മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും കൂടിയാലോചനകള്‍ക്കുംശേഷം കേരളത്തില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും പുതുച്ചേരിയുമെല്ലാം സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞെങ്കിലും കൊവിഡ്‌കേസുകളില്‍ കാര്യമായ കുറവ് അനുഭവപ്പെടാത്ത സാഹചര്യത്തിലാണ് കേരളം സ്‌കൂള്‍ തുറക്കാന്‍ മടിച്ചുനിന്നത്. കുട്ടികളെ കൂടുതലായി ബാധിക്കുമെന്നു പറയപ്പെടുന്ന മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഭീതിയും നിലനില്‍ക്കുകയാണ്. എന്നാല്‍, സ്‌കൂളുകള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് വിദ്യാര്‍ത്ഥികളില്‍ ദൂരവ്യാപകമായ മാനസികപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പിന്റെയും ആരോഗ്യവിദഗ്ധര്‍ പച്ചക്കൊടി കാട്ടിയതിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുറക്കാനുള്ള തീരുമാനത്തിലെത്തിയത്.
ജീവിതം കരുപ്പിടിപ്പിക്കുന്ന കേന്ദ്രങ്ങള്‍
പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലുമുതല്‍ തുറന്നുപ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഏര്‍പ്പെടുത്തിയതു കൊണ്ടാണ് സ്‌കൂള്‍ അടച്ചിടല്‍ ഒന്നര വര്‍ഷം നീണ്ടിട്ടും രക്ഷിതാക്കളില്‍നിന്നോ സമൂഹത്തില്‍നിന്നോ കാര്യമായ വിമര്‍ശനമോ പ്രതിഷേധമോ ഉയരാതിരുന്നത്. അതേസമയം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സ്‌കൂളില്‍ പോയി പഠിക്കുന്നതിനു തുല്യമോ പകരമോ ആകില്ല ഒരിക്കലും. പാഠശാലകളെന്നതിലുപരി ജീവിതം കരുപ്പിടിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണ് സ്‌കൂളുകള്‍.
മുന്‍കരുതല്‍ സ്വീകരിച്ച് സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യം
സാമൂഹികജീവിയെന്ന നിലയില്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടും ചുറ്റുപാടുകളുമായി സംവദിച്ചുകൊണ്ടുമായിരിക്കണം വിദ്യാര്‍ത്ഥികള്‍ വളരേണ്ടത്. സ്വഭാവരൂപവത്കരണത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഇത് വലിയ സ്വാധീനം ചെലുത്തും. സ്‌കൂളില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥി മുതിര്‍ന്നവരെയും തന്നെക്കാള്‍ ഇളയവരെയും മറ്റു വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെയും ദൈനംദിനം കാണുകയും ഇടപഴകുകയും ചെയ്യുന്നതിലൂടെ കൈവരിക്കുന്ന മാനസികവും സാമൂഹികവുമായ വികാസം പുസ്തകത്താളുകളില്‍നിന്നോ, അധ്യാപകന്റെ ക്ലാസ്സ് മുഖേനയോ ലഭ്യമാകില്ല. രോഗപ്പകര്‍ച്ചയ്‌ക്കെതിരേയും വ്യാപനത്തിനെതിരേയുമുള്ള മുന്‍കരുതല്‍ സ്വീകരിച്ച് സ്‌കൂള്‍ തുറക്കണമെന്ന് മനഃശാസ്ത്രവിദഗ്ധര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഈ പ്രാധാന്യം കണക്കിലെടുത്താണ്.
തുറക്കുന്നതിനുമുമ്പുള്ള
തയ്യാറെടുപ്പുകള്‍
പ്രൈമറി ക്ലാസ്സുകളാണ് ആദ്യം തുറക്കേണ്ടതെന്ന ആരോഗ്യവിദഗ്ധരുടെ അഭിപ്രായം മാനിച്ച് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രൈമറി ക്ലാസ്സുകളും പൊതുപരീക്ഷകള്‍ നടക്കുന്ന 10,12 ക്ലാസ്സുകളുമാണ് ആദ്യം തുറക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഇവ പ്രവര്‍ത്തനമാരംഭിക്കും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിനു തയ്യാറെടുപ്പുകള്‍ നടത്താനും സ്‌കൂള്‍ തുറക്കുന്നതിന്റെ 15 ദിവസം മുമ്പായി ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസ്സുകള്‍. ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളിലാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കാന്‍ ആലോചിക്കുന്നത്. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസ്സുകളും സംഘടിപ്പിക്കും.
വിപുലമായ മുന്‍കരുതലും മുന്നൊരുക്കങ്ങളും
അതേസമയം, കച്ചവടസ്ഥാപനങ്ങളോ ആരാധനാലയങ്ങളോ തുറക്കുന്നതുപോലെയല്ല സ്‌കൂളുകള്‍ തുറക്കുന്നത്. ഇവിടെ വിപുലമായ മുന്‍കരുതലും മുന്നൊരുക്കങ്ങളും ബോധവത്കരണവും ആവശ്യമാണ്. കുട്ടികളില്‍ കൊവിഡ് തീവ്രമാകാന്‍ സാധ്യത കുറവാണെങ്കിലും ഇവര്‍ രോഗവാഹകരാകാനും വീടുകളിലെ മുതിര്‍ന്നവര്‍ക്ക് അസുഖം പകര്‍ന്നുനല്‍കാനും സാധ്യതയുണ്ട്. എല്ലാ വീടുകളില്‍നിന്നും സ്‌കൂളുകളില്‍ കുട്ടികളെത്തുന്നുണ്ട്. ഏതെങ്കിലും വീട്ടിലെ ഒരംഗത്തിനു രോഗം വന്നാല്‍ അതു കുട്ടികളിലേക്കു പകരാം. സ്‌കൂളിലെത്തുന്ന കുട്ടികളില്‍ നിന്ന് മറ്റു കുട്ടികളിലേക്കും അവര്‍വഴി വിവിധ വീടുകളിലേക്കും രോഗം വ്യാപിക്കും. ഇതു തടയാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും കര്‍ശനവുമാക്കേണ്ടതുണ്ട്. കുട്ടികള്‍ സ്‌കൂളുകളിലെത്തുമ്പോള്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലപാലനം എന്നിവ ഉറപ്പുവരുത്തണം. സ്‌കൂള്‍ ബസുകളും കുട്ടികള്‍ യാത്ര ചെയ്യുന്ന മറ്റു വാഹനങ്ങളും അണുവിമുക്തമാക്കണം.
എസ.്എസ്.എല്‍.സി. പരീക്ഷയിലെ ആശങ്ക
കുട്ടികള്‍ കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുമോയെന്ന ആശങ്ക രക്ഷിതാക്കളിലും സമൂഹത്തിലും സ്വാഭാവികമാണ്. സ്‌കൂളുകളിലെ അച്ചടക്കത്തിന്റെയും ക്രമീകരണങ്ങളുടെയും ഭാഗമായി ഇതൊക്കെ മാറിക്കഴിഞ്ഞാല്‍ കുട്ടികള്‍ അവയുമായി ഇഴുകിച്ചേരുകയും ശീലമാക്കുകയും ചെയ്യുമെന്നാണ് മാനസികാരോഗ്യവിദഗ്ധരുടെ പക്ഷം. സ്‌കൂള്‍ തുറക്കുന്നത് രോഗം വ്യാപിപ്പിക്കില്ലെന്നും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വിപുലവും ഫലപ്രദവുമായ പദ്ധതി തയ്യാറാക്കിവരികയാണെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു. എസ.് എസ്.എല്‍.സി പരീക്ഷ നടത്തിയപ്പോഴും ഇതുപോലെ ആശങ്കയുണ്ടായിരുന്നെങ്കിലും അന്ന് ഒന്നും സംഭവിച്ചില്ലെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
പകരാനുള്ള വഴികള്‍
സ്‌കൂളുകളിലെ ഭക്ഷണത്തിന്റെയും മറ്റും കാര്യത്തിലും കളിയിടങ്ങളിലും പുതിയ ക്രമീകരണങ്ങള്‍ ആവശ്യമായി വരും. ഭക്ഷണസമയത്ത് മാസ്‌ക് ധരിക്കാത്തതിനാല്‍ കൂട്ടത്തില്‍ രോഗവാഹകരായ വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ രോഗപ്പകര്‍ച്ച കരുതിയിരിക്കേണ്ടതുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുട്ടികള്‍ സംസാരിക്കുമ്പോള്‍ രോഗമുള്ളവരില്‍നിന്ന് രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തുകയും അത് മറ്റുള്ളവരിലേക്കു പകരുകയും ചെയ്യാം. ഭക്ഷണം കഴിക്കാനുള്ള ഇടങ്ങള്‍ കൂടുതല്‍ വിശാലമാക്കുകയും അകലം പാലിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കുകയുമാണ് പ്രതിവിധി.
ശ്രദ്ധിക്കണം
ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി സ്‌കൂളിലിരുന്നുള്ള ഭക്ഷണം ഒഴിവാക്കുകയുമാകാം. ടോയ്ലറ്റില്‍ പോകാന്‍ എല്ലാ കുട്ടികള്‍ക്കും ഒരേസമയം ഇടവേള നല്‍കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഇത് തിരക്കിനും കുട്ടികള്‍ തമ്മില്‍ കൂടിച്ചേരലിനും വഴിവയ്ക്കും. ഓരോ ക്ലാസ്സുകാര്‍ക്കായി പ്രത്യേകം ഇടവേളകള്‍ നല്‍കിയാല്‍ ഈ പ്രശ്നം ഒഴിവാക്കാനാകും. ഓരോരുത്തരും ഉപയോഗിച്ചശേഷം ടോയ്‌ലറ്റ് അവരവര്‍ തന്നെ വൃത്തിയാക്കുന്നതിനുള്ള പരിശീലനം നല്‍കുന്ന കാര്യവും പരിഗണിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.