വലിയ മതില്‍ക്കെട്ടിനുള്ളിലായിരുന്നു അയാളുടെ വീട്. അയാളുടെ വീടിനോടു ചേര്‍ന്നായിരുന്നു എന്റെ വീട്.
അയാളുടേതു വീടല്ല. കൊട്ടാരമാണ്. അരയേക്കര്‍ ഭൂമിയില്‍ പടുകൂറ്റന്‍ ബംഗ്ലാവ്.
മുമ്പ് അയാളുടെ വീടിരുന്ന സ്ഥലത്ത് ഒരു ചെറിയ വീടായിരുന്നു.
ആ അരയേക്കറില്‍ നിറയെ തെങ്ങും പ്ലാവും മാവുമായിരുന്നു. പിന്നെ പേരയും ചാമ്പയും. വീടിനോടുചേര്‍ന്ന് ചേമ്പും ചേനയും പച്ചക്കറിത്തോട്ടവും.
കിടാക്കളും ആട്ടിന്‍കുഞ്ഞുങ്ങളും കോഴികളും സന്തോഷത്തോടെ പാര്‍ത്തിരുന്ന ഇടം.
അന്ന് എന്റെ അയല്‍വാസിയായിരുന്ന ആള്‍ നല്ലവനായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ചെറിയൊരു വേലിപോലുമില്ലായിരുന്നു.
പാട്ടത്തിനു ഭൂമിയെടുത്ത് കൃഷി ചെയ്ത് കുത്തുപാളയെടുത്തവനായിരുന്നു ആ അയല്‍വാസി. ബാങ്കുകാര്‍ ഈ അരയേക്കറും വീടും ജപ്തിക്കു വച്ചപ്പോള്‍ എവിടെനിന്നോ പൊട്ടിമുളച്ച ഒരാള്‍ അതു കൈക്കലാക്കി.
വീടൊഴിഞ്ഞുപോകാന്‍ നേരത്ത് അയാളുടെ പശുക്കളെയും ആടുകളെയും കോഴികളെയും എനിക്കു തന്നു. അതിനയാള്‍ വിലയൊന്നും പറഞ്ഞില്ല. എല്ലാംകൂടി വഹിക്കാനുള്ള ശേഷിയൊന്നും എനിക്കില്ലായിരുന്നു. എങ്കിലും അയാളുടെ അപ്പോഴത്തെ അവസ്ഥ അറിയാമായിരുന്നു ഞാന്‍ ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തി പണം നല്‍കി.
അയാളുടെ കുഞ്ഞുങ്ങള്‍ക്ക് ആട്ടിന്‍കുഞ്ഞുങ്ങളെ ജീവനായിരുന്നു. പോകാന്‍ നേരത്ത് അവര്‍ ആട്ടിന്‍കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു കരയുന്നതുകണ്ട് എന്റെ കണ്ണുകളും നിറഞ്ഞു.
''ബേബിച്ചാ, ഈ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നീ ആട്ടിന്‍കുഞ്ഞുങ്ങളെ കൊണ്ടുപൊയ്‌ക്കോ.''
''വേണ്ട ചേട്ടാ, ആട്ടിന്‍കുഞ്ഞുങ്ങള്‍ അവരുടെ തള്ളയുടെകൂടെ കഴിയട്ടെ.''
നല്ലൊരു അയല്‍വാസിയെ എനിക്കു നഷ്ടപ്പെടുത്തിയത് ആരാണ്? അയാള്‍ തന്നെയോ, ബാങ്കുകാരോ അതോ പുതിയ അയല്‍ക്കാരനോ?
എന്തായാലും പുതിയ അയല്‍ക്കാരനോടു മാനസികമായി ഒരടുപ്പവും തോന്നിയില്ല.
പുതിയ അയല്‍ക്കാരന്‍ വന്നതേ ചുറ്റും വലിയ മതില്‍ തീര്‍ക്കുകയാണ് ആദ്യം ചെയ്തത്.
പിന്നീട് വൃക്ഷങ്ങളെല്ലാം തടിക്കച്ചവടക്കാര്‍ക്കു നല്‍കി ഭൂമിയെ വെറും മണ്ണുമാത്രമാക്കി.
എന്റെ പറമ്പിലെ പ്ലാവിന്റെയും ആഞ്ഞിലിയുടെയും റബറിന്റെയും ശിഖരങ്ങള്‍ അയാളുടെ ഭൂമിയിലേക്കു കടന്നിരുന്നു. അയല്‍വാസിയുടെ സ്വഭാവത്തിന് അനുസരണമായല്ലല്ലോ വൃക്ഷങ്ങളുടെ വളര്‍ച്ച. സൂര്യപ്രകാശമുള്ളിടത്തേക്ക് അവര്‍ തല നീട്ടും.
ഉടനടി വൃക്ഷങ്ങളുടെ ശിഖരങ്ങളെല്ലാം മുറിച്ചുനീക്കാന്‍ അയാള്‍ ഉത്തരവിട്ടു. അങ്ങനെ ചെയ്തില്ലെങ്കില്‍ അയാള്‍ നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പും നല്‍കി.
ഞാന്‍ തടിവെട്ടുകാരെ വിളിച്ച് അയാളുടെ പറമ്പിലേക്കു തലനീട്ടി നിന്ന ശിഖരങ്ങളെല്ലാം മുറിച്ചു മാറ്റി. ചിലതു ചുവടെ മുറിച്ചു നീക്കി.
''നിങ്ങളുടെ കോഴികളും എന്റെ പ്രൊപ്പര്‍ട്ടിയിലേക്കു നുഴഞ്ഞു കയറുന്നുണ്ട്. അതൊന്നും പാടില്ല.'' എന്റെ കോഴികള്‍ ഏതു വഴിയിലൂടെയാണ് അയാളുടെ വസ്തുവില്‍ പ്രവേശിക്കുന്നതെന്ന് എനിക്കോ അയാള്‍ക്കോ അറിവില്ലായിരുന്നു. അതുകൊണ്ട് പ്രവേശനകവാടത്തെയോര്‍ത്ത് ഞാന്‍ തല പുണ്ണാക്കിയില്ല.
അയാളുടെ ഭാര്യ മരിച്ചിട്ട് അഞ്ചെട്ടുവര്‍ഷമായെന്നും അയാള്‍ സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നെന്നും രണ്ട് ആണ്‍മക്കള്‍ ഉള്ളതു കാനഡയിലാണെന്നും എന്റെ ഭാര്യ പറഞ്ഞു ഞാനറിഞ്ഞു.
എന്റെ വിശ്രമവേളകളില്‍ ചിലപ്പോള്‍ ഞാന്‍ ആ വീട്ടിലേക്കു നോക്കും. പടുകൂറ്റന്‍ മതിലുകാരണം വീടിന്റെ മേല്‍ക്കൂരയല്ലാതെ മറ്റൊന്നും ദൃഷ്ടിയില്‍പ്പെടുകയില്ല.
അവിടെനിന്ന് ഒച്ചയനക്കമൊന്നും കേള്‍ക്കാറില്ല. അദ്ദേഹം തനിയെയാണ് അവിടെ താമസിക്കുന്നതെന്നു തോന്നുന്നു.
വീടിന്റെ വലിയ ഗേറ്റ് എപ്പോഴും അടഞ്ഞുകിടക്കുകയാണ്. പകലോ രാത്രിയോ ആ വീട്ടിലേക്ക് ആരും വരുന്നതു കാണാറില്ല.
ജോലിക്കാരിയാണെന്നു തോന്നുന്നു, ഒരു യുവതി രാവിലെ എട്ടുമണിക്കു കൈനറ്റിക് ഹോണ്ടയില്‍ ആ വീട്ടിലേക്കു പോകുന്നതുകാണാം. അഞ്ചുമണിക്ക് അവര്‍ തിരിച്ചുപോകും. അവള്‍ വരാനും പോകാനും ഗേറ്റു തുറക്കുന്നത് അയാളാണ്.
അയാളുടെ യാത്ര രാവിലെ പത്തു മണിക്കുശേഷമാണ്. കറുത്തനിറത്തിലുള്ള വിലകൂടി കാര്‍ അയാള്‍തന്നെയാണ് ഡ്രൈവ് ചെയ്തുപോകുക. ഉച്ചയാകുമ്പോള്‍ അയാള്‍ തിരിച്ചെത്തും. ഷോപ്പിങ്ങെല്ലാം അയാള്‍ തനിയെയാണെന്നു തോന്നുന്നു.
ഞാന്‍ പാലും പച്ചക്കറികളും കൊടുക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ദിവസം അയാളെ കണ്ടു. പച്ചക്കറികളും പലവ്യഞ്ജനങ്ങളും അയാള്‍ ട്രോളി ബാസ്‌കറ്റില്‍ നിറയ്ക്കുകയായിരുന്നു.
പരിചയഭാവത്തില്‍ ഞാനൊന്നു ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മുഖം തിരിച്ചുകളഞ്ഞു.
സൂപ്പര്‍മാര്‍ക്കറ്റുകാര്‍ നല്ല മാര്‍ജിനിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. അയാള്‍ക്ക് ആവശ്യമുള്ള പാലും പച്ചക്കറികളും ഇവിടുത്തേതിലും വിലകുറച്ച് എനിക്ക് അയാളുടെ വീട്ടില്‍ നല്‍കാന്‍ സാധിക്കും. അതേക്കുറിച്ച് അയാളോട് സംസാരിക്കണമെന്നുണ്ട്. പക്ഷേ, അമ്പിനും വില്ലിനും അടുക്കാത്ത അയാളോട് ഞാനെന്തു പറയാനാണ്!
സാമ്പത്തികഭദ്രതയില്‍ അടയിരിക്കുന്ന അയാള്‍ക്ക് എന്നെപ്പോലുള്ളവരുടെ സേവനം ആവശ്യമില്ല. തൊട്ടടുത്ത് വിഷമടിക്കാത്ത പച്ചക്കറികളും പാലും ലഭിക്കുമെങ്കിലും വലിയ സൂപ്പര്‍ മാര്‍ക്കറ്റില്‍പ്പോയി ഗുണനിലവാരം കുറഞ്ഞതാണെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന ശ്രേണി വ്യക്തിത്വം കൈവരിക്കാന്‍ സാധിക്കില്ലല്ലോ.
''നിങ്ങള്‍ ആ സാറിനെ കണ്ട് ഒന്നു സംസാരിക്ക്. ആവശ്യം നമ്മുടെയല്ലേ. നല്ല പാലും പച്ചക്കറികളും നല്‍കാമെന്നു പറ.'' എന്റെ ഭാര്യ പല പ്രാവശ്യം പറഞ്ഞപ്പോള്‍ രണ്ടും കല്പിച്ചു ഞാന്‍ പുറപ്പെട്ടു.
ജോലിക്കാരിക്കു പോകാനായി അയാള്‍ ഗേറ്റു തുറന്ന സമയം -
''സാര്‍, ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കഴിഞ്ഞും വിലകുറച്ചു പാലും പച്ചക്കറികളും തരാം.''
ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.
''അതൊന്നും വേണ്ട.''
പറഞ്ഞതും അയാള്‍ ഗേറ്റടച്ചതും ഒപ്പമായിരുന്നു.
ഞാന്‍ അന്തിച്ചു കുറച്ചുനേരം അവിടെത്തന്നെ നിന്നു.
''ഇതെന്തു മനുഷ്യന്‍.''
ഞാന്‍ സാവധാനം തിരിഞ്ഞുനടന്നു.
''നിങ്ങള്‍ പോയ കാര്യം നടക്കില്ല ഇല്ലേ. വെറുതെ ഞാന്‍ പറഞ്ഞയയ്ക്കരുതായിരുന്നു. സാരമില്ല. പോയാല്‍ ഒരു വാക്ക്.'' ഭാര്യ എന്നെ സമാശ്വസിപ്പിച്ചു.
''ഓരോ മനുഷ്യര്‍ക്കും ഓരോ സ്വഭാവമല്ലേ. അങ്ങേരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കില്‍ ചിലപ്പോള്‍ അങ്ങേരുടെ സ്വഭാവംതന്നെ ആയിരുന്നിരിക്കും.''
ഞാന്‍ നിസ്സാരതയോടെ പറഞ്ഞ് എന്റെ ജോലികളിലേക്കു പ്രവേശിച്ചു.
ഒരു പണക്കാരന്‍ അയല്‍വാസിയായിവരുന്നത് എന്തുകൊണ്ടോ എന്നില്‍ ഭീതിയുണര്‍ത്തിയിരുന്നു. എങ്കിലും എന്റെ അധ്വാനഫലങ്ങള്‍ കുറെയൊക്കെ ആ ധനികനു വിറ്റ് എന്റെ ബാങ്കിലെ ബാധ്യതകള്‍ കുറയ്ക്കാമെന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നു.
കൊവിഡ് 19 ന്റെ കടന്നാക്രമണത്തില്‍ എല്ലാവരും അടച്ചു പൂട്ടലിലായ സമയം.
ഒരു ദിവസം നേരം പുലര്‍ന്നതേയുള്ളൂ.
ഞാന്‍ തൊഴുത്തില്‍ പശുവിനെ കറക്കുകയായിരുന്നു. ഒരു പോലീസ് ജീപ്പ് എന്റെ വീടിനു മുന്നില്‍ ബ്രേക്കിട്ടു. എന്താണു കാര്യമെന്നറിയാന്‍ ഞാന്‍ കറവ മതിയാക്കി വീടിനു മുന്‍വശത്തേക്കു ചെന്നു.
''ആ വീട്ടിലെ സാറിനെ അടുത്ത ദിവസമെങ്ങാന്‍ കണ്ടിരുന്നോ?''
എന്റെ അയല്‍വാസിയുടെ വീടിനു നേരേ സബ്ഇന്‍സ്‌പെക്ടര്‍ വിരല്‍ ചൂണ്ടി.
''ഇല്ല സാര്‍. കുറച്ചുദിവസമായി കണ്ടിട്ട്. എന്താ സാര്‍ കാര്യം?''
''ആ സാറിന്റെ മക്കള്‍ രാത്രിയില്‍ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു പറഞ്ഞു. അവര്‍ തന്ന നമ്പരിലേക്കു ഞാനും പല പ്രാവശ്യം വിളിച്ചു. നിങ്ങള്‍ അയല്‍ക്കാര്‍. കുറെക്കൂടി ഇങ്ങനെയുള്ള കാര്യങ്ങളില്‍ ജാഗ്രത കാണിക്കണം. മനുഷ്യരല്ലേ, ഒരാള്‍ക്ക് എന്തെല്ലാം അപകടം സംഭവിക്കാം!''
സബ്ഇന്‍സ്‌പെക്ടറുടെ ശബ്ദത്തില്‍ കുറ്റപ്പെടുത്തലിന്റെ ധ്വനി.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
''വീക്കെന്റില്‍ മാത്രമേ മക്കള്‍ അപ്പനെ വിളിക്കാറുള്ളൂ. അപ്പന്‍ ഒറ്റയ്ക്കാണല്ലോ എന്നോര്‍ത്ത് ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും അവര്‍ക്കു വിളിച്ചുകൂടേ. അപ്പനും ചിന്തിക്കാം, താന്‍ ഒറ്റയ്ക്കാണ് മക്കളെ ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിളിക്കണമെന്ന്.''
''ആ സാറിന് അയല്‍ക്കാരുമായി അടുപ്പമൊന്നും ഇല്ല സാര്‍.'' എന്റെ ഭാര്യ പോലീസിനോടു പറഞ്ഞു.
''അവിടെ ഒരു ജോലിക്കാരി വരുന്നുണ്ടായിരുന്നല്ലോ സാര്‍.'' ഞാന്‍ ചോദിച്ചു.
''ജോലിക്കാരി സാറുമായി കശപിശയുണ്ടാക്കി ഒരാഴ്ചയായി ജോലിക്കു വരുന്നില്ല. അതൊക്കെപ്പോട്ടെ. നമുക്കാ വീടൊന്നു പരിശോധിക്കണം. ഇവിടെ ഗോവണിയുണ്ടോ?'' സബ് ഇന്‍സ്‌പെക്ടര്‍ ചോദിച്ചു.
വീടിന്റെ പിറകുവശത്ത് ചാരി വച്ചിരുന്ന ഗോവണി കൊണ്ടുവന്നു ഞാന്‍ അയാളുടെ മതിലില്‍ ചാരി.
ഒരു പോലീസുകാരന്‍ ടൂള്‍ കിറ്റുമായി ഗോവണി കയറി മതിലിനു മുകളിലെത്തി. പിന്നീട് അയാള്‍ ഗോവണി ഉയര്‍ത്തി മറുപുറത്തു ചാരി താഴേക്കിറങ്ങി.
പോലീസുകാരന്‍ കിറ്റില്‍നിന്നു ചുറ്റികയെടുത്ത് ഗേറ്റിന്റെ താഴു തകര്‍ത്തു.
പോലീസ് ജീപ്പ് മുറ്റത്തേക്കു കയറി.
ഞാന്‍ പിന്നാലെ ചെന്നു.
കോളിംഗ് ബെല്ലടിച്ചിട്ടു കാര്യമില്ലെന്നറിയാമായിരുന്നിട്ടും സബ്ഇന്‍സ്‌പെക്ടര്‍ രണ്ടുപ്രാവശ്യം കോളിംഗ് ബെല്‍ മുഴക്കി.
യാതൊരു പ്രതികരണവുമില്ല.
പിന്നീട് പോലീസ് വീടിനു പിന്നിലെത്തി.
അവിടുത്തെ വാതിലിന്റെ ലോക്ക് ഒരു പോലീസുകാരന്‍ ഏതോ ഉപകരണം ഉപയോഗിച്ചു തുറന്നു.
പോലീസിനു പിന്നാലെ ഞാനും മുറിക്കുള്ളില്‍ കയറി. മുറികള്‍ പിന്നിട്ട് ബെഡ് റൂമിലെത്തി.
അഴുകിത്തുടങ്ങിയ മനുഷ്യശരീരത്തിന്റെ ഗന്ധം ആദ്യമായി ഞാനറിഞ്ഞു.
ഞാന്‍ മൂക്കുപൊത്തി.