പാലൊളിപ്പുഞ്ചിരി ചെഞ്ചുണ്ടിലേന്തിയ
പൂനിലാപ്പെണ്ണു ചമഞ്ഞൊരുങ്ങി
ചിത്തിര, ചോതി, വിശാഖങ്ങള്‍ നീങ്ങുവാന്‍
അത്തക്കളമിട്ടൊരുങ്ങി നിന്നു
ശ്രാവണപ്പൂംപുലര്‍വേളയണഞ്ഞിതാ
ശാരികപ്പൈതലും പാടിവന്നു
മാമലനാടിന്‍ മനമതും മേനിയും
മലര്‍മണം പൂശിയൊരുങ്ങിനിന്നു
പൂക്കളമെങ്ങുമൊരുങ്ങുന്ന നേരത്ത്
പൂങ്കിളിപ്പാട്ടെങ്ങും പൂവിളിയായ്
''പൊന്നോണമായിതാ, പൊന്നോണമായിതാ''
പാടിപ്പറന്നവര്‍ വാനമാകെ
ശ്യാമമനോഹര മാമലനാടിന്റെ
ശ്രീ തുളുമ്പീടും വനികകളില്‍
ഇന്ദിന്ദിരങ്ങള്‍തന്‍ തംബുരു ശ്രുതികേട്ടു
മന്ദാനിലനിന്‍ ലയിച്ചു മെല്ലെ
പട്ടുപൂഞ്ചേല നിവര്‍ത്തി നടമാടി
കൂട്ടുകാരോടൊത്തു പൂത്തുമ്പികള്‍.
ചിങ്ങമൊരുക്കിയ താഴേത്തൊടികളില്‍
ചാമ്പയും പേരയും പൂത്തുലഞ്ഞു
ചെത്തിയും തുമ്പയും പൂക്കൂടയേന്തിക്കൊ-
ണ്ടത്തപ്പൂവിട്ടെങ്ങും നാടൊരുങ്ങി.
പുത്തനുടുത്തു കളിച്ചുരസിക്കുവാ-
നെത്തിപ്പോയ് കൂട്ടുകാരെല്ലാവരും.
ഊഞ്ഞാലിലാടാനും കൈകൊട്ടിപ്പാടാനും
കുഞ്ഞുമനസ്സുകളോടി വന്നു.
പൊന്നാര്യന്‍ കൊയ്ത വയലേലകള്‍ കണ്ടു
നെന്മണി കൊത്തിപ്പെറുക്കി പണ്ടേ
ഓണത്തിനുണ്ണാനരിമണിയാക്കിയോര്‍
പെണ്ണാളര്‍ പൂമണിപ്പൈങ്കിളികള്‍
മാനത്തുനിന്നു വിരുന്നു വന്നു മന്നില്‍
മാബലി മന്നനെ സ്വീകരിക്കാന്‍
എല്ലാം മറന്നുകൊണ്ടെല്ലാരുമൊന്നിച്ചു
സല്ലാപലോലരായൊത്തുകൂടി
പൊന്നോണമിങ്ങനെയെന്നും മലനാട്ടില്‍
മങ്ങാതെ മായാതെ വാണിടേണം!