- കട്ടക്കയം പാലാമല്പാന്‍
- പാറേമ്മാക്കല്‍ പാണ്ടിമല്പാന്‍
- പള്ളിവീട്ടില്‍ അര്‍ക്കദിയാക്കോന്‍
കട്ടക്കയവും പാറേമ്മാക്കലും പള്ളിവീട്ടിലും നമുക്ക് സുപരിചിതമായ വീട്ടുപേരുകളാണ്. അതിനുള്ള പല കാരണങ്ങളിലൊന്ന് ഈ തറവാടുകളിലെ അതിപ്രഗല്ഭരായ വൈദികര്‍തന്നെയായിരുന്നു. ഈ തറവാടുകളില്‍നിന്നുള്ളവരും പ്രഗല്ഭരും എന്നാല്‍, സാധാരണക്കാര്‍ക്കിടയില്‍ അധികം സംസാരവിഷയമാകാത്തവരുമായ മൂന്നു നസ്രാണി വൈദികരത്‌നങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ പഠനമാണ് ഈ ലേഖനം.
വ്യത്യസ്തകാലഘട്ടങ്ങളില്‍ ജീവിച്ചവരാണിവര്‍. പക്ഷേ, നസ്രാണികളുടെ തന്മയും പ്രാധാന്യവും കാത്തുസംരക്ഷിക്കാന്‍ അക്ഷീണം അദ്ധ്വാനിച്ചവരാണിവര്‍. അവരുടെ അറിവും വിശുദ്ധിയും സുറിയാനിഭാഷാപരിജ്ഞാനവും കുടുംബപശ്ചാത്തലവും നേതൃപാടവവും ഈ സമുദായത്തിന്റെ ശ്രേയസ്സു പരിരക്ഷിക്കുവാന്‍ ഏറെ സഹായകമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സുറിയാനിസഭാവൈദികരത്‌നങ്ങളാണവര്‍. തിളങ്ങുന്ന മാണിക്യംപോലെ അവര്‍ ശോഭിക്കുകയാണ്. നമ്മുടെ വരുംതലമുറ, സഭയെയും സമുദായത്തെയും ഈ രാജ്യത്തെയും വളര്‍ത്തുകയും ഒരുമിപ്പിച്ചുനിര്‍ത്തുകയും ചെയ്ത ഇത്തരം ശ്രേഷ്ഠാചാര്യന്മാരുടെ സ്മരണയില്‍ വളരണം. നമ്മുടെ സഭയ്ക്കുവേണ്ടി ജീവിതം ബലികഴിച്ച ശ്രേഷ്ഠ കത്തനാര്‍മാരെക്കുറിച്ചുള്ള ഓര്‍മക്കേടുകള്‍ സഭാമക്കളില്‍ ഏറെപ്പേരിലുമുണ്ട്. ഓര്‍മകള്‍ നഷ്ടപ്പെടുമ്പോള്‍ സമുദായവും സമൂഹവും നശിക്കും. മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തികളെക്കുറിച്ചു പഠിച്ചുകൊണ്ടാണ് നാം സഭയെയും രാഷ്ട്രത്തെയും സേവിക്കേണ്ടത്.
കട്ടക്കയം യൗസേപ്പ് മല്പാന്‍
കട്ടക്കയം അബ്രാഹം ഗോവര്‍ണദോരെക്കുറിച്ചും വലിയ ചാണ്ടിയച്ചനെക്കുറിച്ചും ചെറിയ ചാണ്ടിയച്ചനെക്കുറിച്ചും കഴിഞ്ഞ ലക്കങ്ങളില്‍ നമ്മള്‍ ചിന്തിച്ചിരുന്നല്ലോ. ആ തറവാട്ടിലെതന്നെ അതിപ്രഗല്ഭരായ വൈദികരാണ് മോണ്‍. കൊച്ചുചാക്കോച്ചന്‍, കുഞ്ഞുചാണ്ടിയച്ചന്‍, യൗസേപ്പു മല്പാന്‍ എന്നിവര്‍. ഇവരില്‍ 1793 ല്‍ ജനിച്ച യൗസേപ്പു മല്പാനെക്കുറിച്ചുള്ള ലളിതമായ ഒരു വിചിന്തനമാണ് ഈ ലേഖനം. ഭക്തരായ മാതാപിതാക്കളില്‍നിന്നു (കട്ടക്കയം കുരുവിളയും ഭരണങ്ങാനം വേലമ്മാരുകുടിയില്‍ തറവാട്ടില്‍നിന്ന് മാതാവും) പിറന്നു. എല്ലാ അര്‍ത്ഥത്തിലും ദൈവഭക്തിയില്‍ വളര്‍ന്ന യൗസേപ്പ് വൈദികനാകാനാഗ്രഹിച്ചു. അന്ന് പാലാ വികാരിയായിരുന്ന കൊച്ചുചാണ്ടിമല്പാന്റെ കൂട്ടത്തില്‍ താമസിപ്പിച്ച് അടിസ്ഥാനപരിശീലനങ്ങള്‍ നല്‍കി. സുറിയാനിയും തമിഴും വേണ്ടവിധം പഠിച്ചെടുത്തു. അക്കാലഘട്ടത്തിലെ വൈദികപ്രമുഖരെല്ലാംതന്നെ ഈ ഭാഷകളില്‍ അവഗാഹം നേടിയിരുന്നു. സുറിയാനി ആരാധാനഭാഷയായിട്ടും തമിഴ് നസ്രാണിസഭയുടെ ചരിത്രം പഠിക്കുന്നതിന് തമിഴകവുമായി നസ്രാണിവൈദികര്‍ ഒട്ടുമിക്കവര്‍ക്കും നല്ല ബന്ധമുണ്ടായിരുന്നു. പൂഞ്ഞാര്‍ കേന്ദ്രമാക്കി ഒരു വൈദികപരിശീലനകേന്ദ്രം (മല്പാനേറ്റ്) പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവിടുത്തെ കീര്‍ത്തികേട്ട പൂണ്ടിക്കുളം മല്പാന്‍ സുറിയാനിപണ്ഡിതനും ഒപ്പം ജനകീയനുമായിരുന്നു. മല്പാനേറ്റുകളില്‍ പഠിച്ചവര്‍ക്ക് സുറിയാനിഭാഷയോടും സുറിയാനി ലിറ്റര്‍ജിയോടും അസാധാരണമായ ആത്മബന്ധവും ഇഴയടുപ്പവുമുണ്ടായിരുന്നു. 1818 ല്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി തിരുപ്പട്ടം സ്വീകരിച്ചു.
പാലാമല്പാന്‍
പാലാ കേന്ദ്രമാക്കി യൗസേപ്പച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ പാലായില്‍ ഒരു വൈദികപരിശീലനകേന്ദ്രം പണിതുയര്‍ത്തി, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തുടങ്ങി. വൈദികപരിശീലനത്തില്‍ അദ്ദേഹം കാണിച്ച ജാഗ്രത ജനങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കി അദ്ദേഹത്തെ പാലാ മല്പാന്‍ എന്നു വിളിച്ചുതുടങ്ങി. John D Paiciotto ഗോവര്‍ണദോര്‍, യൗസേപ്പച്ചനെ 1825 ല്‍ പാലാ വലിയ പള്ളി വികാരിയായി ചുമതലയേല്പിച്ചു. അക്കാലത്ത് പാലാപ്പള്ളി ഭരണത്തില്‍ ജനാധിപത്യശൈലിക്ക് അത്ര നിരക്കാത്ത രീതിയിലുള്ള മുതലാളിത്ത ഇടപെടലുകളും താക്കോല്‍ വഴക്കുകളും നിലവിലുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ലേഖനങ്ങളില്‍ വ്യക്തമാക്കിയിരുന്നല്ലോ. ഭിന്നതകള്‍ അവസാനിപ്പിക്കാന്‍ വികാരി തീവ്രപരിശ്രമം നടത്തിയെങ്കിലും താക്കോല്‍വഴക്കുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. സാമൂഹികതിന്മകള്‍ക്കെതിരേയും മല്പാനച്ചന്‍ സ്വരമുയര്‍ത്തിയിരുന്നു. സാമൂഹികതിന്മകളെ തുടച്ചുമാറ്റുകയാണ് സഭയുടെ ദൗത്യമെന്നും അദ്ദേഹത്തിന് അടിയുറച്ച ബോധ്യമുണ്ടായിരുന്നു.
ജനരഞ്ജകനായിരുന്നപാലാമല്പാന്‍
അസാധാരണമായ രീതിയില്‍ വിശ്വാസികളെ ചേര്‍ത്തുനിര്‍ത്താനും മറ്റു മതസ്ഥരെ പരിഗണനയിലെടുക്കാനും മല്പാനച്ചനു കഴിഞ്ഞു. ജനരഞ്ജകനായ വികാരി എന്ന വിളിപ്പേരും അദ്ദേഹത്തിനു ലഭിച്ചു. വികാരി എന്ന നിലയിലും മല്പാന്‍ എന്ന നിലയിലും യൗസേപ്പച്ചന്‍ എല്ലാ ഭിന്നതകള്‍ക്കും എതിരായിരുന്നു. ഐക്യത്തിന്റെ പ്രതീകമായും സമാധാനസ്ഥാപകനായും ഇടപഴകിയ വികാരിയച്ചനോട് അത്യപൂര്‍വമായ ആദരവും ജനങ്ങള്‍ക്കുണ്ടായിരുന്നു. പാലാപ്പള്ളിക്കുവേണ്ടി തീവ്രമായി അദ്ധ്വാനിച്ച വ്യക്തിയാണ് യൗസേപ്പച്ചന്‍. കുട്ടികളുടെയും യുവാക്കന്മാരുടെയും കാര്യത്തില്‍ പ്രത്യേക താത്പര്യമെടുത്തു. മുതിര്‍ന്നവര്‍ അച്ചനോടു വലിയ ആദരവു പുലര്‍ത്തിയിരുന്നതിനാല്‍ നേരേ മുമ്പിലൂടെ വരാതെ പിറകിലൂടെ വന്ന് അച്ചന്റെ കരം ചുംബിച്ചു സംസാരിക്കുന്ന ശൈലിയായിരുന്നു ഉണ്ടായിരുന്നത്. സമുദായമൈത്രിയും മതമൈത്രിയും ജനമൈത്രിയും മല്പാനച്ചന്റെ പ്രവര്‍ത്തനങ്ങളില്‍ നിഴലിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അദ്ദേഹം സഭാക്കൂട്ടായ്മയുടെ വക്താവായത്.
ശില്പകലാവിദഗ്ധന്‍
പള്ളിക്കുവേണ്ടി സ്ഥലം വാങ്ങിക്കല്‍, പണിയിപ്പിക്കല്‍ തുടങ്ങിയവ എല്ലാം യൗസേപ്പച്ചന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. ശില്പകലയില്‍ ഏറെ മികവു കാണിച്ചു. അക്കാലത്ത് നല്ല കാതലായ മരം (തടി) കൊണ്ട് കെട്ടിടം നിര്‍മിക്കുന്ന ശൈലി കലയുടെ ഭാഗമായിത്തന്നെ കരുതിയിരുന്നു. അദ്ദേഹം മരംകൊണ്ടു പണികഴിപ്പിച്ച മലയാണ് ഇപ്പോഴും പാലാ രാക്കുളിത്തിരുനാളിന് ഉപയോഗിക്കുന്നത്. പാലായിലെ പ്രസംഗപീഠവും (Pulpit) അച്ചന്റെ സംഭാവനയായിരുന്നു. വളരെ ആകര്‍ഷകത്വം ഇവ രണ്ടിനുമുണ്ട്. അസാധാരണമായ വായനയും ചിന്തകളും അദ്ദേഹത്തിന്റെ വിലയേറിയ സമ്പത്തായിരുന്നു. പ്രതിസന്ധികളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അനേകയിടങ്ങളില്‍ പോയി വഴക്കും തര്‍ക്കവും തീര്‍ത്തിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും ജനരക്ഷകനായിരുന്നു. പാലാപ്പള്ളിക്ക് വെള്ളിക്കുരിശും സ്വര്‍ണക്കുരിശും സ്ഥലവും എല്ലാം അച്ചന്റെ സംഭാവനയും മികവുംകൊണ്ടു നേടിയതാണ്. ലുദ്‌വിക്കോസ് മെത്രാന്‍ പലപ്പോഴും യൗസേപ്പു മെത്രാന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ദീര്‍ഘമായ ഒരു കാലഘട്ടം പാലാപ്പള്ളിവികാരിയായി സേവനം ചെയ്തു. 1875 ഏപ്രിലില്‍ പരലോകപ്രാപ്തനായി. ഏപ്രില്‍ 29 നു നടന്ന ഓര്‍മക്കുര്‍ബാനയില്‍ അന്നത്തെ അരുവിത്തുറ വികാരി വലിയവീട്ടില്‍ ഇട്ടിച്ചെറിയാന്‍ കത്തനാര്‍ ഉജ്ജ്വലവും സമഗ്രവുമായ പ്രഭാഷണം നടത്തി.
പാറേമ്മാക്കല്‍ പാണ്ടിമല്പാന്‍
ഭാരതനസ്രാണികളുടെ ചരിത്രത്തിലെ ഏറ്റവും പൈതൃകസമ്പന്നമായ ഒരു പ്രദേശമാണ് കടനാട്. ചരിത്രവും സഭാത്മകതയും ദേശീയതയും ഒരു പോലെ വിളക്കിച്ചേര്‍ത്ത പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ ജന്മസ്ഥലമാണ് കടനാട്. അദ്ദേഹത്തിന്റെ വര്‍ത്തമാനപ്പുസ്തകവും ഇതരകൃതികളും ചരിത്രപരമായും സാഹിത്യപരമായും കേന്ദ്രസ്ഥാനത്തു നില്ക്കുന്നവയത്രേ. ടിപ്പുവിന്റെ ആക്രമണംമൂലം ഗോവര്‍ണദോര്‍ അങ്കമാലിയില്‍നിന്ന് വടയാറിലേക്കു പ്രവര്‍ത്തനകേന്ദ്രം മാറ്റി. വടയാര്‍ കേന്ദ്രമാക്കി തോമ്മാക്കത്തനാരുടെ സഹോദരപുത്രനായ മറ്റൊരു പാറേമ്മാക്കല്‍ മല്പാനച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹവും അതിപ്രഗല്ഭനായിരുന്നു. വൈദികപരിശീലനത്തിനുള്ള മല്പാനേറ്റിന്റെ ഇടവുമായിരുന്നു. കീര്‍ത്തികേട്ട പ്രഭാഷകനും സുറിയാനിപണ്ഡിതനുമായിരുന്നു. ബുദ്ധിവൈഭവത്തില്‍ ഏതാണ്ട് തോമ്മാക്കത്തനാര്‍ക്കൊപ്പം നിന്നിരുന്നു. അദ്ദേഹത്തിനു തമിഴകവും തമിഴ്ഭാഷയുമായി തോമ്മാക്കത്തനാര്‍ക്ക് ഉള്ളതിനെക്കാള്‍ ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന തമിഴ്ഭാഷാവൈദഗ്ധ്യം പരിഗണിച്ച് ശിഷ്യന്മാരും ഇടവകജനങ്ങളും ചാര്‍ത്തിക്കൊടുത്ത പേരായിരുന്നു പാറേമ്മാക്കല്‍ ''പാണ്ടി മല്പാന്‍'' എന്നത്. നസ്രാണിപാരമ്പര്യത്തെയും സുറിയാനിഭാഷയെയും ഇന്ത്യന്‍ ദേശീയതയെയും ഇതുപോലെ സ്‌നേഹിച്ച മറ്റു കത്തനാര്‍മാര്‍ നന്നേ ചുരുക്കമായിരിക്കും.
പള്ളിവീട്ടില്‍ മത്തായി (കത്തനാര്‍) അര്‍ക്കദിയാക്കോന്‍
ഭാരതനസ്രാണികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ പേരാണ് പള്ളിവീട്ടില്‍ (പറമ്പില്‍) ചാണ്ടി മെത്രാപ്പോലീത്താ. പള്ളിവീട്ടില്‍ അച്ചന്‍ 1663 ഫെബ്രുവരി ഒന്നിന് കടുത്തുരുത്തിയില്‍ വച്ച് കേരളത്തിലെ അപ്പസ്‌തോലിക് ആയിരുന്ന സെബസ്ത്യാനി മെത്രാനില്‍നിന്ന് മെത്രാന്‍പട്ടം സ്വീകരിച്ചു. മലയാളത്തിലെ ആദ്യത്തെ വികാരി അപ്പസ്‌തോലിക്കാ(മെത്രാപ്പോലീത്താ)യായി. ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്താ (മെത്രാപ്പോലീത്താ ദ് കൊല്‍ ഹെന്ദോ) എന്ന് എഴുതി ഒപ്പിട്ടിരുന്നു. മെത്രാപ്പോലീത്തായുടെ അനന്തരവനായിരുന്നു പള്ളിവീട്ടില്‍ മത്തായിക്കത്തനാര്‍ അര്‍ക്കദിയാക്കോന്‍. അഗാധമായ ചരിത്രജ്ഞാനവും സുറിയാനിഭാഷാപാണ്ഡിത്യവും സഭൈക്യചിന്തകളും അദ്ദേഹത്തിനു കൈമുതലായുണ്ടായിരുന്നു. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പ്രാപ്തനുമായിരുന്നു. 1678 ല്‍ അര്‍ക്കദിയാക്കോനായി. ഇദ്ദേഹത്തെ തന്റെ പിന്‍ഗാമിയാക്കാന്‍ ചാണ്ടിമെത്രാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സാധ്യമായില്ല. മത്തായിക്കത്തനാരുടെ ഏറ്റവും വലിയ പ്രാധാന്യം അദ്ദേഹത്തിന്റെ തന്മയാര്‍ന്ന ഗ്രന്ഥമാണ്. സുറിയാനിഭാഷയില്‍ ''ഭാരതത്തിലെ ക്രിസ്തുമതം'' എന്ന ഗ്രന്ഥമെഴുതി. ഡച്ചുഭാഷയിലേക്കും പിന്നീട് മറ്റു യൂറോപ്യന്‍ഭാഷകളിലേക്കും ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്രകാരനായ ക.നി.മു.സ. ബര്‍ണാര്‍ദ് തോമ്മാ അദ്ദേഹത്തിന്റെ ''ഭാരതസഭാചരിത്ര''ത്തില്‍ പറയുന്നു: ഇവരുടെ വീട്ടുപേര് പള്ളിവീട്ടില്‍ എന്നും തറവാട്ടുപേര് പകലോമറ്റം എന്നുമാണ്. പകലോമറ്റത്തിന് പോര്‍ച്ചുഗീസില്‍ ദെ - കാമ്പൊ (റല രമാുീ) എന്നാണു പറയുന്നത്. ഇതു ലത്തീനിലെ Campus എന്നതില്‍നിന്നു വരുന്നു.