''മുംബായ്‌ചേരിയില്‍ തന്റെ രണ്ടു മക്കളെ കഷ്ടപ്പെട്ടു വളര്‍ത്താന്‍ വിഷമിക്കുന്ന ഒരമ്മയുടെ ശ്രദ്ധ അടുത്ത നേരത്തെ ആഹാരത്തെക്കുറിച്ചുള്ളതാണ്. മെഡിറ്ററേനിയന്‍ കടലിന്റെ മധ്യത്തില്‍ ബോട്ടില്‍ യാത്ര ചെയ്യുന്ന ഒരഭയാര്‍ത്ഥിയുടെ അന്വേഷണം എവിടെയെങ്കിലും കരയുടെ സാന്നിധ്യം കാണുന്നുണ്ടോയെന്നാണ്. ലണ്ടനിലെ ഒരു ഹോസ്പിറ്റലില്‍ തിങ്ങിനിറഞ്ഞ ആളുകളുടെ നടുക്കുനില്‍ക്കുന്ന ഒരു മാറാരോഗിയുടെ അശ്രാന്തപരിശ്രമം അടുത്ത ഒരു ശ്വാസമെടുക്കാനാണ്. ആഗോളതാപനത്തെക്കുറിച്ചോ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചോ എന്നതിലേറെ ആകുലതകള്‍ അവര്‍ക്കവരുടേതായിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനമെന്നത് ഈ വിഭാഗക്കാരുടെ ഒരു പരിഗണനയേ അല്ലായെങ്കിലും ഇക്കൂട്ടരൊക്കെ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനം ഒരു കാരണമാണ്.'' ''സാപ്പിയന്‍സ്'' എന്ന തന്റെ ആദ്യപുസ്തകത്തിലൂടെത്തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഡോ. യുവല്‍ നോഹ ഹരാരിയുടെ മൂന്നാമത്തെ പുസ്തകമായ ''21 lessons for the 21 st Century'’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതിവച്ച വാക്കുകളാണിത്.
ചെറിയവനും വലിയവനും എന്ന വ്യത്യാസമില്ലാതെ, പാശ്ചാത്യരും പൗരസ്ത്യരും എന്ന ഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരാഗോളപ്രതിഭാസമെന്ന രീതിയിലാണ് കാലാവസ്ഥാവ്യതിയാനം എന്ന വിഷയത്തെ നാം കാണേണ്ടത്. അക്ഷരാഭ്യാസമില്ലാത്ത സാധാരണകര്‍ഷകര്‍പോലും അവരുടെ കൃഷിയിടങ്ങളില്‍ അനുഭവിച്ചറിയുന്ന ഒരു യാഥാര്‍ത്ഥ്യമാണ് കാലാവസ്ഥാവ്യതിയാനം. മാനം നോക്കിയും, മണ്‍സൂണ്‍ നോക്കിയും കൃഷിയിറക്കാന്‍ പറ്റാത്ത ഒരവസ്ഥയുണ്ടിന്ന്. ഓരോ ആണ്ടും നാമാവര്‍ത്തിക്കുന്ന ഒരു പല്ലവിയുണ്ട്: 'ഹോ!.. ഈ വര്‍ഷത്തെ ചൂട്... മുമ്പെങ്ങുമില്ലാത്ത ചൂടാ...' മഴയെക്കുറിച്ചും നാമിതുതന്നെ പറയും. വെയിലിന്റെ കാഠിന്യവും മഴയുടെ ശക്തിയും ഓരോ ആണ്ടും കൂടിക്കൂടി വരുന്നു. വല്ലപ്പോഴുമൊക്കെ സംഭവിച്ചുകൊണ്ടിരുന്ന വരള്‍ച്ചയും വെള്ളപ്പൊക്കവും അനുബന്ധപ്രശ്‌നങ്ങളും എല്ലാ വര്‍ഷവും ഉണ്ടാകുന്നു. പൊതുവെ നല്ല മഴ ലഭിച്ചിരുന്ന വൃഷ്ടിപ്രദേശങ്ങള്‍ വരള്‍ച്ചയും മഴ കുറവായിരുന്ന മഴനിഴല്‍ പ്രദേശങ്ങള്‍ നല്ല മഴയും സമ്മാനിക്കുന്ന അപൂര്‍വതകള്‍ സാധാരണമാകുന്നു.
കാലാവസ്ഥാവ്യതിയാനത്തിനു കാരണമായ പ്രതിഭാസത്തെക്കുറിച്ചാണ് കൂടുതല്‍ മനസ്സിലാക്കേണ്ടത്. ആഗോളതാപനം (ഗ്ലോബല്‍ വാമിങ്) എന്ന പ്രതിഭാസമാണത്. വളരെ ലളിതമായി, 'ഭൂമിക്കു പനിക്കുന്നു' എന്നു പറയാം. ഭൗമോപരിതലത്തിനു ചൂടു കൂടുന്ന അവസ്ഥ. പ്രപഞ്ചത്തില്‍ നടക്കുന്ന സ്വാഭാവികമായ ഒരു പ്രതിഭാസമാണിത്. ഈ പ്രതിഭാസമുള്ളതുകൊണ്ടാണ് മനുഷ്യനുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ക്ക് ഭൂമിയില്‍ ജീവിതം സാധ്യമാകുന്നത്! അതല്ലെങ്കില്‍ ഭൂമിയുടെ താപനില -18 ഡിഗ്രി സെല്‍ഷ്യസ് അതിശൈത്യാവസ്ഥയിലേക്കു താഴ്ന്നുപോകുമായിരുന്നു. അവിടെയാണ് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളും ഹരിതഗൃഹപ്രഭാവം എന്ന പ്രക്രിയയും പ്രാധാന്യമര്‍ഹിക്കുന്നത്. കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥൈന്‍ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍, നൈട്രജന്‍ ഓക്‌സൈഡുകള്‍, ഓസോണ്‍ വാതകം, ജലാംശം എന്നിവ അന്തരീക്ഷത്തില്‍ കാണുന്ന ഹരിതഗൃഹവാതകങ്ങളാണ്. സൂര്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കൂടുതലുള്ള ഇന്‍ഫ്രാറെഡ് രശ്മികള്‍ ഭൂമിയില്‍ തട്ടി തിരികെ ബഹിരാകാശത്തേക്കു പോകുമ്പോള്‍, അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങള്‍ ഈ രശ്മികളെ ആഗിരണം ചെയ്ത് വീണ്ടും ഭൗമോപരിതലത്തിലേക്കു മടക്കി അയയ്ക്കുന്നതുകൊണ്ട് ഭൂമിയുടെ ചൂടു വര്‍ദ്ധിക്കുന്നു. ഈ പ്രതിഭാസത്തെയാണ് ഹരിതഗൃഹപ്രഭാവം (Greenhouse effect) എന്നു പറയുന്നത്.
350 കോടി വര്‍ഷംമുമ്പ് ഭൂമിയില്‍ ജീവനുണ്ടായി എന്നു കരുതപ്പെടുമ്പോള്‍ സ്വാഭാവികഹരിതഗൃഹപ്രഭാവം വഴി ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഊഷ്മാവ് ഭൂമി ക്രമപ്പെടുത്തിവച്ചിട്ടുണ്ട്. ശരാശരി ഭൗമോപരിതല ഊഷ്മാവ് 15 ഡിഗ്രി സെല്‍ഷ്യസ് എന്ന അളവില്‍ സംതുലനമായി നിലനിന്നു പോരുന്നു. 350 കോടി വര്‍ഷംകാണ്ട് ഈ അളവിലുണ്ടായ വ്യത്യാസം 0.1 - 0.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെങ്കില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലുണ്ടായ വ്യത്യാസം അദ്ഭുതപ്പെടുത്തുന്നതാണ്, അപകടപ്പെടുത്തുന്നതാണ്. 2021 ആകുമ്പോഴേക്ക് അത് 1 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്‍ക്കുമ്പോള്‍ 2050 - 2100 വര്‍ഷങ്ങളില്‍ 3 - 5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധന പ്രവചിച്ചിട്ടുണ്ട്, ശാസ്ത്രീയമായിത്തന്നെ. അന്തരീക്ഷ ഊഷ്മാവ് ശരാശരിയില്‍നിന്നും 3 ഡിഗ്രി വര്‍ദ്ധനയിലേക്കെത്തുമ്പോള്‍തന്നെ ഭൂമിയില്‍ ജീവന്‍ അസാധ്യമാകും എന്ന IPCC (Inter governmental panel of climate change)യുടെ മുന്നറിയിപ്പ് നമുക്കു മുമ്പിലുണ്ട്.
ഇത്തരം ഒരപകടത്തിലേക്കു ഭൂമിയുടെ താപനില എത്തിക്കുന്നതിലെ പ്രധാന ഉത്തരവാദിത്വം മനുഷ്യര്‍ക്കാണെന്നും മനുഷ്യരുടെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങള്‍മൂലമാണെന്നും ശാസ്ത്രലോകം അസന്ദിഗ്ധമാംവിധം പ്രഖ്യാപിക്കുമ്പോള്‍ പ്രിയമുള്ള കൂട്ടുകാരേ, ചില നിയന്ത്രണങ്ങള്‍ക്കു നാം വിധേയരാകേണ്ടതുണ്ട്. പ്രതിരോധത്തിന്റെയും പ്രതിവിധികളുടെയും പിന്‍വാങ്ങലുകളുടെയും ഒരധ്യായമാണ് നമുക്കു മുമ്പില്‍ തുറന്നുവരുന്നത്.