മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ കേരളനാട്ടിലെ തിരുവോണംപോലെ അപൂര്‍വസുന്ദരമായ മറ്റൊന്നു കണ്ടെത്താന്‍ നമുക്കു കഴിയുകയില്ല. അത് ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സൗന്ദര്യവും സൗരഭ്യവും അടയാളപ്പെടുത്തുന്നു. ഏദനില്‍നിന്നു പുറത്താക്കപ്പെട്ട ആദവും ഹവ്വയും ഭൂമിയില്‍ അധ്വാനിച്ച് മറ്റൊരു ഏദന്‍ സൃഷ്ടിക്കുന്ന മനോഹരമായ കാവ്യസങ്കല്പനമുണ്ട്. മനുഷ്യാധ്വാനത്തില്‍ ദൈവികത കുടികൊള്ളുന്നു. ''നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുക'' എന്ന ശൈലി ഏറെ പരിചിതം.
ഓണം ഇത്തരമൊരു അധ്വാനത്തിന്റെ മധുരഫലങ്ങളാണു കാഴ്ചവയ്ക്കുന്നത്. കാര്‍ഷികവിഭവങ്ങളുടെ പൂര്‍ണത, വല്ലവും ഇല്ലവും നിറയുന്ന സദ്
കാലം. പുത്തനരിച്ചോറു വയറുനിറയെ കഴിച്ച് കളിച്ചും രസിച്ചും ഓണമാഘോഷിക്കുന്ന മലയാളികള്‍. കാലപ്പകര്‍ച്ചയില്‍ പുതുമഴപെയ്ത് പൃഥ്വിയാകെ പൂവിട്ടുണരുന്ന കാലം. അവ ശേഖരിച്ച് വീടിന്റെ അങ്കണത്തില്‍ പൂക്കളമൊരുക്കുന്ന പത്തു ദിവസത്തെ ആഘോഷവേള. അതിനൊത്ത് ശരത്കാലസുന്ദരമായ ആകാശത്തിന്റെ ചുവട്ടില്‍ വൃക്ഷശിഖരങ്ങളില്‍ കൂട്ടികള്‍
ഊയലാടുന്നു. അമ്മമാര്‍ ആഹ്ലാദപൂര്‍വം പാട്ടുകള്‍ പാടി നൃത്തച്ചുവടുകള്‍ വയ്ക്കുന്നു. പുരുഷന്മാര്‍ കായിക
വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. പുതുവസ്ത്രങ്ങള്‍ എല്ലാവരും ഒരുപോലെ അണിയുന്നു.''കാണം വിറ്റും ഓണം ഉണ്ണണം'' എന്ന ഒരു ചൊല്ലുണ്ട്. ഇതിനൊക്കെ സാക്ഷിയായി കര്‍ക്കിടകത്തിന്റെ ഇരുളലകളെ മാറ്റി ചിങ്ങനിലാവ് തെളിയുകയായി. മനുഷ്യര്‍ക്കു മാത്രമല്ല, വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണമൊരുക്കുന്ന പതിവുണ്ട്. ചിലയിടങ്ങളില്‍ വൃക്ഷങ്ങളെ കസവുമുണ്ട് ഉടുപ്പിച്ച് ''മരയോണം'' ആഘോഷിക്കുന്നതും കാണാന്‍ ഇടവന്നിട്ടുണ്ടണ്ട്.
വസന്തകാലത്തെ വിളവെടുപ്പിന്റെ ഉത്സവം,
അതിന്റെ അപൂര്‍വചാരുത മലയാളിക്കു മാത്രം സ്വന്തം.
ഇത് സമത്വത്തിന്റെ ഉത്സവമാണ്. പ്രായഭേദമോ,
വര്‍ണവര്‍ഗ വിവേചനമോ കൂടാതെ കുട്ടികളും അമ്മമാരും കുടുംബത്തില്‍ എല്ലാവരും ഒരുമിച്ച് ഓണമഹോത്സവത്തെ അവിസ്മരണീയമാക്കുന്നു.
ഏത് ഉത്സവചരിതവും പുരാവൃത്തത്തെ ആശ്ര
യിച്ചാണു നിലകൊള്ളുക. ഓണത്തെയും അങ്ങനെ
ഒരു കഥാഖ്യാനവുമായി നാം ചേര്‍ത്തുവയ്ക്കുന്നു. പണ്ട് കേരളനാടു ഭരിച്ചിരുന്ന മഹാനായ ബലിചക്രവര്‍ത്തിയുടെ കാലം. ആ അസുരരാജാവിന്റെ ഭരണമഹിമയില്‍ അസൂയപ്പെട്ട ദേവാദികള്‍ മഹാവിഷ്ണുവിനെ വാമനവേഷം ധരിപ്പിച്ച് ഒരു വടുവാക്കിയെന്ന് ഐതിഹ്യം. ഈ സന്ന്യാസി തനിക്കു തപം ചെയ്യാന്‍ മൂന്നടി സ്ഥലം ദാനമായി ആവശ്യപ്പെട്ടത്രേ. മഹാബലി അതിനു സമ്മതം നല്‍കി. ഉടനെ ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ രണ്ടു കാല്‍ച്ചുവടുകൊണ്ട് ആകാശവും ഭൂമിയും അളന്നെടുത്തു. മൂന്നാമത്തെ ചുവടുവയ്ക്കാന്‍ സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി സ്വന്തം ശിരസ്സുകാണിച്ചുകൊടുത്തു എന്നു കഥ. ഏതു വിപല്‍സന്ധിയിലും വാക്കിന്റെ സത്യം നിറവേറ്റിയ മഹാബലിയുടെ വൈശിഷ്ട്യം തിരിച്ചറിഞ്ഞ വിഷ്ണുഭഗവാന്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെന്നും ആ വേളയാണ് ചിങ്ങമാസത്തെ തിരുവോണനാള്‍ എന്നും കഥാമാഹാത്മ്യം.
മഹാബലിയെക്കുറിച്ചു പറയുമ്പോള്‍ കഥകളില്‍ പ്രത്യേകമായി സൂചിപ്പിക്കുന്ന മഹത്ത്വമുണ്ട്. അത് അദ്ദേഹം സത്യശീലനായിരുന്നു, ധര്‍മിഷ്ഠനായിരുന്നു, പ്രജകളെ മുഴുവന്‍ വര്‍ണവര്‍ഗലിംഗപ്രായഭേദമില്ലാതെ കരുതിയ ഭരണാധികാരിയായിരുന്നു എന്നതാണ്.
വര്‍ത്തമാനകാലത്ത് നാം ഓണം ആഘോഷിക്കുമ്പോള്‍, പൂര്‍വകാലമഹിമ ഓര്‍ത്തെടുക്കുമ്പോള്‍ സന്തോഷമോ സന്താപമോ മുമ്പില്‍ നില്‍ക്കുന്നത് എന്ന സന്ദേഹമുണ്ടാകുന്നു. മാനുഷരെല്ലാരും ഒന്നുപോലെ എന്ന് മഹാബലിചരിതത്തില്‍ ആവേശം കൊള്ളുന്ന നമുക്ക് എത്ര വലിയ അന്തരങ്ങള്‍, അപമാന
വീകരണങ്ങള്‍ ഒക്കെയാണ് അനുഭവപ്പെടുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ അക്രമങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. വാര്‍ദ്ധക്യം പഴകിയ വസ്തു
ക്കള്‍പോലെ വഴിയോരങ്ങളില്‍ വലിച്ചെറിയപ്പെ
ടുന്നു. അഴിമതിയുടെ ദുര്‍ഗന്ധം അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നു. കള്ളവും ചതിവും ഏറിവരുന്നു. സത്യം പ്രചരിപ്പിക്കേണ്ട മാധ്യമസംസ്‌കാരം പൊളി
വചനങ്ങളുടെ ഉത്സവവേളകളാകുന്നു. കൊവിഡ് 19 ന്റെ ഈ ദുഷ്‌കാലത്ത് അതിനെക്കാള്‍ ദുഷ്ടമാണ്
നമ്മുടെ മാനവികതയ്ക്കും സംസ്‌കാരത്തിനും
സംഭവിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങള്‍.
ഈ ചേറില്‍ ചെന്താമര വിരിയണം. സുഗന്ധം പരക്കണം. ഇരുട്ടിനെ മായ്ചുകളയുന്ന സൂര്യതേജസ്സ്
ആകാശവും ഭൂമിയും പ്രകാശപൂര്‍ണമാക്കണം. അങ്ങനെ നവരൂപാന്തരീകരണം ആവശ്യപ്പെടുന്നതാണ് പുതിയ ഓണവും അതിന്റെ ആഘോഷങ്ങളും.