ലോകത്ത് ഒരു വിഭാഗം ജനങ്ങള്‍ അമിതഭക്ഷണംമൂലമുള്ള പ്രയാസങ്ങള്‍ നേരിടുമ്പോള്‍ മറ്റൊരു വിഭാഗം ആവശ്യത്തിനു ഭക്ഷണമില്ലാതെ വിഷമിക്കുകയാണ്. ഏകദേശം 820 മില്യണ്‍ ആളുകളാണ് പട്ടിണിയെത്തുടര്‍ന്നുള്ള രോഗങ്ങളുമായി ജീവിക്കുന്നത്. അതേസമയം 670 മില്യണിലധികം ജനങ്ങള്‍ അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് അസുഖങ്ങളുമായി കഴിയുന്നു.
ലോകത്ത് ഓരോ ദിവസവും അഞ്ചു വയസ്സില്‍ താഴെയുള്ള അഞ്ചു മില്യണ്‍ കുട്ടികള്‍ പോഷകക്കുറവിനെത്തുടര്‍ന്നു മരിക്കുന്നുവത്രേ. ഒരു വര്‍ഷം നമ്മള്‍ പാഴാക്കുന്ന ഭക്ഷണത്തിന് ഒമ്പതു ദശലക്ഷം ജീവനുകളുടെ വിലയുണ്ടെന്നര്‍ത്ഥം.
ആഗോളതലത്തില്‍, ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 14 ശതമാനത്തോളം വിളവെടുപ്പിനും കച്ചവടസ്ഥലത്തിനുമിടയില്‍ നഷ്ടപ്പെടുന്നു. മൊത്തം ആഗോള ഭക്ഷ്യോത്പാദനത്തിന്റെ 18 ശതമാനം പാഴാക്കപ്പെടുന്നു (11 ശതമാനം വീടുകളില്‍, 5 ശതമാനം ഭക്ഷ്യസേവനത്തില്‍, 2 ശതമാനം ചില്ലറവില്പനയില്‍).
അമേരിക്കയിലെ വന്‍കിട ഹോട്ടലുകളില്‍ പാഴാക്കുന്ന ഒരു ദിവസത്തെ ഭക്ഷണംകൊണ്ട് സോമാലിയപോലുള്ള ദരിദ്രരാഷ്ട്രങ്ങളിലെ ഒരു ദിവസത്തെ ഭക്ഷണാവശ്യം മൊത്തം നിറവേറ്റാനാകുമെന്നാണ് കണക്ക്.
ത്രീ കോഴ്സ്, ഫോര്‍ കോഴ്‌സ് ഡിന്നറിനെക്കുറിച്ചു കേട്ടിട്ടുണ്ടാവും. എന്നാല്‍, 30 കോഴ്സ് ഡിന്നറിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിന്റെ മകന്റെ കല്യാണം കുറച്ചുകാലംമുമ്പ് ഡല്‍ഹിയില്‍ നടന്നപ്പോള്‍ തായ്, ചൈനീസ്, മെഡിറ്ററേനിയന്‍ വിഭവങ്ങളടക്കം 100 ഇനങ്ങളുമായാണ് സദ്യയൊരുക്കിയത്.
സങ്കടകരമായ ഒരു വസ്തുത നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയാണ്. രാജ്യത്ത് ലക്ഷങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ നമ്മുടെ എഫ്‌സിഐ ഗോഡൗണുകളിലെ ധാന്യങ്ങള്‍ അഴുകിയും എലികള്‍ തിന്നും നശിക്കുന്നു.
ഇരുട്ടിലെ ലക്ഷ്യത്തിലേക്കു കൃത്യമായി എറിയാന്‍ മാത്രം ഒളിമ്പിക്‌സില്‍ മത്സരമുണ്ടായാല്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും മലയാളിക്കു ലഭിക്കും. അത്ര കൃത്യമാണ് വീട്ടില്‍ സൂക്ഷിച്ചുവച്ച മാലിന്യം പ്ലാസ്റ്റിക് കവറിലാക്കി ഇരുട്ടില്‍ അടുത്ത പറമ്പിലോ തെരുവോരത്തോ എറിയാനുള്ള മലയാളിയുടെ പാടവം.
രാത്രികളില്‍ അറവുശാലകളിലെ മാലിന്യം ലോറിയില്‍ കൊണ്ടുവന്ന് റോഡരികിലും പുഴയോരത്തും വയലുകളിലും നിക്ഷേപിച്ച് ആളുകള്‍ ഓടിമറയുന്നു. ആദ്യം മലയാളി വൃത്തിയാക്കേണ്ടത് സ്വന്തം മനസ്സിലെ മാലിന്യമാണ്. ''എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം'' ആയിരിക്കണം.
വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹികശുചിത്വം എന്ന പാഠം കൃത്യതയോടെ ഒരിക്കലും പഠിക്കുന്നില്ല. വീടിന്റെ അകം വൃത്തിയാക്കുന്നതില്‍ ശ്രദ്ധാലുക്കളായ നാം ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിയുന്നു. കേരളീയന്റെ ശുചിത്വബോധത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ ''പെരുമാറ്റദൂഷ്യ''ത്തെ അകറ്റാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല.
ഇലക്‌ട്രോണിക് മാലിന്യങ്ങള്‍
സംസ്ഥാനത്ത് നിക്ഷേപിക്കപ്പെടുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ അഥവാ 'ഇ-മാലിന്യങ്ങള്‍' ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണിന്ന്. ഒരു സാധാരണ കമ്പ്യൂട്ടറില്‍ മാത്രം ആയിരത്തോളം വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ ഘനലോഹങ്ങള്‍ ഇവയില്‍പ്പെടും. ഇവ കൂടാതെ താലിയം, ബോറോണ്‍, ബോറിലിയം, കോബാള്‍ട്ട്, റോഡിയം തുടങ്ങി അസംഖ്യം വസ്തുക്കള്‍ ഇലക്ട്രോണിക് മാലിന്യങ്ങളായി പുറന്തള്ളപ്പെടുന്നു. ഇക്കൂട്ടത്തില്‍ പലതും നാഡീവ്യൂഹം, വൃക്കകള്‍, തലച്ചോറ് എന്നിവയ്ക്കു തകരാറുണ്ടാക്കാന്‍ പോന്നവയാണ്. കാന്‍സറിനു കാരണമാകുന്നവ വേറെയുമുണ്ട്.
മനുഷ്യന്റെ തലച്ചോറിനെ തകര്‍ക്കുന്ന വിഷ അഡിറ്റീവുകളോ മെര്‍ക്കുറിപോലുള്ള അപകടകരമായ വസ്തുക്കളോ അടങ്ങിയിരിക്കുന്ന ആരോഗ്യ പാരിസ്ഥിതിക പ്രതിസന്ധിയാണ് ഇ-മാലിന്യങ്ങള്‍. ലോകത്ത് 52.7 ദശലക്ഷം ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇ-മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിര്‍മാര്‍ജനപദ്ധതികളിലൂടെ സംഭരിച്ച് ശാസ്ത്രീയ പുനഃചംക്രമണത്തിനു വേര്‍തിരിച്ചു നല്‍കുന്നതിന് കേരളത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു രൂപീകരിച്ച ക്‌ളീന്‍ കേരള കമ്പനി ഈ രംഗത്ത് പുതിയ പ്രതീക്ഷ നല്‍കുന്നു.
ചില രാജ്യങ്ങള്‍ മാലിന്യങ്ങള്‍ അനുഗ്രഹങ്ങളാക്കി മാറ്റുന്നുവെന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. ടോക്കിയോ ഒളിമ്പിക്‌സിനുവേണ്ടി ജപ്പാന്‍ ശേഖരിച്ചത് 80,000 ടണ്ണോളം ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളാണ്. ഇത്തവണ ഒളിമ്പിക്‌സ് ഇനങ്ങളില്‍ വിജയികളായവര്‍ കഴുത്തിലണിഞ്ഞത് ഈ ഉപകരണങ്ങളില്‍നിന്നു വേര്‍തിരിക്കുന്ന ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച മെഡലുകളായിരുന്നു.
പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രതീകങ്ങളാകുന്നതാണ് ഭക്ഷണധൂര്‍ത്തിന്റെ മൂലകാരണങ്ങള്‍. പണം എങ്ങനെ, ഏതുവഴിയില്‍ ചെലവഴിക്കണമെന്നു നിശ്ചയമില്ലാത്തവരാണ് നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷവും. അനാവശ്യമായി പണം ധൂര്‍ത്തടിച്ചും പാഴാക്കിയും അവസാനം പാപ്പരായി മാറിയവര്‍ നമ്മുടെയിടയില്‍ ധാരാളമുണ്ട്.
വിദേശനാണ്യം ഒഴുകാന്‍ തുടങ്ങിയതുമുതലാണ് കൊച്ചുകേരളത്തില്‍ ധൂര്‍ത്തു വ്യാപിച്ചത്. കഞ്ഞിക്കു വകയില്ലാതെ പാടത്തും പറമ്പത്തും എല്ലുമുറിയെ പണിയെടുത്തിരുന്ന പാവപ്പെട്ട മലയാളികളാണ് അല്പം 'വിദേശപണം' കൈയില്‍ വന്നപ്പോഴേക്കും വന്നവഴി മറന്ന് ധൂര്‍ത്തന്മാരും അത്യാഗ്രഹികളുമായി മാറിയത്. വിദേശത്ത് മുന്‍സിപ്പാലിറ്റിയിലും മറ്റുമായി അഴുക്കുചാലുകളും മലിനപ്രദേശങ്ങളും വൃത്തിയാക്കുന്നവര്‍ വരെ ലീവിനു നാട്ടില്‍ വരുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയാനും ധൂര്‍ത്തിനും മുമ്പില്‍ നില്‍ക്കുന്നത് ഈ ''സംസ്‌കാര''ത്തിന്റെ വ്യാപനംകൊണ്ടാണ്.
നിയന്ത്രണമില്ലാത്ത ധൂര്‍ത്തും ആഡംബരപൂര്‍ണമായ ജീവിതവും മലയാളിയുടെ ജീവിതത്തിന്റെ സാംസ്‌കാരികമൂല്യങ്ങളെ ഊറ്റിക്കളയുന്നു. ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തോടൊപ്പം പട്ടിണിയും വിശപ്പും സമഗ്രമായി കാണേണ്ടതിന്റെ ആവശ്യകതയാണ് യുഎന്‍ 2021 ലെ ഭക്ഷ്യമാലിന്യസൂചിക റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.
ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്, വിട്ടുമാറാത്ത ദാരിദ്ര്യം, തെറ്റായ ഭക്ഷ്യവിതരണം, സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന ജനസംഖ്യ ഉയര്‍ത്തുന്ന ഭീഷണികള്‍, ഭക്ഷണം പാഴാക്കല്‍ എന്നിവയെല്ലാം പ്രശ്‌നം രൂക്ഷമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യങ്ങളുടെ നഷ്ടം, പരിസ്ഥിതിമലിനീകരണം, മാലിന്യങ്ങള്‍ കുറയ്ക്കല്‍ എന്നിവയെ വളരെ ഗൗരവപൂര്‍വം സമീപിക്കണമെന്നും, ഗവണ്‍മെന്റുകളും പൗരന്‍മാരും ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കുന്നതില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും യുഎന്‍എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇംഗര്‍ ആന്‍ഡേഴ്‌സണ്‍ സൂചിപ്പിക്കുന്നു.
സ്വന്തം മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്. പക്ഷേ, വ്യവസ്ഥാപരമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം നമ്മുടെ രാജ്യത്തിന്റെ നേതൃത്വത്തില്‍നിന്നു വരേണ്ടിയിരിക്കുന്നു. ദേശീയതലത്തില്‍ ഈ വിഷയം ഒരു മുന്‍ഗണനയായി ഉന്നയിക്കാം. അല്ലെങ്കില്‍ നമ്മുടെ വിഭവങ്ങളും പാഴായിപ്പോകുന്ന ഭക്ഷണവും അതു കഴിക്കാന്‍ കഴിയാത്ത നമ്മുടെ വിശക്കുന്ന അയല്‍വാസികളും നമ്മുടെ മുമ്പില്‍ എന്നും ചോദ്യചിഹ്നങ്ങളായി നിലനില്‍ക്കും.