•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

വേണം റെസമാരും ദിമിത്രിമാരും സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന് നൊബേല്‍

  • ജോര്‍ജ് കള്ളിവയലില്‍
  • 21 October , 2021

പത്രസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതെ സമൂഹങ്ങളും രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യവും സഹവര്‍ത്തിത്വവും ഉറപ്പാക്കാന്‍ കഴിയില്ല. നിരായുധീകരണമടക്കം സമാധാനത്തിനും സ്വേച്ഛാധിപത്യവിരുദ്ധ പോരാട്ടങ്ങള്‍ക്കും പത്രസ്വാതന്ത്ര്യം കാത്തുപരിപാലിക്കപ്പെടേണ്ടതുണ്ട്.

''മാധ്യമങ്ങളില്ലാതെ നിങ്ങള്‍ക്കു ശക്തമായ ജനാധിപത്യം ഉണ്ടാകില്ല''- നൊബേല്‍ സമാധാനസമ്മാന പ്രഖ്യാപനം നടത്തിയ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയ്സ് ആന്‍ഡേഴ്സന്റെ വാക്കുകളാണിത്. വിദ്വേഷപ്രസംഗങ്ങളുടെയും തെറ്റിദ്ധാരണാജനകമായ വ്യാജ പ്രചാരണങ്ങളുടെയും കാലമാണിത്. അതിനാല്‍, വസ്തുതാപരമായ വിവരങ്ങളും ശരിയായ വിശകലനങ്ങളും സുപ്രധാനമാണ്. അതിനു സ്വതന്ത്രമായ പത്രപ്രവര്‍ത്തനമാണ് ഇക്കാലത്ത് ഏറ്റവും അനിവാര്യം.
ഫിലിപ്പീന്‍സിലെ മരിയ റെസയ്ക്കും റഷ്യയുടെ ദിമിത്രി മുരാതോവിനും ലഭിച്ച 2021 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു വജ്രത്തിളക്കമുï്. സ്വതന്ത്രപത്രപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് ഇരുവരെയും നൊബേല്‍ സമാധാനസമ്മാനം നല്‍കി ആദരിച്ചതെന്നതു ലോകത്തിനാകെ പ്രതീക്ഷയേകും. പത്രസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഇല്ലാതെ സമൂഹങ്ങളും രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യവും സഹവര്‍ത്തിത്വവും ഉറപ്പാക്കാന്‍ കഴിയില്ല. നിരായുധീകരണമ
ടക്കം സമാധാനത്തിനും സ്വേച്ഛാധിപത്യവിരുദ്ധ പോരാട്ടങ്ങള്‍ക്കും പത്രസ്വാതന്ത്ര്യംകാത്തുപരിപാലിക്കപ്പെടേണ്ടതുണ്ട്.
അധികാരദുര്‍വിനിയോഗം, അഴിമതി, നുണപ്രചാരണങ്ങള്‍, മതമൗലികവാദം, തീവ്രവാദം, ഭീകരപ്രവര്‍ത്തനം തുടങ്ങിയവമുതല്‍ യുദ്ധപ്രചാരണംവരെയുള്ളവയില്‍നിന്നു ജനതകളെ സംരക്ഷിക്കാന്‍ സ്വതന്ത്രവും വസ്തുതാപരവുമായ പത്രപ്രവര്‍ത്തനത്തിനേ കഴിയൂവെന്നതിന് അടിവരയിടുകകൂടിയാണിത്. യുദ്ധങ്ങളും കലാപങ്ങളും തീവ്രവാദവും ഭീകരതയും മയക്കുമരുന്നിന്റെ വ്യാപക ഉപയോഗവുംകൂടിവരുമ്പോള്‍ സത്യസന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുക പരമപ്രധാനമാണ്.
ആദര്‍ശങ്ങള്‍ ബലികഴിക്കരുത്
''ജനാധിപത്യവും പത്രസ്വാതന്ത്ര്യവും പ്രതികൂലസാഹചര്യങ്ങള്‍ നേരിടുന്ന ലോകത്ത് ആദര്‍ശങ്ങള്‍ക്കായി നിലകൊള്ളുന്ന' എല്ലാ പത്രപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് മരിയ റെസയും ദിമിത്രി മുരാതോവുമെന്ന് നൊബേല്‍ കമ്മിറ്റി
തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫിലിപ്പീന്‍സിലും റഷ്യയിലും പത്രസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടിയവരാണ് മരിയയും ദിമിത്രിയും. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇരുവരും അവരുടെ രാജ്യങ്ങളില്‍ സ്വതന്ത്ര വാര്‍ത്താ ഏജന്‍സികള്‍ നടത്തിവരുന്നു. വധഭീഷണിക്കും ജയില്‍വാസത്തിനും പലപ്പോഴും ഈ പത്രപ്രവര്‍ത്തകര്‍ വിധേയരായിട്ടുണ്ട്.

അഭിപ്രായസ്വാതന്ത്ര്യത്തിനുേവണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് ഇരുവര്‍ക്കും സമ്മാനം ലഭിച്ചതെന്നതു ശ്രദ്ധേയമാണ്. വ്യാജവാര്‍ത്തകളും വിദ്വേഷപ്രചാരണങ്ങളും സംഘടിതമായ അപവാദപ്രചാരണങ്ങളുംമൂലം സമാധാനാന്തരീക്ഷവും ജനാധിപത്യസംവിധാനവുംതന്നെ അട്ടിമറിക്കപ്പെടുന്ന ഒരു കാലത്താണ് ഇതിനെതിരേയുള്ള വെള്ളിവെളിച്ചമായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടു പത്രപ്രവര്‍ത്തകരെ തേടിയെത്തിയത്. വലിയൊരു സന്ദേശമാണിത്. ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്കാകെ ഇത് ആവേശവും പ്രത്യാശയും നല്‍കുന്നു.
മാന്യവും സ്വതന്ത്രവുമായ പത്രപ്രവര്‍ത്തനം വലിയ വെല്ലുവിളിയും ഭീഷണിയും നേരിടുന്ന കാലത്താണിത്. അടുത്ത ദശകങ്ങളിലെ പത്രപ്രവര്‍ത്തനത്തിന് ഈ നൊബേല്‍ സമ്മാനം നിര്‍ണായകമാകും. സര്‍ക്കാരുകളുടെ മര്‍ക്കടമുഷ്ടിയും കോര്‍പ്പറേറ്റുകളുടെ കൈകടത്തലുകളും തീവ്രവാദശക്തികളുടെ സ്വാധീനവും നല്ല മാധ്യമങ്ങളെ ഞെരുക്കിയില്ലാതാക്കാനും അശക്തരാക്കാനും അപ്രസക്തരാക്കാനും നടത്തുന്ന ശ്രമങ്ങള്‍ ചെറുതല്ല. സാമൂഹികമാധ്യമങ്ങളിലൂടെയും സംഘടിതമാധ്യമസിന്‍ഡിക്കേറ്റുകളിലൂടെയും ആക്ഷേപിച്ചും അധിക്ഷേപിച്ചും സത്യങ്ങളും വസ്തുതകളും ഇല്ലാതാക്കാനും മറച്ചുവയ്ക്കാനും വെപ്രാളപ്പെടുന്ന കാലത്താണ് നൊബേല്‍ കമ്മിറ്റിയുടെ ശ്ലാഘനീയതീരുമാനമുണ്ടായത്.
ഇന്ത്യയില്‍വെല്ലുവിളികളേറെ
ഇന്ത്യയില്‍ സര്‍ക്കാരുകളും കോര്‍പ്പറേറ്റ് ഭീമന്മാരും മതതീവ്രവാദശക്തികളും ചേര്‍ന്ന് അഭിപ്രായസ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും പല രീതിയില്‍ കൂച്ചുവിലങ്ങുകള്‍ തീര്‍ക്കുകയാണ്. പ്രധാനമന്ത്രിപദത്തില്‍ ഏഴു വര്‍ഷം കഴിയുമ്പോഴും ഒരു പത്രസമ്മേളനംപോലും നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. റേഡിയോ, ടെലിവിഷന്‍, പത്രക്കുറിപ്പുകള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ വണ്‍വേപാതകളിലൂടെ പ്രധാനമന്ത്രിയും സ്തുതിപാഠകരും ഭരണപ്പാര്‍ട്ടിയും അവര്‍ക്കു പറയാനുള്ളതു വാതോരാതെ തട്ടിവിടുന്നുണ്ട്.
പെട്രോള്‍, ഡീസല്‍, പാചകവാതക വിലക്കയറ്റത്തിന്റെ പൊള്ളലും വേദനയും പറയാന്‍പോലും സാധാരണക്കാരന് അവകാശമോ വഴികളോ ഇല്ല. കര്‍ഷകദ്രോഹനിയമങ്ങള്‍ക്കെതിരേ മാര്‍ച്ചു നടത്തുന്ന കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹത്തിലെ കാര്‍ കയറ്റി കൊല്ലുന്ന ക്രൂരതയെ ഇന്നേവരെ അപലപിക്കാന്‍ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ തയ്യാറായിട്ടില്ല. എന്തിനേറെ, പത്രസമ്മേളനങ്ങളിലൂടെയും ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലൂടെയും കൊലപാതകത്തെ ന്യായീകരിക്കാന്‍ ഉളുപ്പില്ലാത്ത നേതാക്കളെ കാണാനാകുന്ന രാജ്യമാണിത്.
കൊവിഡ് കാലത്ത് ജീവവായു കിട്ടാതെ ആയിരങ്ങള്‍ പിടഞ്ഞുമരിച്ചതും ചീഞ്ഞളിഞ്ഞ മൃതശരീരങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്നതും ശ്മശാനങ്ങളില്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചതുമൊക്കെക്കണ്ടു പ്രതികരിക്കാനാകാതെ ജനം നില്‍ക്കുകയാണ്. സാമ്പത്തിക, കാര്‍ഷിക, വ്യവസായ, ബിസിനസ് മേഖലകളാകെ പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷവും. പക്ഷേ, ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കേണ്ട സര്‍ക്കാര്‍, ദിവസവും ഇന്ധനവില കൂട്ടിയും 20,000 കോടിയുടെ ഡല്‍ഹി പൊളിച്ചടുക്കല്‍ പദ്ധതിയുമൊക്കെയായി വിലസുന്നു. എയര്‍ ഇന്ത്യയടക്കം രാജ്യത്തെ സ്വത്തുക്കളാകെ പിടിയാവിലയ്ക്കു വിറ്റുതുലയ്ക്കുന്നതും രാജ്യത്തെ ജനങ്ങള്‍ക്കു നോക്കിനില്‍ക്കേണ്ടിവരുന്നു.
വേണം റെസമാരും ദിമിത്രിമാരും
ശരിയായ വസ്തുതകളെ ജനങ്ങളിലെത്തിക്കേണ്ട ദേശീയ, പ്രാദേശിക ദിനപത്രങ്ങളും ടെലിവിഷന്‍ മാധ്യമങ്ങളും സര്‍ക്കാരിന്റെയും ഭരണപ്പാര്‍ട്ടികളുടെയും കോര്‍പ്പറേറ്റ് ശക്തികളുടെയും കുഴലൂത്തുകാരായി മാറുന്ന സ്ഥിതി ഇന്ത്യയില്‍ കാണാനാകും. സ്വതന്ത്രവും വസ്തുതാപരവുമായ പത്രപ്രവര്‍ത്തനത്തെ തിരിച്ചറിയാനും സാമ്പത്തികസഹായമടക്കം പിന്തുണ നല്‍കാനും ജനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. സര്‍ക്കാരിന്റെ സ്തുതിപാഠകരായ മാധ്യമങ്ങളും വ്യാജപ്രചാരണങ്ങളുടെ വേദിയായ സാമൂഹികമാധ്യമങ്ങളും ചേര്‍ന്നു ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ഇല്ലാതാക്കുമെന്ന ഭീഷണിയെ ചെറുതായി കാണാനാകില്ല.
ഫിലിപ്പീന്‍സിലെ ഏകാധിപത്യരീതികളോടും  പൗരന്മാരെ കൊന്നെടുക്കുന്ന പ്രസിഡന്റിന്റെ വിവാദ മയക്കുമരുന്നുവിരുദ്ധയുദ്ധത്തിന്റെ മറവില്‍ നടക്കുന്ന തിന്മകളോടും പോരാടിയാണ് മരിയ റെസ ആഗോളബഹുമതി സ്വന്തമാക്കിയത്. പത്രപ്രവര്‍ത്തകരെ വേട്ടയാടുന്നതിനും ചിലരെ ഉന്മൂലനം ചെയ്യുന്നതിനുംവരെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടെ സര്‍ക്കാര്‍ മയക്കുമരുന്നുവേട്ടയെ മറയാക്കി.
സ്വതന്ത്രപത്രപ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കുന്ന റഷ്യന്‍ പ്രസിഡന്റിന്റെ സമീപനങ്ങള്‍ക്കെതിരേയുള്ള പോരാട്ടമാണ് ദിമിത്രിയെ നൊബേല്‍ പുരസ്‌കാരജേതാവാക്കിയത്. തീവ്രവാദ - ഭീകരവിരുദ്ധ പോരാട്ടം, സാമ്പത്തികക്രമക്കേടുകള്‍ തടയുക തുടങ്ങിയവയുടെ മറവിലാണ് ഇന്ത്യയില്‍ ഇത്തരം ന്യൂനപക്ഷവിരുദ്ധപീഡനങ്ങളും മാധ്യമവേട്ടയാടലുകളും നടപ്പാക്കുന്നതെന്ന വ്യത്യാസം മാത്രം.  
പാരീസ് ആസ്ഥാനമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (ആര്‍എസ്എഫ്) 2021 ലെ ലോകപത്രസ്വാതന്ത്ര്യസൂചികയില്‍ 180 രാജ്യങ്ങളില്‍ മരിയയുടെ ഫിലിപ്പീന്‍സ് 138-ാം സ്ഥാനത്താണ്. വ്‌ളാഡിമിര്‍ പുടിന്‍ ഭരണകാലത്ത് റഷ്യ 150-ാം സ്ഥാനത്തായിരുന്നു. എന്നാല്‍, 2021 ലെ പത്രസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ 142-ാം സ്ഥാനത്താണ്. റെസമാരും ദിമിത്രിമാരും ഉണ്ടായില്ലെങ്കില്‍ ഇന്ത്യയിലും സ്വതന്ത്രപത്രപ്രവര്‍ത്തനത്തിനും നല്ല മാധ്യമങ്ങള്‍ക്കും മരണമണി മുഴങ്ങുമെന്നതില്‍ സംശയം വേണ്ട.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)