•  9 May 2024
  •  ദീപം 57
  •  നാളം 9
നര്‍മഭാവന

കാര്യക്ഷമതയുള്ള രണ്ടു പേര്‍

ജോലി കഴിഞ്ഞു തിരിച്ചുപോകാന്‍നേരം സോമരാജന്‍ ജീപ്പിന്റെ ഡ്രൈവറോടു പറഞ്ഞു:
''ഈ മുളങ്കമ്പെടുത്തു വണ്ടിയിലിട്ടേക്ക്.''
ഡ്രൈവര്‍ അനുസരിച്ചു. ജീപ്പിന്റെ പിന്‍ഭാഗത്ത് ഉദ്ദേശ്യം ഒരു മീറ്റര്‍ പുറത്തേക്കു തള്ളിനിന്നിരുന്ന മുളങ്കമ്പ് ഓടുന്ന ജീപ്പില്‍ക്കിടന്ന് കുച്ചിപ്പുടിയാടി. വളവിനപ്പുറത്ത് റോഡ്‌സൈഡില്‍ വണ്ടിയൊതുക്കി വാഹനപരിശോധനയ്ക്കു നിന്ന പോലീസ് സോമരാജന്റെ ജീപ്പ് തടഞ്ഞു. അദ്ദേഹം ജീപ്പിന്റെ രേഖകളുമായി ഏമാന്റെ മുമ്പില്‍ ഓച്ഛാനിക്കാതെ നിന്നു.                                                                                         
എല്ലാം കറക്ട്.
''ഒരഞ്ഞൂറു രൂപ അടച്ചിട്ടു പൊയ്‌ക്കോളൂ..!''
''എന്തിനാ സാറേ...?''
 മുളങ്കമ്പിലേക്കു കൈ ചൂണ്ടിയിട്ട് ഏമാന്‍ പറഞ്ഞു:                     
 ''-നിയമലംഘനം...! ആ മുള പുറത്തേക്കു തള്ളിനില്ക്കുന്നു. അതു നിയമവിരുദ്ധമാണ്...!''
സോമരാജന്‍ ഇരുട്ടില്‍ തപ്പി. തപ്പുന്നതിനിടയില്‍ ഏമാന്റെ ജീപ്പില്‍ കണ്ണുകളുടക്കി. ഒരു പുതിയ ഫ്രിഡ്ജ് പ്ലാസ്റ്റിക് പേപ്പര്‍ പുതച്ച് ജീപ്പിനുള്ളില്‍ കിടന്നുറങ്ങുന്നു.
''വേഗം പൈസയടയ്ക്ക്... എനിക്കു പോകണം..!''
''സാറ് പോകാന്‍ വരട്ടെ...! ആ ഫ്രിഡ്ജിന്റെ ബില്ല് എനിക്കൊന്നു കാണണം...!''
''ബില്ലു ചോദിക്കാന്‍ നിങ്ങളാരാ...?''
സോമരാജന്‍ പോക്കറ്റില്‍ കിടന്ന ഐ.ഡി. കാര്‍ഡ് എടുത്തു കാണിച്ചു. ജി.എസ്.റ്റി. ഓഫീസര്‍! ഏമാന്‍ വിരണ്ടു. പിന്നെ അട്ടപോലെ ചുരുണ്ടു. പിന്നെ പറഞ്ഞു:
''കടയില്‍നിന്നു ബില്ല് തന്നില്ല...!''
''ഒരു രണ്ടായിരത്തിനാനൂറ് രൂപ അടച്ചാല്‍ സാറിനു പോകാം...!''
''സോറി സാര്‍... അത്രയും പൈസ കൈവശമില്ല...!'' ഏമാന്‍ സോമരാജന്റെ കൈ പിടിച്ചു. വേണ്ടിവന്നാല്‍ കാലുപിടിക്കാനും ഏമാന്‍ തയ്യാറായിരുന്നു. ഒടുവില്‍ സോമരാജന്റെ ജീപ്പ് ഏമാനോ ഏമാന്റെ വണ്ടി സോമരാജനോ കണ്ടിട്ടേയില്ലെന്ന ധാരണയില്‍ പരസ്പരം കൈകൊടുത്തു പിരിഞ്ഞു.

 

Login log record inserted successfully!