മൃതിയുടെ അണുക്കള്‍
പൂക്കളമിട്ട് നരന്റെ ജീവിതം
പാതാളപ്പെട്ടിയിലാണ്ട കാലത്താണ്
എന്റെ മധുവിധുകാലമായെന്നു പറഞ്ഞ്
പൂവിന്റെയാത്മാവ്
ഉയിര്‍ത്തെഴുന്നേറ്റത്.
തൊടിയിലേക്കിറങ്ങി, നോക്ക്യപ്പോ
മഞ്ഞും, സ്വര്‍ണപ്രഭയും
തൊട്ടുണര്‍ത്തിയ പൂക്കള്‍,
മനുഷ്യരറിയാതെ പതിവിലേറെ
പൂത്തുലഞ്ഞിരിക്കുന്നു.
ഇത്രയും പൂത്തിട്ടും
ഗന്ധമറിയാത്തൊരെന്‍ മൂക്കിനെ
പ്രാക്യപ്പോ, പുത്തനുടുപ്പ്
മൂക്കിന്‍മേലിരുന്നു ചിരിച്ചു.
വെഞ്ചരിപ്പിന്റെ വെള്ളം
നെറുകയില്‍ വീണവളാണെങ്കിലും,
ചന്ദനം തൊട്ടൊരമ്മമ്മ വിളമ്പിത്തന്ന
നെയ്പ്പായസത്തിന്നോര്‍മയില്‍
ഞാന്‍ പൂക്കളെത്തൊട്ടു.
സമാധാനപ്പറവയായ് ചിരിക്കുന്ന
നറുംവെള്ളത്തുമ്പയെ
നുള്ളിയെടുക്കുംമുമ്പേതന്നെ
ഭ്രാന്തമായ് ചിരിച്ചലറി
ചുവന്ന ചെമ്പരത്തിപ്പൂങ്കുടുന്നകള്‍
അടുത്തൊരോണപ്പൂ, നുള്ളാന്‍
വരില്ല നീയെന്ന പുച്ഛഭാവം
പൂക്കള്‍തന്‍ പീലിയില്‍
കണ്ടീടവേ, ഞാനറിഞ്ഞൂ...
നാല്‍ച്ചുവരിനുള്ളിലെ
തളപ്പിട്ട വായുവില്‍
ഞാനും എന്നോണവും വിയര്‍ക്കുന്നത്.