•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

അതിജീവനം തേടുന്ന മാംഗോ മെഡോസ് ഭൂമിയില്‍ ഒഴുക്കിയത് 120 കോടി!

രു രാഷ്ട്രത്തിന്റെ ഏറ്റവും ഉയര്‍ന്ന ജ്വാല അതിന്റെ യൗവനമാണെന്നു പറഞ്ഞത് എച്ച്.ജി. വെല്‍സാണ്; ടൈം മെഷീന്‍ എന്ന തന്റെ വിശ്വപ്രസിദ്ധ നോവലില്‍.
യൗവനയുക്തനായ ഒരു ഇരുപത്താറുവയസ്സുകാരന്റെ സ്വപ്നം ഇന്ന് ഒരു പ്രദേശത്തെയാകെ ഹരിതാഭമാക്കുകയാണ്. അതുക്കുംമേലെ അതിജീവനത്തിന്റെ നാള്‍വഴികളില്‍ ഒരു പുത്തനേടു കുറിക്കുകയാണ്. ലിംക ബുക്ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംകണ്ടെത്തിയ മാംഗോ മെഡോസ് എന്ന ഭൂമിയിലെ പറുദീസയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കൗമാരപ്രായത്തിനിടയില്‍ത്തന്നെ അതിതീക്ഷ്ണമായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയും അടിപതറാതെ പിടിച്ചുനില്‍ക്കാന്‍ പ്രത്യേകമാംവിധം ദൈവം കൃപകൊടുത്ത്, ഭൂമിയില്‍ ഒരു വലിയ നിയോഗവുമായി ജീവിക്കുന്നു എന്നു സ്വയം വിശ്വസിക്കുകയും ചെയ്യുന്ന  എം.കെ. കുര്യന്‍ എന്ന മലയാളിയുടെ ത്രസിപ്പിക്കുന്ന ജീവിതത്തെക്കുറിച്ചാണു പ്രതിപാദ്യം. ലോകത്തിലെതന്നെ ആദ്യ മനുഷ്യനിര്‍മിത കാര്‍ഷിക തീം പാര്‍ക്കിന്റെ ഉപജ്ഞാതാവാണദ്ദേഹം. ഇന്ത്യയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആദ്യ ജൈവവൈവിധ്യ പാര്‍ക്കുകൂടിയാണ് കേരളത്തിലെ ഒരു ചെറുഗ്രാമമായ ആയാംകുടിയിലെ മാംഗോ മെഡോസ്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്ത് ആയാംകുടിയില്‍ കാര്‍ഷികപശ്ചാത്തലത്തില്‍ ജനിച്ച കുര്യാക്കോസ് കുര്യന്‍ കല്ലറ ഗവ. എല്‍.പി. സ്‌കൂളിലും, സെന്റ് തോമസ് സ്‌കൂളിലും പ്രാഥമികവിദ്യാഭ്യാസം നേടി. പിന്നീട് സിവില്‍ എഞ്ചിനീയറായി 21-ാമത്തെ വയസ്സില്‍ സൗദി അറേബ്യയിലെത്തി. അവിടെ സ്വന്തമായി ഒരു വ്യവസായസംരംഭം തുടങ്ങി. സ്വസ്ഥമായി ജീവിക്കുമ്പോഴാണ് 26-ാമത്തെ വയസ്സില്‍ മനസ്സില്‍ സൂക്ഷിച്ച സ്വപ്നത്തിനു ചിറകുമുളയ്ക്കുന്നത്. അറേബ്യ-ഖത്തര്‍ അതിര്‍ത്തിയിലെ മസ്രാ എന്ന സുന്ദരമായ ഉല്ലാസകേന്ദ്രത്തില്‍ നടത്തിയ സന്ദര്‍ശനം ഒരു നിമിത്തമായി. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് തന്റെ ഗ്രാമമായ ആയാംകുടിയില്‍ നാല് ഏക്കര്‍ സ്ഥലം വാങ്ങി സ്വപ്നപദ്ധതിക്കു തുടക്കമിട്ടു. കപ്പക്കൃഷിയിലും മീന്‍കൃഷിയിലും ആരംഭിച്ച സംരംഭം ഇന്ന് 30 ഏക്കര്‍ സ്ഥലത്ത് നാലു ലക്ഷത്തിലധികം സസ്യങ്ങളുമായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. നാലായിരത്തി എണ്ണൂറോളം സസ്യസ്പീഷിസുകള്‍, ആയിരത്തിത്തൊള്ളായിരത്തോളം  മരുന്നുചെടികള്‍, എഴുന്നൂറിലധികം വനവൃക്ഷങ്ങള്‍, 15 രാജ്യങ്ങളില്‍നിന്നായി 146 ഇനം ഫലവൃക്ഷങ്ങള്‍, 101 ഇനം മാവുകള്‍, 40 ഇനം വാഴകള്‍, അറുപത്തിനാലോളം വ്യത്യസ്തയിനം മത്സ്യങ്ങള്‍, അമ്പതോളം പശുക്കള്‍, കോഴികള്‍, വളര്‍ത്തുനായ്ക്കള്‍ എന്നിങ്ങനെ, നെല്‍പ്പാടവും തേയിലത്തോട്ടവുംവരെ ഉള്‍പ്പെടുത്തി വെറും 30 ഏക്കറില്‍ കുര്യന്‍ തീര്‍ത്തത് കേരളത്തിലെ ജൈവവൈവിധ്യത്തിന്റെ ഏകദേശം 95 ശതമാനം പരിച്ഛേദം!!
ഗുഹാക്കോട്ടേജുമുതല്‍ ഹണിമൂണ്‍ കോട്ടേജുവരെയുള്ള ഇരുപതോളം കോട്ടേജുകള്‍, പരശുരാമന്റെതുള്‍പ്പെടെ  56 ശില്പങ്ങള്‍, പ്രണയിച്ചിരിക്കാന്‍ വാലന്റൈന്‍ ഗാര്‍ഡന്‍, മഹാവ്യക്തികളുടെ ഓര്‍മകളുണര്‍ത്തുന്ന ചാരുതയാര്‍ന്ന റോഡുകള്‍ ഇവയെല്ലാം മെഡോസിലെത്തുന്നവര്‍ക്കു വ്യത്യസ്ത അനുഭവമാണ്. സിമന്റു മാത്രമുപയോഗിച്ച് ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ ലോകത്തിലെതന്നെ ഏറ്റവും വലിയ ബൈബിള്‍ ശില്പവും ഇവിടെയാണ്. നോഹയുടെ പെട്ടകമുണ്ടാക്കാനുപയോഗിച്ച ഗോഫര്‍മരവും, മിശിഹായുടെ മുള്‍ക്കിരീടത്തിനുപയോഗിച്ച ക്രൈസ്റ്റ് ത്രോണ്‍ സസ്യവുമുള്‍പ്പെടെ ബൈബിളില്‍ പറഞ്ഞിരിക്കുന്ന നൂറ്റിമുപ്പത്തിയൊന്നോളം സസ്യങ്ങള്‍ നിറഞ്ഞ തോട്ടം  മാംഗോ മെഡോസിന്റെ മാത്രം പ്രത്യേകതയാണ്. ബൈബിള്‍ ശില്പത്തില്‍ ആലേഖനം ചെയ്ത വചനങ്ങള്‍ ജോബിന്റെ പുസ്തകത്തില്‍നിന്നാണെന്നും, അത് ജീവിതത്തില്‍ താന്‍ അനുഭവിച്ച സഹനങ്ങളുടെ പ്രതീകമാണെന്നും അദ്ദേഹം പറയുമ്പോള്‍ ദൈവം ഏറെ സ്‌നേഹിക്കുന്ന ഒരാളാണു താനെന്ന് കുര്യന്‍ പറയാതെ പറയുന്നുണ്ട്.
ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ബോധിവൃക്ഷവും രാമായണത്തില്‍ പരാമര്‍ശിക്കുന്ന ശിംശിപാവൃക്ഷവും വിനോദസഞ്ചാരികളില്‍ കൗതുകമുണര്‍ത്തുന്നു. നാടന്‍ തട്ടുകടയും കള്ളുഷാപ്പും വിനോദോപാധികളായ ആര്‍ച്ചറി, സ്‌നൂക്കര്‍, റോപ്‌വേ, ബംബര്‍ കാര്‍, ട്രോംബോ ലൈന്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തി വിസ്മയത്തിന്റെ പുതുലോകം നമുക്ക് സമ്മാനിക്കുന്നൂ മാംഗോ മെഡോസ്.
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പഠനകേന്ദ്രമായി തിരഞ്ഞെടുത്ത, ഐ.എ.എസ്. ചോദ്യാവലിയില്‍ ഇടംപിടിച്ച, അറിവിന്റെയും ഗവേഷണത്തിന്റെയും വിനോദത്തിന്റെയും വിശാലമായ വാതായനങ്ങള്‍ തുറന്നിടുന്ന ജൈവവൈവിധ്യ പാര്‍ക്കിനായി കുര്യന്‍ ഒഴുക്കിയത് തന്റെ സമ്പാദ്യം മുഴുവനാണ് - 120 കോടി!!!  എന്തിനുവേണ്ടി? ഭൂമിയെ പച്ചപുതപ്പിക്കാന്‍; നാടിനു കുളിരേകാന്‍.
തുടര്‍ച്ചയായി വന്ന വെള്ളപ്പൊക്കവും അവസാനം കാണാതെ തുടരുന്ന കൊവിഡും വലിയ സാമ്പത്തികബാധ്യതയിലാണ് മാംഗോ മെഡോസിനെ എത്തിച്ചിരിക്കുന്നത്. വലിയൊരു കടക്കെണിയിലാണ് മാംഗോ മെഡോസ് എത്തിനില്ക്കുന്നത്. മാംഗോ മെഡോസ് നേരിടുന്ന ഈ പ്രതിസന്ധിയെ സര്‍ക്കാരും പൊതുജനങ്ങളും ഗൗരവപൂര്‍വം കാണേണ്ടതാണ്.
മാംഗോ മെഡോസിനെ ഒരു തീം പാര്‍ക്ക് എന്നതിലുമുപരി, പരിസ്ഥിതിശാസ്ത്രത്തെക്കുറിച്ചുള്ള ശക്തമായ അറിവുകള്‍ പകര്‍ന്നുനല്കുന്ന വിദ്യാഭ്യാസകേന്ദ്രം എന്ന രീതിയിലാണ് ലേഖകന്‍ കാണുന്നത്. 2002 ല്‍ ആരംഭിച്ച സ്ഥാപനം 2016 ല്‍ മാത്രമാണു പൊതുജനത്തിനു തുറന്നുകൊടുത്തത്. നീണ്ട പതിനാറു വര്‍ഷങ്ങള്‍ ഒരാവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിന്റെ കഠിനാദ്ധ്വാനത്തിലും ക്ഷമയോടെയുള്ള കാത്തിരിപ്പിലുമായിരുന്നു എന്നുള്ളത് നിസ്സാരകാര്യമല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)