്മബന്ധം രക്ഷിതാക്കള്‍ക്കുണ്ടായിരിക്കണം. അവന്‍/ അവള്‍ വളര്‍ന്നു, എല്ലാം നോക്കിക്കോളും, ലൈസന്‍സില്ലേലും വണ്ടിയോടിക്കും, ഫോണും ലാപ്‌ടോപ്പുമൊക്കെ ആദിയോടന്തം സര്‍വതുമറിയാം എന്നൊക്കെ മക്കളെക്കുറിച്ചു മേനി പറയുമ്പോഴും അവര്‍ വിപത്തിലേക്കാണോ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് അന്വേഷിക്കണം. താന്‍ ഈ കുടുംബത്തിലെ പ്രധാനപ്പെട്ടൊരു വ്യക്തിയാണെന്നും തന്റെ കഴിവോ, നേട്ടമോ, നിറമോ, സൗന്ദര്യമോ മാത്രമല്ല ജീവിതമെന്നും ഞാന്‍ എന്നില്‍ത്തന്നെ ഏറെ വേണ്ടപ്പെട്ടവനോ/ വേണ്ടപ്പെട്ടവളോ ആണെന്നുംകൂടി കുട്ടി തിരിച്ചറിയട്ടെ. നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കുവേണ്ടിയാണെന്നും ആ അസ്തിത്വത്തിനു താങ്ങായി, തണലായി നില്‍ക്കുന്നവരാണ് തങ്ങളുടെ രക്ഷിതാക്കളും അധ്യാപകരും ആത്മീയഗുരുക്കളും സഹപാഠികളും അയല്‍ക്കാരുമൊക്കെയെന്നുള്ളതും ആവര്‍ത്തിച്ചാവര്‍ത്തിച്ചു മക്കള്‍ക്കു പറഞ്ഞുകൊടുക്കുക.
മക്കളോടുള്ള വാത്സല്യത്തെക്കാള്‍ മത്തുപിടിപ്പിക്കുന്ന ദുരഭിമാന'മാര്‍ക്കാ'ണ് ചില രക്ഷിതാക്കള്‍ക്കു പ്രിയം. രക്ഷിതാക്കളുടെയും വേണ്ടപ്പെട്ടവരുടെയും സ്‌നേഹസാന്നിധ്യങ്ങളുടെ അഭാവത്തില്‍ അനുഭവപ്പെടാവുന്ന ഏകാന്തത, വാചാലനായ എതിര്‍ലിംഗവ്യക്തിയിലേക്കുള്ള വാതില്‍ തുറക്കുന്നു. അതിലൂടെ തുടങ്ങുന്ന യാത്ര ഒരുപക്ഷേ, ജീവിതയാത്രയുടെതന്നെ അന്ത്യമായും മാറിയേക്കാം. കാരണം, ചേരായ്കകളും വല്ലായ്കകളും ഇരുകൂട്ടര്‍ക്കും വഹിയാഭാരമായി മാറാം. കാര്യങ്ങള്‍ കൈവിട്ടേക്കാമെന്ന തോന്നല്‍ കൈവിട്ട കളികളിലേക്കു കടക്കാനുള്ള മറുവാതിലായും പ്രത്യക്ഷപ്പെടാം. കണ്ണടച്ചുള്ള ഇത്തരം നീക്കങ്ങള്‍ നടത്താതിരിക്കാന്‍ ഇനിയെങ്കിലും കണ്ണുതുറന്നേ പറ്റൂ.
പഠനകാലത്ത് ഏകാന്തത അനുഭവപ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ നല്ല ആണ്‍സുഹൃത്തുക്കളോടും പെണ്‍കുട്ടികള്‍ നല്ല പെണ്‍സുഹൃത്തുക്കളോടും അടുക്കുന്നതാണ് നല്ലത്. സൈക്ലിങ്, നീന്തല്‍, നടത്തം തുടങ്ങിയ കാര്യങ്ങള്‍ക്കു കൂട്ടായിമാത്രം നീങ്ങുക. എവിടെയായാലും വീട്ടിലേക്കു ഫോണ്‍ ചെയ്ത് താന്‍ എവിടെയെന്നറിയിക്കുക. ദൂരസ്ഥലങ്ങളിലെങ്കില്‍ കഴിവതും നിത്യവും (പരീക്ഷക്കാലത്തും മറ്റും ഉചിതംപോലെ) വീട്ടില്‍ വിളിച്ച് കാര്യങ്ങളും ആവശ്യങ്ങളും സാഹചര്യങ്ങളും അറിയിക്കുക. സ്വവര്‍ഗസുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുമ്പോള്‍ കുടുംബാവസ്ഥകള്‍ പങ്കുവയ്ക്കാവുന്നവ മാത്രം വെളിപ്പെടുത്തി ഇടപെടാനും കുട്ടികള്‍ ശ്രദ്ധിക്കണം.
ചെറുക്ലാസുകള്‍മുതല്‍, വനിതാസെല്ലുകളും കൗണ്‍സലര്‍മാരും നിര്‍ബന്ധമായും ഉണ്ടാവണം. വൈകാരികബുദ്ധിമുട്ടുകളും ലൈംഗികപ്രശ്‌നങ്ങളും ഇവരോടു പറയാന്‍ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകണം. പ്രശ്‌നങ്ങള്‍ ഉള്ളവരെ നല്ല കൗണ്‍സലിങ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും നന്നായിരിക്കും. ഇത് എഴുതിക്കൊണ്ടിരിക്കുമ്പോഴും പ്രമുഖരുടെ മക്കള്‍ ലഹരിയുപയോഗത്തില്‍ പിടിക്കപ്പെടുന്നതും പ്രേമനൈരാശ്യത്തില്‍ ഇരയുടെ വീടു കയറി മര്‍ദിക്കുന്നതുമായ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. കൂട്ടുകുടുംബങ്ങള്‍ അന്യംനിന്നുപോയ നമ്മുടെ നാട്ടില്‍ സ്‌നേഹവും കരുതലുമുള്ള ഒരു നല്ല തലമുറ ശേഷിക്കുവാന്‍ ഒന്നായി ശ്രമിക്കാം. ചെറുപ്രായത്തിലേ വെറും പ്രേമമല്ല, ചേരേണ്ട സമയത്ത് ചേരേണ്ടവ വന്നുചേര്‍ന്നുകൊള്ളുമെന്ന മഹത്തായ മൂല്യങ്ങളോടാവട്ടെ നമ്മുടെ പ്രേമം.