•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

മലയാളച്ചുണ്ടിലെ മലരോണപ്പാട്ടുകള്‍

ണം നമ്മുടെ ദേശീയോത്സവമായതുകൊണ്ടാവണം അതിനെക്കുറിച്ചു പാടാത്ത കവികളില്ല. അവരില്‍നിന്ന് എത്രയെത്ര കവിതകളാണ് ഓണത്തിന്റെ മാഹാത്മ്യം വാഴ്ത്തുന്നവയായി കൈരളിക്കു ലഭിച്ചത്. വെള്ളിത്തിരയില്‍ പിറന്ന ചില ഗാനങ്ങളും അതേ മാനം നല്കി നാം പരിഗണിക്കേണ്ടിയിരിക്കുന്നു.
ചിരന്തനവും അതിപ്രധാനവുമായ ഈ ഉത്സവത്തിന്റെ നല്ല വശങ്ങള്‍ മുഴുവന്‍ ആവാഹിച്ചെടുത്ത് അതിനെക്കുറിച്ച് ഏറെ എഴുതിയ കവി ഒ.എന്‍.വി. കുറുപ്പാണ്. ഓണത്തിനു മാത്രം മുഖം കാട്ടാറുള്ള പൂവിനെ കാവ്യപ്രതീകമാക്കി അദ്ദേഹം ഇങ്ങനെ കുറിച്ചു:
''ഓണപ്പൂവേ! പൂവേ! പൂവേ!
ഓമല്‍പ്പൂവേ! പൂവേ! പൂവേ!
നീ തേടും മനോഹരതീരം - ദൂരെ
മാടിവിളിപ്പൂ - ഇതാ - ഇതാ''
(ചിത്രം - ഈ ഗാനം മറക്കുമോ; സംഗീതം - സലില്‍ ചൗധരി; ആലാപനം - യേശുദാസ്)
ഇവിടെ പരാമര്‍ശിക്കുന്ന മനോഹരതീരം സ്വപ്നഭൂമിയെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും വിദേശികള്‍പോലും വാഴ്ത്തുന്ന കേരളക്കരയാണെന്നു വ്യക്തം. ഓണപ്പൂവ് (അതിന് ഓമല്‍പ്പൂവ് എന്ന വേറേയും വിശേഷണം കവിയുടെ വകയായുണ്ട്.) തേടുന്ന, ദൂരെ മാടി വിളിക്കുന്ന മനോഹരതീരം എന്നു പറഞ്ഞതില്‍നിന്നാണ് നമുക്കിതു മനസ്സിലാവുന്നത്. വില്ലും വീണയും പൊന്‍തുടിയും പുള്ളുവപ്പെണ്ണിന്റെ മണ്‍കുടവും സ്വരരാഗങ്ങളായി അമൃതം പകരുന്ന തീരവും ഇതല്ലാതെ മറ്റൊന്നുമല്ലെന്ന് തുടര്‍ന്നു പറഞ്ഞിരിക്കുന്നു അദ്ദേഹം.
ഇതേ ഓണപ്പൂവ് തന്റെ ഗൃഹാങ്കണത്തില്‍ വന്നു ചിരിതൂകി നില്ക്കുന്നതില്‍ ഏതൊരു മലയാളിയെയുംപോലെ ഈ കവിയും അഭിമാനം കൊള്ളുന്നു.
''മഞ്ഞള്‍പ്രസാദവും   നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി
ഇന്നെന്റെ മുറ്റത്തു    ന്നോണപ്പൂവേ നീ
    വന്നു ചിരിതൂകി നിന്നൂ''
(ചിത്രം-നഖക്ഷതങ്ങള്‍; സംഗീതം - രവി ബോംബെ; ആലാപനം - കെ.എസ്. ചിത്ര) മഞ്ഞള്‍ കലര്‍ന്ന പ്രസാദം നെറ്റിയില്‍ ചാര്‍ത്തുന്നത് മലയാളികളുടെ ഒരു ശീലമാണ്. ഓണത്തിനാകട്ടെ മഞ്ഞക്കുറിമുണ്ട് (മഞ്ഞക്കോടി) വളരെ പ്രധാനവുമാണ്. തന്റെ വീട്ടുമുറ്റത്തു വിരിഞ്ഞ പൊന്നോണപ്പൂവ് നെറ്റിയില്‍ മഞ്ഞള്‍ പ്രസാദം ചാര്‍ത്തിയും മഞ്ഞക്കുറിമുണ്ടു ചുറ്റിയും ചിരിതൂകി നില്ക്കുകയാണ് എന്നു പറയുമ്പോള്‍ അത് ഓണത്തിന്റെ വരവറിയിക്കാനാണെന്നു സ്പഷ്ടം.
ഓണക്കാലത്തു വിരിഞ്ഞുനില്ക്കുന്ന പൂക്കളില്‍ മധുവുണ്ണാനെത്തുന്ന തുമ്പികള്‍ കവിഹൃദയത്തിലെ വിരുന്നുകാരാണ്. ചിങ്ങപ്പെണ്ണിന്റെ ചിറ്റാടയില്‍ പൂഞ്ചില്ലകള്‍ തൊങ്ങലുചാര്‍ത്തിയപ്പോള്‍ ഒ.എന്‍.വി.യിലെ കവി സ്വാഭാവികമായും തുമ്പിയെ പൊന്നും തേനുമായി ഓടി വരാന്‍ ക്ഷണിക്കുന്നു.
''ഒന്നാംതുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
കുഞ്ഞിച്ചെടിയില്‍ പൊന്‍പൂ വിടര്‍ത്തും
ഉണ്ണിക്കിനാവിന്‍ സംഗീതമായ് വാ''
(ചിത്രം - സമയമായില്ലപോലും; സംഗീതം - സലില്‍ ചൗധരി; ആലാപനം -
പി.സുശീല.)
ഓണക്കാലത്തെ പ്രധാനവിനോദമായ ഒന്നായ തുമ്പിതുള്ളലിന് അണിഞ്ഞൊരുങ്ങിയ പെണ്‍കിടാങ്ങള്‍ കവിയെ സംബന്ധിച്ചിടത്തോളം ഓണത്തുമ്പികളാണ്. അക്കൂട്ടത്തില്‍ തുള്ളാത്ത തുമ്പിയോട് ഒ.എന്‍.വി. എന്ന കവിക്കു ചോദിക്കാനുള്ളത് ഇതാണ്:
''പൂത്തുമ്പീ, പൂവന്‍തുമ്പീ
നീയെന്തേ തുള്ളാത്തെ- തുള്ളാത്തെ?
പൂവു പോരാഞ്ഞോ?
പൂക്കുല പോരാഞ്ഞോ?
നീയെന്തേ തുള്ളാത്തൂ - തുള്ളാത്തൂ'' (ചിത്രം - സര്‍വ്വേക്കല്ല്; സംഗീതം - ജി. ദേവരാജന്‍; ആലാപനം - യേശുദാസ്, പി. മാധുരി)
മാനം തളിര്‍ക്കുകയും മണ്ണിലെ മാണിക്യച്ചെപ്പ് തുറക്കുകയും ചെയ്തു. മാത്രമോ, കാണാതെപോയ പൂവുകള്‍ പിന്നെയും ഓണം കാണാന്‍വന്നു. ഓണക്കാലത്ത് പൂക്കളമൊരുക്കി മഹാബലിയെ വരവേല്ക്കാന്‍ പ്രകൃതിതന്നെ സജ്ജമാകുന്നതിന്റെ സൂചനയാണിത്. എന്നിട്ടും തുമ്പി തുള്ളാത്തതിലാണ് കവിക്കു പരിഭവം.
മറ്റൊരു ഗാനത്തില്‍ ഈ കവിതന്നെ പ്രകൃതിയൊരുക്കിയ പൂക്കള്‍ നുള്ളി വരാന്‍ കാറ്റിനോട് ആവശ്യപ്പെടുന്നുണ്ട്.
''അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി
പൊന്നൂഞ്ഞാലാടി
തെന്നലേ വാ...
ഒന്നാനാം കുന്നിലോടി വാ.''     (ചിത്രം - പുന്നാരം ചൊല്ലിച്ചൊല്ലി; സംഗീതം - ജെറി അമല്‍ദേവ്; ആലാപനം - യേശുദാസ്, കെ.എസ്. ചിത്ര)
ഓണാഘോഷത്തില്‍ പങ്കുചേരാനാണ് കാറ്റിനെ കവി ക്ഷണിക്കുന്നത്. ഓണംപോലെയുള്ള അവസരം എല്ലാം മറന്ന് ആഹ്ലാദിക്കാനുള്ളതാണെന്ന സൂചനയും ഈ ഗാനത്തിലുണ്ട്.
മലയാളമണ്ണിന്റെ മണമൂറുന്ന പാട്ടുകള്‍ നിരവധി സമ്മാനിച്ച പി. ഭാസ്‌കരന്റെ തൂലികത്തുമ്പിലും ഓണം നിറഞ്ഞുനിന്നു.
''ഹാ പൊന്‍ തിരുവോണം
വരവായി പൊന്‍ തിരുവോണം
സുമസുന്ദരിയായി വന്നണഞ്ഞു
പൊന്‍തിരുവോണം''
(ചിത്രം - അമ്മ; സംഗീതം - വി. ദക്ഷിണാമൂര്‍ത്തി; ആലാപനം -  പി. ലീലയും കൂട്ടരും)
മഹാബലിയുടെ പൊന്‍കൊടിപോലെ പാടങ്ങളില്‍ ചെങ്കതിര്‍ ചാഞ്ചാടുന്ന മലയാളത്തിന്റെ തിരുവോണമെന്ന ഉത്സവകാലം! മാവേലിമന്നന് സ്വാഗതമോതുന്ന ഗാനം പാടാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയാണ് കവി.
''മാമലനാട്ടില്‍ പൊന്നോണം
മാവേലിയെത്തണ കല്യാണം
ഒയ്യാരം പറയലു നിറുത്തി
പാടെടി പാടെടി പെണ്‍കിളിയേ'' (ചിത്രം - സ്‌നേഹദീപം; സംഗീതം - എം.ബി. ശ്രീനിവാസന്‍; ആലാപനം - കമുകറ പുരുഷോത്തമനും ജമുനാറാണിയും സംഘവും.)
ഓണക്കാലമായാല്‍ മറ്റെല്ലാം മാറ്റിവച്ച് ഓണലഹരിയില്‍ മുഴുകണമെന്ന് ഈ ഗാനത്തിലൂടെ പി. ഭാസ്‌കരന്‍ നമ്മെ ഓര്‍മിപ്പിക്കുകയാണ്. പൂക്കളമൊരുക്കാന്‍ പൂവും പുത്തരിപ്പായസത്തിനു തേനും വേണമെന്ന കാര്യം ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല.
''അത്തം നാള്‍തൊട്ട്                     പത്തുവരേക്കുമീ
ഇത്തിരിമുല്ലപ്പൂ കമ്മലിടും
കാട്ടില്‍ കിടക്കണ                     കായാമ്പൂവള്ളികള്‍
കണ്ണെഴുതും റോജ പൊട്ടുകുത്തും
പൊന്മലര്‍ ചൂടിയ തെച്ചിപ്പൂവള്ളികള്‍
കുമ്മിയടിക്കും ഇളങ്കാറ്റില്‍
ഓണനിലാവത്ത്                    കൈയില്‍ കുഴലുമായ്
കാനനപ്പൂങ്കുയില്‍ പാട്ടുപാടും'' (ചിത്രം - ഉമ്മണിത്തങ്ക; സംഗീതം - വി. ദക്ഷിണാമൂര്‍ത്തി; ആലാപനം - പി. ലീലയും കൂട്ടരും)
ഓണമെത്തിയാല്‍ പ്രകൃതിപോലും മാവേലിത്തമ്പുരാനെ എതിരേല്ക്കാന്‍ തയ്യാറാകുമെന്നു സൂചിപ്പിക്കുകയാണ് പി. ഭാസ്‌കരന്‍.
വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ക്കുവേണ്ടി കാവ്യസമാനമായ ഗാനങ്ങള്‍ രചിക്കാന്‍ തൂലികയെടുത്ത വയലാര്‍ രാമവര്‍മയ്ക്കും ഓണം ഏറ്റവും പ്രിയപ്പെട്ട വിഷയമാണ്. ഈ മനോഹരതീരത്ത് കൊതിതീരുംവരെ ജീവിക്കാന്‍ കഴിയാതെപോയ അദ്ദേഹം ജീവിച്ചിരുന്നപ്പോഴാകട്ടെ കേരളത്തിന്റെ തനിമയാര്‍ന്ന പ്രകൃതിസൗന്ദര്യത്തില്‍ സദാ ആകൃഷ്ടനായിരുന്നു.
''മരമായ മരമൊക്കെ                     തളിരിട്ടു പൂവിട്ടു
മലയാളം പൊന്നോണപ്പൂവിട്ടു.'' (ചിത്രം - പൂച്ചകണ്ണി; സംഗീതം - എം.എസ്. ബാബുരാജ്; ആലാപനം - എസ്. ജാനകയും കൂട്ടരും).
സകല മരവും തളിരിടുകയും പൂവിടുകയും ചെയ്തത് മാവേലിത്തമ്പുരാനെ പൂക്കളമൊരുക്കി മലയാളക്കരയ്ക്കു വരവേല്ക്കാന്‍വേണ്ടിയാണെന്നു ധ്വനിപ്പിക്കുകയാണ് കവി.
തങ്കഭസ്മക്കുറിയിട്ട മുറപ്പെണ്ണായ തമ്പുരാട്ടിയോട് വയലാര്‍ ഒരിക്കല്‍ ഇപ്രകാരം ആരാഞ്ഞു:
തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കിലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ നോക്കിക്കൊതിപ്പിച്ചതോര്‍മയില്ലേ - ഒളികണ്ണാല്‍ നോക്കിക്കൊതിപ്പിച്ചതോര്‍മയില്ലേ'' ചിത്രം - കൂട്ടുകുടുംബം; സംഗീതം - ജി. ദേവരാജന്‍,  ആലാപനം - യേശുദാസ്)
ഓണവും പ്രണയവും ഇഴചേരുകയാണിവിടെ. തിരുവോണത്തോടനുബന്ധിച്ചുള്ള തുമ്പിതുള്ളലിന്റെ പശ്ചാത്തലം പ്രണയാധിഷ്ഠിതമാക്കിമാറ്റി വയലാര്‍.
ഒന്നാം പൊന്നോണ    പൂപ്പട കൂട്ടാന്‍
പൂക്കണ്ണി കോരാന്‍   പൂക്കളം     തീര്‍ക്കാന്‍
ഓടി വാ തുമ്പീ       പൂത്തുമ്പീ താതെയ്
അന്നം പൂക്കിലയൂഞ്ഞാ      ലാടാന്‍
ആടി വാ തുമ്പീ       പെണ്‍തുമ്പീ താതെയ്'' (ചിത്രം - പാവങ്ങള്‍ പെണ്ണുങ്ങള്‍; സംഗീതം - ജി. ദേവരാജന്‍; ആലാപനം - യേശുദാസും പി. സുശീലയും കൂട്ടരും)
ഇതും ഓണവുമായി ബന്ധപ്പെടുത്തി വയലാര്‍ രൂപപ്പെടുത്തിയെടുത്ത പ്രണയഗാനമാണെന്ന് കാണാം. പൂപ്പടകൂട്ടല്‍, പൂക്കളം തീര്‍ക്കല്‍, തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം എന്നിവയെല്ലാം ബോധപൂര്‍വം രചയിതാവ് ഗാനത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.
പൂകൊണ്ടു മൂടുന്ന പൊന്നിന്‍ ചിങ്ങത്തില്‍ കാറ്റിന്റെ പുല്ലാങ്കുഴല്‍നാദത്തിനൊപ്പിച്ച് ആടുന്ന ചെമ്പാവിന്‍പാടം ഇന്നുതന്നെ കൊയ്യണമെന്നു നിര്‍ദേശിക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നമ്മെ ഓര്‍മപ്പെടുത്തുന്നത് കേരളക്കരയുടെ ഓണസമൃദ്ധിയെയാണ്. പിറ്റേന്ന് അത്തമായിക്കഴിഞ്ഞാല്‍ ഓണാഘോഷങ്ങള്‍ ആരംഭിക്കുമെന്നതിനാല്‍ പിന്നെ കൊയ്യാന്‍ സമയം കിട്ടിയെന്നു വരുകയില്ല. അത്തം, ചിത്തിര, ചോതി തുടങ്ങി പത്താംനാള്‍ തിരുവോണമായി. ഇതാ കവിയുടെ വാക്കുകള്‍ തന്നെ കണ്ടാലും:
''പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ                 ത്തുമ്പീ
ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
        പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍''
(ചിത്രം - വിഷുക്കണി; സംഗീതം - സലില്‍ ചൗധരി; ആലാപനം - യേശുദാസ്)
അത്തമായാല്‍ മലനാട്ടിലെങ്ങും പൂവിളിയുയരുകയായി. കര്‍ഷകന്റെ മോഹംപോലും പൊന്നിന്‍മുത്തായി മാറുന്ന പൂവയലില്‍ ഭാഗം വാങ്ങാന്‍ പൊന്നോണത്തുമ്പിക്കും അവകാശ
മുണ്ട്. അതിനുവേണ്ടി തുമ്പിയെ കവി ക്ഷണിക്കുകയാണ്.
കേളികൊട്ടുയരുകയും
കേളീ കദംബം പൂക്കുകയും ചെയ്യുന്ന കേരകേളീസദനമായ കേരളത്തെക്കുറിച്ചു പാടിയപ്പോഴും ഓണത്തിന്റെ മഹത്ത്വം ശ്രീകുമാരന്‍ തമ്പി വിസ്മരിച്ചില്ല.
''പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി     കേട്ടുണരും
പുന്നെല്ലിന്‍ പാടത്തിലൂടെ
മാവേലിമന്നന്റെ        മാണിക്യത്തേരുവരും
മാനസപ്പൂക്കളങ്ങളാടും..         ആടും.''
(ചിത്രം - മിനിമോള്‍; സംഗീതം - ജി. ദേവരാജന്‍; ആലാപനം - യേശുദാസ്)
പുന്നെല്ലു വിളഞ്ഞുകിടക്കുന്ന പാടത്തിലൂടെയാണ് മാവേലിമന്നന്റെ മാണിക്യത്തേര് എഴുന്നള്ളത്ത്. അപ്പോഴേ, മലയാളനാട്ടിലെ സകലപ്രജകളുടെയും മാനസപ്പൂക്കളങ്ങള്‍ ആടുകയായി. ഓണസങ്കല്പത്തിന് കവി പുതിയ ഭാവതലമൊരുക്കിയിരിക്കുകയാണ് ഈ ഗാനത്തില്‍.
കേരളത്തിലെ പുലരിയും സന്ധ്യയും ഓണപ്പൂവിളിയുമെല്ലാം കവിഹൃദയത്തില്‍ പുതിയ പുതിയ ഭാവനകളുടെ കുഞ്ഞിത്തൂവലുകള്‍ കുടഞ്ഞിടുകയാണ്. കാണുക:
''തിരുവോണപ്പുലരിതന്‍
    തിരുമുല്ക്കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനിയെഴുന്നള്ളും                 സമയമായി.
ഹൃദയങ്ങളണിഞ്ഞൊരുങ്ങി'' (ചിത്രം - തിരുവോണം; സംഗീതം - എം.കെ. അര്‍ജുനന്‍; ആലാപനം - വാണി ജയറാം)
ഉത്രാടത്തിന്റെ പൊന്‍വെയില്‍ ഉച്ചിയില്‍ പൊന്നുരുക്കുമ്പോഴും കോടിമുണ്ടുടുത്തുകൊണ്ട് ഓടിനടക്കുന്ന കോമളബാലനെ കവി കാണുന്നു. ആ ബാലന്‍തന്നെയാണ് ഇതെഴുതിയ ശ്രീകുമാരന്‍തമ്പിക്ക് ഓണക്കിളിയും. മനസ്സില്‍ മാത്രമല്ല ആകാശത്തുപോലും പൂക്കളങ്ങള്‍ തീര്‍ക്കുന്ന ഉദാത്തമായ സന്ദര്‍ഭമാണ് ഓണമെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്‍.
കൂട്ടുകുടുംബത്തിന്റെ ഗുണങ്ങളെക്കുറിച്ച് എഴുതാന്‍ തൂലികയെടുത്ത കൈതപ്രം ആ കുടുംബത്തില്‍ ഓണം എങ്ങനെ നന്മ ചെയ്യുന്നു എന്നു പറയാനാണ് തുടക്കത്തില്‍ത്തന്നെ ശ്രമിച്ചത്.
''ഓണവില്ലിന്‍ തംബുരുമീട്ടും   വീടാണീ വീട്
എന്നുമെന്നും പൂക്കണി വിടരും      വീടാണീ വീട്
കൂട്ടുകുടുംബത്തിന്‍        കൂട്ടാണെന്നും
അതിരില്ലിവിടെ മതിലില്ലിവിടെ          ഒന്നാണെല്ലാരും.''
(ചിത്രം - കാര്യസ്ഥന്‍; സംഗീതം - ബേണി ഇഗ്നേഷ്യസ്, ആലാ
പനം - മധു ബാലകൃഷ്ണന്‍, പി.വി.പ്രീത, തുളസി യതീന്ദ്രന്‍).
കേരളത്തില്‍ മുമ്പ് വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന ഒരു വാദ്യമാണ് ഓണവില്ല്. ഓണക്കാലത്താണ് ഇതു കൂടുതല്‍ ഉപയോഗിച്ചിരുന്നത് എന്നതിനാലാണ് ഈ പേരുവന്നതെന്നു കരുതാം. ഓണവില്ലിന്റെ തംബുരുമീട്ടുന്ന വീടാണിത് എന്നു രചയിതാവ് പറയുന്നതിനര്‍ത്ഥം അത്രത്തോളം ഐക്യം ആ കൂട്ടുകുടുംബത്തില്‍ നില
നില്ക്കുന്നു എന്നുതന്നെ. ഓണവില്ലിനെക്കുറിച്ചുള്ള പരാമര്‍ശം കടന്നുവന്ന പാട്ടും ഇതാണെന്നു തോന്നുന്നു.
ആധുനികകാലത്ത് പൊതുവേ ചലച്ചിത്രങ്ങളില്‍ ഓണപ്പാട്ടുകളും മറ്റും ഇടംപിടിക്കാറില്ല. എന്നാല്‍, മനു മഞ്ജിത്ത് എഴുതിയ ഒരു ഗാനം കുറച്ചുനാള്‍ മുമ്പു കേട്ടു:
''തിരുവാവണിരാവ്             മനസ്സാകെ നിലാവ്
മലയാളച്ചുണ്ടില്‍              മലരോണപ്പാട്ട്
മാവിന്‍കൊമ്പേറുന്നൊരു            പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ
   വരവായാല്‍ ചൊല്ല്.'' (ചിത്രം - ജേക്കബിന്റെ സ്വര്‍ഗരാജ്യം; സംഗീതം - ഷാന്‍ റഹ്‌മാന്‍; ആലാപനം - ഉണ്ണി മേനോന്‍, സിതാര കൃഷ്ണകുമാര്‍, മീര ശര്‍മ).
നിലാവ് കൂടക്കൂടെ പരക്കുമെങ്കിലും ഓണക്കാലത്തെ നിലാവിന് പ്രത്യേകിച്ചൊരു ഭംഗിയുണ്ട്. ആ നിലാവെളിച്ചത്തിലാണ് മുമ്പൊക്കെ ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളിയും തുമ്പിതുള്ളലുമൊക്ക  നടന്നിരുന്നത്. പുറത്ത് നിലാവു പരക്കുമ്പോള്‍ ഓരോ മലയാളിയുടെ മനസ്സിലും അതിന്റെ കുളിര്‍മ നിറയും. അതിന്റെ സൂചനയാണ് ആ ഗാനത്തിലുള്ളത്.
മണ്‍മറഞ്ഞ മനോജ്ഞക്കാലത്തെ അനുസ്മരിപ്പിക്കുന്ന
താണ് കേരളീയര്‍ക്ക് ഓണം. ഗൃഹാതുരത്വമുണര്‍ത്തുന്ന ആഘോഷത്തിന്റെ പ്രതിഫലനവും പ്രതിസ്പന്ദനവും എത്രത്തോളം നമ്മുടെ ചലച്ചിത്രങ്ങളില്‍ കടന്നു വന്നിട്ടുണ്ട് എന്നു ചൂണ്ടിക്കാണിക്കാനാണ് ഇവിടെ ശ്രമിച്ചത്. ഓണംപോലെതന്നെ നമുക്കു പ്രിയപ്പെട്ടതായിരിക്കുന്നു അതിനെക്കുറിച്ചുള്ള പാട്ടുകളും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)