•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ആരോഗ്യമുള്ള കുഞ്ഞിലുണ്ട് അമ്മയുടെ സ്‌നേഹമാധുര്യം


മാതൃത്വത്തിലൂടെമാത്രം ലഭ്യമാകുന്ന മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സമ്പൂര്‍ണാഹാരമാണ്. എല്ലാ സസ്തനികള്‍ക്കും പ്രകൃതി കനിഞ്ഞുനല്‍കുന്ന ഒരു വരദാനമാണിത്. അമ്മയുടെ ജീവരക്തമാണ് മുലപ്പാലായി പരിണമിക്കുന്നത്. ശിശു തന്റെ കുഞ്ഞിളം ചുണ്ടുകള്‍ പിളര്‍ത്തി അമ്മിഞ്ഞപ്പാല്‍ നുകരുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും ലഭ്യമാകുന്ന ആനന്ദം അവാച്യംതന്നെ! സ്ത്രീ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും കുഞ്ഞിനെ പാലൂട്ടി വളര്‍ത്തുകയും ചെയ്യുമ്പോഴാണ് അവളുടെ ജീവിതം പൂവണിയുന്നതും ഫലദായകമാകുന്നതും. വിശുദ്ധ ഗ്രന്ഥത്തില്‍ ഇപ്രകാരം ആലേഖനം ചെയ്തിരിക്കുന്നു: ''നിന്നെ അവള്‍ പാലൂട്ടുകയും എളിയില്‍ എടുത്തുകൊണ്ടു നടക്കുകയും മടിയിലിരുത്തി ലാളിക്കുകയും ചെയ്യും'' (ഏശ. 66:12). ഒരുനാള്‍ യേശു ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: ''നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ'' (ലൂക്കാ. 11:27).
മുലയൂട്ടുകയെന്നത് ദൈവം അമ്മമാരെ ഭരമേല്പിച്ചിരിക്കുന്ന ഒരു ദൗത്യമാണ്. അമ്മമാര്‍ ദൈവത്തിന്റെ പകരക്കാരികളായി നിയോഗം ലഭിച്ചവരാണ്. അവര്‍ ജീവനോട് ഏറ്റവും അടുത്തിരിക്കുന്നവരും ജീവന്റെ ഉറവിടമായ ദൈവത്തോടു സഹകരിക്കുന്നവരുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അമ്മയും കുഞ്ഞും എന്ന യാഥാര്‍ത്ഥ്യത്തില്‍ വിപ്ലവകരമായ മാറ്റത്തിന്റെ കാറ്റു വീശിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അമ്മയുടെ സാന്നിധ്യവും സാമീപ്യവും സംരക്ഷണവും കുഞ്ഞുങ്ങള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. നവജാതശിശുക്കളെപ്പോലും പെറ്റമ്മമാര്‍ വധിക്കുന്ന എത്രയോ സംഭവങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്! ആഗോളതലത്തില്‍ അനുദിനം ലക്ഷക്കണക്കിനു കുഞ്ഞുങ്ങളാണ് അമ്മയുടെ ഉദരത്തില്‍വച്ച് അതിക്രൂരമായി വധിക്കപ്പെടുന്നത്. മാതൃത്വത്തിന്റെ മഹനീയത മനഃപൂര്‍വം മറന്നുകൊണ്ട് 'കുട്ടി വേണ്ടാ, പട്ടി മതി' എന്നു പറയുന്ന സ്ത്രീകളുടെയെണ്ണവും വര്‍ദ്ധിച്ചുവരുന്നു. ഇനി മറ്റുചില അമ്മമാര്‍ തങ്ങളുടെ ആകാരഭംഗി കാത്തുസൂക്ഷിക്കാനും സ്വാര്‍ത്ഥതാത്പര്യങ്ങളെ സംരക്ഷിക്കാനുമായി പരിശുദ്ധവും പോഷകസമൃദ്ധവുമായ മുലപ്പാല്‍ തങ്ങളുടെ പൊന്നോമനകള്‍ക്കു നിഷേധിക്കുന്ന പ്രവണതയും വിരളമല്ല.
വൈദ്യശാസ്ത്രം വിജയത്തിന്റെ നെറുകയിലെത്തിയിട്ടും മുലപ്പാലിനു തുല്യമായ  മറ്റൊരു ശിശുഭക്ഷണവും നാളിതുവരെ കണ്ടെത്തിയിട്ടില്ല. മുലപ്പാലില്‍ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പോഷകങ്ങളെല്ലാം അടങ്ങിയിരിക്കുന്നു. സമീകൃതാഹാരത്തെ അവഗണിച്ചുകൊണ്ടാണ് മാതൃസ്‌നേഹം കുപ്പിപ്പാലിലൂടെ പകരുവാന്‍ തത്രപ്പെടുന്നത്.
ഉപഭോഗസംസ്‌കാരത്തിന്റെ പിറകേ പായുന്ന ആധുനിക 'മമ്മി'മാരുടെ മനഃശാസ്ത്രമറിയാവുന്ന കുത്തകക്കമ്പനികള്‍ തങ്ങളുടെ കീശ വീര്‍പ്പിക്കാന്‍ പലതരം ബ്രാന്‍ഡുകളുമായി വിപണികളില്‍ സജീവമാണ്.
എന്നാല്‍, ഈ ടിന്‍ഫുഡിന്റെ ഉത്പാദനംമുതല്‍ ഉപയോഗംവരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചു മനസ്സിലാക്കിയാല്‍ മനഃസാക്ഷിയുള്ള ഒരമ്മപോലും കുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുകയില്ല. മണവും നിറവും രുചിയും നിലനിര്‍ത്തി നാളുകളോളം കേടുകൂടാതിരിക്കുവാന്‍ രാസവസ്തുക്കളും ബേബിഫുഡുകളില്‍ ചേര്‍ക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ മസ്തിഷ്‌കം, ദഹനേന്ദ്രിയങ്ങള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ മാരകമായി ബാധിക്കുന്നുവെന്നും ശിശുരോഗവിദഗ്ധര്‍ വെളിപ്പെടുത്തിയിരിക്കുന്നു.
ആഗോളതലത്തില്‍ ശിശുമരണനിരക്കും ശാരീരികമാനസികവൈകല്യങ്ങളും വര്‍ദ്ധിച്ചുവരുന്നതായി ലോകാരോഗ്യസംഘടനയ്ക്ക് ബോധ്യപ്പെട്ടത് ഈ രംഗത്ത് ചില വഴിത്തിരിവുകള്‍ക്കു കാരണമായി. അങ്ങനെയാണ് 1992 മുതല്‍ എല്ലാവര്‍ഷവും ഓഗസ്റ്റ് ഒന്ന് മുലയൂട്ടല്‍ദിനമായും ഒന്നുമുതല്‍ ഏഴുവരെ മുലയൂട്ടല്‍ വാരമായും ആചരിക്കാന്‍ ലോകാരോഗ്യസംഘടന തീരുമാനിച്ചത്.
കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടന്‍, അതായത്, ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ മുലയൂട്ടണമെന്നത് ലോകാരോഗ്യസംഘടന ശക്തമായി ശിപാര്‍ശ ചെയ്യുന്നു. ആറു മാസം മുലപ്പാല്‍ മാത്രമേ നല്‍കാവൂവെന്നും കുപ്പിപ്പാല്‍  ഒഴിവാക്കണമെന്നും ആറു മാസത്തിനുശേഷം പ്രകൃതിദത്തമായ ആഹാരത്തോടൊ പ്പം  രണ്ടു വയസ്സുവരെ മുലപ്പാല്‍ നല്‍കുന്നത് അത്യുത്തമമെന്നുമാണ് ശിശുരോഗവിദഗ്ധരുടെ നിര്‍ദേശങ്ങള്‍. കുഞ്ഞും അമ്മയും തമ്മിലുള്ള ആത്മബന്ധം മുലയൂട്ടല്‍വഴി ദൃഢമായിത്തീരുന്നു.
കുഞ്ഞിന്റെ മാത്രമല്ല, അമ്മയുടെ ആരോഗ്യസംരക്ഷണവും മുലയൂട്ടല്‍ സാധ്യമാക്കുന്നു. സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രസവാനന്തരമുള്ള രക്തസ്രാവം നിയന്ത്രിക്കാനും ഗര്‍ഭാശയം പൂര്‍വസ്ഥിതിയെ പ്രാപിക്കാനും അമ്മയ്ക്കുണ്ടാകുന്ന അമിതഭാരം കുറയ്ക്കാനും മുലയൂട്ടല്‍ സഹായകമാകുന്നു. അമ്മയുടെ ആരോഗ്യവും മുലപ്പാലിന്റെ ഉത്പാദനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് പണ്ടത്തെ ആളുകള്‍ ഗര്‍ഭകാലസംരക്ഷണവും പ്രസവാനന്തരശുശ്രൂഷയും നല്‍കി അമ്മയെയും കുഞ്ഞിനെയും പരിപാലിച്ചിരുന്നത്. ആയുര്‍വേദവിധിപ്രകാരമുള്ള എണ്ണ, കുഴമ്പ്, കഷായം, അരിഷ്ടം, ലേഹ്യം തുടങ്ങിയവ പ്രസവരക്ഷയുടെ ഭാഗമായിരുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് ഇവയെല്ലാം അരോചകമായി മാറിയിരിക്കുന്നു. വനിതാശിശുക്ഷേമമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയില്‍ ഒരുദിവസം ഇരുപതിനായിരത്തിലധികം നവജാതശിശുക്കളാണു മരിക്കുന്നത്. അമ്മയുടെ അനാരോഗ്യം കുഞ്ഞിന്റെ ജീവനു കനത്ത ഭീഷണിയാണ്.
ആരോഗ്യമുള്ള മാതാക്കളും കുഞ്ഞുങ്ങളും ഇന്നു ലോകം നേരിടുന്ന സമസ്തപ്രശ്‌നങ്ങള്‍ക്കും ഒരുപരിധിവരെ പരിഹാരമാകും. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)