മാനവസംസ്‌കാരത്തിന്‍ പട്ടടക്കരിമ്പുക
മാറാല കെട്ടിപ്പൊങ്ങും മൂകഭീകരരംഗം
നാടിനെ ഞടുക്കുമാ കുത്തുപുള്ളികള്‍ കണ്ടോ
നാഗസാക്കിയും ഹിരോഷിമയും ശ്മശാനങ്ങള്‍.
1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയിലും ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് മാനവകുലത്തിന്റെ ശാന്തിസ്തംഭങ്ങളാണ്. അത് ഇനിയുമാവര്‍ത്തിക്കരുതെന്ന ആഗ്രഹത്തെ പിന്‍പറ്റുന്നവര്‍ ലോകമെമ്പാടുമുണ്ട്. ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങള്‍ സാംസ്‌കാരികലോകമേറ്റെടുക്കുന്നത് ഇപ്പറഞ്ഞ യുദ്ധവിരുദ്ധവിചാരത്തില്‍നിന്നാണ്. വയലാര്‍ രാമവര്‍മയുടെ മേല്‍ച്ചൊന്ന വരികള്‍ യുദ്ധത്തിനെതിരേയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്.
മഹാകവി ഉള്ളൂര്‍ നല്‍കുന്ന മുന്നറിയിപ്പ് കവികള്‍ക്കു സഹജമായ ക്രാന്തദര്‍ശിത്വത്തെ സൂചിപ്പിക്കുന്നതാണ്:
ഹിരോഷിമാ പോയ വഴിയടഞ്ഞിട്ടി-
ല്ലറിവിന്‍, ന്യൂയോര്‍ക്കുമതിലേ പോയിടാം.
അണുബോംബുതിര്‍ത്തു മുന്നേറാന്‍ കുതിക്കുന്ന അധികാരത്തോട് മഹാകവി വള്ളത്തോള്‍ പറയുന്നത് ഇങ്ങനെ:
സാമ്രാജ്യമേ, നിന്നണുബോംബുതിര്‍ക്കല്‍
നിര്‍ത്തായ്കില്‍ നീയും പടുചാമ്പലായ്‌പ്പോം;
എന്തും വിഴുങ്ങുന്നെരിതിയ്യിനൊപ്പം
പുല്ലും പുലാവും പ്രജയും പുരാനും.
സുമനസ്സുകളുടെ അപേക്ഷകള്‍ മാനിക്കാതെ യുദ്ധക്കൊതിയുമായി നടക്കുന്ന നരാധമന്മാരുടെ ദുഷ്‌ചെയ്തികളുടെ ഫലമനുഭവിക്കുന്ന പുതുതലമുറയെ മുരുകന്‍ കാട്ടാക്കട 'ബാഗ്ദാദ്' എന്ന വിഖ്യാതകവിതയില്‍ അടയാളപ്പെടുത്തുന്നു:
മണലു കരിഞ്ഞു പറക്കുന്നെന്ത്ര കാക്ക
മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറിച്ചുടു-
ചോരയൊലിക്കും ബാല്യങ്ങള്‍.
..... .......
സൂര്യനെ വെല്ലും കാന്തിയെഴുന്നൊരു
തേജസ്സാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു
പാരുഷ്യത്തിന്‍ ക്രൗര്യമുഖം.
എങ്കിലും യുദ്ധത്തിന്റെ ആസൂത്രകര്‍ക്ക് ആകുലതകളേതുമില്ല. 'യുദ്ധം കഴിഞ്ഞ്' എന്ന കവിതയിലൂടെ സച്ചിദാനന്ദന്‍ അവതരിപ്പിക്കുന്നത് ഈ ദുഃസ്ഥിതിയെയാണ്:
ഒരേ ഭൂമി ഒരേ ആകാശം
ഒരേ വെള്ളം ഒരേ ആഹാരം
പാണ്ഡവര്‍ പാടി.
ഒരേ വൃക്ഷം ഒരേ രക്തം
ഒരേ ദുഃഖം ഒരേ സ്വപ്നം
കൗരവര്‍ ഏറ്റുപാടി.
എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചുവെടിപ്പാക്കി
വീണ്ടും പരസ്പരം വെടിവെച്ചുതുടങ്ങി.
ഇക്കൂട്ടരോടൊക്കെ കവിക്കു പറയാനുള്ളത് മുമ്പേ പറഞ്ഞുവച്ചതുതന്നെയാണ്. ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍ ശ്രദ്ധിക്കൂ:
സംഗരം വിതച്ചിട്ടു
തന്റെ നാടിനു നിത്യ-
മംഗളം കൊയ്യാമെന്നോ?
വിതയ്ക്കുന്നതേ കൊയ്യൂ.
യുദ്ധം ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ മാത്രമല്ല, വ്യക്തികള്‍ തമ്മിലായാലും നഷ്ടമേ വരുത്തിവയ്ക്കൂ. ജി. കുമാരപിള്ള എഴുതുന്നതുതന്നെയാണ് അതിനുള്ള പരിഹാരം!
വെറുപ്പിന്‍ കരിങ്കല്ലില്‍
സൗമ്യമാം സ്‌നേഹത്തിന്റെ
പനിനീര്‍പ്പൂന്തോട്ടങ്ങള്‍
നീളവേ വിടര്‍ത്തും ഞാന്‍.