പാലാ: മലയാളവര്‍ഷാരംഭമായ ചിങ്ങം ഒന്ന് കേരള കര്‍ഷകദിനത്തില്‍ ഇന്‍ഫാം കോട്ടയം ജില്ലാഘടകം പാലായില്‍ കര്‍ഷകാവകാശദിനം ആചരിച്ചു. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ കേരള സര്‍ക്കാരിനു സമര്‍പ്പിക്കുന്ന കര്‍ഷകാവകാശപ്രഖ്യാപനം നടത്തി.
കര്‍ഷകരെ തള്ളിപ്പറയുന്നവര്‍ രാജ്യത്തെയാണു തള്ളിപ്പറയുന്നതെന്നും കര്‍ഷകന്റെ ഹൃദയം തകര്‍ത്താല്‍ രാജ്യത്തിന്റെ നെഞ്ചാണ് ഉരുകുന്നതെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഇക്കോണമിയും ഇക്കോളജിയും സന്തുലിതമായി നിലനില്‍ക്കാന്‍ കേന്ദ്ര-സംസ്ഥാനഗവണ്‍മെന്റുകള്‍ ശ്രദ്ധിക്കണം. കൃഷിക്ക് അനുയോജ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പൂര്‍വികര്‍ കാത്തുസൂക്ഷിച്ച കാര്‍ഷികസംസ്‌കാരം നില നിര്‍ത്താനും നാണ്യവിളകളും ഭക്ഷ്യവിളകളും ഇവിടെത്തന്നെ ആവശ്യത്തിന് ഉത്പാദിപ്പിക്കാനും കര്‍ഷകരെയും യുവാക്കളെയും ഗവണ്‍മെന്റുകള്‍ പ്രത്യേകം സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്ഷ്യദാരിദ്ര്യമുള്ള നാട് എന്ന നിലവിലെ അവസ്ഥയില്‍നിന്നു ഭക്ഷ്യസമൃദ്ധിയുള്ള നാട് എന്ന സ്വയംപര്യാപ്തതയിലേക്കു നമ്മുടെ സംസ്ഥാനം വളരണമെങ്കില്‍ കര്‍ഷകരുടെ കരങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ആശംസാപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കര്‍ഷകാവകാശ സംരക്ഷണം കര്‍ഷകരുടെ മാത്രമല്ല എല്ലാവരുടെയും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ് തറപ്പേല്‍, സോഷ്യല്‍ സര്‍വീസ് അസി. ഡയറക്ടര്‍ ഫാ. ജോബി താഴത്തുവരിക്കയില്‍, ഇന്‍ഫാം അസി. ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍, സെക്രട്ടറി ബേബി പന്തപ്പള്ളി, സണ്ണി മുത്തോലപുരം, ജെയിംസ് ചൊവ്വാറ്റുകുന്നേല്‍, ജെയിംസ് താന്നിക്കല്‍, പിഎസ്ഡബ്ലിയുഎസ് പി.ആര്‍.ഒ. ഡാന്റീസ് കൂനാനിക്കല്‍, എസ്എംവൈഎം പ്രതിനിധി മനു മാളികപ്പുറത്ത്, ബ്ര. സേവ്യര്‍ മുക്കുടിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ഷകപ്രതിനിധികളും യുവാക്കളുടെ പ്രതിനിധികളും പ്ലക്കാര്‍ഡുകളുമായി അണിനിരന്നു.