സമാധാനം തേടിയലയുന്ന ലോകത്തിന് ദൈവം നല്കിയിരിക്കുന്ന നിത്യമായ ഉത്തരമാണ് വിശുദ്ധ കുര്‍ബാനയെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്ന ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ ''ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം'' എന്ന വിഷയത്തെ ആധാരമാക്കി പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുനാഥനെ നേരില്‍ക്കാണുന്നതുവരെ തോമ്മാശ്ലീഹാ അനുഭവിച്ച അസ്വസ്ഥത ഈ കാലഘട്ടത്തിന്റെ മുഴുവന്‍ ദുഃഖത്തെ സൂചിപ്പിക്കുന്നു. ഈശോയെ കണ്ടെത്തിയ തോമ്മാശ്ലീഹായ്ക്കു ലഭിച്ച ദൈവാനുഭവം ദിവ്യകാരുണ്യംതന്നെയാണ്. കര്‍ത്താവിനെ കണ്ടെത്തിയതോടെ തോമ്മാശ്ലീഹായുടെ എല്ലാ കലഹങ്ങളും സംശയങ്ങളും അവസാനിക്കുന്നു. ദൈവത്തെ കണ്ടെത്തുന്നതില്‍ കുറഞ്ഞ ഒരു നേട്ടവും മനുഷ്യനെ തൃപ്തനാക്കുന്നില്ല എന്ന സത്യമാണ് ഇതിലൂടെ വെളിവാകുന്നത് - ബിഷപ് പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയിലാണ് വിശുദ്ധ കുര്‍ബാന സ്ഥാപിക്കപ്പെട്ടത്. ഒറ്റിക്കൊടുക്കലിന്റെയും തള്ളിപ്പറയലിന്റെയും വഴിയില്‍ ഒറ്റപ്പെട്ടുപോയവന്റെ ദിവ്യദാനമാണത്. നന്മയുടെമേല്‍ തിന്മയും ദൈവത്തിന്റെമേല്‍ സാത്താനും വെളിച്ചത്തിന്റെമേല്‍ ഇരുളും വിജയംനേടുമെന്നു കരുതിയ ആ ഭയാനകരാത്രിയിലാണ് വിശുദ്ധ കുര്‍ബാന സ്ഥാപിക്കപ്പെട്ടത്. അതിനാല്‍ത്തന്നെ പരിഹരിക്കാനാവാത്ത നിരാശയൊന്നും ലോകത്തില്‍ അവശേഷിച്ചിട്ടില്ലായെന്ന് അവിടുന്നു നമ്മെ പഠിപ്പിക്കുന്നു.
ദിവ്യകാരുണ്യം നമുക്കു നല്കുന്ന പ്രത്യാശയുടെ സന്ദേശത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന ആരാധനക്രമം പൗരസ്ത്യസുറിയാനി സഭയുടേതാണെന്ന് ബിഷപ് പാംപ്ലാനി സമര്‍ത്ഥിച്ചു. ഈ ആരാധനക്രമത്തിന്റെ ആദ്യരൂപത്തിനു സുവിശേഷങ്ങളോളം പഴക്കമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും പൗരാണികമായ ആരാധനക്രമമെന്നു വിശ്വസിച്ചുപോരുന്ന അദ്ദായി-മാറി അനാഫൊറായിലെ ഓരോ പ്രതീകവും മനുഷ്യവര്‍ഗത്തിനു നല്കിയിരിക്കുന്ന പ്രത്യാശയുടെ ആഘോഷമാണ്.
ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന ദിവ്യബലിയും പഠനശിബിരവും ഓരോ ദിവസവും ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഭാഗമായി നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ക്കിരയായിട്ടുള്ളവരുടെ അനുഭവസാക്ഷ്യങ്ങള്‍ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുത്തവരുടെ വിശ്വാസത്തെ ജ്വലിപ്പിച്ചു.
ഹംഗറിയിലെ സര്‍ക്കാരിന്റെ പൂര്‍ണപങ്കാളിത്തത്തിലും ആതിഥേയത്വത്തിലുമാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടന്നത്. ബുഡാപെസ്റ്റിലെ ഹീറോ സ്‌ക്വയറില്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പാ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയോടെ ദിവ്യകാരുണ്യകോണ്‍ഗ്രസ് സെപ്റ്റംബര്‍ 12 നു സമാപിച്ചു. നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുത്തു.