•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

അധഃകൃതര്‍ക്കായി ജീവന്‍ വെടിഞ്ഞ ധീരരക്തസാക്ഷി

ദിവാസിക്ഷേമത്തിനും അധഃകൃതരുടെ ഉന്നമനത്തിനുമായി സ്വജീവിതം മാറ്റിവച്ച ഒരു മിഷനറിവൈദികനായിരുന്നു ഫാ. ജയിംസ് കോട്ടായില്‍ എസ്.ജെ. അമ്പത്തിനാലുവര്‍ഷംമുമ്പ് ജൂലായ് 16 ന് കര്‍മലമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ക്രൈസ്തവവിശ്വാസസംരക്ഷണത്തിനുവേണ്ടി ഫാ. ജെയിംസ് കോട്ടായില്‍ രക്തസാക്ഷിയായി.

പാലാ രൂപതയിലെ കടുത്തുരുത്തിക്കടുത്തുള്ള തുരുത്തിപ്പള്ളി ഇടവകയില്‍ കോട്ടായില്‍ വീട്ടില്‍ ചാക്കോ-മറിയം ദമ്പതികളുടെ മകനായി 1915 നവംബര്‍ 15 ന് ഫാദര്‍ ജയിംസ് കോട്ടായില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസാനന്തരം 21-ാംവയസ്സില്‍ ജസ്യൂട്ട് സന്ന്യാസസഭയില്‍ വൈദികാര്‍ത്ഥിയായി ചേര്‍ന്നു. 1948 നവംബര്‍ 11 ന് പൗരോഹിത്യം സ്വീകരിച്ച ജയിംസച്ചന്‍ ആദിവാസികളുടെയും അധഃകൃതരുടെയുമിടയിലുള്ള സേവനത്തിനാണ് നിയോഗിക്കപ്പെട്ടത്. ഇന്നത്തെ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍നിന്ന് 25 കി.മീ. അകലെയുള്ള, വികസനം തൊട്ടുതീണ്ടാത്ത നവാടാണ്‍ എന്ന ഗ്രാമമായിരുന്നു ജയിംസച്ചന്റെ കര്‍മമണ്ഡലം.
ഒരു പ്രൈമറിസ്‌കൂള്‍ മാത്രമായിരുന്നു ആധുനികതയുടെയും വികസനത്തിന്റെയും സൂചികയായി അവിടെയുണ്ടായിരുന്നത്. അതാകട്ടെ, ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രമുള്ളതും. ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിതമായ തൊഴിലുകള്‍ ഒരിക്കലും ജനങ്ങളെ പട്ടിണിയില്‍നിന്നു മോചിപ്പിച്ചില്ല. കൊള്ളപ്പലിശയ്ക്കു പണം കടംകൊടുക്കുന്ന ജന്മിമാര്‍ സാധുജനങ്ങളെ നിരന്തരം ചൂഷണം ചെയ്തുപോന്നു. അരക്ഷിതരും ദരിദ്രരും നിസ്സഹായരുമായിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് ജയിംസച്ചന്‍ ക്രിസ്തുനാഥന്റെ സ്‌നേഹസന്ദേശവുമായി ഇറങ്ങിച്ചെന്നത്.
ജനങ്ങളുടെ സാമ്പത്തികോന്നതിക്കായി ജയിംസച്ചന്‍ സഹകരണപ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. പാവപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി അച്ചന്‍ സ്‌കൂളുകള്‍ തുടങ്ങി. ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ജയിംസച്ചനെ ജന്മിമാരുടെ കണ്ണിലെ കരടാക്കി മാറ്റി. 
ജയിംസച്ചന്റെ ദീനാനുകമ്പ നന്നായി അറിയാമായിരുന്ന ജന്മിമാര്‍ അതുതന്നെ അച്ചനെതിരേയുള്ള ആയുധമാക്കി. അവര്‍ രണ്ടു വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി. അച്ചന്റെയടുത്ത് സഹായം അഭ്യര്‍ത്ഥിച്ചുവന്നവരെന്ന വ്യാജേന ആ കൊലയാളികള്‍ അദ്ദേഹത്തിന്റെ ജീവനെടുത്തു. പാതിരാത്രിയില്‍ മുറിയില്‍നിന്നു വിളിച്ചിറക്കി കുത്തിമുറിവേല്പിക്കുകയായിരുന്നു. മൂന്നുദിവസത്തെ വേദനകള്‍ക്കൊടുവില്‍ ജയിംസച്ചന്‍ നിത്യസമ്മാനത്തിനു വിളിക്കപ്പെട്ടു.
കേരളത്തില്‍നിന്നുള്ള ആദ്യത്തെ മിഷനറിരക്തസാക്ഷിയാണ് ജയിംസച്ചന്‍. അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലത്ത് റാഞ്ചി ബീഹാറിന്റെ ഭാഗമായിരുന്നു. ക്രൈസ്തവവിശ്വാസികളുടെ എണ്ണം തീരെ കുറവ്. ജയിംസച്ചന്റെ ചുടുനിണം വീണ റാഞ്ചി ഇന്ന് ക്രൈസ്തവവിശ്വാസത്തിന്റെ വേരുറപ്പുള്ള മണ്ണായി മാറി. അവിടെ അനുദിനം അനേകര്‍ സത്യദൈവവിശ്വാസത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ജയിംസച്ചന്റെ മാതൃ ഇടവകയായ തുരുത്തിപ്പള്ളി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ ശതാബ്ദിയാഘോഷാവസരത്തില്‍ പള്ളിയങ്കണത്തില്‍ അച്ചന്റെ ഓര്‍മയ്ക്കായി ഒരു കല്‍ക്കുരിശ് സ്ഥാപിച്ചു. നിരാലംബര്‍ക്കും നിസ്സഹായര്‍ക്കുമായി ജീവിതം ഹോമിച്ച ഫാ. ജയിംസ് കോട്ടായിലിന്റെ സ്മരണ എന്നെന്നും നിലനില്‍ക്കും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)